Columns

ഫെഡറലിസത്തിനുവേണ്ടി കൂടിയാകണം വരുംകാല പോരാട്ടങ്ങള്‍..!

ഐ.ഗോപിനാഥ്

കാര്‍ഷിക മേഖലയേയും ഭക്ഷ്യമേഖലേയും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെക്കുന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രക്ഷോഭം ശക്തമാവുകയാണ്. തീര്‍ച്ചയായും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഈ പോരാട്ടം പ്രതീക്ഷ നല്‍കുന്നു. ഈ മൂന്നു നിയമങ്ങളും എങ്ങനെയാണ് കര്‍ഷക വിരുദ്ധവും ജനവിരുദ്ധവുമാകുന്നതെന്നും, എന്താണ് കര്‍ഷകരുടെ ആവശ്യങ്ങളെന്നും പകല്‍ പോലെ വ്യക്തമാണ്. കര്‍ഷക നേതാക്കള്‍ അതെകുറിച്ച് എത്രയോ തവണ വിശദീകരിച്ചു കഴിഞ്ഞു. മറ്റൊരു വിഷയത്തെ കുറിച്ചാണ് ഈ കുറിപ്പില്‍ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത്. മറ്റൊന്നുമില്ല, ഈ സമരവും വരുംകാല സമരങ്ങളും മറ്റെന്തിനുമെന്നപോലെ ഫെഡറലിസത്തിനും വേണ്ടിയാകണം എന്നതാണത്.

സമീപകാലത്ത് പുതിയ ചില മുദ്രാവാക്യങ്ങള്‍ നാം നിരന്തരമായി കേള്‍ക്കുന്നുണ്ട്. അവയെല്ലാം തുടങ്ങുന്നത് ‘One India’ (ഒരു ഇന്ത്യ) എന്ന പ്രഖ്യാപനത്തോടെയാണ്. ഒരു ഇന്ത്യ എന്നതിനോടൊപ്പം ഒരു സംസ്‌കാരം, ഒരു നികുതി, ഒരു വിപണി, ഒരു പെന്‍ഷന്‍, ഒരു വോട്ട് എന്നിങ്ങനെ അതു നീളുന്നു. അധികം താമസിയാതെ അത് ഒരു മതം, ഒരു ദൈവം, ഒരു പാര്‍ട്ടി, ഒരു നേതാവ്, ഒരു കോര്‍പ്പറേറ്റ്…. എന്നിങ്ങനെ മാറുമെന്നുറപ്പ്. അത്തരമൊരു ലക്ഷ്യത്തിലേക്കാണ് കേന്ദ്രസര്‍ക്കാരും സംഘപരിവാര്‍ ശക്തികളും നീങ്ങുന്നതെന്ന് വ്യക്തം. ഇതിന്റെയെല്ലാം ആത്യന്തിക ലക്ഷ്യമോ സവര്‍ണ്ണ ഹിന്ദുത്വ – കോര്‍പ്പറേറ്റ് രാഷ്ട്രം. (സവര്‍ണ രാഷ്ട്രമാണ് ലക്ഷ്യമെന്നതിനാലാണ് ഒരു ജാതി എന്ന മുദ്രാവാക്യം ഇല്ലാത്തതെന്നത് ശ്രദ്ധേയമാണ്) അത്തരമൊരു ലക്ഷ്യത്തിന് ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നപോലെ ഫെഡറലിസം എന്ന സങ്കല്‍പ്പവും അപകടകരമാണെന്ന് അവര്‍ക്കറിയാം. അതിനാല്‍ തന്നെയാണ് ഭരണകൂടത്തിന്റെ സമീപകാല ചെയ്തികളും നിയമങ്ങളുമെല്ലാം ഫെഡറലിസത്തിനും എതിരാകുന്നത്. അത് വിദ്യാഭ്യാസ നിയമമായാലും കാശ്മീരിന്റെ പ്രത്യക പദവി എടുത്തുകളഞ്ഞതായാലും പൗരത്വഭേദഗതിയായാലും ജി.എസ്.ടിയായാലും മറ്റെന്തായാലും പ്രകടമാണ്. അതിന്റെയൊക്കെ തുടര്‍ച്ച തന്നെയാണ് ഒറ്റ ഇന്ത്യ, ഒറ്റ വിപണി എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുന്ന കര്‍ഷക നിയമങ്ങളും. അതിനാല്‍ തന്നെ അതിനെതിരായ പോരാട്ടം ഫെഡറലിസത്തിനായുള്ള പോരാട്ടം കൂടിയാണ്. അതു തിരിച്ചറിഞ്ഞു തന്നെയാണ് പഞ്ചാബ് നിയമസഭ തങ്ങളുടേതായ കര്‍ഷക നിയമത്തിന് രൂപം കൊടുത്തത്.

