India

ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നഷ്ട കച്ചവടമാകുമോ?

കെപി സേതുനാഥ്

കേന്ദ്രവും, സംസ്ഥാനങ്ങളും തമ്മില്‍ ‘ജന്മി-കുടിയാന്‍’ ബന്ധമല്ല ഭരണഘടന വിഭാവന ചെയ്യുന്നതെന്ന വര്‍ത്തമാനം നമ്മുടെ രാഷ്ട്രീയസംവാദങ്ങളില്‍ ഇടക്കിടെ ഉയര്‍ന്നു വരാറുണ്ട്. ഭരണഘടനയിലെ വിഭാവന ചെയ്യുന്ന ബന്ധം  എന്തായാലും സംസ്ഥാനങ്ങളുടെ സ്ഥിതി പഴയ കുടിയാന്റെ അവസ്ഥയെക്കാള്‍ മോശമാണെന്നു പറഞ്ഞാല്‍ ഒരു പക്ഷെ കേന്ദ്രം പോലും യോജിക്കും. സാമ്പത്തിക അധികാരങ്ങളുടെയും, ചുമതലകളുടെയും മേഖലകളില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമായിരുന്ന പരിമിതമായ സ്വാതന്ത്യം കൂടി നഷ്ടപ്പെടുന്നതിന്റെ പ്രഖ്യാപനമായിരുന്നു ജിഎസ്ടി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ചരക്കു-സേവന നികുതി. 2017 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വന്ന ജിഎസ്ടി നിയമത്തിന്റെ ഇതുവരെയുള്ള ചരിത്രം നല്‍കുന്ന ദിശ അതാണ്. ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ പേരില്‍ കേന്ദ്രവും, സംസ്ഥാനങ്ങളും തമ്മില്‍ കുറച്ചു മാസങ്ങളായി നിലനില്‍ക്കുന്ന ഭിന്നാഭിപ്രായങ്ങള്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന ഗൗരവമായ സ്ഥിതിവിശേഷം വെളിപ്പെടുത്തുന്നു. ജിഎസ്ടി നടപ്പിലാക്കുന്നതിനായി സംസ്ഥാനങ്ങള്‍ മുന്നോട്ടു വച്ച ഒരു സുപ്രധാന ഉപാധി പുതിയ സമ്പ്രദായം നടപ്പില്‍ വരുന്നതോടെ സംഭവിക്കുന്ന വരുമാനനഷ്ടം നേരിടുന്നതിനായി ചുരുങ്ങിയത് അഞ്ചു വര്‍ഷം കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഠങ്ങളും അതിന് ആവശ്യമായ തുക സ്വരൂപിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ജിഎസ്ടി നിയമത്തിന്റെ അവിഭാജ്യഘടകവുമായിരിന്നു. 2022-വരെയുള്ള ആദ്യഅഞ്ചു വര്‍ഷം നഷ്ടപരിഹാരം ഉറപ്പാക്കുമെന്നായിരുന്നു നിയമം. മഹാമാരിയായി കൊറോണ പടര്‍ന്നു പിടിക്കുന്നതിനു മുമ്പുതന്നെ തകര്‍ച്ചയിലെത്തിയ ഇന്ത്യയുടെ സാമ്പത്തിക മേഖല പ്രതിസന്ധിയിലായതോടെ നഷ്ടപരിഹാരം കൊടുക്കുന്നതിനുള്ള ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിനുള്ള മാര്‍ഗം ആരായുകയായിരുന്നു കേന്ദ്രം.

കൊറോണയുടെ വരവോടെ അതിനുള്ള ആക്കം കൂടി. ഭരണഘടനപരാമയ ഈ ബാധ്യത ഏറ്റെടുക്കാന്‍ ആവില്ലെന്നാണ് കേന്ദ്രം പറയുന്നത്. അതിനു പകരം സംസ്ഥാനങ്ങള്‍ക്ക് റിസര്‍വ് ബാങ്കില്‍ നിന്നും നേരിട്ട് വായ്പ എടുക്കുന്നതിനുള്ള പ്രത്യേക സൗകര്യം ഏര്‍പ്പെടുത്താമെന്നാണ് കേന്ദ്രം മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശം. ആഗസ്ത് 27-നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ 41-മാത്തെ യോഗത്തിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതരാമന്‍ ഈയൊരു നിര്‍ദ്ദേശം മുന്നോട്ടു വയ്ച്ചത്. അതനുസരിച്ച് 97,000 കോടി രൂപ സംസ്ഥാനങ്ങള്‍ റിസര്‍വ് ബാങ്കില്‍ നിന്നും വായ്പയെടുക്കാനായിരുന്നു നിര്‍ദേശം. പിന്നീടത് 110,000 കോടി രൂപയായി ഉയര്‍ത്തി. വായ്പയും, പലിശയും നഷ്ടപരിഹാര ഫണ്ടില്‍ നിന്നും തിരിച്ചടക്കും എന്നായിരുന്നു നിര്‍ദേശത്തിന്റെ കാതല്‍. കൗണ്‍സിലിലെ 31-അംഗ സംസ്ഥാനങ്ങളില്‍ 21-പേരും കേന്ദ്രത്തിന്റെ ഈ നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിക്കുവാന്‍ തയ്യാറാണ്. അവയെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ കേരളമടക്കം ബിജെപി ഇതര പാര്‍ടികള്‍ ഭരിക്കുന്ന 10 സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ ഈ നിര്‍ദ്ദേശം തള്ളുകയും നഷ്ടപരിഹാര കുടിശ്ശിക ജിഎസ്ടി നിയമത്തില്‍ നിഷ്‌ക്കര്‍ഷിച്ചതു പോലെ നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയുമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച (ഒക്ടോബര്‍ 5) ചേരുന്ന 42-മതു ജിഎസ്ടി കൗണ്‍സില്‍ യോഗം നിര്‍ണ്ണായകമാവുന്നത്.

