ഭരണഘടന നിര്‍മാണ സഭയില്‍ മൗലികാവകാശങ്ങളെക്കുറിച്ചുള്ള സംവാദങ്ങളുമായി ബന്ധപ്പെട്ട് എപ്പോഴും ഉദ്ധരിക്കുന്ന പ്രശസ്‌തമായ നിരീക്ഷണം സോമനാഥ് ലാഹിരിയുടേതാണ്. ഭരണഘടന നിര്‍മാണ സഭയിലെ കമ്യൂണിസ്‌റ്റു പാര്‍ട്ടിയുടെ ഏക പ്രതിനിധി ആയിരുന്നു ലാഹിരി. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ ഒരു പൊലീസ് കോണ്‍സ്‌റ്റബിളിന്റെ വീക്ഷണമാണ് ഉള്‍ക്കൊള്ളുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. “പോരാടുന്ന ഒരു സ്വതന്ത്ര രാജ്യത്തിന്റെ വീക്ഷണത്തിനു പകരും പോലീസ് കോണ്‍സ്‌റ്റബളിന്റെ വീക്ഷണമാണ് ഇവിടെ പറയുന്ന മൗലികാവകാശങ്ങളില്‍ തെളിയുന്നതെന്നു പറയുവാന്‍ ഞാന്‍ നിര്‍ബന്ധിതനാവുകയാണ്. ഒരോ അവകാശവും ഇവിടെ ഒരോ ഉപാധിയുടെ അടിസ്ഥാനത്തിലാവുന്നു” ഇതായിരുന്നു ലാഹിരിയുടെ വിമര്‍ശനത്തിന്റെ അന്തസത്ത.
സോമനാഥ് ലാഹിരി
ഭരണഘടനയുടെ 70-ാം പിറന്നാള്‍ ആഘോഷിക്കുന്ന 2020-ല്‍ രണ്ടു കമ്യൂണിസ്‌റ്റു പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാരിനെ സഖാവ് ലാഹിരിയുടെ വാക്കുകള്‍ ഓര്‍മിപ്പിക്കുാവന്‍ ഒരു മുന്‍ പോലീസ് ഓഫീസര്‍ വേണ്ടി വന്നുവെന്നത് ചരിത്രത്തിന്റെ വിധി വൈപരീത്യമായിരിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനു വേണ്ടിയെന്ന ന്യായത്തില്‍ കേരള പൊലീസ് ആക്ടില്‍ 118A എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനെ വിമര്‍ശിച്ചു കൊണ്ട് ഈ നിരീക്ഷണം നടത്തിയത് കേരളത്തിലെ മുന്‍ ഡിജിപി ആയിരുന്ന എന്‍.സി. അസ്‌താനയാണ്.(1) ദേശവ്യാപകമായി ഇടതുപക്ഷത്തിന് കലവറയില്ലാതെ പിന്തുണ നല്‍കുന്ന വലിയ വിഭാഗത്തില്‍ നിന്നുമുണ്ടായ കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന് 118A തല്‍ക്കാലം മരവിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായെങ്കിലും അത്തരമൊരു നിയമം മുന്നോട്ടു വച്ചത് ഇടതുപക്ഷത്തിന്റെ യശസ്സിന് കളങ്കം വരുത്തിയെന്നു അദ്ദേഹം പറയുന്നു. സ്വന്തം പാദത്തില്‍ വെടിവെക്കുന്നതിനു തുല്യമായ നടപടി ആയാണ് ഇടതു മുന്നണി സര്‍ക്കാരിന്റെ ഈ തീരുമാനത്തെ അദ്ദേഹം വിലയിരുത്തുന്നു. ശ്രേയ സിംഗാല്‍ കേസ്സില്‍ സുപ്രീം കോടതി ഭരണഘടന വിരുദ്ധമെന്നു കണ്ടെത്തി റദ്ദാക്കിയ ഐടി-ആക്ടിലെ 66A-യും അതേ വിധിയില്‍ തന്നെ റദ്ദാക്കിയ കേരള പോലീസം ആക്ടിലെ 118D-യും പിന്‍വാതിലില്‍ കൂടി കൊണ്ടുവരാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത് എന്ന വിലയിരുത്തലാണ് അസ്‌താന നടത്തുന്നത്. നിയമപരമായ വിഷയങ്ങളില്‍ പ്രാവീണ്യമുള്ളവരും അതേ അഭിപ്രായം പങ്കിടുന്നു. ഐടി ആക്ടിലെ 66A വകുപ്പിനെ വിമര്‍ശിച്ചിരുന്ന സിപിഎം-ന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായിരുന്നു ഇപ്പോള്‍ മരവിപ്പിച്ച 118A എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
