കെ.അരവിന്ദ്
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തിലാണ് കാപ്പിറ്റലിസം ഒരു പൊതുലോകക്രമത്തിന്റെ മുഖമുദ്രയാകുന്ന പ്രക്രിയ ആരംഭിച്ചത്. 1991ല്‍ സോവിയറ്റ് യൂണിയനും പിന്നാലെ മറ്റ് ഭൂരിഭാഗം സോഷ്യലിസ്റ്റ് രാജ്യങ്ങളും ഇല്ലാതായതോടെ ശീതസമരത്തിന് അന്ത്യം കുറിക്കുകയും സോഷ്യലിസം എന്നറിയപ്പെട്ടിരുന്ന പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രിതമായ സമ്പദ്‌വ്യവസ്ഥ രണ്ടോ മൂന്നോ രാജ്യങ്ങളില്‍ മാത്രമായി ഒതുങ്ങുകയും കാപ്പിറ്റലിസം ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങള്‍ക്കും അംഗീകൃതമായ സമ്പദ്‌വ്യസ്ഥയായി മാറുകയും ചെയ്‌തു. രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് വിപണി വിപുലമാക്കിയതിലൂടെ കാപ്പിറ്റലിസത്തിന് പുതിയ വാതായനങ്ങള്‍ തുറന്നുകിട്ടിയത് ഇതേ പതിറ്റാണ്ടില്‍ തന്നെയാണ്. മിശ്രസമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ സ്വകാര്യ മേഖലയ്‌ക്ക് വിശാലമായ അവസരങ്ങള്‍ അനുവദിച്ചതും സോഷ്യലിസ്റ്റ് ചേരി ഇല്ലാതായതിന് തൊട്ടുപിറകെയായിരുന്നു. ഏതാണ്ട് ലോകം മുഴുവന്‍ സ്വതന്ത്ര വിപണി സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന പുതിയ സാമ്പത്തികക്രമത്തിലേക്ക് മാറി.
പാളിപോയ പരിണാമ സിദ്ധാന്തം
കാപ്പിറ്റലിസവും സോഷ്യലിസവുമെന്ന രണ്ട് വിരുദ്ധ സ്വഭാവമുള്ള സമ്പദ്‌വ്യവസ്ഥകള്‍ നിലനില്‍ക്കുകയും അവക്ക് പരസ്‌പരമുള്ള കൊടുക്കല്‍വാങ്ങലുകള്‍ ശീതസമരത്തിന്റെ സാഹചര്യത്തില്‍ വളരെ പരിമിതമാകുകയും ചെയ്‌തിരുന്ന കാലത്തേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമായിരുന്നു ആഗോളവല്‍കൃത കാലത്തെ ലോകം. സോഷ്യലിസ്റ്റ് ആഭിമുഖ്യവും കാപ്പിറ്റലിസത്തോടുള്ള വിരോധവും ഒരു മതവിശ്വാസം പോലെ കൊണ്ടുനടന്നിരുന്നവര്‍ക്ക് ഒട്ടും ഉള്‍ക്കൊള്ളാനാകാത്തതായിരുന്നു ഈ മാറ്റം. ചരിത്രത്തിന്റെ വഴിത്തിരിവ് എന്ന് വിളിക്കാവുന്ന മാറ്റത്തോടുള്ള അങ്ങനെയുള്ളവരുടെ അക്കാലത്തെ പ്രതികരണങ്ങള്‍ വിചിത്രവും യുക്തിക്ക് നിരക്കാത്തതുമായിരുന്നു. ഉദാഹരണത്തിന് സോഷ്യലിസ്റ്റ് രാഷ്‌ട്രങ്ങളുടെ തകര്‍ച്ച ആസന്നമായ സമയത്ത് കമ്യൂണിസ്റ്റ് ചിന്തകനായ ഇ.എം.എസ്.നമ്പൂതിരിപ്പാട് അതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്: “മനുഷ്യന് കുരങ്ങിലേക്ക് തിരിച്ചുപോകാനാകാത്തതു പോലെ സോഷ്യലിസത്തിന് മുതലാളിത്തത്തിലേക്കും തിരിച്ചുപോകാന്‍ സാധി ക്കില്ല!!!”
