കെ.അരവിന്ദ്
കഴിഞ്ഞയാഴ്‌ച ഈ പംക്തിയില്‍ എഴുതിയ `അന്ന് ശീതസമരം, ഇന്ന് വ്യാപാരയുദ്ധം’ എന്ന ലേഖനത്തിന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു അനുബന്ധ കുറിപ്പാണ് ഇത്. മൂന്ന് പതിറ്റാണ്ട് മുമ്പ് നിലനിന്ന ശീത സമരവും ഇന്ന് നാം അഭിമുഖീകരിക്കുന്ന വ്യാപാര യുദ്ധവും തീര്‍ത്തും വ്യത്യസ്‌തമാണ്. ചില കമ്പനികള്‍ക്കുള്ള ഉപരോധത്തിലൂടെയും വ്യാപാരയുദ്ധത്തിലൂടെയും യുഎസും ചൈനയും പോരടിക്കുമ്പോഴും ഇരുരാജ്യങ്ങളിലെയും സമ്പദ്‌വ്യവസ്ഥകള്‍ പരസ്‌പര ബന്ധിതമാണ്. യുഎസ് പുറപ്പെടുവിക്കുന്ന ബോണ്ടുകള്‍ ഏറ്റവും കൂടുതല്‍ കൈവശം വെച്ചിരിക്കുന്നത് ചൈനയാണ്. ശീതസമര കാലത്ത് ഇരുപക്ഷത്തെയും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഇത്തരത്തില്‍ സങ്കല്‍പ്പിക്കാന്‍ പോലും പറ്റുമായിരുന്നില്ല. ശീതസമരം പോലെയല്ല വ്യാപാരയുദ്ധം.
ചൈനയിലെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കാപ്പിറ്റലിസത്തിന്റെ ഗുണഭോക്താക്കളാണ് യുഎസ്, യൂറോപ്, ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെയും യൂറോപ്യന്‍ യൂണിയനിലെയും കമ്പനികള്‍. തൊഴില്‍ നിയമം, വേതനം, പരിസ്ഥിതി സംരക്ഷണം, മലിനീകരണ നിയന്ത്രണം തുടങ്ങിയ ഒട്ടേറെ മാനദണ്‌ഡങ്ങള്‍ സ്വന്തം നാട്ടില്‍ പാലിച്ച് ചെയ്യേണ്ടിടത്ത് അതൊന്നും ഗൗനിക്കാതെ ചെലവ് കുറച്ച് ഉല്‍പ്പാദനം നടത്താമെന്നതാണ് യുഎസിലെയും മറ്റ് രാജ്യങ്ങളിലെയും കമ്പനികള്‍ ചൈനയെ ആശ്രയിക്കുന്നതിന് പ്രധാന കാരണം. ഉല്‍പ്പാദന യൂണിറ്റുകള്‍ ചൈനയില്‍ സ്ഥാപിച്ചോ ഉല്‍പ്പാദന സാമഗ്രികള്‍ അവിടെ നിന്ന് ഇറക്കുമതി ചെയ്‌തോ ഈ ആനുകൂല്യം അവര്‍ നേടിയെടുക്കുന്നു. ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് ചൈനയിലെ വിപണിയില്‍ ഗണ്യമായ സാന്നിധ്യം നേടാനും സാധിക്കുന്നു. ഉദാഹരണത്തിന് 2008ലെ സാമ്പത്തിക മാന്ദ്യകാലം വരെ ആപ്പിളിന് ചൈനയില്‍ വലിയ വിപണി ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഐഫോണുകള്‍ വിറ്റുപോകുന്നത് ചൈനയിലാണ്.
ലിബറല്‍ ഡെമോക്രസി നിലനില്‍ക്കുന്ന സ്വന്തം രാജ്യത്തെ കര്‍ശനമായ റെഗുലേറ്ററി സംവിധാനം മൂലം നിര്‍ബന്ധമായും പാലിക്കേണ്ട ചട്ടങ്ങള്‍ വരുത്തി വെക്കുന്ന ചെലവ് കുറയ്‌ക്കാന്‍ വേണ്ടിയാണ് കമ്പനികള്‍ ചൈനയില്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ തുറന്നത്. എന്നാല്‍ കോവിഡ് സാമ്പത്തിക ലാഭത്തിന് അപ്പുറം ചിലതുണ്ടെന്ന തോന്നലിലേക്കാണ് ഈ കമ്പനികളെ എത്തിച്ചിരിക്കുന്നത്. ആപ്പിള്‍ പോലുള്ള യുഎസ് കമ്പനികള്‍ ചൈനയിലെ ഉല്‍പ്പാദന യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതും ജപ്പാന്‍ സ്വന്തം രാജ്യത്തേക്ക് ഉല്‍പ്പാദന യൂണിറ്റുകള്‍ തിരികെ കൊണ്ടുവരുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും കോവിഡ് കാലത്തെ ഈ തിരിച്ചറിവിന്റെ വെളിച്ചത്തിലാണ്. ടിക് ടോകിന് യുഎസില്‍ നിലനില്‍ക്കണമെങ്കില്‍ ഏതെങ്കിലും യുഎസ് കമ്പനിക്ക് വിറ്റ് സ്ഥലം വിട്ടോളണം എന്ന വിചിത്ര ശാസനയും കോവിഡ് അനന്തര കാലത്ത് മാത്രം സംഭവിക്കുന്നതാണ്.