കൗണ്‍സിലിലെ ഭൂരിപക്ഷം ഉപയോഗിച്ച് വായ്പ എടുക്കുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെങ്കില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തികമേഖലയില്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഉത്തരവാദിത്തം കേന്ദ്രം നിറവേറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ മാസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എഴുതിയിരുന്നു. 2020 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് കേരളത്തിന് ലഭിക്കാനുള്ള നഷ്ടപരിഹാര കുടിശ്ശിക 7,000-കോടി രൂപയാണ്. 2020 ജൂലൈ വരെയുള്ള കണക്കനുസരിച്ച് മൊത്തം സംസ്ഥാനങ്ങള്‍ക്ക്  ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക 1.5 ലക്ഷം കോടി രൂപയാണ്. ജിഎ്‌സടി നഷ്ടപരിഹാരത്തിനായി ഈ വര്‍ഷം ഏകദേശം 3-ലക്ഷം കോടി രൂപ വേണ്ടി വരുമെന്നാണ് കേന്ദ്രം കണക്കാക്കുന്നത്. നഷ്ടപരിഹാരത്തിനുള്ള പ്രത്യേക സെസ്സില്‍ നിന്നും പ്രതീക്ഷിക്കുന്ന 65,000 കോടി രൂപ കഴിഞ്ഞാല്‍ ബാക്കി വരുന്ന 2.35 ലക്ഷം കോടി രൂപ കേന്ദ്രം കണ്ടെത്തണം. ഈ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നത്. റിസര്‍വ് ബാങ്കില്‍ നിന്നും പ്രത്യേകസൗകര്യം വഴി സംസ്ഥാനങ്ങള്‍ കടമെടുക്കുക എന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ച് തടി ഊരുന്നതിനുള്ള കേന്ദ്രത്തിന്റെ ശ്രമം സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യതയുടെ കാര്യത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ക്കിടയാക്കും. കുടിശ്ശിക കൊടുക്കാനുള്ള ബാധ്യതയില്‍ നിന്നും കേന്ദ്രത്തിന് ഒഴിഞ്ഞു മാറാനാവില്ലെന്ന അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ നല്‍കിയ നിയമോപദേശം വിഷയത്തിന്റെ ഗൗരവം വെളിപ്പെടുത്തുന്നു. തിങ്കളാഴ്ച നടന്ന കൗണ്‍സില്‍ യോഗം ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുന്നതില്‍ വിജയിച്ചില്ല. വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഒക്ടോബര്‍ 12-ാം തീയതി വീണ്ടും കൗണ്‍സില്‍ യോഗം ചേരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

