Features

തിരുവനന്തപുരത്തെ മേയറും പാലക്കാട്ടെ ജാത്യാഭിമാന കൊലയും – മൂടിവെക്കാനാകില്ല ജാതി

ഐ ഗോപിനാഥ്

തിരുവനന്തപുരത്ത് 21 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ മേയറാക്കാന്‍ സിപിഎം എടുത്ത തീരുമാനമാണ് ഏറെ കൊണ്ടാടപ്പെടുന്നത്. പ്രധാനപ്പെട്ട അധികാര കേന്ദ്രങ്ങളിലെല്ലാം മധ്യവയസ്‌കരും വൃദ്ധരും അള്ളിപ്പിടിച്ചിരിക്കുമ്പോഴാണ് ഇത്തരമൊരു തീരുമാനം സിപിഎം സ്വീകരിച്ചത്. അതാകട്ടെ ഒരു പെണ്‍കുട്ടിയാണെന്നത് തീരുമാനത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. അതംഗീകരിക്കുമ്പോഴും ഇതുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ പറയാതെ വയ്യ. കയ്യടിച്ചുകൊണ്ടുതന്നെ ഈ വിമര്‍ശനങ്ങള്‍ എന്ന് ആദ്യമെ സൂചിപ്പിക്കട്ടെ. അതാകട്ടെ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ മാത്രം പ്രശ്‌നമല്ല താനും.

സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങലില്‍ 50 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്തതിനു ശേഷമാണല്ലോ നാമമാത്രമെന്നതില്‍ നിന്ന് മാറി സ്ത്രീകളെ മത്സരിപ്പിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറായത്. ഒരിക്കലും രാഷ്ട്രീയമായ തീരുമാനത്തിന്റെ ഭാഗമല്ല അത്. ആയിരുന്നെങ്കില്‍ ലോക്സഭയിലേക്കും നിയമസഭയിലേക്കും 50 ശതമാനം സ്ത്രീകളെ മത്സരിപ്പിക്കുമായിരുന്നല്ലോ. യാഥാര്‍ത്ഥ്യമെന്താണ്? ഇന്നോളം കേരളത്തില്‍ നിന്ന് ലോകസഭയിലെത്തിയ വനിതകളുടെ എണ്ണം ഒരു ഡസന്‍ മാത്രം. ശതമാനകണക്കില്‍ നാല്. നിയമസഭയിലെത്തയത് 90ഓളം പേര്‍. ഏറ്റവും കൂടുതല്‍ പേര്‍ നിയമ സഭയിലെത്തിയത് 1996ല്‍. അതാകട്ടെ 13 പേര്‍. പത്തു ശതമാനത്തിനു താഴെ. ഈ അനുപാതം തന്നെയാണ് സ്വാഭാവികമായും മന്ത്രിസഭയിലും ഉണ്ടാകുക. പ്രധാനമന്ത്രി സ്ഥാനത്തും രാജ്യത്തെ പല സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രി സ്ഥാനത്തും സ്ത്രീകളെത്തിയപ്പോഴും കേരളത്തില്‍ അതൊക്കെ വെറും നടക്കാത്ത സ്വപ്‌നമായി തുടരുന്നു.

സ്വാഭാവികമായും ഈ സാഹചര്യത്തില്‍ ഓര്‍മ്മ വരുക വനിതാ സംവരണ ബില്‍ തന്നെയാണ്. 20 വര്‍ഷമായി പാര്‍ലിമെന്റ് പാസാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതായി വിശേഷിക്കപ്പെടുന്ന ഈ ബില്‍ പാസാക്കാന്‍ കഴിയാത്തതിനു പറയപ്പെടുന്ന കാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നു കാണാം. ശക്തമായ തീരുമാനമെടുത്താല്‍ എന്തുവില കൊടുത്തും ബലം പ്രയോഗിച്ചും ബില്ലുകള്‍ പാസാക്കിയ ചരിത്രമാണ് നമ്മുടെ ജനപ്രതിനിധി സഭകള്‍ക്കുള്ളത്. കാര്‍ഷിക ബില്ലുകളടക്കം എത്രയോ തവണ നാമത് കണ്ടിരിക്കുന്നു. എന്നിട്ടാണ് കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയുമടക്കം മിക്കവാറും പാര്‍ട്ടികളെല്ലാം പിന്തുണക്കുന്ന ബില്‍ പാസാക്കാന്‍ കഴിയുന്നില്ല എന്നു പറയുന്നത്. യാഥാര്‍ത്ഥ്യം അതല്ല. ബില്‍ പാസാക്കണമെന്നു പറയുന്നവര്‍ക്കും അതില്‍ ആത്മാര്‍ത്ഥതയുണ്ടായിരുന്നില്ല എന്നതാണ് സത്യം. ഒരുപക്ഷെ സോണിയാ ഗാന്ധിക്കും അന്തരിച്ച സുഷ്മസ്വരാജിനും വൃന്ദാകാരാട്ടിനും ഉണ്ടായിരിക്കാം. എന്നാല്‍ ഇവരുടെ പാര്‍ട്ടിയിലെ പുരുഷ നേതാക്കള്‍ക്ക് ബില്ലിനോട് താല്‍പ്പര്യമില്ല. കാരണം പ്രതേകിച്ച് പറയേണ്ടതില്ലല്ലോ.