സത്യത്തില്‍ ഫെഡറലിസം എന്ന സങ്കല്‍പ്പം ഇന്ത്യന്‍ ഭരണ സംവിധാനത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു തന്നെ പറയേണ്ടിവരും. പ്രവിശ്യകള്‍ക്ക്  കാര്യമായ അധികാരങ്ങള്‍ നല്കാത്ത രീതിയില്‍ 1935ല്‍ ബ്രിട്ടീഷുകാര്‍ ആവിഷ്‌കരിച്ച അധികാര വിഭജനരീതി തന്നെയാണ് വാസ്തവത്തില്‍ ഇന്ത്യന്‍ ഭരണഘടനയും പിന്തുടര്‍ന്നത്. അതില്‍ പ്രവിശ്യകളെപോലെ തന്നെയാണ് സംസ്ഥാനങ്ങളെ പരിഗണിക്കുന്നത്. പ്രധാന അധികാരങ്ങളെല്ലാം കേന്ദ്രത്തിനാണ്. സംസ്ഥാനങ്ങളുടെ അധികാരം വളരെ പരിമിതം.

കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയങ്ങളിലാകട്ടെ തര്‍ക്കമുണ്ടായാല്‍ അവസാന തീരുമാനം കേന്ദ്രത്തിന്റേതും. അതായത് തികച്ചും കേന്ദ്രീകൃതമായ ഭരണ സംവിധാനമാണ് ഇവിടെ നിലനില്‍ക്കുന്നതെന്ന് സാരം. ഫെഡറല്‍ എന്നതൊക്കെ ഓമനപേരുമാത്രം. എത്രമാത്രം വികേന്ദ്രീകൃതമാകുന്നു അത്രമാത്രം ശക്തമായിരിക്കും ജനാധിപത്യം. ലോകത്തെ പല രാഷ്ട്രങ്ങളിലും നിലനില്‍ക്കുന്ന ജനാധിപത്യസംവിധാനം അത്തരത്തിലാണ്. എന്നാല്‍ ഇവിടെയത് മറിച്ചാണ്. വന്‍തോതില്‍ കേന്ദ്രീകൃതമായ ഒന്നാണ് നമ്മുടെ ജനാധിപത്യ സംവിധാനം. അങ്ങനെ ഫലത്തിലത് ജനാധിപത്യ വിരുദ്ധവുമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പൂര്‍ണമായും വരുതിയില്‍ നിര്‍ത്താന്‍ എന്നും കേന്ദ്ര സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടുണ്ട്. ബിജെപി അധികാരത്തില്‍ എത്തിയതോടെ അത് പൂര്‍ണമായി എന്നുമാത്രം. അതിനുകാരണം മുകളില്‍ പറഞ്ഞ അവരുടെ രാഷ്ട്രീയ ലക്ഷ്യം തന്നെ.

ഇന്ത്യ എന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഉണ്ടായതെങ്ങിനെയാണെന്ന ചരിത്രം പോലും നാമെല്ലാം വിസ്മരിക്കുന്നു. ആര്‍ഷ ഭാരതം എന്നൊക്കെയുള്ള അവകാശവാദങ്ങളെല്ലാം പൊള്ളയാണ്. ഉണ്ടായിരുന്നെങ്കില്‍ തന്നെ അതെത്രമാത്രം ജനവിരുദ്ധമായിരുന്നു. മനുസ്മൃതി മൂല്യങ്ങളാല്‍ നിയന്ത്രിക്കപ്പെട്ടിരുന്ന, ലോകത്തെവിടേയും നിലനിന്നിട്ടില്ലാത്ത വിധം മനുഷ്യ വിരുദ്ധമായ ഒന്ന്. പരസ്പരം കലഹിച്ചിരുന്ന നാട്ടുരാജ്യങ്ങളായിരുന്നു സത്യത്തില്‍ ഇവിടെ നിലനിന്നിരുന്നത്.