സമ്പദ്‌വ്യവസ്ഥയുടെയും ചരിത്രത്തിന്റെയും പരിണാമത്തെ കുറിച്ചുള്ള മാര്‍ക്‌സിയന്‍ ഗണിതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ നിരീക്ഷണം. പക്ഷേ ഫ്യൂഡലിസത്തില്‍ നിന്നും കാപ്പിറ്റലിസത്തിലേക്കും കാപ്പിറ്റലിസത്തില്‍ നിന്ന് സോഷ്യലിസത്തിലേക്കും സോഷ്യലിസത്തില്‍ നിന്ന് കമ്യൂണിസത്തിലേക്കുമുള്ള വളര്‍ച്ചയാണ് മനുഷ്യ ചരിത്രമെന്ന “സോഷ്യല്‍ ഡാര്‍വിനിസം” പുസ്‌തകത്തില്‍ മാത്രം ഒതുങ്ങുന്ന ഒരു സങ്കല്‍പ്പം മാത്രമാണെന്നും അത് പ്രയോഗത്തില്‍ വരിക അസാധ്യമാണെന്നും തെളിയിച്ചുക്കൊണ്ട് സോഷ്യലിസ്റ്റ് ചേരി തകര്‍ന്നു. മനുഷ്യന്‍ കുരങ്ങിലേക്ക് തിരിച്ചുപോയില്ല; പക്ഷേ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ അതുവരെ നിലനിന്ന സര്‍ക്കാര്‍ നിയന്ത്രിത സമ്പദ്‌വ്യവസ്ഥയെ കൈവെടിഞ്ഞ് സ്വതന്ത്ര വിപണി സമ്പദ്‌വ്യവസ്ഥയെ പുണര്‍ന്നു. (യഥാര്‍ത്ഥത്തില്‍ റഷ്യ പോലുള്ള രാജ്യങ്ങള്‍ കാപ്പിറ്റലിസത്തിലേക്ക് തിരിച്ചുപോകുകയായിരുന്നില്ല, സോഷ്യലിസത്തെ കൈവിട്ട് ആദ്യമായി കാപ്പിറ്റലിസത്തെ സ്വീകരിക്കുകയായിരുന്നു. സാര്‍ ചക്രവര്‍ത്തിയുടെ സര്‍വാധിപത്യത്തിനെതിരായ 1917ലെ വിപ്ലവത്തിനു ശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴിലായിരുന്ന സോവിയറ്റ് യൂണിയന്‍ അതിനു മുമ്പ് സ്വതന്ത്ര വിപണി സമ്പദ്‌വ്യവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടായിരുന്നില്ല; വിപ്ലവത്തിനു ശേഷം ഫ്യൂഡലിസത്തില്‍ നിന്ന് സര്‍ക്കാര്‍ നിയന്ത്രിത സമ്പദ്‌വ്യവസ്ഥയിലേക്ക് കടക്കുകയാണ് ചെയ്‌തിരുന്നത്.)
അവസാനിക്കാത്ത ചരിത്രം
ചരിത്രകാരനും ചിന്തകനുമായ ഫ്രാന്‍സിസ് ഫുക്കുയാമ കാപ്പിറ്റലിസ്റ്റ് രാഷ്‌ട്രങ്ങളും സോഷ്യലിസ്റ്റ് രാഷ്‌ട്രങ്ങളും തമ്മിലുള്ള ശീതസമരം ഇല്ലാതാക്കികൊണ്ടുള്ള പുതിയ ലോകക്രമത്തിലേക്കുള്ള മാറ്റത്തെ “ചരിത്രത്തിന്റെ അന്ത്യം” എന്നാണ് വിശേഷിപ്പിച്ചത്. മനുഷ്യസമൂഹത്തിന്റെ പരിണാമത്തെ കുറിച്ചുള്ള മാര്‍ക്‌സിയന്‍ സിദ്ധാന്തം അപ്രസക്തമാകുകയു ലിബറല്‍ ജനാധിപത്യമാണ് മനുഷ്യ സമൂഹത്തിന് ഏറ്റവും സ്വീകാര്യമായ അന്തിമ സാമൂഹ്യ മാതൃകയെന്ന് തെളിയിക്കപ്പെടുകയും ചെയ്‌തുവെന്ന് ഫുക്കുയാമ `ചരിത്രത്തിന്റെ അന്ത്യവും ഒടുവിലത്തെ മനുഷ്യനും’ എന്ന പുസ്‌തകത്തില്‍ നിരീക്ഷിച്ചു. മനുഷ്യസമൂഹത്തിന്റെ പ്രത്യയശാസ്‌ത്രപരമായ പരിമാണത്തിന്റെ അന്ത്യത്തിനും സര്‍ക്കാരിന്റെ അന്തിമ രൂപമെന്ന നിലയില്‍ പാശ്ചാത്യ ലിബറല്‍ ജനാധിപത്യത്തിന്റെ സര്‍വവ്യാപനത്തിനുമാണ് നാം സാക്ഷ്യം വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ‘ചരിത്രം അവസാനിച്ചിട്ട്’ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോള്‍ കാപ്പിറ്റലിസം നേരിടുന്ന പ്രതിസന്ധിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ലോകമെങ്ങും നടക്കുന്നത്. അതിനൊപ്പം തന്നെ ലിബറല്‍ ജനാധിപത്യവും പ്രതിസസന്ധിയിലായി. കോവിഡ്-19 