ബില്ലുമായി ബന്ധപ്പെട്ട് ഇപ്പോഴും പരിഹരിക്കാത്ത ഗൗരവപരമായ വിഷയത്തിലേക്ക് കോണ്‍ഗ്രസോ സിപിഎമ്മോ ബിജെപിയോ കടക്കുന്നില്ല എന്നതാണ് ഖേദകരം. ബില്ലിനെതിരെ മുലായംസിങ്ങും പല ദളിത് – പിന്നോക്ക സംഘടനകളും ഉന്നയിച്ച പ്രധാന പ്രശ്‌നം ഇന്ത്യനവസ്ഥയില്‍ വളരെ പ്രസക്തം തന്നെയാണ്. സംവരണത്തിനുള്ളിലെ സംവരണം എന്ന ആവശ്യത്തോട് എന്തുകൊണ്ട് ബില്ലിന്റെ ശക്തരായ വക്താക്കള്‍ മുഖം തിരിക്കുന്നു എന്നതാണത്. ഇക്കാര്യം കൂടി ബില്ലില്‍ എഴുതി ചേര്‍ത്താല്‍ വനിതാ സംവരണ സീറ്റുകളുടെ എണ്ണം കുറയില്ല. മറിച്ച് അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവരില്‍ പട്ടിക ജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പങ്കാളിത്തം ലഭിക്കും. അതാണ് യഥാര്‍ത്ഥ പ്രശ്‌നം.

ഇന്നത്തെ അവസ്ഥയില്‍ ബില്‍ പാസായാല്‍ പാര്‍ലിമെന്റിലെത്തുന്ന സ്ത്രീകളില്‍ മഹാഭൂരിപക്ഷവും സവര്‍ണ്ണ വിഭാഗങ്ങളാകും എന്ന ഭയം അസ്ഥാനത്തല്ലല്ലോ. ലിംഗ വിവേചനത്തിനുള്ളിലും ജാതി വിവേചനം ശക്തമാണല്ലോ. വനിതാസംവരണ സീറ്റുകള്‍ നിശ്ചയിക്കുമ്പോള്‍ അതില്‍ പട്ടികജാതി വര്‍ഗ്ഗ സംവരണ സീറ്റുകളും ഉണ്ടാകാമെന്നാണ് ഇതിനു ബില്ലിനെ പിന്തുണക്കുന്നവര്‍ പറയുന്ന മറുപടി. ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. അങ്ങനെ വരുന്നത് പക്ഷെ അവകാശമാകില്ലല്ലോ. അവകാശമായാണ് ഇക്കാര്യം അംഗീകരിക്കപ്പെടേണ്ടത്. ജനറല്‍ സീറ്റുകളില്‍ ദളിതരെ മത്സരിപ്പിക്കാത്തപോലെ, സ്ത്രീ സംവരണ സീറ്റില്‍ ഒരു പാര്‍ട്ടിയും ദളിത് സ്ത്രീയെ മത്സരിപ്പിക്കുമെന്ന് പ്രതീക്ഷിക്കവയ്യ.

