India

കര്‍ഷക സമരവും, ചരിത്രം നല്‍കുന്ന പാഠങ്ങളും: സുധീര്‍നാഥ്

കര്‍ഷക സമരം നാള്‍ക്കുനാള്‍ ശക്തമാകുകയാണ്. റിപ്പബ്ലിക്ക് ദിനത്തിന് ഡല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലി ചരിത്രമായി. അത് കളങ്കപ്പെടുത്താന്‍ നടന്ന വലിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ഒരു ജനകീയ സമരം തന്നെയായിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. സമാധാനത്തിന്റെ പാതയില്‍ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സമര പരമ്പരകളുടെ ചരിത്രം സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടതാണ്. ഇത് ലോകം മുഴുവന്‍ വാഴ്ത്തിയതുമാണ്. അഹിംസയുടെ മന്ത്രവും, നിരാഹാര സമരങ്ങളും, നിസഹകരണവും, നിയമലംഘനവും എല്ലാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ വിജയത്തിലേയ്ക്ക് നയിച്ചു എന്ന് മനസിലാക്കാം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സ്വാതന്ത്ര്യ സമരത്തിന് മുന്നില്‍ അടിയറവ് പറഞ്ഞ് പിന്തിരിയേണ്ടി വന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരവും സമാധാനപരമാണ്. അതിന് ജനപിന്തുണയുണ്ട്. ചരിത്രം നമ്മളെ കുറേ കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.

ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടു വന്ന പബ്ലിക്ക് സേഫ്റ്റി ബില്ലും, ട്രേയ്‌സ് ഡിസ്പ്യൂട്ട് ആക്റ്റും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ഇന്ത്യന്‍ ലെജിസ്ലേറ്റീവ് അസംബ്ലി ഹാളിലേയ്ക്ക് ഇങ്കുലാബ് സിന്ദാബാദ് എന്ന് വിളിച്ച് ബോംബ് വലിച്ചെറിഞ്ഞ ധീര വിപ്ലവകാരിയാണ് ഭഗത് സിംഗ്. ഈ കുറ്റം ചുമത്തിയാണ് ഭഗത് സിംഗിനെ ലാഹോര്‍ ജയിലില്‍ ബ്രിട്ടീഷ് പട്ടാളം 23 വയസില്‍ തൂക്കി കൊന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഭഗത് സിംഗ് ആവേശമാണ്. രക്തസാക്ഷിയായ ഭഗത് സിംഗിന്റെ സഹോദരി ബീബി പ്രകാശ് കൗറിന്റെ മകള്‍ ഗുര്‍ജിത്ത് കൗര്‍ ദത്തും കുടുംബ സമേതം സമരമുഖത്തുണ്ട്.

1974ല്‍ ജയപ്രകാശ് നാരാണന്റെ നേത്യത്ത്വത്തില്‍ രാജ്യമാകമാനം ആഞ്ഞടിച്ച ജനകീയ സമരം മറ്റൊരു ചരിത്രം പറയുന്നുണ്ട്. ഗുജറാത്തിലേയും, ബീഹാറിലേയും വിദ്യാര്‍ത്ഥികള്‍ തുടക്കം കുറിച്ച സമരമാണ് പിന്നീട് രാജ്യം കണ്ട വലിയ ജനകീയ സമരമായി മാറിയത്. സ്വതന്ത്ര്യ സമര സേനാനിയും, സോഷ്യലിസ്റ്റുമായ ജയപ്രകാശ് നാരായണന്റെ കീഴില്‍ ജനങ്ങള്‍ അണിനിരന്നു. പാര്‍ലമെന്റില്‍ വലിയ ഭൂരിപക്ഷമുണ്ടായ ഇന്ദിരാ ഗാന്ധി തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞത് രാജ്യ ചരിത്രത്തിന്റെ ഭാഗമാണ്.