ഈ രാഷ്‌ട്രീയ, സാമ്പത്തിക വ്യവസ്ഥകളെ കൂടുതല്‍ അപകടത്തിലാക്കുകയും ചെയ്‌തു. സ്വതന്ത്ര വിപണിയുടെ ഡയനാമിക്‌സിനെ പ്രതികൂലമായി ബാധിക്കുന്ന ഒന്നായി കോവിഡ് വ്യാപനം മാറിയ സമയത്തു തന്നെ ജനാധിപത്യ വിരുദ്ധത ജീനില്‍ സൂക്ഷിക്കുന്ന തീവ്രവലതുപക്ഷ രാഷ്‌ട്രീയ ശക്തികള്‍ക്ക് കൂടുതല്‍ ആധിപത്യം പുലര്‍ത്താനുള്ള സന്ദര്‍ഭമായി അത് മാറുകയും ചെയ്‌തു. യുഎസിലും യുകെയിലും റഷ്യയിലും ഇന്ത്യയിലും ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും കാണുന്നത് സാമ്പത്തിക തളര്‍ച്ചയും ജനാധിപത്യത്തില്‍ നിന്നുള്ള അധോഗമനവും ഒരേ സമയത്ത് സംഭവിക്കുന്നതാണ്.
യഥാര്‍ത്ഥത്തില്‍ ചരിത്രത്തിന്റെ അന്ത്യമെന്ന് ഫുക്കുയാമ വിശേഷിപ്പിച്ച ആഗോള സന്ദര്‍ഭത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമായ ഒരു ലോകക്രമത്തെയാണ് കോവിഡ്-19 ന് മുമ്പ് തന്നെ നാം നേരിട്ടിരുന്നത്. വളരെ വിചിത്രവും വിരോധാഭാസങ്ങള്‍ നിറഞ്ഞതുമായ ലോകക്രമമാണ് അത്. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കാപ്പിറ്റലിസത്തിന്റെ സ്വതന്ത്ര വ്യാപാര മാതൃകയും ചൈനയിലെ കാപ്പിറ്റലിസത്തിന്റെ സര്‍ക്കാര്‍ നിയന്ത്രിത മാതൃകയും തമ്മിലുള്ള ഒരു മത്സരമാണ് കോവിഡിന് മുമ്പു തന്നെ നടന്നിരുന്നത്. ഫുക്കുയാമ മനുഷ്യസമൂഹത്തിന്റെ പ്രത്യയശസ്‌ത്രപരമായ പരിമാണത്തിന്റെ അന്ത്യമെന്ന നിലയില്‍ പാശ്ചാത്യ ലിബറല്‍ ജനാധിപത്യം സര്‍വവ്യാപിയാകുകയാണെന്ന് 1992ല്‍ പറഞ്ഞെങ്കിലും യഥാര്‍ത്ഥത്തില്‍ ലോകമെമ്പാടും സംഭവിച്ചത് അത്തരമൊരു ചതുരവടിവിലുള്ള പരിണാമമല്ല.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകുന്ന ചൈനയെ ഭരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയും അവിടെ നിലനില്‍ക്കുന്നത് സര്‍ക്കാര്‍ നിയന്ത്രിതമായ കാപ്പിറ്റലിസവുമാണ്. കമ്യൂണിസ്റ്റ് ഭരണവും കാപ്പിറ്റലിസവും മോരും മുതിരയും പോലെ ചേരാത്തതാണെന്ന ധാരണ തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ചൈന ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി മാറിയത്. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന അതേ ദശകത്തിലാണ് ചൈനയിലെ ടിയാനന്‍ മെന്‍ സ്‌ക്വയറില്‍ യുവാക്കളെ കൂട്ടക്കൊല ചെയ്‌ത് ജനങ്ങളുടെ ജനാധിപത്യ ദാഹത്തെ തങ്ങള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് ചൈന അടിവരയിട്ടു വ്യക്തമാക്കിയത്. അതിനു ശേഷം പുഴയിലൂടെ വെള്ളം ഏറെ ഒഴുകിപോയി. രാജഭരണം നിലനില്‍ക്കുന്ന രാജ്യങ്ങളിലേതു പോലെ മരണം വരെ പ്രസിഡന്റിന് തുടരാമെന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളിലൂടെ ചൈനയിലെ ഏകാധിപത്യം കൂടുതല്‍ പ്രബലമായി. അതേ സമയം തന്നെ ഏറ്റവും ഫലപ്രദമായി സ്വതന്ത്ര വിപണി സമ്പദ്‌വ്യവസ്ഥയെ സര്‍ക്കാര്‍ നിയന്ത്രണത്തിലൂടെ സാമ്പത്തിക വളര്‍ച്ചക്ക് ഉപയോഗപ്പെടുത്തുന്ന രാജ്യമായി ചൈന മാറുകയും ചെയ്‌തു.
