Business

സാമ്പത്തിക തളര്‍ച്ചയുടെ കൂനിന്മേല്‍ പണപ്പെരുപ്പത്തിന്റെ കുരു

കെ.അരവിന്ദ്

ഒരു ഭാഗത്ത്‌ സാമ്പത്തിക വളര്‍ച്ച ഇല്ലാതാകുന്നു, മറുഭാഗത്ത്‌ പണപ്പെരുപ്പം വര്‍ധിക്കുന്നു- സ്റ്റാഗ്‌ഫ്‌ളേഷന്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഈയൊരു വിചിത്രമായ സ്ഥിതി വിശേഷത്തിലേക്കാണ്‌ നാം നീങ്ങുന്നത്‌. അപൂര്‍വമായി മാത്രമേ സമ്പദ്‌വ്യവസ്ഥ ഇത്തരമൊരു സ്ഥിതിയിലേക്ക്‌ എത്താറുള്ളൂ. കോവിഡ്‌-19 സൃഷ്‌ടിച്ച സവിശേഷ സാഹചര്യമാണ്‌ സമ്പദ്‌വ്യവസ്ഥയെ സ്റ്റാഗ്‌ഫ്‌ളേഷനിലേക്ക്‌ നയിക്കുന്നത്‌.

സാമ്പത്തികമായ ബാലന്‍സിംഗ്‌ ഇല്ലാത്തത്‌ മൂലം ലോകത്ത്‌ വെനിസ്വേല പോലെയുള്ള വികസ്വര രാജ്യങ്ങള്‍ നേരത്തെ തന്നെ സ്റ്റാഗ്‌ഫ്‌ളേഷന്‍ എന്ന അവസ്ഥയിലാണ്‌. വെനിസ്വേലയുടെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തിയിരുന്ന എണ്ണയുടെ വില താഴേക്ക്‌ പോയതോടെ കറന്‍സിയുടെ മൂല്യം ഇടിയുകയും സാധനങ്ങള്‍ക്ക്‌ അമിത വില നല്‍കേണ്ടി വരികയും ചെയ്യുന്ന സ്ഥിതിയാണ്‌ അവിടെ ഉണ്ടായത്‌. 2016 മുതല്‍ അതിരു കടന്ന പണപ്പെരുപ്പവും ഇല്ലാതായ വളര്‍ച്ചയും മൂലമുള്ള സാമ്പത്തിക ദുരിതത്തിലൂടെയാണ്‌ വെനിസ്വേല കടന്നുപോകുന്നത്‌.

കോവിഡ്‌ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ ആഘാതം മൂലം ലോകവ്യാപകമായി തന്നെ സ്റ്റാഗ്‌ഫ്‌ളേഷന്‌ സാധ്യത നിലനില്‍ക്കുന്നു. ഇന്ത്യയിലും സ്ഥിതി മറ്റൊന്നല്ല. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) നെഗറ്റീവ്‌ ഗ്രോത്തിലേക്ക്‌ നീങ്ങാനാണ്‌ സാധ്യത. വിവിധ ആഗോള ഏജന്‍സികള്‍ മൂന്ന്‌ ശതമാനം മുതല്‍ ആറ്‌ ശതമാനം വരെ സാമ്പത്തിക തളര്‍ച്ച ഈ വര്‍ഷമുണ്ടാകുമെന്നാണ്‌ പ്രവചിച്ചിരിക്കുന്നത്‌. ഐഎംഎഫ്‌ നാലര ശതമാനവും ഫിച്ച്‌ അഞ്ച്‌ ശതമാനവും സിറ്റി ഗ്രൂപ്പ്‌ ആറ്‌ ശതമാനവും സാമ്പത്തിക തളര്‍ച്ചയാണ്‌ 2020-21 സാമ്പത്തിക വര്‍ഷം ഇന്ത്യ നേരിടുകയെന്ന നിഗമനമാണ്‌ മുന്നോട്ടുവെക്കുന്നത്‌.

ഒരു ഭാഗത്ത്‌ സാമ്പത്തിക വളര്‍ച്ച ഇല്ലാതാകുകയും തളര്‍ച്ചയിലേക്ക്‌ പോകുകയും ചെയ്യുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തിനൊപ്പമാണ്‌ പണപ്പെരുപ്പം വര്‍ധിക്കുന്നത്‌. ഇപ്പോള്‍ തന്നെ പണപ്പെരുപ്പം ആറ്‌ ശതമാനത്തിലെത്തി കഴിഞ്ഞു. ജൂണില്‍ ഉപഭോഗ്‌തൃവില സൂചിക പ്രകാരം 6.09 ശതമാനമാണ്‌ പണപ്പെരുപ്പം.

