Web Desk
ഗുവാഹത്തി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗുവാഹത്തിയില്‍ തിങ്കളാഴ്ച മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ആസാം സര്‍ക്കാര്‍. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് നടപടി. ഇന്ന് സംസ്ഥാനത്തുടനീളം രാത്രി കര്‍ഫ്യുവും പ്രഖ്യാപിച്ചു. രാത്രി എഴ് മണി മുതല്‍ രാവിലെ 7 മണിവരെയാണ് രാത്രി കര്‍ഫ്യു എര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത 276 പുതിയ കോവിഡ് കേസുകളിൽ 133 എണ്ണവും ഗുവാഹത്തിയിൽ നിന്നാണ്. ഇതേ തുടര്‍ന്നാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തയാഴ്ച മുതല്‍ ഫാര്‍മസികളും ആശുപത്രികളും മാത്രമേ തുറക്കാൻ അനുവദിക്കുകയുളളുവെന്ന് ആസാം ആരോഗ്യ മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
കൂടാതെ ഗുവാഹത്തി നഗരം ഉള്‍പ്പെടുന്ന കാമരൂപ് മെട്രോപൊളിറ്റന്‍ ജില്ലയിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണാകും. ആസാമിലെ നഗര പ്രദേശങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വാരാന്ത്യ ലോക്ക്ഡൗണും നടപ്പിലാക്കും. ആസാമില്‍ ഇതുവരെ 6,321 പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചത്. ഇതില്‍ 4,033 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 2,279 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുളളത്. 9 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.