Editorial

വൈരുധ്യങ്ങളിലെ അന്തര്‍ധാരകള്‍…

 

ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌, പി.ഗോവിന്ദപിള്ള തുടങ്ങിയ നേതാക്കളുടെ വിയോഗത്തിനു ശേഷം സൈദ്ധാന്തികരുടെ അഭാവം സിപിഎമ്മിനെ നന്നേ ബാധിച്ചിട്ടുണ്ട്‌. എം.എ.ബേബിയെ പോലുള്ളവര്‍ തികഞ്ഞ താത്വിക വീക്ഷണത്തോടെ പ്രശ്‌നങ്ങളെ സമീപിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും ആധുനികാനന്തര കാലത്ത്‌ പരിഹാസത്തിന്‌ പാത്രമാകാനാണ്‌ അത്തരം സമീപനങ്ങളുടെ വിധി. കൊറോണക്കെതിരായ യുദ്ധത്തെ കുറിച്ച്‌ അദ്ദേഹം നടത്തിയ താത്വിക വിശകലനം സമീപകാലത്ത്‌ വൈറലായ ട്രോളുകളെ പോലും തോല്‍പ്പിക്കുന്നതായിരുന്നു.

സൈദ്ധാന്തിക ആചാര്യന്റെ വിശകലനങ്ങളുടെ അകമ്പടിയില്ലാതെ നീങ്ങുന്നത്‌ സൈന്യാധിപന്റെ തന്ത്രപരമായ നിര്‍ദേശങ്ങളില്ലാതെ അലക്ഷ്യമായി മുന്നോട്ടു നീങ്ങുന്ന സൈന്യത്തിന്റെ സ്ഥിതി പോലെയാണെന്നാണ്‌ കാല്‍ നൂറ്റാണ്ട്‌ മുമ്പു വരെയെങ്കിലും സിപിഎം കരുതിയിരുന്നത്‌. ഇ.എം.എസിന്റെ താത്വിക തലത്തിലുള്ള വിശകലനങ്ങളെ പ്രായോഗിക രാഷ്‌ട്രീയത്തിലെ ഏത്‌ പീറ പ്രശ്‌നത്തെയും സമീപിക്കാനുള്ള അളവുകോലായാണ്‌ സഖാക്കള്‍ കണ്ടിരുന്നത്‌. ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ ധാര്‍മിക ബോധത്തില്‍ നിന്നുള്ള വ്യതിയാനമെന്ന്‌ തോന്നിക്കുന്ന ഇടപാടുകളെ പോലും മാന്ത്രികന്റെ ചെപ്പടി വിദ്യ പോലെ താത്വിക വടി കൊണ്ട്‌ തലോടി വര്‍ഗസമര പാതയിലെ ഐതിഹാസികമായ മുന്നേറ്റമായി വ്യാഖ്യാനിക്കാന്‍ സിപിഎമ്മിന്‌ സാധിക്കുമായിരുന്നു. ഈ മന്ത്രജാലം കുറച്ചുകാലമായി സിപിഎമ്മിന്‌ നഷ്‌ടമായിരിക്കുകയാണ്‌. അതിനാല്‍ പ്രായോഗിക രാഷ്‌ട്രീയത്തിലെ നെറികേടുകളെ പോലും മറ്റേതൊരു `ബൂര്‍ഷ്വാ പാര്‍ട്ടി’യെയും പോലെ വെറുതെയങ്ങ്‌ ന്യായീകരിക്കുക എന്നതില്‍ കവിഞ്ഞ്‌ സൈദ്ധാന്തിക സമീപനത്തിന്റെ മാന്ത്രിക സ്‌പര്‍ശം നല്‍കാന്‍ സിപിഎമ്മിന്‌ കഴിയാതെ പോകുന്നു. സാമൂഹ്യമാധ്യമങ്ങളിലെ ന്യായീകരണ തൊഴിലാളികളില്‍ പുകഴ്‌പെറ്റവര്‍ക്കു പോലും `ചിന്ത’ സ്റ്റൈല്‍ താത്വിക ആഖ്യാനങ്ങള്‍ ചമച്ച്‌ സിപിഎമ്മനിന്‌ സംഭവിച്ച ഈ കുറവ്‌ നികത്താന്‍ സാധിക്കുന്നില്ല.