സാധാരണ നിലയില്‍ സാമ്പത്തിക വളര്‍ച്ച ഇല്ലാതാകുമ്പോള്‍ പണപ്പെരുപ്പം കുറയുകയാണ്‌ ചെയ്യുക. വളര്‍ച്ച ഇല്ലാതാകുമ്പോള്‍ ജനങ്ങള്‍ ചെലവ്‌ ചെയ്യുന്നത്‌ കുറയുമെന്നതാണ്‌ കാരണം. അതേ സമയം ഉപഭോഗം കുറഞ്ഞാലും സാധനങ്ങളുടെ വില ഉയരുന്ന സ്ഥിതിയിലേക്കാണ്‌ നാമിപ്പോള്‍ നീങ്ങികൊണ്ടിരിക്കുന്നത്‌. സപ്ലൈ ഗണ്യമായി കുറഞ്ഞതാണ്‌ ഇതിന്‌ കാരണം. ഭക്ഷ്യവസ്‌തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളില്‍ വിലക്കയറ്റം ഇതിനകം ദൃശ്യമായി കഴിഞ്ഞു.

കോവിഡ്‌-19 മൂലം ഉല്‍പ്പാദനം കുറഞ്ഞതാണ്‌ സപ്ലൈയെ ബാധിച്ചത്‌. ആഗോള തലത്തില്‍ തന്നെ സപ്ലൈ ശൃംഖലയെ കോവിഡ്‌ പ്രതികൂലമായി ബാധിച്ചു. കോവിഡ്‌ ആഗോള മഹാമാരിയായി മാറുന്നതിന്‌ കാരണക്കാരായ ചൈനയുമായുള്ള വ്യാപാരയുദ്ധത്തിലേക്ക്‌ ലോകം മുഴുവന്‍ നീങ്ങിയത്‌ കാരണം സപ്ലൈ ആഗോളതലത്തില്‍ തന്നെ കുറയുന്ന സ്ഥിതിവിശേഷവും നിലനില്‍ക്കുന്നു. ഇന്ത്യ അതിര്‍ത്തിയിലെ സംഘര്‍ഷം മൂലം ചൈനയില്‍ നിന്ന്‌ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്‌ വില കുറഞ്ഞ ഉല്‍പ്പന്നങ്ങളുടെ ലഭ്യതയെ പ്രതികൂലമായാണ്‌ ബാധിക്കുന്നത്‌. ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക്‌ പുറമെ മിക്ക വ്യവസായങ്ങളുടെയും ഉല്‍പ്പാദന സാമഗ്രികള്‍ക്കും ചൈനയെയാണ്‌ ഇന്ത്യ ആശ്രയിക്കുന്നത്‌. ഇന്ത്യയിലെ ചില വ്യവസായങ്ങള്‍ ഉല്‍പ്പാദന സാമഗ്രികളുടെ കാര്യത്തില്‍ ചൈനയോടുള്ള ആശ്രിതത്വം കുറയ്‌ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത്‌ പൂര്‍ണ ഫലം കാണാന്‍ സമയമെടുക്കും. ആവശ്യത്തിലേറെ ഉല്‍പ്പാദിപ്പിച്ചും വിലകുറച്ച്‌ വിതരണം ചെയ്‌തും ചൈന ആഗോള വിപണിയിലെ ആധിപത്യം നിലനിര്‍ത്തുകയാണ്‌ ഇതുവരെ ചെയ്‌തിരുന്നത്‌. രാഷട്രീയവും വൈകാരികവുമായ കാരണങ്ങളാല്‍ ചൈനക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തുമ്പോള്‍ അതിന്റെ വില നാം തീര്‍ച്ചയായും നല്‍കേണ്ടി വരും.

ജിഡിപി ആറ്‌ ശതമാനം കുറയുകയും പണപ്പെരുപ്പം ആറ്‌ ശതമാനം വര്‍ധിക്കുകയും ചെയ്യുമ്പോള്‍ വളര്‍ച്ചാ നിരക്കും പണപ്പെരുപ്പ നിരക്കും തമ്മിലുള്ള അന്തരം വളരെ വലുതായിരിക്കും. കോവിഡ്‌ വരുത്തിവെച്ച തൊഴില്‍ നഷ്‌ടവും വരുമാന ചോര്‍ച്ചയും മൂലം വലയുന്ന ആളുകള്‍ വിലകയറ്റം കൂടി നേരിടേണ്ടി വരുന്നത്‌ കൂനിന്മേല്‍ കുരു വരുന്ന അവസ്ഥക്ക്‌ തുല്യമാണ്‌. ഒരു ഭാഗത്ത്‌ ജനങ്ങളുടെ വരുമാനം കുറയുന്നതിനൊപ്പം മറുഭാഗത്ത്‌ വിലക്കയറ്റം മൂലം ചെലവ്‌ പരമാവധി വെട്ടിക്കുറക്കേണ്ടി വരികയും ചെയ്യുന്ന സ്ഥിതി ഉപഭോഗത്തില്‍ അധിഷ്‌ഠിതമായ നമ്മുടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ വലിയ ആഘാതം തന്നെയാണ്‌ സൃഷ്‌ടിക്കുക.