ഈ പറയുന്നവരുടെ കാപട്യം വ്യക്തമാക്കാന്‍ ഒറ്റകാര്യം മാത്രം പരിശോധിച്ചാല്‍ മതി. ബില്‍ പാര്‍ലിമെന്റിലെത്തിയശേഷം എത്രയോ തരഞ്ഞെടുപ്പുകള്‍ നടന്നു. ആ തരഞ്ഞെടുപ്പുകല്‍ ഇവര്‍ എത്ര സ്ത്രീകള്‍ക്ക് സീറ്റുകൊടുത്തു? ഈ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ മൂന്നിലൊന്ന് സ്ത്രീകളെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇത്തരമൊരു ബില്‍പോലും ആവശ്യമില്ലല്ലോ. അതിനവര്‍ തയ്യാറല്ലല്ലോ. അധികാരത്തില സ്ത്രീ പ്രാതിനിധ്യത്തില്‍ മുസ്ലിം രാഷ്ട്രമായ പാക്കിസ്ഥാനും മുതലാളിത്ത രാഷ്ട്രമായ അമേരിക്കയും കമ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയും നമ്മേക്കാള്‍ ഏറെ മുന്നിലാണെന്നു കൂടി ഓര്‍ക്കുക. ഇനി ഈ പാര്‍ട്ടികളിലെ എത്ര പ്രധാന പദവികളില്‍ സ്ത്രീകള്‍ ഉണ്ടെന്നു കൂടി പരിശോധിക്കുക. ജില്ലാതല നേതൃത്വങ്ങളില്‍ പോലും സ്ത്രീകളെ കാണില്ല എന്നതല്ലേ സത്യം. ട്രാന്‍സ് വിഭാഗങ്ങളിലേക്ക് തല്‍ക്കാലം കടക്കുന്നില്ല.

ലിംഗ വിവേചനത്തിനും ജാതി വിവേചനത്തിനും സമാനതകള്‍ ഏറെയുണ്ട്. വര്‍ഗ്ഗ ജാതി പരിഗണനകളില്ലാതെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പൊതുപ്രശ്‌നങ്ങള്‍ നിരവധിയുണ്ടെന്നത് ശരി. അതേസമയം ദളിത് സ്ത്രീകളാണ് ഇന്ത്യനവസ്ഥയില്‍ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നത്. ജാതീയവും വര്‍ഗ്ഗപരവും ലിംഗപരവുമായ ചൂഷണം അവര്‍ നേരിടുന്നു. അതിനാല്‍ തന്നെ അവരെയായിരിക്കണം നാം പ്രാഥമികമായി അഭിസംബോധന ചെയ്യേണ്ടത്. ആ അര്‍ത്ഥത്തില്‍ ജാതിസംവരണമുള്‍പ്പെടുത്തി വനിതാ സംവരണ ബില്‍ പാസ്സാക്കുകയാണ് വേണ്ടത്. പാര്‍ട്ടി പദവികളിലും അതു നടപ്പാക്കണം.

ഇനി തിരുവനന്തപുരത്തേക്ക് വരാം. കേരളത്തില്‍ 21 വയസുകാരിയെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ അധ്യക്ഷയാക്കിയ സംഭവങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്. മലപ്പുറത്ത് ലീഗ് പോലും അത്തരം തീരുമാനം നടപ്പാക്കിയിട്ടുണ്ട്. 25നും മുപ്പതിനുമിടയില്‍ മന്ത്രിമാരായവരുമുണ്ട്. 37 വയസ്സില്‍ ആന്റണി മുഖ്യമന്ത്രിയുമായിട്ടുണ്ട്. എന്നാല്‍ ഈ തീരുമാനം ഇത്രമാത്രം ആഘോഷിക്കപ്പെടുമ്പോഴാണ് വിമര്‍ശനങ്ങളും ഉയര്‍ന്നു വരുക. കേവല കക്ഷിരാഷ്ട്രീയ താല്‍പ്പര്യത്തോടെയുള്ള വിമര്‍ശനങ്ങള്‍ വിടാം. എന്നാല്‍ ഗൗരവപരമായി ഉന്നയിക്കപ്പെട്ടിട്ടുള്ള വിഷയങ്ങള്‍ തള്ളിക്കളയാനാവില്ല. അതില്‍ ഏറ്റവും പ്രധാനം മുകളില്‍ ചര്‍ച്ച ചെയ്ത വിഷയം തന്നെയാണ് – ജാതി.

