Features

വിശപ്പിന്റെ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പരിതാപകരം

കെ.പി. സേതുനാഥ്

കാര്‍ടൂണുകളും, ദാരിദ്ര്യവും നല്ല കോമ്പിനേഷന്‍ അല്ല. കാര്‍ടൂണുകളുടെ നര്‍മത്തിന്റെ ലോകവും, ദാരിദ്ര്യത്തിന്റെ ദയാരഹിതമായ ഭൂമികയുടെ സഞ്ചാരപഥങ്ങളും ഒരേ പാതയിലാവില്ല. ദാരിദ്ര്യത്തെക്കുറിച്ചുള്ള അന്തര്‍ദേശീയ പോസ്റ്ററില്‍ ഉണക്കപ്പുല്ലുമായി ഇരിക്കുന്ന ഇന്ത്യന്‍ ബാലികയുടെ ചിത്രവും ‘വിധിയുമായുള്ള സമാഗമത്തെ’-ക്കുറിച്ചുളള പ്രഭാഷണങ്ങളുടെ അസംബന്ധവും കാര്‍ടൂണിസ്റ്റ് എന്ന നിലയില്‍ അഭിമുഖീകരിക്കുന്നതിന്റെ ധര്‍മസങ്കടം ഒ.വി. വിജയന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വന്തം കാര്‍ടൂണുകളുടെ (ഇംഗ്ലീഷ്) ഒരു സമാഹാരത്തിന് എഴുതിയ ആമുഖത്തിലാണ് ഈ താരതമ്യം അദ്ദേഹം നടത്തുന്നത്. ഇന്ത്യയിലും (സമാനമായ മറ്റു രാജ്യങ്ങളിലും) ജീവിക്കുന്ന ഹാസ്യചിത്രകാരന്മാര്‍ തങ്ങളുടെ ഫലിതബോധത്തിന്റെ പതിവുശീലങ്ങളെ മറികടക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുവാനാണ് വിജയന്‍ ഈ താരതമ്യം പങ്കു വയ്ക്കുന്നത്. വിജയന്റെ ഈ നിരീക്ഷണം പുറത്തവന്നു ദശകങ്ങള്‍ക്കു ശേഷവും ആര്‍ഷ ഭാരതത്തിലെ ദരിദ്രന്റെ വിധിയില്‍ മാറ്റമൊന്നുമില്ല.

കഴിഞ്ഞ ദിവസം പുറത്തുവന്ന വിശപ്പിന്റെ ആഗോള സൂചികയില്‍ (അങ്ങനെയും ഒരു സൂചികയുണ്ട്!) ആര്‍ഷ ഭാരതത്തിന്റെ പവിത്രമായ സ്ഥാനം 94-ആണ്. മൊത്തം 107-രാജ്യങ്ങള്‍ അടങ്ങുന്ന ലോക വിശപ്പിന്റെ പട്ടികയിലാണ് 94-ാം സ്ഥാനം. വിശപ്പിന്റെ സൂചികയില്‍ ദക്ഷിണേഷ്യയില്‍ ഇന്ത്യക്കു പിന്നിലുള്ള ഏക രാജ്യം അഫ്ഗാനിസ്ഥാന്‍ മാത്രം. പാകിസ്ഥാന്‍ യഥാക്രമം 88, മ്യാന്‍ന്മാര്‍ 78, ബംഗ്ലാദേശ് 75, നേപ്പാള്‍ 73, ശ്രീലങ്ക 64-ഉം സ്ഥാനങ്ങളിലാണ്. ചൈന അഞ്ചാം സ്ഥാനത്താണ്.

കമനീയമായ അച്ചടയില്‍ ലഭ്യമായ വിശപ്പിന്റെ സൂചികയുടെ വിവിധങ്ങളായ സ്ഥിതിവിവരകണക്കുകള്‍ നോക്കിയിരുക്കുമ്പോഴാണ് വിജയന്‍ പറഞ്ഞ താരതമ്യത്തിന്റെ ദൈന്യത നിറഞ്ഞ മുഖം മനസിലെത്തുന്നത്. ശൈശവം നഷ്ടപ്പെടുന്ന ലോകത്തിലെ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ഉള്ള നാടാണ് ഇന്ത്യ.

2010-14 കാലയളവില്‍ ഭാരതവര്‍ഷത്തിലെ 5-വയസ്സില്‍ താഴെയുള്ള 15.1 ശതമാനം കുഞ്ഞുങ്ങള്‍ക്ക് ബാല്യം ഇല്ലാതായെങ്കില്‍ 2015-19 കാലഘട്ടത്തില്‍ അവരുടെ എണ്ണം 17.3 ശതമാനമായി ഉയര്‍ന്നു. സി.വി. ശ്രീരാമന്‍ ഉണ്ടായിരുന്നുവെങ്കില്‍ ബാല്യഹാര എന്ന പേരില്‍ ഒരു പക്ഷെ കഥയെഴുതാമായിരുന്നു. വസ്തു ഹരിക്കപ്പെട്ടവര്‍ വാസ്തുഹാരകളായെങ്കില്‍ ബാല്യം ഹരിക്കപ്പെട്ടവര്‍ ബാല്യഹാരകള്‍ ആവുന്നതില്‍ തെറ്റുണ്ടാകുമോ?