എരിതീയില്‍ എണ്ണയൊഴിക്കുന്നതു പോലെയാണ്‌ ഇത്തരമൊരു അപകടസന്ധിയില്‍ ഇന്ധന വില കേന്ദ്രസര്‍ക്കാര്‍ ക്രമാതീതമായി കൂട്ടികൊണ്ടിരിക്കുന്നത്‌. ഇന്ധനവില വര്‍ധന പണപ്പെരുപ്പം ക്രമാതീതമായി ഉയരുന്നതിനാണ്‌ വഴിവെക്കുന്നത്‌. ക്രൂഡ്‌ ഓയിലിന്റെ രാജ്യാന്തര വില ബാരലിന്‌ 40 ഡോളര്‍ മാത്രമായിരിക്കെയാണ്‌ പെട്രോളിനും ഡീസലിനും എക്കാലത്തെയും ഉയര്‍ന്ന വില ഈടാക്കുന്നത്‌. ഡീസലും പെട്രോളും തമ്മിലുള്ള വിലയിലെ അന്തരം തീര്‍ത്തും കുറയുകയും ചെയ്‌തു. മറ്റ്‌ നികുതികളിലൂടെയുള്ള വരുമാന മാര്‍ഗങ്ങള്‍ ശോഷിച്ചതിനാല്‍ ഇന്ധന നികുതിയിലൂടെ ജനങ്ങളെ പിഴിയുക എന്ന നയമാണ്‌ സര്‍ക്കാര്‍ പിന്തുടരുന്നത്‌. ജിഎസ്‌ടിബാധകമായ ഉല്‍പ്പന്നങ്ങളില്‍ പെട്രോളും ഡീസലും ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഈ ചൂഷണം സര്‍ക്കാരിന്‌ സാധ്യമാകുമായിരുന്നില്ല. ലോക്‌ഡൗണിനു പിന്നാലെ ഇന്ധനവില വര്‍ധന കൂടിയാകുമ്പോള്‍ സമ്പദ്‌വ്യവസ്ഥ തളരുന്നതിന്‌ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള “സംഭാവന”പൂര്‍ണമാകുന്നു. പ്രതിസന്ധിയില്‍ നിന്നും കര കയറാനുള്ള എന്തെങ്കിലും നീക്കമോ ആലോചനയോ സര്‍ക്കാരി ന്റെ ഭാഗത്തു നിന്ന്‌ ഉണ്ടാകുന്നതായി കാണുന്നില്ല. സാമ്പത്തിക വിദഗ്‌ധരുടെ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പതിക്കുന്നത്‌ സര്‍ക്കാരിന്റെ ബധിര കര്‍ണങ്ങളിലാണ്‌.

യഥാര്‍ത്ഥ സമ്പാദ്യ നിരക്ക്‌ നെഗറ്റീവ്‌ ആകുന്നുവെന്നതാണ്‌ സ്റ്റാഗ്‌ഫ്‌ളേഷന്റെ മറ്റൊരു പ്രത്യാഘാതം. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്‌ ആയ എസ്‌ബിഐ ഒരു വര്‍ഷത്തെ ഫിക്‌സഡ്‌ ഡെപ്പോസിറ്റിന്‌ നല്‍കുന്ന പലിശ 5.1 ശതമാനം മാത്രമാണ്‌. 6.09 ശതമാനം പണപ്പെരുപ്പ നിരക്കുമായി ഈ പലിശ തട്ടികിഴിക്കുമ്പോള്‍ നിക്ഷേപകന്‌ ഉണ്ടാകുന്നത്‌ ഏകദേശം ഒരു ശതമാനം നഷ്‌ടമായിരിക്കും. പണത്തിന്റെ മൂല്യത്തെ പണപ്പെരുപ്പം കാര്‍ന്നുതിന്നുന്നതിനെ പ്രതിരോധിക്കാന്‍ വേണ്ടിയാണ്‌ നിക്ഷേപം നടത്തുന്നത്‌. അതേ സമയം പലിശനിരക്കിനേക്കാള്‍ ഉയര്‍ന്ന തോതിലേക്ക്‌ പണപ്പെരുപ്പം എത്തുമ്പോള്‍ നിക്ഷേപത്തിന്റെ ഈ ഉദ്ദേശ്യം അട്ടിമറിക്കപ്പെടുന്നു. നിക്ഷേപം നടത്തിയാലും പണത്തിന്റെ മൂല്യത്തില്‍ ചോര്‍ച്ചയുണ്ടാകുന്നതാണ്‌ സ്റ്റാഗ്‌ഫ്‌ളേഷന്‍ സൃഷ്‌ടിക്കുന്ന വിചിത്രമായ ഫലങ്ങളിലൊന്ന്‌.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.