Web Desk
ജൂണ്‍ 20 മുതല്‍ സൗദിയില്‍ നിന്നും കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഇന്ത്യൻ എംബസി. ചാര്‍ട്ടേര്‍ഡ് ഫ്ലെെറ്റുകളുടെ പരിഷ്കരിച്ച് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയ കൂട്ടത്തിലാണ് ഈ നിബന്ധന ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൗദിയില്‍ കൊവിഡ് മരണങ്ങള്‍ ആയിരം കടക്കവെയാണ് പുതിയ നിബന്ധന. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശത്തിനനുസൃതമായിട്ടാണ് നടപടിയെന്ന് എംബസി അറിയിച്ചു.
കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയാല്‍ മാത്രമേ യാത്രാനുമതി നല്‍കുകയുളളു. അതോടൊപ്പം സര്‍ട്ടിഫിക്കറ്റും കൈയ്യില്‍ കരുതണമെന്നും എംബസി പുറത്തിറക്കിയ നിബന്ധനകളില്‍ പറയുന്നു. എന്നാല്‍ സൗദിയില്‍ കൊവിഡ് പരിശോധന നടത്തുന്നത് കേരളത്തിലെ പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നതാണ്. ഇരുപതോളം ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് സൗദിയില്‍ നിന്നും അടുത്തയാഴ്ച പുറപ്പെടാനിരുന്നത്. കൊവിഡ് ടെസ്റ്റ് നടത്തണെന്ന് പറഞ്ഞതോടെ ചാര്‍ട്ടേര്‍ഡ് വിമാനയാത്ര പ്രതിസന്ധിയിലായിരിക്കുകയാണ്.
ഒമാനില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ കേരളത്തിലേയ്ക്ക് വരുന്നവര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. ജൂണ്‍ 20 മുതലാണ് നിബന്ധന പ്രാബല്യത്തില്‍ വരിക. സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ നാട്ടിലേക്ക് പുറപ്പെടാന്‍ തയ്യാറായ പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.