കുട്ടികളും, സ്‌ത്രീകളും മറ്റുളളവരും സൈബിറടങ്ങളിലും, പൊതുവേദികളിലും നേരിടുന്ന വിവിധ രീതിയിലുള്ള ആക്രമണങ്ങളെ അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് നിയമനിര്‍മാണം എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇപ്പറയുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന് നിലവിലുള്ള നിയമങ്ങള്‍ വേണ്ടതിലധികമാണെന്നു അസ്‌താന പറയുന്നു. ഐടി ആക്ട് വകുപ്പ് 67 (ഇല്‌കട്രോണിക് മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം ശിക്ഷാര്‍ഹം) ഐപിസി 506 (ഭീഷണിപ്പെടുത്തല്‍) ഐപിസി 509 (സ്‌ത്രീകളുടെ അന്തസിനെ വാക്കിലോ, നോക്കിലോ ഹനിക്കുന്ന പ്രവര്‍ത്തികള്‍) ഐപിസി 500 (അപവാദ പ്രചാരണം) കേരള പോലീസ് ആക്ടിലെ 119(b) (സ്‌ത്രീകളുടെ സ്വകാര്യതയെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്ന തരത്തില്‍ ഫോട്ടോ, വീഡിയോ എന്നിവയുടെ ചിത്രീകരണം) തുടങ്ങിയ അഞ്ചു വകുപ്പുകള്‍ അക്കമിട്ടു നിരത്തുന്ന അസ്‌താന 118A-യുടെ നിയമപരമായ സാധുത ദുര്‍ബലമാണെന്നു വ്യക്തമാക്കുന്നു. വിനാശകാലേ വിപരീത ബുദ്ധി എന്ന ചൊല്ലിനെ അനുസ്‌മരിപ്പിക്കുന്ന ഈ തീരുമാനം മരവിപ്പിക്കുവാനുള്ള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. വൈകിയാണെങ്കിലും തീരുമാനം പിന്‍വലിപ്പിക്കുന്നതിനു വേണ്ടി ഫലപ്രദമായി ഇടപെടാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞതും ശ്ലാഖനീയമാണ്. കേരളത്തിലെ പൊതുസമൂഹത്തിലും, രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും ഉയര്‍ന്നു വന്ന ശക്തമായ വിമര്‍ശനങ്ങളാണ് സര്‍ക്കാരിന്റെ പിന്തിരിയലിനു കാരണമെന്നു വ്യക്തമാണ്. ഇത്തരം നിയമങ്ങള്‍ നല്‍കുന്ന അമിധാധികാരം ആസ്വദിക്കുവാന്‍ കച്ച കെട്ടിയിറങ്ങിയിട്ടുള്ള അനേകം പോലീസ് ഉദ്യോഗസ്ഥര്‍ ഉള്ള കേരളത്തില്‍ സര്‍ക്കാര്‍ തല്‍ക്കാലം പിന്‍വാങ്ങിയതിന്റെ പേരില്‍ മാത്രം ആശ്വസിക്കാനാവില്ല. ഇതേ നിയമം പുതിയ രൂപത്തിലും ഭാവത്തിലും പുനരവതരിക്കുന്നതിനുള്ള സാധ്യതകള്‍ നിരവധിയാണ്. മനുഷ്യാവകാശ-പൗരാവകാശ പ്രവര്‍ത്തകര്‍ മാത്രമല്ല പൗരസമൂഹവും ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
1: പൊതുവെ ഇടതുപക്ഷ സൗഹൃദ സമീപനം പുലര്‍ത്തുന്ന പ്രമുഖ വെബ് പ്രസിദ്ധീകരണായ ദ വയറില്‍ നവംബര്‍ 23-ന് എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ മുന്‍ ഡിജിപി ആയിരുന്ന അസ്‌താന ഈ വിമര്‍നങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…