കേന്ദ്രവും, സംസ്ഥാനങ്ങളും തമ്മിലുള്ള രാഷ്ട്രീയ-സാമ്പത്തിക അധികാരങ്ങളും, ചുമതലകളും പങ്കുവയ്ക്കുന്നതിന്റെ സാങ്കേതികതകള്‍ മാത്രമല്ല ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഫെഡറല്‍ സംവിധാനം. ഭാഷാപരവും, സാംസ്‌ക്കാരികവും, സാമ്പത്തികവുമായ വൈജാത്യങ്ങളും, വൈവിധ്യങ്ങളും നിറഞ്ഞ ഭൂഖണ്ഠസമാനമായ ഒരു പ്രദേശത്തിന് ഏറ്റവും അനുയോജ്യമായ ഭരണസംവിധാനമെന്ന നിലയിലാണ് ഫെഡറലിസം 1947-നുശേഷം രൂപമെടുത്ത രാഷ്ട്രീയ അധികാരഘടനയുടെ ഭാഗമായി മാറുന്നത്. നിര്‍ഭാഗ്യവശാല്‍, ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഒരിക്കലും അര്‍ഹിക്കുന്ന ശ്രദ്ധ ലഭിക്കാതെ പോവുന്ന വിഷയമായി ഫെഡറലിസം മാറിയിരിക്കുന്നു. ഭരണഘടന നിര്‍മാണ സഭയില്‍ നടന്ന സംവാദങ്ങള്‍ മുതല്‍ ഫെഡറല്‍ ഘടനയെ പരമാവധി ദുര്‍ബലപ്പെടുത്തുന്നതിനുള്ള സംഘടിതമായ നീക്കങ്ങള്‍ കാണാനാവും. വിഭജനം സൃഷ്ടിച്ച അസാധാരണ സാഹചര്യം ഫെഡറല്‍ വിരുദ്ധര്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി ഫലപ്രദമായി ഉപയോഗിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധി വിദേശനയം, പ്രതിരോധം, കറന്‍സി എന്നീ വിഷയങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തുകയും മറ്റു കാര്യങ്ങള്‍ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാവണമെന്നും അനുശാസിക്കുന്ന ഫെഡറല്‍ തത്വങ്ങളില്‍ വേണ്ടുവോളം വെള്ളം ചേര്‍ത്ത സംവിധാനമാണ് രൂപപ്പെട്ടതെങ്കിലും ഫെഡറല്‍ഘടനയെ തള്ളിപ്പറയാന്‍ ആരും തയ്യാറല്ലായിരുന്നു. എന്നാല്‍ ഫെഡറല്‍ ഘടനയുടെ അന്തസത്തയെ ദുര്‍ബലപ്പെടുത്തി ക്രമേണ ഇല്ലാതാക്കുന്ന ഒരു പ്രക്രിയയാണ് കഴിഞ്ഞ 70-വര്‍ഷമായി ഇന്ത്യയില്‍ നടപ്പിലാക്കുന്നത്.

സംസ്ഥാനങ്ങളുടെ സാമ്പത്തികമായ അധികാരങ്ങള്‍ ഒരോന്നായി ഇല്ലാതായതിന്റെ പരിസമാപ്തിയായ ജിഎസ്ടി നടപ്പിലായതോടെ ധനകാര്യമേഖലയില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമായിരുന്ന പരിമിതമായ അധികാരങ്ങളും, അവകാശങ്ങളും ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതായി. നികുതി ചുമത്താനും, നോട്ടടിക്കാനും ഉള്ള അവകാശമാണ് ഏതൊരു ഭരണകൂടത്തിന്റെയും സാമ്പത്തികമായ അസ്തിത്വത്തിന്റെ അടിസ്ഥാനം. നോട്ടടിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കു ഒരിക്കലും ഉണ്ടായിരുന്നില്ല. സംസ്ഥാനങ്ങളുടെ സ്വന്തം വരുമാനത്തിന്റെ ഏക ആശ്രയം നികുതി പിരിവായിരുന്നു. മൂല്യവര്‍ദ്ധിത നികുതി അഥവ വാറ്റിന്റെ ആവിര്‍ഭാവത്തോടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലും, അധികാരങ്ങളിലും ഗണ്യമായ ശോഷണമുണ്ടായി. ജിഎസ്ടി പ്രക്രിയ പൂര്‍ണ്ണമാക്കി. ഫെഡറല്‍ സംവിധാനത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കു ലഭ്യമായിരുന്ന പരിമിതമായ സാമ്പത്തിക അധികാരങ്ങള്‍ പോലും പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന വാറ്റ്-ജിഎസ്ടി നയങ്ങള്‍ കേന്ദ്രം നടപ്പില്‍ വരുത്തിയത് ഇന്ത്യയിലെ അറിയപ്പെടുന്ന ഇടതുപക്ഷ സാമ്പത്തിക വിദഗ്ധരെന്നു ഖ്യാതി നേടിയ രണ്ടു സംസ്ഥാന ധനകാര്യമന്ത്രിമാരുടെ അനുഗ്രഹാശിസ്സുകളോടെ ആയിരുന്നുവെന്നതാണ് വിചിത്രമായ വസ്തുത. മുന്‍ പശ്ചിമബംഗാള്‍ ധനമന്ത്രി അഷിംദാസ് ഗുപ്ത വാറ്റ് നിയമത്തിന്റെ കാര്യത്തില്‍ വഴികാട്ടി ആയപ്പോള്‍ കേരളത്തിന്റെ ധനകാര്യ മന്ത്രിയായ തോമസ് ഐസക് ജിഎസ്ടി-യുടെ അപ്പോസ്തലനായി.

സാമ്പത്തിക മേഖലയില്‍ മാത്രമല്ല ഫെഡറല്‍ സംവിധാനവുമായി ബന്ധപ്പെട്ട അധികാരത്തിന്റെയും, അവകാശങ്ങളുടെയും വിശാലമായ തലങ്ങളില്‍ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ട ഒന്നായി ജിഎസ്ടി-യുമായി ബന്ധപ്പെട്ട വിഷയം സമീപഭാവിയില്‍ ഉരുത്തിരിഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.