ഇന്ത്യന്‍ പാര്‍ലമെന്റിനോട് ചേര്‍ന്നുള്ള ബോട്ട് ക്ലബ് മൈതാനിയില്‍ ഒരു കര്‍ഷക സമരം നടന്നിരുന്നു. 1988ല്‍ ഒക്ടോബര്‍ മാസം മഹേന്ദ്ര സിംഗ് ടിക്കായത്തിന്റെ നേത്യത്വത്തില്‍ കര്‍ഷകര്‍ ട്രാക്റ്ററും, കാളവണ്ടിയും, സൈക്കിളുമായി ഡല്‍ഹിയിലെ പാര്‍ലമെന്റിനോട് ചേര്‍ന്ന ബോട്ട് ക്ലബ് മൈതാനിയില്‍ എത്തിയാണ് സമരം ചെയ്തത്. അഞ്ച് ലക്ഷം കാളവണ്ടികളും, ഒരു ലക്ഷം ട്രാക്റ്ററുകളും സമരത്തിന്റെ ഭാഗമായി എത്തി എന്നാണ് കണക്ക്. അന്ന് മൃഗീയ ഭൂരിപക്ഷത്തിന് രാജീവ് ഗാന്ധി പ്രധാനമന്ത്രി കസേരയിലുണ്ടായിരുന്നു. ലക്ഷക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയുടെ സിരാ കേന്ദ്രമായ ബോട്ട് ക്ലബില്‍ എത്തി. ഭൂപ്രഭുക്കന്‍മാരായ കര്‍ഷകര്‍, അധികാര മോഹികളായ കര്‍ഷകര്‍, വിദേശ പിന്തുണയോടെ രാജ്യത്തെ കളങ്കപ്പെടുത്താനുള്ള ശ്രമം, പാക്കിസ്ഥാന്‍ പിന്തുണ തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ കോണ്‍ഗ്രസ് അന്ന് പ്രയോഗിച്ചിരുന്നു. പക്ഷെ വലിയ ഭൂരിപക്ഷമുണ്ടായിട്ടും രാജീവ് ഗാന്ധിക്ക് കര്‍ഷക സമരത്തില്‍ അടിതെറ്റുകയായിരുന്നു.

1988ല്‍ കര്‍ഷക സമരത്തിലും ഇങ്ങനെ തന്നെയായിരുന്നു. അന്ന് കര്‍ഷകരെ പിന്തുണച്ച് ബോട്ട് ക്ലബ് മൈതാനിയില്‍ കര്‍ഷകര്‍ക്ക് ആവേശം പകര്‍ന്ന പ്രമുഖരാണ് എ.ബി. വാജ്‌പേയും, വി.പി. സിംഗും, മുലായം സിങ്ങും, ചന്ദ്രശേഖറും, ദേവീലാലും, ചൗട്ടാലയും മറ്റും. നരേന്ദ്ര മോദിയെ രാഷ്ട്രീയത്തില്‍ വളര്‍ത്തിയ വാജ്‌പേയ് 1988ല്‍ കര്‍ഷകര്‍ക്കൊപ്പം നിന്ന് അവരെ പിന്തുണച്ചത് ചരിത്രമാണ്.

1988ലെ ബോട്ട് ക്ലബിലെ കര്‍ഷക റാലിയില്‍ വാജ്പേയ് പ്രസംഗിക്കുന്നു.

രാജീവ് ഗാന്ധിക്ക് പകരം അധികാരത്തില്‍ എത്തിയത് വി.പി. സിംഗായിരുന്നു. 1984ല്‍ കോണ്‍ഗ്രസിന് 426 സീറ്റുകളാണ് ലോക്‌സഭയില്‍ ഉണ്ടായിരുന്നത്. 1988ലെ കര്‍ഷക സമരത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തിന് വലിയ മാറ്റമുണ്ടായി. കോണ്‍ഗ്രസിനും രാജീവ് ഗാന്ധിക്കും രാഷ്ട്രീയ തിരിച്ചടിയേറ്റു. 1989ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റ് നേട്ടം 195 ആയി കുറഞ്ഞു.

1989ല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് പ്രധനമന്ത്രിയായ വി.പി. സിംഗിനും ഒരു ജനകീയ സമരം കാരണം രാജിവെയ്‌ക്കേണ്ടി വന്നു. 1979ല്‍ ജനുവരിയില്‍ മൊറാര്‍ജി ദേശായി പ്രധാനമന്ത്രി ആയിരുന്ന സമയത്ത് രൂപീകരിച്ച മണ്ഡല്‍ കമ്മിഷന്‍ 1980 ഡിസംബര്‍ 30ന് അന്നത്തെ പ്രസിഡന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 1990 ആഗസ്റ്റില്‍ വി.പി. സിംഗ് പ്രധാനമന്ത്രി ആയപ്പോഴാണ് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയത്. മണ്ഡല്‍ കമ്മിഷന്‍ സമരമാണ് പിന്നീട് ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ സമരം. രാജീവ് ഗോസ്വാമി ആത്മാഹുതി ചെയ്യാന്‍ ദേഹത്ത് തീകൊളുത്തിയത് ലോക ശ്രദ്ധ തന്നെ നേടി. വി.പി. സിംഗിന് പ്രധാനമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നത് മണ്ഡല്‍ സമരത്തിന്റെ ജനകീയ ശക്തി കൊണ്ടായിരുന്നു.