രൂക്ഷമായ പോഷകാഹാരക്കുറവിന്റെ ഭാഗമായി ഉയരത്തിന് അനുപാതമായ ഭാരമില്ലായ്മയും വയസ്സിന് അനുസൃതമായ ഉയരമില്ലായ്മയം ചേര്‍ന്ന മുരടിപ്പ് ആണ് നഷ്ടപ്പെടുന്ന ബാല്യങ്ങള്‍ (വെയ്‌സ്റ്റഡ് ചൈല്‍ഡ്ഹുഡ്) നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഠങ്ങള്‍.

 

കോവിഡ് മഹാമാരിയുടെ തിക്തഫലങ്ങള്‍ കണക്കിലെടുക്കാതെയുള്ള നിഗമനങ്ങളാണ് വെള്ളിയാഴ്ച പുറത്തുവിട്ട വേള്‍ഡ് ഹങ്കര്‍ ഇന്‍ഡക്‌സിന്റെ കണക്കുകളില്‍ ഉള്ളത്. കോവിഡിന്റെ വ്യാപനം ആഗോളതലത്തില്‍ വിശപ്പിന്റെ കാഠിന്യം ഗുരുതരമാക്കിയിട്ടുണ്ടാവുമെന്നു റിപോര്‍ട്ട് പറയുന്നു. 2030-ഓടെ വിശപ്പില്ലാത്ത ലോകം (സീറോ ഹങ്കര്‍) എന്ന ലക്ഷ്യം നേടുന്നതിന് ഇപ്പോഴത്തെ നിലയില്‍ സാധ്യമല്ലെന്നു റിപോര്‍ട് വിലയിരുത്തുന്നു.

വിശപ്പിനെതിരായ നടപടികളുടെ നടപ്പുവേഗത കണക്കിലെടുത്താല്‍ 31-രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ വിശപ്പില്ലാത്ത ലോകം എന്ന ലക്ഷ്യം നേടില്ല എന്നു വ്യക്തമാണ്. ശൈശവം നഷ്ടമായ ലോകത്തെ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ജീവിക്കുന്ന രാജ്യത്തിനകത്ത് ആത്മനിര്‍ഭരമായി ജീവിക്കാന്‍ (മനസ്സാക്ഷിക്കുത്തേതുമില്ലാതെ) കഴിയുന്നതു പോലും ഭാഗ്യമായി കരുതേണ്ടി വരുന്ന സന്ദര്‍ഭത്തിന് അനുയോജ്യമായ മറ്റൊരു സ്ഥിതിവിവര കണക്കും സമീപകാലത്ത് പുറത്തു വന്നിരുന്നു. അസമത്വത്തിന്റെ ലോക സൂചിക. ഓക്‌സഫാം എന്ന സംഘടനയാണ് അത് പുറത്തിറക്കിയത്.

അസമത്വത്തിന്റെ സൂചികയിലെ മൊത്തം 158 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 129-ാമത്തെ സ്ഥാനത്താണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയടങ്ങിയ പൊതുസേവനം, തൊഴില്‍ അവകാശങ്ങള്‍, നികുതി എന്നീ മൂന്നു മാനദണ്ഠങ്ങള്‍ അനുസരിച്ചായിരുന്നു അസമത്വത്തിന്റെ സൂചിക തയ്യാറാക്കിയത്. പൊതു സേവനങ്ങളുടെ കാര്യത്തില്‍ 141 ഉം തൊഴില്‍ അവകാശങ്ങളുടെ കാര്യത്തില്‍ 151 ഉം ആയിരുന്നു ഇന്ത്യയുടെ സ്ഥാനങ്ങള്‍. ആഗോളതലത്തില്‍ 128-ാമത്തെ സ്ഥാനവുമായി അസമത്വത്തിന്റെ സൂചികയിലും പാകിസ്ഥാന്‍ ഇന്ത്യയെക്കാള്‍ ഭേദമാണെന്ന തിരിച്ചറിവ് ദേശദ്രോഹത്തിന്റെ തെളിവായി വ്യാഖ്യാനിക്കുമോ എന്ന ശങ്കയില്ലാതില്ല.

‘ഏകാധിപത്യത്തില്‍ ജനങ്ങള്‍ ചിരിക്കാറില്ല’ എന്നായിരുന്നു ശങ്കേഴ്‌സ് വീക്ക്‌ലിയുടെ അവസാന ലക്കത്തിലെ ആപ്ത വാക്യം. 1975-ജൂണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെ ഈ വാചകവുമായി ശങ്കേഴ്‌സ് വീക്ക്‌ലി പ്രസിദ്ധീകരണം അവസാനിപ്പിച്ചത് ഗൃഹാതുരത്വം നിറഞ്ഞ നിര്‍ദോഷമായ ഓര്‍മ മാത്രമല്ലെന്ന തിരിച്ചറിവിന് കമനീയമായ അച്ചടയില്‍ ലഭ്യമായ വിശപ്പിന്റെയും, അസമത്വത്തിന്റെയും സ്ഥിതിവിവര കണക്കുകള്‍ സഹായകമാവുമോ എന്ന് വരാനിരിക്കുന്ന ദിനങ്ങള്‍ വഴികാട്ടുമായിരിക്കും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.