സവര്‍ണാധിപത്യമുള്ള പ്രദേശമാണ് തിരുവനന്തപുരം എന്ന് എല്ലാവര്‍ക്കും അറിയാം. എവിടേയും സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ എല്ലാവരും എപ്പോഴും ജാതി-മത പരിഗണനകള്‍ നോക്കുമെന്നും അറിയാത്തവരാരുമില്ല. ഈ സാഹചര്യത്തില്‍ ”ശ്രിപത്മനാഭന്റെ മണ്ണില്‍” ആദ്യ പരിഗണന ആര്‍ക്കായിരിക്കുമെന്നു വ്യക്തം. ഈ കുട്ടിയേക്കാള്‍ പ്രവര്‍ത്തനപരിചയം മാത്രമല്ല, പാര്‍ട്ടിയില്‍ ഉയര്‍ന്ന പദവികളുള്ളവരും വിജയിച്ചിട്ടുണ്ട്. അവരില്‍ ദളിതരും മുസ്ലിങ്ങളടക്കമുണ്ട്. അതൊക്കെ നിലനില്‍ക്കുമ്പോള്‍ ഈ തെരഞ്ഞെടുപ്പിനു പുറകിലെ ഒരു പ്രധാന ഘടകം ജാതിയാണെന്നു ചൂണ്ടികാണിക്കുന്നവരെ എങ്ങനെയാണ് കുറ്റപ്പെടുത്താനുക? പക്ഷെ ഈ വിഷയം ചൂണ്ടികാണിക്കുന്നവരെ ജാതിവാദികളെന്നു ചിത്രീകരിക്കുകയായിരുന്നു സൈബര്‍ സഖാക്കള്‍ ചെയ്തത്.

കേരളം എന്നേ ജാതി ചിന്തകളെ മറികടന്നു എന്നും ഇത്തരത്തില്‍ ചിന്തിക്കുന്നവരാണ് ജാതിയെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നുമാണ് അവരുടെ വാദം. ഒപ്പം ഇത്, കേരളമാണ്, ഉത്തരേന്ത്യയല്ല എന്ന പ്രഖ്യാപനം. കേരളത്തില്‍ ജാതിയില്ല എന്നവകാശപ്പെടുന്ന ഇവരൊക്കെ വിവാഹം കഴിച്ചത് ഇതര ജാതിക്കാരെയായിരിക്കുമെന്നു കരുതാം..!! എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ അവകാശവാദത്തിനുള്ള മറുപടി പാലക്കാടുനിന്നു വന്നു. മറ്റൊന്നുമല്ല, ജാത്യാഭിമാനകൊല. ഒരുകാലത്ത് ഉത്തരേന്ത്യയില്‍ നിന്നുകേട്ട് നമ്മള്‍ ഞെട്ടിയിരുന്ന ജാത്യാഭിമാന കൊലകള്‍ കേരളത്തിലും ആവര്‍ത്തിക്കുന്നു. ജാതിയുടെ പേരില്‍ പിതാവാണ് മകളെ വിധവയാക്കുന്നത്. പിതാവ് മകളം വെട്ടിക്കൊന്ന സംഭവവും ഉണ്ടായിട്ടുണ്ട്. എന്നിട്ടും നമ്മള്‍ പറയുന്നു കേരളത്തില്‍ ജാതിയില്ലെന്ന്…

അവസാനമായി ലിംഗവിവേചനത്തേയും ജാതിവിവേചനത്തെയുമൊക്കെ കുറിച്ച് രൂക്ഷമായി സംസാരിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കു മുന്നില്‍ ചില നിര്‍ദേശങ്ങള്‍ വെക്കട്ടെ. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് നിര്‍ദ്ദേശങ്ങള്‍. ”പകുതിയോ, ചുരുങ്ങിയത് മൂന്നിലൊന്നോ സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കണം, സ്ഥാനാര്‍ത്ഥികളിലും മന്ത്രിമാരിലും ഭൂരിഭാഗവും 40 വയസിനു താഴെയാകണം, മന്ത്രിസഭയിലും ഭൂരിഭാഗം സ്ത്രീകളാകണം, ജനറല്‍ സീറ്റുകളില്‍ ദളിത് – ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരെ മത്സരിപ്പിക്കണം, മുഖ്യമന്ത്രി മുസ്ലിം വിഭാഗത്തില്‍ നിന്നോ ദളിത് വിഭാഗത്തില്‍ നിന്നോ ആകണം – 40 വയസ്സിനു താഴെയാകണം – പരമാവധി സ്ത്രീ തന്നെയാകണം – പ്രതിപക്ഷനേതാവും അങ്ങനെതന്നെ. ദളിത് – ആദിവാസി വിഭാഗങ്ങള്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം വേണം. എല്ലാറ്റിലും ട്രാന്‍സ്ജെന്റേഴ്സിനു പ്രാതിനിധ്യം വേണം.” ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാനും ഒരു പരിധിവരെയെങ്കിലും നടപ്പാക്കാനും തയ്യാറാകുകുയാണെങ്കില്‍ നിങ്ങളുടെ വാക്കുകള്‍ വിശ്വസിക്കാം. അല്ലെങ്കില്‍ ഇതെല്ലാം തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമായേ കാണാനാകൂ.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.