തന്റെ ചില വിചിത്ര നിലപാടുകളുടെ അടിസ്ഥാനത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് വ്യാപാരയുദ്ധത്തിന് തുടക്കം കുറിച്ചതെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ ഡൊമോക്രാറ്റുകള്‍ അധികാരത്തില്‍ വരികയാണെങ്കില്‍ അത് കൂടുതല്‍ ശക്തമായി തുടരാനാണ് സാധ്യത. വ്യാപാരയുദ്ധത്തിന് കോവിഡ് അനന്തര കാലത്ത് വന്ന രാഷട്രീയ വകഭേദം കുറെക്കൂടി ഉള്‍ക്കൊള്ളാനാകുക ഡെമോക്രാറ്റുകള്‍ക്കായിരിക്കും. ട്രംപിനെതിരെ ജോ ബെയ്‌ഡനാണ് ജയിക്കുന്നതെങ്കില്‍ വ്യാപാരയുദ്ധം കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു.
ഡെമോക്രാറ്റുകളെ പിന്തുണക്കുന്ന കോര്‍പ്പറേറ്റ് തലവന്‍മാരായ വാറന്‍ ബഫറ്റും ബില്‍ ഗേറ്റ്‌സും സുക്കര്‍ബര്‍ഗുമൊക്കെ തങ്ങളില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കൂ എന്ന് ആവശ്യപ്പെടുന്നവരാണ്. ട്രംപ് കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചത് അവരുടെ കമ്പനികള്‍ക്ക് സാമ്പത്തിക നേട്ടമായെങ്കിലും അതിസമ്പന്നര്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തണമെന്ന് വാദിക്കുന്നവരാണ് ഈ കോര്‍പ്പറേറ്റ് തലവന്‍മാര്‍. അതുകൊണ്ടുതന്നെ സാമ്പത്തിക നേട്ടത്തിലുപരിയായ നിലപാടില്‍ നിന്നുകൊണ്ട് ചൈനയുമായുള്ള വൈകാരിക യുദ്ധത്തിന് ഡെമോക്രാറ്റുകള്‍ക്ക് ഉറച്ച പിന്തുണ നല്‍കുകയായിരിക്കും ഇവര്‍ ചെയ്യുക.
അതേ സമയം വ്യാപാരയുദ്ധം ചൈനീസ്, യുഎസ് സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഉടന്‍ അറുത്തുമാറ്റുന്ന ശീതസമരം ആയി മാറുമെന്നൊന്നും കരുതാന്‍ സാധിക്കില്ല. ആഗോളവല്‍ക്കരണ കാലത്ത് വ്യാപാര ബന്ധങ്ങള്‍ പൂര്‍ണമായും അറുത്തു മാറ്റുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഉപരോധങ്ങള്‍ക്കും വിലക്കുകള്‍ക്കും പരിധിയുണ്ട്. `മാനുഫാക്‌ചറിംഗ് ഹബ്’ ആയ ചൈന ലോകത്തെ മറ്റ് രാജ്യങ്ങളിലെ കമ്പനികള്‍ക്കു നല്‍കിയിരുന്ന ചെലവ് കുറച്ച് ഉല്‍പ്പാദിപ്പിക്കുന്നതിലൂടെയുള്ള സാമ്പത്തിക ആനുകൂല്യം ആ കമ്പനികള്‍ തന്നെ സാമ്പത്തികേതര കാരണങ്ങളാല്‍ വേണ്ടെന്ന് വെക്കാന്‍ തുടങ്ങുമ്പോള്‍ ചൈനയുടെ സമ്പദ്‌വ്യവസ്ഥക്ക് അത് വലിയ തിരിച്ചടിയാകും. `ഇനിമേല്‍ ചൈന ലോകത്തിന്റെ ഫാക്‌ടറിയല്ല’ എന്നാണ് അവിടെയുള്ള യൂണിറ്റുകളില്‍ ചിലത് അടച്ചുപൂട്ടികൊണ്ട് ആപ്പിള്‍ ഉന്നത ഉദ്യോഗസ്ഥന്‍ പ്രഖ്യാപിച്ചത്. ചൈനയുടെ കാര്യത്തിലെങ്കിലും നടക്കുന്ന ഒരു പരിധി വരെയുള്ള `ഡീഗ്ലോബലേസേഷനി’ല്‍ ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് ആഘാതങ്ങള്‍ നേരിടേണ്ടി വരും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.