Web Desk
ബംഗ്ലാദേശ് അടക്കമുള്ള വിദേശരാജ്യങ്ങളുമായുള്ള വ്യാപാരം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സംയുക്ത സംരംഭത്തിനു ഇന്ത്യൻ ഓയിലിന്‍റെ ദുബായ് ആസ്ഥാന ശാഖയായ IOC മിഡിൽ ഈസ്റ് FZE ഉം, ബെക്സിംകോ ഗ്രൂപ്പിന് കീഴിലുള്ള RR ഹോൾഡിങ്സ് ലിമിറ്റഡും തമ്മിൽ ധാരണയായി. ഇന്നലെ നടന്ന ചടങ്ങിൽ ഇത് സംബന്ധിച്ച കരാർ ഒപ്പുവയ്ക്കപ്പെട്ടു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക, സ്റ്റീൽ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേശകൻ ശ്രീ സൽമാൻ ഫസ്‌ലുർ റഹ്മാൻ, വൈദ്യുതി-ഊർജം-ധാതുവിഭവങ്ങൾ എന്നിവയുടെ ചുമതലയുള്ള ബംഗ്ലാദേശ് മന്ത്രി ശ്രീ നസ്രുൾ ഹമീദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഇന്ത്യയും ബംഗ്ലദേശും തമ്മിൽ ദീർഘനാളായി പിൻതുടരുന്ന ഊഷ്മളബന്ധം ശ്രീ പ്രധാൻ ചടങ്ങിൽ അനുസ്മരിച്ചു. “അയൽപക്കം ആദ്യം” നയത്തിന്‍റെ ഭാഗമായി ബംഗ്ലാദേശുമായി ഒരു “എനർജി ബ്രിഡ്ജ് ” നിർമ്മിക്കാനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ വീക്ഷണത്തിന്‍റെ ഭാഗമാണ് ഈ സംയുക്ത നീക്കമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംയുക്ത സംരഭ കരാറിനെപ്പറ്റി സംസാരിക്കവെ, പ്രധാൻമന്ത്രി ഉജ്ജ്വല യോജനയിലൂടെ ഇന്ത്യയുടെ ഗ്രാമീണ മേഖലകളിൽ എല്‍പിജി വിജയകരമായി ലഭ്യമാക്കിയ ഇന്ത്യൻ ഓയിലിന്, ഈ മേഖലയിലുള്ള പരിചയസമ്പത്ത് ബംഗ്ലാദേശിലെ എല്‍പിജി ഉപയോഗം വർധിപ്പിക്കാൻ സഹായകരമാകുമെന്ന് ശ്രീ പ്രധാൻ വിശ്വാസം പ്രകടിപ്പിച്ചു. ശുദ്ധമായ പാചക ഇന്ധന ലഭ്യത വര്ധിക്കുന്നതിലൂടെ ബംഗ്ലാദേശിൽ സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾക്കും ഈ സംരംഭം ഊർജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിലെ, മാറ്റങ്ങൾ ഉൾകൊള്ളാൻ കഴിയുന്നതും, ദീർഘനാൾ നീണ്ടുനില്കുന്നതുമായ സൗഹൃദത്തിന്‍റെ തെളിവാണ് ഈ കരാറെന്ന് ശ്രീ സൽമാൻ ഫസ്‌ലുർ റഹ്മാൻ അഭിപ്രായപ്പെട്ടു.