1988ലെ ട്രാക്റ്റര്‍ റാലി രാജ്പഥില്‍

ഇന്ത്യ എഗേന്‍സ്റ്റ് കറപ്ഷന്‍ എന്ന മുദ്രാവാക്യവുമായി അണ്ണാ ഹസാരെ സമരമുഖത്ത് വന്നത് 2011ലാണ്. സമരം ശക്തമായപ്പോള്‍ അധികാര കേന്ദ്രങ്ങളില്‍ ഇളക്കം സംഭവിച്ചു. ആംആദ്മി പാര്‍ട്ടി തന്നെ രൂപം കൊണ്ടത് ഈ സമരമുഖത്ത് നിന്നാണ്. 2012 ഡിസംബര്‍ 16നാണ് ജ്യോതി സിംഗ് എന്ന നിര്‍ഭയ കൂട്ട ബലാത്സംഗത്തിന് ഇരയായി പിന്നീട് മരണത്തിന് കീഴടങ്ങുന്നത്. ഇത് ഇന്ത്യ എഗേന്‍സ്റ്റ് കറപ്ഷന്‍ എന്ന സമരത്തില്‍ പങ്കാളികളായ യുവജന സമൂഹത്തെ കൂടുതല്‍ ശക്തരാക്കി. തുടര്‍ന്ന് നടന്ന ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയും, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും അധികാരത്തിലെത്തി.

1988ലെ കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ബി.കെ.യു. നേതാവ് മഹേന്ദ്ര സിംഗ് ടിക്കായത്തിന്റെ മകന്‍ രാകേഷ് ടിക്കായത്താണ് ഇപ്പോള്‍ കര്‍ഷക സമരത്തിന് നേത്യത്വം നല്‍കുന്നത്. സമരത്തിന് രാഷ്ട്രീയ നിറം നല്‍കാന്‍ വലിയ ശ്രമം ഉണ്ടായി. പക്ഷെ കര്‍ഷകര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളേയും മുന്നില്‍ നിര്‍ത്തിയില്ല. പിന്തുണ സ്വീകരിക്കുക മാത്രമാണുണ്ടായത്.

1988ല്‍ കര്‍ഷക സമരം നയിച്ച മഹേന്ദര്‍ സിംഗ് ടിക്കായത്ത്

ഹിന്ദുമഹാസഭയില്‍ നിന്ന് ബി.ജെ.പിയിലേയ്ക്ക് വളര്‍ന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായി വളര്‍ന്നതില്‍ ജനകീയ സമരങ്ങളുടെ പങ്ക് വളരെ വലുതാണ്. 1974 മുതലുള്ള ജെ.പി പ്രക്ഷോഭത്തിലും, 1988ലെ കര്‍ഷക പ്രക്ഷോഭത്തിലും പങ്കാളിയായതാണ് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. കര്‍ഷകര്‍ക്കുള്ള അനുകൂല നിലപാടുകളിലൂടെ വളര്‍ന്ന ബി.ജെ.പി. ഇപ്പോള്‍ അവരെ വെല്ലുവിളിച്ചാണ് നില്‍ക്കുന്നത്. ഇന്ത്യയുടെ മുന്‍കാല രാഷ്ട്രീയ ചലനങ്ങള്‍ പാഠമാക്കുന്നതില്‍ നരേന്ദ്രമോദി പരാജയപ്പെടുകയാണ്. ഇന്ദിരാ ഗാന്ധി 352 അംഗങ്ങളുണ്ടായിട്ടും ജയപ്രകാശ് നാരായണന്റെ പ്രക്ഷോഭത്തില്‍ താഴെ വീണു. 426 സീറ്റുണ്ടായ രാജീവ് ഗാന്ധി കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്നാണ് വീണത്. 303 അംഗങ്ങളാണ് നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബി.ജെ.പിക്ക് ഇപ്പോഴുള്ളത്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ നിലപാട് കടുപ്പിച്ചു. ഫെബ്രുവരി ആറിന് ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നുമണിവരെയുള്ള മൂന്നുമണിക്കൂറായിരുന്നു പ്രതിഷേധം. ഈ സമയം സംസ്ഥാന ദേശീയ പാതകള്‍ തടഞ്ഞു. കര്‍ഷകരുടെ പ്രതിഷേധത്തില്‍ രാജ്യം മുഴുവന്‍ പങ്കുചേര്‍ന്ന കാഴ്ച്ചയായിരുന്നു അത്. വരും ദിവസങ്ങളില്‍ സമരം കടുക്കുകയാണ്. ഡല്‍ഹി അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ വെച്ചും കോണ്‍ക്രീറ്റ് കട്ടകള്‍ നിരത്തിയും, കോണ്‍ക്രീറ്റ് മതിലുകള്‍ പണിതും, കിങ്ങെുകള്‍ ഉണ്ടാക്കിയും, മുള്ളു വേലി നിര്‍മ്മിച്ചും സമരത്തെ തകര്‍ക്കുവാന്‍ കഴിയില്ല.

