Kerala

കേരള സഹകരണ അംഗ സമാശ്വാസനിധി വഴി ധനസഹായ വിതരണം അടുത്ത മാസം മുതല്‍: കടകംപള്ളി സുരേന്ദ്രന്‍

 

കേരള സഹകരണ അംഗ സമാശ്വാസ നിധി വഴി അമ്പതിനായിരം രൂപ വരെ ധനസഹായ പദ്ധതിയുമായി സഹകരണ വകുപ്പ്. ധനസഹായ വിതരണം അടുത്ത മാസം മുതല്‍ നല്‍കുമെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ മൂലം കഷ്ടപ്പെടുന്ന സഹകാരികള്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് വേണ്ടി സഹകരണ പ്രസ്ഥാനം മുന്നിട്ടിറങ്ങുകയാണ്. കേരള സഹകരണ അംഗ സമാശ്വാസ നിധി അഥവാ മെമ്പര്‍ റിലീഫ് ഫണ്ടില്‍ നിന്നും അര്‍ഹരായവര്‍ക്കുള്ള ധനസഹായ വിതരണം അടുത്ത മാസം ഒന്നാം തീയതി മുതലാണ് ആരംഭിക്കുന്നത്. കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ സമാശ്വാസ ഫണ്ടില് നിന്നുള്ള ആദ്യ ധനസഹായ വിതരണം നിർവഹിക്കും.

ഈ സര്‍ക്കാര്‍ അധികാരത്തില് വന്നതിനുശേഷം സഹകരണ മേഖലയില്‍ മാതൃകാപരമായ നിരവധി പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. വികസന-ക്ഷേമ-സേവന രംഗത്ത് നടപ്പാക്കിയ ഈ പദ്ധതികള്‍ ഓരോന്നും എടുത്ത് പരിശോധിക്കുകയാണെങ്കില്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായവരിലേക്കാണ് ഇതിന്റെ ഗുണം ചെന്നെത്തിയിട്ടുള്ളത് എന്ന് കാണാനാകും. സഹകരണ സംഘങ്ങളിലെ ദുര്‍ബല അംഗങ്ങളെ സഹായിക്കുന്നതിനായി തയ്യാറാക്കിയ ഈ പദ്ധതി അതുകൊണ്ടുതന്നെ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്.

കേരള സഹകരണ അംഗ സമാശ്വാസ നിധി നിയമം 2013ലും ചട്ടം 2014ലും പ്രാബല്യത്തില്‍ വന്നെങ്കിലും പദ്ധതി നടപ്പാക്കുന്നതിനുള്ള സ്കീം തയ്യാറാക്കിയത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2018 ജൂണ്‍ മാസമാണ്. സഹകരണ സംഘങ്ങളില്‍ അംഗമായ വ്യക്തികള്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. മൂന്ന് ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള അപേക്ഷകര്‍ക്കോ ആശ്രിതര്‍ക്കോ ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുകയില്ല.

അര്‍ഹരായവര്‍ക്ക് പരമാവധി അമ്പതിനായിരം രൂപ വരെയാണ് സഹായം ലഭ്യമാക്കുന്നത്. മാരക രോഗ ബാധിതരായവര്‍ക്കാണ് ഈ സഹായം ലഭിക്കുക. (അര്‍ബുദം, വൃക്ക രോഗം ബാധിച്ച് ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്നവര്‍, പരാലിസിസ് ബാധിച്ച് ശയ്യാവലംബരായവര്‍, എച്ച്.ഐ.വി ബാധിതര്‍, ഗുരുതരമായ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, കരള്‍ സംബന്ധമായ ഗുരുതരമായ അസുഖം ബാധിച്ചവര്‍ തുടങ്ങിയവര്‍ക്കാണ് സഹായധനം നല്‍കുക.) ഇതിന് പുറമെ സഹകരണ സംഘ അംഗങ്ങളില്‍ വാഹനാപകടത്തില്‍പ്പെട്ട് അംഗവൈകല്യം സംഭവിച്ചവര്‍/ശയ്യാവലംബരായവര്‍ എന്നിവര്‍ക്കും ധനസഹായം ലഭിക്കും. അപകടത്തില്‍പ്പെട്ട് ശയ്യാവലംബരായ അംഗങ്ങളുടെ/മരണപ്പെട്ട അംഗങ്ങളുടെ ആശ്രിതര്‍ എന്നിവര്‍ക്കും സഹായം നല്‍കും. മാതാപിതാക്കള്‍ എടുത്ത വായ്പയ്ക്ക് ബാദ്ധ്യതപ്പെട്ട കുട്ടികള്‍ക്കും സഹായം ലഭ്യമാക്കും. പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട് വീടും അനുബന്ധ സ്വത്ത് വകകളും നഷ്ടപ്പെട്ട സഹകാരികളെയും സഹായിക്കും. ഇങ്ങനെ അര്‍ഹരായിട്ടുള്ളവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്നതാണ് മെമ്പര്‍ റിലീഫ് ഫണ്ടിന്റെ ഉദ്ദേശ ലക്ഷ്യം

സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍/ബാങ്കുകളുടെ അതാത് ആഡിറ്റ് വര്‍ഷത്തെ അറ്റലാഭത്തിന്റെ 10% ല്‍ അധികരിക്കാത്ത തുകയോ, പരമാവധി ഒരു ലക്ഷം രൂപയോ ഇതിനായി വിനിയോഗിക്കും. ഇതിന് പുറമേ വിവിധ ഗ്രാന്‍റുകള്‍, വിവിധ സംഭാവനകള്‍, സര്‍ക്കാര്‍ വിഹിതം എന്നിവ ഫണ്ടില്‍ ഉള്‍പ്പെട്ടിരിക്കും. ഇപ്രകാരം സ്വരൂപിച്ച 26.79 കോടി രൂപയാണ് നിലവില്‍ ഈ സഹായപദ്ധതിക്കായി ഉപയോഗിക്കുക. ഈ ഫണ്ടില്‍ നിന്നും ധനസഹായം അനുവദിക്കുന്നതിനുള്ള ചുമതല സഹകരണ വകുപ്പ് മന്ത്രിയും, സഹകരണ വകുപ്പിലെ സര്‍ക്കാര്‍ സെക്രട്ടറിയും, സഹകരണ സംഘം രജിസ്ട്രാറും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും.

മെമ്പര്‍ റിലീഫ് ഫണ്ടില്‍ നിന്നും ആനുകൂല്യം ലഭിക്കുന്നതിനായി നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷകന്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറം സഹകരണസംഘം രജിസ്ട്രാറുടെ www.cooperation.kerala.gov.in എന്ന വെബ്സൈറ്റിലും സഹകരണവകുപ്പ് ഓഫീസുകളിലും ലഭ്യമാകുന്നതാണ്. ഇതിനൊപ്പം താഴെ പറയുന്ന രേഖകള്‍ സമര്‍പ്പിക്കണം.

1)അപേക്ഷകന്‍ താമസിക്കുന്ന സ്ഥലത്തെ വില്ലേജ് ആഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്
2) ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
3) അംഗീകൃത മെഡിക്കല്‍ ആഫീസറില്‍ നിന്നും ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടും, ട്രീറ്റ്മെന്റ് സര്‍ട്ടിഫിക്കറ്റും അനുബന്ധരേഖകളും.
4) അവകാശിയാണെങ്കില്‍ അവകാശ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവയാണ് അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കേണ്ടത്.

ധനസഹായം അനുവദിക്കുന്നതിലേയ്ക്കായി അപേക്ഷകന്‍ ബന്ധപ്പെട്ട രേഖകള്‍ അതാത് സംഘത്തിലാണ് സമര്‍പ്പിക്കേണ്ടത്. സംഘത്തിന് ലഭിക്കുന്ന അപേക്ഷകള്‍, സംഘം ഭരണസമിതി വിശദമായി പരിശോധിച്ചശേഷം അപേക്ഷയിലെ വിഷയങ്ങളിന്മേലും, രേഖകളിന്മേലുമുള്ള നിജസ്ഥിതി ബോധ്യപ്പെട്ട് എടുത്ത ഭരണസമിതി തീരുമാനവും, അപേക്ഷകന്റെ സാമ്പത്തിക സ്ഥിതി, രോഗ വിവരം, എന്നിവ പരാമര്‍ശിച്ചുകൊണ്ട് സംഘത്തിന്റെ മുഖ്യകാര്യദര്‍ശിയുടെ സാക്ഷ്യപത്രവും സഹിതം അതാത് താലൂക്കിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ന് പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍/വാല്യൂവേഷന്‍ ആഫീസര്‍ സമര്‍പ്പിക്കേണ്ടതാണ്. സംഘത്തില്‍ നിന്നും അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ന് ലഭിക്കുന്ന അപേക്ഷ ബന്ധപ്പെട്ട താലൂക്കുകളിലെ യൂണിറ്റ് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി 7 ദിവസത്തിനകം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍)ന് സമര്‍പ്പിക്കേണ്ടതും, അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) 7 ദിവസത്തിനകം ജില്ല ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ന് സമര്‍പ്പിക്കേണ്ടതും, ജില്ല ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍)മാര്‍ സഹകരണസംഘം രജിസ്ട്രാര്‍ക്ക് ഉപരിപത്രം സഹിതം നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതുമാണ്. അപ്രകാരം ലഭിക്കുന്ന അപേക്ഷ രജിസ്ട്രാര്‍ ആഫീസില്‍ പരിശോധന നടത്തി ഉന്നതതല കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. ഇപ്രകാരം ലഭിക്കുന്ന അപേക്ഷ ഉന്നതതല കമ്മിറ്റി പരിശോധിച്ച് തീരുമാനം കൈക്കൊണ്ട് അനുവദിച്ച ധനസഹായ തുകയുടെ ചെക്കും ഉത്തരവും ബന്ധപ്പെട്ട സംഘങ്ങള്‍ക്ക് അയച്ചുകൊടുക്കുന്നതാണ്. ഈ ഉത്തരവിന്റെ പകര്‍പ്പ് അപേക്ഷകനും ബന്ധപ്പെട്ട അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) മുഖാന്തിരവും നല്‍കുന്നതാണ്.

