Web Desk
ഉള്ളിൽ ആഹ്ലാദവും അൽപം ആശങ്കയും നിലനില്‍ക്കെയാണ് ദുബായില്‍ നിയന്ത്രണങ്ങളോടെ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.മുതിർന്നവർക്കും കുട്ടികൾക്കും നിലനിന്നിരുന്ന സഞ്ചാര നിയന്ത്രണം വ്യാഴാഴ്ച നീക്കിയതോടെ ഷോപ്പിംഗ് മാളുകളിലേക്കും ,പാർക്കുകളിലേക്കും കൂടുതൽ ആളുകൾ എത്തി തുടങ്ങി. നേരത്തെ കുട്ടികൾക്ക് വിലക്ക് നിലനിന്നിരുന്നതിനാൽ രക്ഷിതാക്കൾ പൊതു സ്ഥലങ്ങളിലേക്കെത്താൻ മടിച്ചിരുന്നു.എന്നാൽ ഇന്നലെ കുടുംബ സമേതമുള്ള ഒത്തുചേരലിന്‍റെ ദൃശ്യങ്ങൾ നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്.
സ്കൂളുകളിൽ പോകാൻ കഴിയാതെ വീടിനുള്ളിൽ അടച്ചിട്ടിരുന്ന കുട്ടികൾക്ക് ഏറെ ആശ്വാസമാണ് തീരുമാനമെന്നാണ് പൊതുവെ വിലയിരുത്തൽ. നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവരുമ്പോൾ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പു വരുത്തുന്നുണ്ട് .
ജല കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ അനുവാദം നൽകിയതിന് പിന്നാലെയാണ് ദുബായ് സ്പോർട്സ് കൗൺസിൽ കുട്ടികൾക്കും പ്രവേശനാനുമതി നൽകിയത്.കൗമാര പരിശീലന കേന്ദ്രങ്ങളിൽ ഫുട്ബോൾ പരിശീലനം ആരംഭിച്ചിരുന്നെങ്കിലും കുട്ടികൾക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നില്ല . അതുകൊണ്ട് മാഞ്ചസ്റ്റർ സിറ്റി , ആഴ്‌സനൽ, ബാഴ്‌സലോണ തുടങ്ങിയ ക്ലബ്ബുകളുടെ പ്രവർത്തനം കാര്യക്ഷമമായിരുന്നില്ല. പുതിയ തീരുമാനം വന്നതോടെ അക്കാദമികൾ പഴയപോലെ സജീവമാകും. സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു മത്സരം നടത്താൻ തയ്യാറുള്ളവർ സ്പോർട്സ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അധികൃതർ സ്ഥലം സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും അനുമതി നൽകുക. കാണികൾക്ക് നിയന്ത്രണം തുടരും .