ഇന്ത്യയുടെ ചരിത്രമെഴുതിയവരെല്ലാം പ്രധാനമായും പറയുന്നത് നാട്ടുരാജ്യങ്ങളുടെ യുദ്ധങ്ങളെ കുറിച്ചാണല്ലോ. പിന്നീട് അവയെ ഒന്നിപ്പിച്ചത് സ്വാതന്ത്ര്യ സമരമായിരുന്നു. പൊതുശത്രുവിന്  എതിരായ സ്വാഭാവികമായ ഐക്യം. അന്ന് കോണ്‍ഗ്രസിന് ഇക്കാര്യം നന്നായി അറിയാമായിരുന്നു. അതുകൊണ്ടായിരുന്നു കോണ്‍ഗ്രസിനകത്ത് ഫെഡറല്‍ രീതിയില്‍ പ്രദേശ് കമ്മിറ്റികള്‍ രൂപം കൊണ്ടത്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ പാര്‍ട്ടി പിരിച്ചുവിടാന്‍ ഗാന്ധിജി പറഞ്ഞത് ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുമായിരുന്നു.

ഇന്ത്യയെ പതിനേഴ് ദേശീയതകളായി നിര്‍വ്വചിച്ച് ഓരോന്നിനും സ്വയം നിര്‍ണയാവകാശം വേണമെന്ന നിലപാടെടുത്ത കമ്യൂണിസ്റ്റുകാരും പിന്നീട് ആ നിലപാട് മാറ്റി. കേരളം മലയാളികളുടെ മാതൃഭൂമിയെന്ന് പറഞ്ഞ ഇഎംഎസ് പിന്നീട് തിരുത്തിയതും ചരിത്രം. ഇവരെല്ലാം പിന്നീട് അഖണ്ഡതയുടെ വക്താക്കളായി മാറി. ഫലത്തില്‍ ഫെഡറലിസമെന്നത് രാഷ്ട്രീയ സ്വപ്‌നം മാത്രമായി മാറി.

ഇനി സ്വാതന്ത്ര്യാനന്തര കാലത്തേക്കു വന്നാലോ..? ആദ്യകാലത്ത് സ്വാഭാവികമായും കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ പതുക്കെ പതുക്കെ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ദേശീയ വികാരങ്ങള്‍ ഉയര്‍ത്തെണീക്കാന്‍ തുടങ്ങി. ആസാമും പഞ്ചാബും തമിഴ്‌നാടും കാശ്മീരുമൊക്കെ ഉദാഹരണം. കാര്‍ഷിക പ്രശ്‌നവും ഭാഷാപ്രശ്‌നവും മതപ്രശ്‌നവും വികസന പ്രശ്‌നങ്ങളുമെല്ലാം അവക്കു പുറകിലുണ്ടായിരുന്നു. രാജ്യത്തിന് ഏറെ മുറിവുകള്‍ സമ്മാനിച്ച പഞ്ചാബിലെ ഖാലിസ്ഥാന്‍ വാദത്തിനു പുറകിലെ യഥാര്‍ത്ഥ വിഷയം കാര്‍ഷിക പ്രശ്‌നവും ഫെഡറലിസവുമായിരുന്നു. കര്‍ഷകരായിരുന്നു അന്നു വാസ്തവത്തില്‍ പോരാട്ടമാരംഭിച്ചത്. പിന്നീടത് ഖാലിസ്ഥാന്‍ വാദത്തിലെത്തുകയായിരുന്നു.