മൂന്ന് പതിറ്റാണ്ട് മുമ്പ് ശീതസമരം എന്ന് വിളിക്കപ്പെട്ടിരുന്ന രണ്ട് ചേരികള്‍ തമ്മിലുള്ള പ്രത്യയശാസ്‌ത്രപരമായ യുദ്ധം അവസാനിച്ചത് സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ ജനങ്ങളുടെ ജനാധിപത്യ ദാഹത്തിന്റെ ഫലമെന്ന നിലയിലാണ്. ഫുക്കുയാമയുടെ ഭാഷയില്‍ പറഞ്ഞാല്‍ ചരിത്രത്തിന്റെ അന്ത്യം. പക്ഷേ ചരിത്രത്തെ നമുക്ക് അങ്ങനെ എളുപ്പം `അവസാനിപ്പിക്കാനാകില്ലെ’ന്ന് ഇന്നത്തെ ലോകത്തിന്റെ സങ്കീര്‍ണചിത്രം പിന്നെയും പിന്നെയും കാട്ടിത്തരുന്നു. രാഷ്‌ട്രീയമായി ലിബറല്‍ ജനാധിപത്യമാണ് മനുഷ്യ സമൂഹത്തിന് ഏറ്റവും സ്വീകാര്യമായ അന്തിമ മാതൃകയെങ്കില്‍ ചൈന ഇപ്പോഴും ചരിത്രത്തില്‍ ഏറെ പിറകിലാണ്. സ്വതന്ത്ര വിപണി സമ്പദ്‌വ്യവസ്ഥയാണ് ഏറ്റവും സ്വീകാര്യമായ അന്തിമ മാതൃകയെങ്കില്‍ ചൈന ഏറെ മുന്നിലുമാണ്. ജനാധിപത്യം നിലനില്‍ക്കാത്ത രാജ്യമാണ് കാപ്പിറ്റലിസത്തത്തെ സാമ്പത്തിക വളര്‍ച്ചയ്‌ക്കായി ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത്. 2050നകം യുഎസിനെ പിന്നിലാക്കി നമ്പര്‍ വണ്‍ സാമ്പത്തിക ശക്തിയായി മാറുക എന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ സര്‍ക്കാര്‍ യന്ത്രം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. പക്ഷേ കോവിഡ്-19 സൃഷ്‌ടിച്ച സവിശേഷ ആഗോള സാഹചര്യം ആ ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ വലിയ വിലങ്ങുതടികള്‍ കൊണ്ടു ചെന്നിട്ടിരിക്കുന്നു.
ചരിത്രത്തിന്റെ ഭാവി
മൂന്ന് പതിറ്റാണ്ട് മുമ്പ് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ നിലനിന്നിരുന്നതു പോലുള്ള രാഷ്ട്രീയ, സാമ്പത്തിക വടംവലിയിലേക്കാണ് ഈ കോവിഡ് കാലത്ത് യുഎസും ചൈനയും എത്തിച്ചേര്‍ന്നിരിക്കുന്നത്. സാമ്പത്തിക ശക്തിയെന്ന നിലയില്‍ അമേരിക്കയെ പിന്‍തള്ളുക എന്ന വ്യക്തമായ അജണ്ടയോടെ മുന്നോട്ടു നീങ്ങിയിരുന്ന ചൈനക്കെതിരെ ലോകം മുഴുവന്‍ ചേരി തിരിഞ്ഞുവെന്നതാണ് കോവിഡ് കാലത്തെ ഒരു പ്രധാന മാറ്റം. 2050നുള്ളില്‍ ലോകത്ത് ഒന്നാമതെത്തുക എന്ന ചൈനയുടെ ലക്ഷ്യത്തിലേക്കുള്ള വഴികള്‍ തീര്‍ത്തും ദുര്‍ഘടമായി കഴിഞ്ഞു.
