എം.ബി. ഭര്‍തൃഹരി
ജില്ലാ പ്രസിഡണ്ട്
എറണാകുളം ജില്ല മത്സ്യ തൊഴിലാളി യൂണിയന്‍ (CITU)
ഈ കഴിഞ്ഞ ആഴ്ചയില്‍ മത്സ്യബന്ധനത്തിനിടയില്‍ വെള്ളത്തില്‍ വീണ് ഒഴുക്കില്‍പ്പെട്ട് കാണാതായി മരണപ്പെട്ട മത്സ്യ തൊഴിലാളികളായ കെടാമംഗലം ചീതുക്കളത്തില്‍ സി.കെ.ഗോപിയും, എളങ്കുന്നപ്പുഴ പുക്കാട് പുഴയില്‍ ഊന്നിവല തൊഴിലാളികളായ നായരമ്പലം കടുവങ്കശ്ശേരി സന്തോഷ്, എളങ്കുന്നപ്പുഴ അടിമക്കണ്ടത്തില്‍ സിദ്ധാര്‍ത്ഥന്‍, പച്ചാളം ഷണ്‍മുഖപുരം കാരക്കാട്ട് പറമ്പില്‍ സജീവന്‍, വളപ്പ് ബോട്ട്‌ജെട്ടി ഭാഗത്ത്
കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനിടയില്‍ വെള്ളത്തില്‍ വീണ് മുങ്ങിമരിച്ച നീട്ടുവല തൊഴിലാളിയായ പള്ളത്തുശ്ശേരി അഗസ്റ്റിന്‍, പള്ളിപ്പുറം കോണ്‍വെന്റ് പടിഞ്ഞാറ് മത്സ്യബന്ധനത്തിനിടയില്‍ പുഴയില്‍ വീണു മരിച്ച അന്നനടക്കല്‍ ലീലാധരന്‍ എന്നിവരുടെ മരണ വാര്‍ത്ത ഈ മഹാമാരിയുടെ കാലത്ത് വലിയ വിഷമത്തിനിടയാക്കി. ഉറ്റവര്‍ക്കും ഉടയവര്‍ക്കും നാട്ടുകാര്‍ക്കും അവസാനമായി ഒന്നു കാണുന്നതിനു പോലും കഴിയാത്ത വിധം പരിമിതികളും നിയന്ത്രണങ്ങളും എല്ലാവരേയും ഏറെ വിഷമത്തിലാക്കി.
തൊഴിലെടുക്കുന്നതിനിടയില്‍ മത്സ്യതൊഴിലാളികള്‍ വെള്ളത്തില്‍ വീണ് മരിക്കാനിടയാകുന്ന സംഭവങ്ങള്‍ നാള്‍ക്കുനാള്‍ ഏറിവരികയാണ്. പ്രകൃതിക്ഷോഭം മൂലം കാറ്റിലും കോളിലും പെട്ട് വള്ളം മറിഞ്ഞു മുങ്ങിപ്പോയി മരണപ്പെടുന്ന തൊഴിലാളികളുടെ അനാഥമാകുന്ന കുടുംബങ്ങളുടെ എണ്ണം പെരുകുമ്പോള്‍ ഇതിനൊരു പരിഹാരം കാണ്ടേണ്ടതല്ലേ എന്ന ചിന്തയാണ് ഇങ്ങനെയൊരു കുറിപ്പ് തയ്യാറാക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത്. അപകടത്തില്‍പ്പെടുന്ന മത്സ്യ തൊഴിലാളികളില്‍ ഭുരിഭാഗവും മരണത്തിന് കീഴടങ്ങുന്നു. കുറച്ചുപേര്‍ മാത്രമാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടുന്നത്. അപകടം ആര്‍ക്കും എവിടെവച്ചും സംഭവിക്കാം, എന്നാല്‍ മത്സ്യ തൊഴിലാളിക്ക് ജോലി സമയത്ത് മരണം അവന്റെ മടിയില്‍ തന്നെയുണ്ട് എന്നു പറയാം. ആഴക്കടലിലും. ശക്തമായ ഒഴുക്കില്‍ നിലയില്ലാത്ത പുഴയിലും പണിയെടുക്കുന്ന തൊഴിലാളി ഏതു സമയവും അപകടം സംഭവിക്കാം എന്ന ധാരണയില്‍ മതിയായ മുന്‍കരുതല്‍ എടുക്കേണ്ടതല്ലേ? ഈ വിഷയം ഈ മേഖലയിലുള്ളവര്‍ ഗൗരവമായി പരിശോധിക്കേണ്ടതാണ്. തീര്‍ച്ചയായും ലൈഫ് ജാക്കറ്റ് ധരിച്ച് മാത്രം മത്സ്യബന്ധനത്തിന് പോകാവൂ എന്ന രീതി നാം പരിശീലിക്കേണ്ടിയിരിക്കുന്നു. സൗജന്യമായും, സബ്‌സിഡി നല്‍കിയും ലൈഫ് ജാക്കറ്റുകള്‍ ഓഖി ദുരന്തത്തിന് ശേഷം സര്‍ക്കാര്‍ വിതരണം ചെയ്തുവെങ്കിലും ഇതുപയോഗിക്കുന്നത് വളരെ അപൂര്‍വ്വം തൊഴിലാളികള്‍ മാത്രമാണ്. എന്തുകൊണ്ടാണ് ഇതുപയോഗിക്കുവാന്‍ തൊഴിലാളികള്‍ വിമുഖത കാണിക്കുന്നത്? പരിശോധിക്കേണ്ട ഒരു കാര്യമാണിത്. ചില തൊഴിലാളികള്‍ പറയുന്നത് ഈ ലൈഫ് ജാക്കറ്റ് ധരിച്ച് കൊണ്ട് ജോലി ചെയ്യുവാന്‍ ബുദ്ധിമുട്ടാണ് എന്നാണ്. ശരീരം അനായാസം വളക്കാനും തിരിക്കാനും ഒക്കെ കഴിയാത്ത അവസ്ഥ ഇതുപയോഗിച്ചാല്‍ ഉണ്ടാകും എന്നാണ്. അതില്‍ ചില സത്യങ്ങളുണ്ട്. അങ്ങനെയെങ്കില്‍ ഓരോരുത്തരുടേയും ശരീരത്തിന് യോജിച്ച രീതിയില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന വിധം ശരീരം അനായാസം വളക്കാനും തിരിക്കാനും ഒക്കെ സാധിക്കുന്നവിധം ഈ ലൈഫ് ജാക്കറ്റ് രൂപകല്പന ചെയ്യുകയല്ലേ വേണ്ടത്.