സുവര്‍ണ ക്ഷേത്രത്തിലെ സൈനിക നടപടിയും ഇന്ദിരാഗാന്ധിയുടെ വധവും സിഖ് കൂട്ടക്കൊലയുമൊക്കെ ഇന്ത്യന്‍ ചരിത്രത്തിലെ മറക്കാനാവാത്ത ഏടുകളാണ്. തുടര്‍ന്ന് സ്വാഭാവികമായും കര്‍ഷക പ്രശ്‌നങ്ങളുടെ പേരിലോ ഫെഡറലിസത്തിനുവേണ്ടിയോ ശക്തമായ പോരാട്ടങ്ങള്‍ നടത്താന്‍ പഞ്ചാബികള്‍ക്ക് ഭയമായിരുന്നു. ഇപ്പോഴാണ് ആ ഭയത്തെ മറികടന്ന് പിന്നീടവര്‍ ശക്തമായി രംഗത്തിറങ്ങുന്നത്. ഫലത്തില്‍ ഈ പോരാട്ടവും ഫെഡറലിസത്തിനായുള്ളതാണ്. അതിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖാലിസ്ഥാന്‍ വാദികളും മാവോയിസ്റ്റുകളുമൊക്കെയാണ് സമരത്തിനു പുറകിലെന്ന് സംഘപരിവാര്‍ പ്രചരണം നടത്തുന്നത്.

എന്തായാലും പിന്നീട് രാജ്യത്തിന്റെ പല ഭാഗത്തും പ്രാദേശിക പാര്‍ട്ടികളും ദളിത് – പിന്നോക്ക പ്രസ്ഥാനങ്ങളും ശക്തമായി. ജനാധിപത്യ വ്യവസ്ഥയില്‍ പങ്കെടുത്ത് പല സംസ്ഥാനത്തും അവര്‍ അധികാരത്തിലെത്തി. കേന്ദ്രഭരണത്തിലും പ്രാദേശിക പാര്‍ട്ടികള്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ തുടങ്ങി. പക്ഷെ സമീപകാലത്ത് അവയില്‍ പലതിനേയും ഇല്ലാതാക്കുന്നതിലോ വിലക്കെടുക്കുന്നതിലോ സംഘപരിവാര്‍ ശക്തികള്‍ വിജയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതത്ര എളുപ്പമല്ല എന്നാണ് ഈ കോവിഡ് ഭീഷണിയിലും ഈ വര്‍ഷം നടന്ന രണ്ടുപോരാട്ടങ്ങള്‍ പ്രഖ്യാപിക്കുന്നത്. പൗരത്വ ഭേദഗതിക്കെതിരായ പോരാട്ടവും ഇപ്പോഴത്തെ കര്‍ഷക സമരവും.

വൈവിധ്യങ്ങളാണ് ഇന്ത്യയുടെ കരുത്ത്. അതില്ലാതാക്കാന്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനോ കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിനോ കഴിയില്ല എന്നതാണ് വസ്തുത. സത്യത്തില്‍ 30 ശതമാനത്തോളം വോട്ടര്‍മാരുടെ പിന്തുണ മാത്രമുള്ള ഒരു പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് ഭരണഘടനപോലും അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതെന്ന് മറക്കരുത്. നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ പ്രാതിനിധ്യ രീതിയുടെ പ്രത്യേകത മൂലം കേന്ദ്രത്തിലവര്‍ക്ക് വലിയ ഭൂരിപക്ഷമുണ്ടെന്നത് ശരിതന്നെ. എന്നാല്‍ ആകെയുള്ള 29 സംസ്ഥാനങ്ങളില്‍ പത്തിടത്ത് മാത്രമേ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളൂ.

രാജ്യത്തെ ആകെയുള്ള 4,399 നിയമസഭാ സീറ്റുകളില്‍ 1,089 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് സ്വന്തമായി ഉള്ളത്. അതില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, യു.പി, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് 950 സീറ്റുകള്‍. ജനവിധിയെ പുച്ഛിച്ചുതള്ളി കുതിരക്കച്ചവടത്തിലൂടെയാണല്ലോ അവര്‍ പലയിടത്തും അധികാരത്തില്‍ എത്തുന്നതുപോലും. എന്നിട്ടാണ് മതേതരത്തോടും ജനാധിപത്യത്തോടും സാമൂഹ്യ നീതിയോടുമൊപ്പം ഫെഡറലിസത്തേയും കുഴിച്ചു മൂടാനുള്ള നീക്കങ്ങള്‍ ശക്തമാക്കുന്നത്. ആ തിരിച്ചറിവാകണം വരുംകാല പോരാട്ടങ്ങളില്‍ ദൃശ്യമാകേണ്ടത്. ജനാധിപത്യവും മതേതരത്വവും സാമൂഹ്യ നീതിയും ഫെഡറലിസവും ലിംഗനീതിയും ന്യൂനപക്ഷാവകാശങ്ങളുമെല്ലാം ഉയര്‍ത്തി പിടിച്ചാവണം ജനകീയ പോരാട്ടങ്ങള്‍ മുന്നേറേണ്ടത് എന്നുമാത്രം.

ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ സാഹചര്യം കൂടി പരിശോധിക്കേണ്ടതുണ്ട്. കര്‍ഷക സമരത്തിന് അഭിവാദ്യമര്‍പ്പിക്കല്‍ മാത്രമേ ഇവിടെ നടക്കുന്നുള്ളു. കാലങ്ങളായി നാം തുടരുന്ന വികസന നയങ്ങള്‍ കാര്‍ഷിക മേഖലയെ തകര്‍ത്തു തരിപ്പണമാക്കിയതിനാല്‍ ഇവിടെ കര്‍ഷക സമരത്തിന് ഒരു പ്രസക്തിയുമില്ല എന്ന വാദമുണ്ട്. എന്നാല്‍ അരിക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലുള്ള നമ്മെ അതെങ്ങനെ ബാധിക്കാതിരിക്കും? വാസ്തവത്തില്‍ നമ്മള്‍ എന്നും ഇങ്ങനെ തന്നൊയിരുന്നു. ഏറ്റവും രാഷ്ട്രീയ പ്രബുദ്ധമെന്നവകാശപ്പെടുമ്പോഴും രാജ്യം കത്തിയെരിയുമ്പോഴെല്ലാം നമ്മള്‍ ഇതുപോലെ കാഴ്ചക്കാരായിരുന്നു.

നക്‌സല്‍ബാരിക്കുശേഷം രാജ്യമെങ്ങും അലയടിച്ച കര്‍ഷക വിദ്യാര്‍ത്ഥി സമരങ്ങളില്‍ കേരളത്തിനു വലിയ റോളൊന്നും ഉണ്ടായിരുന്നില്ല. 1970കളില്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ, വിദ്യാര്‍ത്ഥി യുവജന സമരങ്ങളുടെ കാലത്തും അങ്ങനെതന്നെ. രാജ്യം മുഴുവന്‍ അടിയന്തരാവസ്ഥക്കെതിരെ വോട്ടുചെയ്തപ്പോള്‍ നമ്മളതിനെ അംഗീകരിച്ചു. പല സംസ്ഥാനങ്ങളിലും അലയടിച്ച ഫെഡറലിസത്തിനായുള്ള ദേശീയ, ഭാഷാ സമരങ്ങളുടെ കാലവും വ്യത്യസ്തമല്ല. സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട ഏറ്റവും വലിയ സാമൂഹ്യ വിപ്ലവമായ മണ്ഡല്‍ കമ്മീഷന് അനുകൂലമായി വലിയ ശബ്ദമൊന്നും ഇവിടെ കേട്ടില്ല. തുടര്‍ന്നുണ്ടായ പിന്നോക്ക ദളിത് രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും കേരളത്തില്‍ കാര്യമായ വേരുകളുണ്ടായില്ല.

ബാബറി പള്ളി തകര്‍ത്തപ്പോഴും കശ്മീരിന്റെ അവകാശങ്ങള്‍ എടുത്തു കളഞ്ഞപ്പോഴും പൗരത്വനിയമ ഭേദഗതിക്കെതിരായ പോരാട്ടങ്ങളിലും നമ്മുടെ പങ്കാളിത്തം നാമമാത്രമായിരുന്നു. രോഹിത് വെമുലക്കുശേഷം രാജ്യത്തെ ക്യാമ്പസുകളിലും പൊതുയിടങ്ങളിലും നടന്ന ദളിത് വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളോടും നമ്മള്‍ പുറം തിരിച്ചുനിന്നു. നോര്‍ത്ത് ഈസ്റ്റിലും മറ്റും സജീവമായ ആദിവാസി സമരങ്ങള്‍ നടക്കുമ്പോഴും നമ്മുടെ ആദിവാസികള്‍ തീരാദുരിതങ്ങളില്‍ തുടരുകയാണ്. അതിന്റെയെല്ലാം തുടര്‍ച്ച തന്നെയാണ് ഇപ്പോള്‍ കര്‍ഷക സമരങ്ങളില്‍ നമ്മുടെ കാര്യമായ പങ്കാളിത്തമില്ലാത്തതിന് കാരണം.