കോവിഡ് പരന്ന അതേ വേഗത്തില്‍ തന്നെ ആഗോള മഹാമാരിയെ നേരിടാന്‍ കാപ്പിറ്റലിസ്റ്റ് മാതൃക സൃഷ്‌ടിച്ചെടുത്ത ആരോഗ്യ പരിരക്ഷാ സംവിധാനം മതിയാകില്ലെന്ന പൊതുബോധം എങ്ങും പടര്‍ന്നു പിടിച്ചിട്ടുണ്ട്. അത് കാപ്പിറ്റലിസത്തിന്റെ ഒരു വീഴ്‌ചയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. അതേ സമയം തന്നെ മറ്റൊരു വലിയ അപകടത്തെ ലോകം തിരിച്ചറിയുന്നുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ പരാജയത്തിന്റെ വേരുകള്‍ കിടക്കുന്നത് സമഗ്രാധിപത്യവും സര്‍ക്കാര്‍ നിര്‍മിതമായ സ്വതന്ത്ര വിപണി സമ്പദ്‌വ്യവസ്ഥയും ചേര്‍ന്ന, ലോകം 1990കള്‍ക്ക് മുമ്പ് കണ്ടിട്ടില്ലാത്ത അപകടകരമായ കോക്‌ടെയിലിലാണ്. കൊറോണയുടെ സംഹാരതാണ്‌ഡവത്തെ തടയാന്‍ കാപ്പിറ്റലിസ്റ്റ് രാജ്യങ്ങളിലെ ആരോഗ്യ പരിരക്ഷാ സംവിധാനത്തിന് സാധിച്ചില്ല എന്നത് ശരിയാണെങ്കിലും ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്താണ് രോഗം പൊട്ടിപ്പുറപ്പെട്ടിരുന്നതെങ്കില്‍ പ്രഭവസമയത്തു തന്നെ അതിന്റെ വ്യാപനത്തെ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമായിരുന്നു. പക്ഷേ ചൈനക്ക് ലോകത്തോടും തങ്ങളുടെ രാജ്യത്തിലെ ജനങ്ങളോടു തന്നെയും പലതും മറച്ചുവെക്കാനുണ്ടായിരുന്നു. അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളെ ബാധിക്കുന്ന സുതാര്യമായ ഒരു വെളിപ്പെടുത്തലിനും അവര്‍ തയാറല്ലായിരുന്നു. യഥാര്‍ത്ഥത്തില്‍ കാപ്പിറ്റലിസത്തിന്റെ പരിമിതികളേക്കാള്‍ ഏകാധിപത്യത്തിന്റെ അപകടങ്ങളാണ് കോവിഡ് കാലം വെളിപ്പെടുത്തിയത്.
ലിബറല്‍ ജനാധിപത്യം വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ സോഷ്യലിസ്റ്റ് ചിന്തകളുടെ തിരിച്ചുവരവിന്റെ സാധ്യതകള്‍ ആരായപ്പെടുന്ന ലോകസന്ദര്‍ഭത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് 2018ല്‍ ഒരു അഭിമുഖത്തില്‍ രണ്ടര പതിറ്റാണ്ട് കാലത്തെ പുതിയ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഫുക്കുയാമ പറഞ്ഞു: “ലിബറല്‍ ജനാധിപത്യത്തിനു നേരെ സാധ്യമായ ഘടനാപരമായ ഭീഷണി സോഷ്യലിസത്തിന്റേതല്ല, മറിച്ച് ചൈനയുടെ സ്റ്റേറ്റ് കാപ്പിറ്റലിസ്റ്റ് മാതൃകയുടേതാണ്. ജനാധിപത്യം തരുന്നതിനേക്കാള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ഥിരതയും വളര്‍ച്ചയും ഉറപ്പുനല്‍കാന്‍ സാധിക്കുന്നുവെന്നതിനാല്‍ തങ്ങളുടെ മാതൃകയാണ് മുന്തിയതെന്ന് ചൈനക്കാര്‍ തുറന്നു തന്നെ അവകാശപ്പെടുന്നു. അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ അവര്‍ യുഎസിനേക്കാള്‍ വലുതാകുകയും ചൈനയിലെ ആളുകള്‍ കൂടുതല്‍ ധനികരാകുകയും രാജ്യം ഒന്നിച്ചു തന്നെ നില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ അവരുടേതാണ് യഥാര്‍ത്ഥമായ വാദമെന്ന് പറയേണ്ടി വരും.”