ലൈഫ് ജാക്കറ്റ് ഉപയോഗിക്കുമ്പോള്‍ ബുദ്ധിമുട്ടില്ലാതെ ആസ്വാദ്യകരമായി പണിയെടുക്കുവാന്‍ കഴിയുന്ന വിധത്തില്‍ ആവശ്യമായ പരിണാമം വരുത്തി ഇതു രൂപകല്പന ചെയ്യാന്‍ ഏതെങ്കിലും തരത്തിലുള ആലോചനകള്‍ , പരിശ്രമങ്ങള്‍ നടന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ അതുണ്ടാകണം. മനുഷ്യ ശരീരത്തോട് ഒട്ടിപ്പിടിച്ചു കിടന്നുകൊണ്ട് മത്സ്യ തൊഴിലാളികള്‍ക്ക് കായിയ ശാരീരിക ആയാസമുള്ള അവരുടെ തൊഴില്‍ മറ്റു ബുദ്ധിമുട്ടുകളില്ലാതെ ചെയ്യുവാന്‍ കഴിയുന്ന വിധമാകണം ഇത്തരം ലൈഫ് ജാക്കറ്റുകള്‍ രൂപ കല്പന ചെയ്യേണ്ടത് എന്നാണ് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നത്.
എന്നാല്‍ അത്തരം ഒരു ലൈഫ് ജാക്കറ്റ് വന്നതിനു ശേഷം മാത്രം ഇനി മത്സ്യബന്ധനത്തിന് പോകാവൂ എന്ന് നമുക്ക് തീരുമാനിക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് മത്സ്യബന്ധനത്തിന് പോകുമ്പോള്‍ പരിമിതികള്‍ ഉള്ളതാണെങ്കിലും ഇപ്പോള്‍ ലഭ്യമാകുന്ന ലൈഫ് ജാക്കറ്റുകള്‍ ഉപയോഗിക്കാനും അതു മല്ലെങ്കില്‍ ഒരു എമര്‍ജന്‍സി ഘട്ടം വന്നാല്‍ ഉപയോഗിക്കുവാന്‍ കഴിയുംവിധം നമ്മുടെ വള്ളങ്ങളില്‍ അത് കരുതിവയ്ക്കുവാനും നാം മറക്കരുത്.
സ്വതവേ ദാരിദ്ര്യത്തില്‍ കഴിയുന്ന മത്സ്യ തൊഴിലാളി കുടുംബങ്ങളുടെ നാഥനെ നഷ്ടപ്പെടാതെ അവര്‍ക്ക് ജീവിക്കുവാന്‍ കഴിയുന്ന ഒരു അന്തരീക്ഷം ഒരുക്കുവാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. അതുകൊണ്ട് മുന്‍ പ്രതിപാദിച്ച രീതിയില്‍ തൊഴിലിന് ഇണങ്ങുന്ന രൂപത്തിലുള്ള ലൈഫ് ജാക്കറ്റ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള അടിയന്തിര നടപടികള്‍ ഇരു സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടാകണം. അതോടൊപ്പം മത്സ്യബന്ധനത്തിന് പുറപ്പെടുന്ന എല്ലാ വള്ളങ്ങളിലും ബോട്ടുകളിലും തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ലൈഫ് ജാക്കറ്റുകള്‍ ഉണ്ട് എന്നു ഉറപ്പു വരുത്തിക്കൊണ്ട് മാത്രമേ തൊഴിലിനു പോകാവൂ എന്ന് തൊഴിലാളികള്‍ സ്വയം തീരുമാനമെടുക്കണം.
ഓരോ തൊഴിലാളിയുടേയും കുടുംബാംഗങ്ങളും, തൊഴിലാളി സംഘടനകളും, പൊതു സമൂഹവും ഇക്കാര്യത്തില്‍ അവരവരാല്‍ കഴിയുംവിധം ശ്രദ്ധിക്കാനും ശ്രമിച്ചാല്‍ തൊഴിലിനിടയില്‍ വെള്ളത്തില്‍പ്പോയി മരണപ്പെടുന്നതു തടയാന്‍ ഒരു പരിധി വരെ നമുക്ക് കഴിയും. അപകട മരണങ്ങള്‍ ഒഴിവാക്കുവാന്‍ കഴിയാവുന്നവയെല്ലാം നമുക്ക് ചെയ്യാം എന്നതാണ് ഇന്ന് കരണീയമായിട്ടുള്ളത്. അതിനുവേണ്ടി ആത്മാര്‍ത്ഥമായി നമുക്ക് പരിശ്രമിക്കാം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.