ഈ സാഹചര്യത്തിലാണ്‌ സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമായ എം.വി.ഗോവിന്ദന്‍ നടത്തിയ പ്രസംഗം പാര്‍ട്ടിയുടെ താത്വിക വ്യാഖ്യാന സമൃദ്ധമായ ഭൂതകാലത്തിന്റെ കുളിര്‌ ഒരു ഓര്‍മ മാത്രമല്ലോ എന്ന്‌ വേപഥു കൊള്ളുന്ന നിഷ്‌കളങ്കരായ സഖാക്കള്‍ക്ക്‌ ഒരു ആശ്വാസവും തലോടലുമാകുന്നത്‌. വൈരുധ്യാത്മക ഭൗതികവാദത്തിന്റെ പ്രായോഗിക തലത്തെ കുറിച്ച്‌ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളന വേദിയില്‍ നടത്തി പ്രസംഗത്തില്‍ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങള്‍ സിപിഎമ്മിന്റെ താത്വിക വിശകലനങ്ങള്‍ നാം കരുതിയതു പോലെ അന്യം നിന്നുപോയിട്ടില്ലെന്ന പ്രതീക്ഷയും പ്രലോഭനവുമാണ്‌ സഖാക്കള്‍ക്ക്‌ നല്‍കിയത്‌. `സന്ദേശം’ എന്ന സിനിമയിലെ ശങ്കരാടി അവതരിപ്പിക്കുന്ന പാര്‍ട്ടി സൈദ്ധാന്തികന്റെ `അന്തര്‍ധാര’കള്‍ നിറഞ്ഞ ക്ലിഷ്‌ടമായ ഭാഷയെ ഓര്‍മിപ്പിക്കുന്നതായിരുന്നെങ്കിലും ഇ.എം.എസ്‌ സജീവമായിരുന്ന കാലത്ത്‌ ചിന്തയിലെ സ്ഥിരം പംക്തിയില്‍ നല്‍കിയിരുന്ന ഉത്തരങ്ങളുടെ ചമത്‌കാര ഭംഗിയില്‍ അഭിരമിച്ചിരുന്നവര്‍ക്ക്‌ ഗോവിന്ദന്‍ മാഷുടെ വാക്കുകള്‍ കുറച്ചു നേരത്തെക്കെങ്കിലും തലയറ്റം ഭൂതകാല കുളിര്‍ നല്‍കാന്‍ പോന്നതായിരുന്നു. പഴയ ജയന്‍ ആരാധകര്‍ക്ക്‌ ഇപ്പോള്‍ കോട്ടയം നസീറിനെ പോലുള്ളവര്‍ മിമിക്രിയിലൂടെ നല്‍കിവരുന്നതു പോലുള്ള കുളിരനുഭവം. പക്ഷേ ആത്യന്തികമായി വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവ്‌ പകരാനാണ്‌ ഈ സൈദ്ധാന്തിക വിശകലനമത്രയും അദ്ദേഹം `റീലോഡ്‌’ ചെയ്‌തത്‌ എന്നതാണ്‌ ആന്റി ക്ലൈമാക്‌സ്‌.

പ്രസംഗം വിവാദമായപ്പോള്‍ ആശയപരമായ വൈവിധ്യമല്ല, വര്‍ഗപരമായ ഐക്യമാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ഗോവിന്ദന്‍ മാഷ്‌ വീണ്ടും വിശദീകരിച്ചു. ജോസ്‌ കെ. മാണി, കെ.ബി.ഗണേഷ്‌ കുമാര്‍ തുടങ്ങിയ തൊഴിലാളി വര്‍ഗത്തിന്റെ ഉന്നമനത്തിനു വേണ്ടി എക്കാലവും നിലകൊണ്ടിട്ടുള്ളവരെ വര്‍ഗീയതക്കെതിരായ പ്രതിരോധത്തില്‍ കൂടെകൂട്ടുന്നതിലൂടെ വര്‍ഗപരമായ ഐക്യം ഉറപ്പുവരുത്തുകയാണ്‌ ചെയ്യുന്നത്‌ എന്നും ഈ ഐക്യത്തിനു തുരങ്കം വെക്കാന്‍ ശ്രമിക്കുന്ന വര്‍ഗശത്രുക്കളായതു കൊണ്ടാണ്‌ മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലാന്‍ പൊലീസിന്റെ വര്‍ഗസേനയെ കാടുകളിലേക്ക്‌ അയക്കുന്നതെന്നും സാമാന്യബുദ്ധിയുള്ള സഖാക്കള്‍ക്ക്‌ വ്യാഖ്യാനിക്കാന്‍ അത്ര മേല്‍ സഹായകമായ വിശദീകരണം തന്നെയാണ്‌ അത്‌. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ്‌ സൈദ്ധാന്തിക ഇടപെടലുകളുടെ കൂട്ടത്തില്‍ അതുല്യമായ ഒന്നായിട്ട്‌ തന്നെയായിരിക്കും ഭാവിചരിത്രം ഈ വിശദീകരണങ്ങളെ രേഖപ്പെടുത്തുക എന്നതില്‍ സഖാക്കള്‍ക്ക്‌ സംശയമുണ്ടാകാനിടയില്ല.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.