ഈ സ്കീം പ്രകാരം നല്‍കുന്ന പരമാവധി ധനസഹായം 50,000 (അന്‍പതിനായിരം രൂപ മാത്രം) രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ചെക്ക് ലഭിക്കുന്ന മുറയ്ക്ക് സംഘം അപേക്ഷകന് ധനസഹായത്തുക നല്‍കേണ്ടതും, ധനസഹായം അനുവദിച്ച തുകയുടെ വിശദാംശം അടുത്തതായി കൂടുന്ന പൊതുയോഗത്തിന്റെ അറിവിലേയ്ക്കായി സമര്‍പ്പിക്കേണ്ടതുമാണെന്നും നിര്‍ദ്ദേശിക്കുകയാണ്. ഈ സ്കീമില്‍ നിന്നും ധനസഹായം നല്‍കുന്നത് ഫണ്ടിന്റെ ലഭ്യതയ്ക്ക് വിധേയമായിട്ടായിരിക്കുമെന്ന് കൂടി സൂചിപ്പിക്കുകയാണ്. സ്കീമില്‍ നിന്നും ധനസഹായം ലഭിക്കുന്നത് ഒരു അംഗത്തിന്റെ അവകാശമായല്ല മറിച്ച് സഹകരണ പ്രസ്ഥാനത്തിന്റെ സാമൂഹിക പ്രതിബദ്ധത എന്ന നിലയിലാണ്. ഒരിക്കല്‍ ആനുകൂല്യം ലഭിച്ച കുടുംബത്തില്‍പ്പെട്ടവര്‍ക്ക് പിന്നീട് ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. ഇത് ഒരു തുടര്‍ പദ്ധതിയായതിനാല്‍ അര്‍ഹരായവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംഘത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍, ഈ മാസം സമര്‍പ്പിക്കുന്ന അപേക്ഷകളാകും ആദ്യഘട്ട ധനസഹായ വിതരണത്തില്‍ ഉള്‍പ്പെടുത്തുക.

വ്യാജ വാഗ്ദാനങ്ങളിലോ പ്രചാരണങ്ങളിലോ വഞ്ചിതരാകരുത് .സഹകരണ അംഗ സമാശ്വാസ നിധി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ മേല്‍പറ‍ഞ്ഞ കര്‍ശന വ്യവസ്ഥകളോടെ സുതാര്യമായാണ് വിതരണം ചെയ്യുക. പരമാവധി അമ്പതിനായിരം രൂപ വരെയുള്ള ഈ സഹായധനം തിരികെ അടയ്ക്കേണ്ടതില്ല. ആനുകൂല്യം വാങ്ങിത്തരാമെന്ന വൃക്തികളുടേയോ സംഘടനകളുടേയോ വ്യാജ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ സഹകാരികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ശ്രദ്ധിക്കണം. ഈ പദ്ധതിയെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങളറിഞ്ഞ ചിലര്‍ തെറ്റിദ്ധാരണ പരത്തുന്ന വാട്സ് ആപ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അത്തരം കുപ്രചാരണങ്ങള്‍ക്കെതിരെയും സഹകാരികള്‍ ജാഗ്രത പുലര്‍ത്തണം. അത്തരം കുപ്രചാരണങ്ങള്‍ക്കെതിരെയും സഹകാരികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.