2021ല്‍ കര്‍ഷക സമരം നയിക്കുന്ന മഹേന്ദര്‍ സിംഗ് ടിക്കായത്തിന്‍റെ മകന്‍ രാജേഷ് ടിക്കായത്ത്.

ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരെ പ്രതിരോധിക്കാന്‍ റോഡുകളില്‍ തടസ്സം സൃഷ്ടിക്കുന്നത് ശക്തമാക്കിയിരിക്കുകയാണ് പോലീസ്. നിരനിരയായി ബാരിക്കേഡുകള്‍ നിരത്തിയും, എടുത്തുമാറ്റാവുന്ന കോണ്‍ക്രീറ്റ് പാളികള്‍ നിരത്തിയും, വന്‍മതില്‍ പോലെ കോണ്‍ക്രീറ്റ് മതിലുകള്‍ ദേശീയ പാതയ്ക്ക് കുറുകെ നിര്‍മ്മിച്ചും, വലിയ കിടങ്ങുകള്‍ കുഴിച്ചും, റോഡില്‍ കൂര്‍ത്തു നില്‍ക്കുന്ന ഇരുമ്പു കമ്പികള്‍ പാകിയുമാണ് പോലീസ് പ്രതിബന്ധങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇത്രയും സുരക്ഷയൊരുക്കാന്‍ അന്താരാഷ്ട്ര അതിര്‍ത്തികളാണോ ഇതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. പോലീസ് ഒരുക്കുന്ന പ്രതിരോധം കര്‍ഷക സമരത്തിന് കൂടുതല്‍ ശക്തി പകരുന്നു എന്നതാണ് സത്യം.

ബിജെപിയിലെ രാജ്‌നാഥ് സിംഗും, നിതിന്‍ ഗഡ്കരിയും ഇതിനോടകം കര്‍ഷക പ്രക്ഷോഭം സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തിയതായി പാര്‍ട്ടിക്കുള്ളില്‍ തന്നെ പറഞ്ഞതായി അറിയുന്നു. റിപ്പബ്ലിക്ക് പരേഡിന്റെ അവസാനം ജനങ്ങളെ അഭിവാദ്യം ചെയ്ത് നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം നടന്ന പ്രതിരോധ മന്ത്രിയോട് മാറി നില്‍ക്കാന്‍ പ്രധാനമന്ത്രി പറയുന്നതും, അപമാനിതനായി മാറി നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമാണ്. സത്യമെന്തായാലും, വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിരോധമന്ത്രി അപമാനിതനായി മാറി നില്‍ക്കുന്നു എന്ന പ്രചാരണം ശക്തമാകുന്നുണ്ട്. വി.പി സിംഗ് കോണ്‍ഗ്രസില്‍ നിന്ന് മാറി ഇന്ത്യന്‍ പ്രധാനമന്ത്രിയായതു പോലെ രാജ് നാഥ് സിംഗോ, ഗഡ്ഗരിയോ ആകുമോ…?

ജയ് ജവാന്‍, ജയ് കിസാന്‍ എന്ന മുദ്രാവാക്യത്തിന് ശക്തി കൂടുകയാണ്. ഇന്ത്യന്‍ സേനകളില്‍ പഞ്ചാബികളും, ജാട്ട് സമുദായക്കാരുമാണ് കൂടുതലുള്ളത്. സമരം ശക്തമായി മുന്നോട്ട് പോയാല്‍ ഇന്ത്യയുടെ ഭരണം പാക്കിസ്ഥാനിലെ പോലെ പട്ടാള അട്ടിമറിക്ക് വഴിമരുന്നിടുമോ എന്ന് ചിന്തിക്കുന്നവരും ഇല്ലാതില്ല. സിവിലിയന്‍ ഭരണ സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പട്ടാള ചരിത്രത്തില്‍ നാളിതുവരെ അങ്ങിനെ ഒരു ശ്രമം പോലും ഉണ്ടായിട്ടില്ല. പക്ഷെ, പട്ടാള അട്ടിമറി ഇന്ത്യയില്‍ നടക്കില്ലെന്ന് തീര്‍ത്ത് പറയുവാനും സാധിക്കില്ല.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.