രാഷ്ട്രീയ പ്രബുദ്ധത എന്നതൊക്കെ നമ്മെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത അവകാശവാദം മാത്രം. ഫെഡറലിസത്തിന്റേതല്ല, അഖണ്ഡതയുടെ വക്താക്കളാണല്ലോ നാം. മുമ്പൊക്കെ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ചില പോരാട്ടങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ടെന്നത് ശരി. സര്‍ക്കാരും പ്രതിപക്ഷവും കൈകോര്‍ത്ത് കേന്ദ്രവിരുദ്ധ സമരം നടത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണന ചര്‍ച്ചാ വിഷയവുമായിരുന്നു. ഒരേ പാര്‍ട്ടിതന്നെ കേരളവും കേന്ദ്രവും ഭരി്ക്കുമ്പോള്‍ പോലും അതുണ്ടായിട്ടുണ്ട്. എന്നാല്‍ ഏതാനും കൊല്ലമായി കേന്ദ്രത്തിനു മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നവരായി കേരളം മാറിയിട്ടുണ്ട്. കേന്ദ്രവിരുദ്ധ സമരം പോയിട്ട് കേന്ദ്രത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്നവര്‍ പോലും കുറവ്. സംസ്ഥാനത്തിന്റെ നയമല്ല എന്നു പ്രഖ്യാപിച്ച് യുഎപിഎ പോലുള്ള ഭീകര നിയമങ്ങള്‍ സ്വന്തം സഖാക്കള്‍ക്കുപോലും സമ്മാനിക്കുന്ന അവസ്ഥയില്‍ വരെ അതെത്തി.

എന്തായാലും അതിനിടയില്‍ പ്രതീക്ഷ നല്‍കുന്ന ഒരു പ്രസ്താവന കാണുകയുണ്ടായി. പുതിയ കാര്‍ഷിക നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനമാണത്. സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ക്കുമേലുള്ള നഗ്‌നമായ കടന്നു കയറ്റമാണ് ഈ നിയമ നിര്‍മാണങ്ങളെന്നും കേന്ദ്ര സര്‍ക്കാര്‍ പാസാക്കുന്ന നിയമങ്ങള്‍ സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്നപക്ഷം ഭരണഘടനയുടെ 304(ബി) അനുച്ഛേദം അനുസരിച്ച് നിയമ നിര്‍മാണം നടത്തുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.

ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഷയമായിട്ടും സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തിയിട്ടില്ല. രാജ്യത്ത് നിലനില്‍ക്കുന്നതായി അവകാശപ്പെടുന്ന ഫെഡറല്‍ സംവിധാനത്തിന് എതിരാണ് ഈ നയമെന്നുമെല്ലാം അദ്ദേഹം കൂട്ടിചേര്‍ത്തു. തീര്‍ച്ചയായും അതെല്ലാം സ്വാഗതാര്‍ഹം. അതേസമയം നിയമങ്ങള്‍ക്കെതിരെ സുപ്രിംകോടതിയില്‍ പോകാനുള്ള നീക്കം ഗുണകരമാണെന്നു കരുതാനാവില്ല. അത് ചിലപ്പോള്‍ വിപരീതഫലം ചെയ്യും. പിന്നീട് സമരം പോലും അപ്രസക്തമാകാം. കര്‍ഷക സമരത്തോടൊപ്പം അണിനിരന്ന് നിയമങ്ങള്‍ പിന്‍വലിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ഒപ്പം ഫെഡറലിസം എന്ന രാഷ്ട്രീയം ഉയര്‍ത്തിപിടിക്കാനും സ്വന്തം അധികാരമുപയോഗിച്ച് സംസ്ഥാനത്ത് വേറെ നിയമത്തിനു രൂപം കൊടുക്കാനും. അതിനുള്ള രാഷ്ട്രീയ ആര്‍ജ്ജവം സംസ്ഥാന സര്‍ക്കാര്‍ പ്രകടമാക്കുമോ എന്നു കാത്തിരുന്നു കാണാം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.