Web Desk
ന്യൂഡല്‍ഹി: കോറോണയുടെ മറവില്‍ രാജ്യത്ത് വന്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സര്‍ക്കാരിന്‍റെത് എന്ന് തോന്നിക്കുന്ന വ്യാജ ഇ-മെയിലുകള്‍ വഴി സാധാരണക്കാരുടേയും ബിസിനസുകാരുടേയും കമ്പ്യൂട്ടറുകളിലും ഫോണുകളിലും ഹാക്കര്‍മാര്‍ കയറിക്കൂടാന്‍ സാധ്യതയുണ്ടെന്നും ഇതിലൂടെ രാജ്യത്തെ പൗരന്മാരുടെ സ്വകാര്യ-സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുമെന്നുമാണ് സൈബര്‍ ഡോമിന്‍റെ മുന്നറിയിപ്പ്.
കേന്ദ്ര സൈബർ സെക്യൂരിറ്റി ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സൗജന്യ കോവിഡ് ചികിത്സ നല്‍കാം എന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയായിരിക്കാം സൈബര്‍ തട്ടിപ്പ് അരങ്ങേറുക. ഇതിലൂടെ വന്‍തോതിലുള്ള ഷിപ്പിങ്( ഇന്‍റര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതി ) നടക്കാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ ഇ-മെയിലുകള്‍, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വരുന്ന അജ്ഞാതവും വിശ്വസനീയമല്ലാത്തതുമായ ലിങ്കുകള്‍ തുറക്കുന്നത് ഒഴിവാക്കണമെന്നും ക്യാഷ് ബാക്ക് ഓഫർ, വിന്നിംഗ് പ്രൈസ്, കൊവിഡ്-19 ടെസ്റ്റ് സഹായം പോലുള്ള ലിങ്കുകളെ കുറിച്ചും ഇ-മെയിലുകളെ കുറിച്ചും ബോധവാന്മാരായിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.