പക്ഷേ ഇനിയത് സാധ്യമാകുക ഒട്ടും എളുപ്പമല്ല. അതൊരു യഥാര്‍ത്ഥ വാദമാണെന്ന് നമ്മെ പറയിപ്പിക്കാന്‍ ചൈനക്ക് സാധിക്കുമോയെന്ന് സംശയമാണ്. ചൈനയുടെ മേലുള്ള അമിത ആശ്രിതത്വം തങ്ങളെ അപകടകരമായ അവസ്ഥയിലേക്കാണ് എത്തിക്കുക എന്ന തിരിച്ചറിവ് (അത് കേവലം വൈകാരികം മാത്രമല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക സ്ഥിരതയുടെ കൂടി പ്രശ്‌നമാണെന്ന് ലോകരാജ്യങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു) ലോകം മുഴുവന്‍ അവരുമായുള്ള വ്യാപാരയുദ്ധത്തിലേക്ക് നീങ്ങുന്നതിനാണ് വഴിവെച്ചിരിക്കുന്നത്. യുഎസ് ലോകത്തിന് പരിചിതമാക്കിയ വ്യാപാരയുദ്ധം എന്ന വാക്ക് ഇന്ന് ലോകം മുഴുവന്‍ തങ്ങളുടെ നിഘണ്ടുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായാണ് ബാധിക്കുകയെന്നും അത് ഒഴിവാക്കപ്പെടേണ്ടതാണെന്നുമാണ് യുഎസ് ഒഴികെയുള്ള മിക്കവാറും എല്ലാ രാജ്യങ്ങളും കോവിഡിന് മുമ്പ് കരുതിയിരുന്നത്. എന്നാല്‍ കോവിഡിന്റെ വരവിനു ശേഷം ചൈനക്കെതിരായ വ്യാപാരയുദ്ധത്തിന്റെ വഴി (അത് എത്ര കാലം നിലനില്‍ക്കുമെന്ന് അറിയില്ലെന്നിരിക്കെ അതിനുള്ള വില കൊടുക്കേണ്ടി വന്നാലും) തിരഞ്ഞെടുക്കുകയാണ് ആ രാജ്യങ്ങളും ചെയ്യുന്നത്.
തീര്‍ച്ചയായും സ്വതന്ത്ര വിപണി സമ്പദ്‌വ്യവസ്ഥയുടെ പരീക്ഷണങ്ങളുടെ പുതിയ കാലമായിരിക്കും കോവിഡ് അനന്തര യുഗം. ഒപ്പം ഒരു പരിധി വരെ ഡീഗ്ലോബലൈസേഷന്റെ വഴിയേ രാജ്യങ്ങള്‍ നീങ്ങുകയും ചെയ്യുന്നതോടെ വിപണിയുടെ ചുരുക്കം സംഭവിക്കുകയും ചെയ്യും. നേരത്തെ തുറന്നിട്ട പല വാതായനങ്ങളും നാം മന:പൂര്‍വം അടക്കാന്‍ ഒരുങ്ങുകയാണ്. അതിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഫലസാധ്യതയെ കുറിച്ച് നമുക്ക് ഇപ്പോള്‍ വലിയ തിട്ടമൊന്നുമില്ല. എങ്കിലും അമിത വളര്‍ച്ചയെ കുറിച്ചുള്ള അതിമോഹങ്ങള്‍ മാറ്റിവെക്കുകയും സാമ്പത്തിക മാന്ദ്യവും വ്യാപാരയുദ്ധവും ആരോഗ്യകരമായ ഒരു തിരുത്തലിന്റെ ഘട്ടമായി കാണുകയും ചെയ്യുകയാണ് ശുഭാപ്‌തിവിശ്വാസത്തോടെ നമുക്ക് ചെയ്യാവുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.