തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവരും ഒരു പോലെ ശ്രദ്ധിക്കേണ്ടതാണ്. പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല. ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ പ്രളയത്തിലും നിരവധി പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ ശക്തമായ ഡോക്‌സിസൈക്ലിന്‍ ക്യാമ്പയിനിലൂടെ രോഗനിയന്ത്രണത്തിന് സാധിച്ചു. ഇത്തവണയും എലിപ്പനി ഭീഷണിയാകാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍കണ്ട് ആരോഗ്യ വകുപ്പ് ഡോക്‌സി ക്യാമ്പനുകള്‍ സംഘടിപ്പിച്ചു വരുന്നു. മലിന ജലത്തിലിറങ്ങുന്ന എല്ലാവരും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എലിപ്പനിക്കെതിരായ സൗജന്യ ചികിത്സ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
എന്താണ് എലിപ്പനി?
ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.
രോഗവ്യാപനം
കെട്ടിനില്‍ക്കുന്ന മഴ വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മറ്റ് മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യതയേറെയുള്ളത്. രോഗവാഹകരായ എലി, പട്ടി, കന്നുകാലികള്‍, പന്നി എന്നിവയുടെ വിസര്‍ജ്യം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കലരുന്നു. ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നവരുടെ ശരീരത്തിലെ ശ്ലേഷ്മ സ്തരങ്ങളിലൂടെയും മുറിവിലൂടെയും എലിപ്പനിയുടെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാണ് എലിപ്പനിയുണ്ടാകുന്നത്.
രോഗ ലക്ഷണങ്ങള്‍
പനി, പേശി വേദന (കാല്‍ വണ്ണയിലെ പേശികളില്‍) തലവേദന, നടുവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ പൂര്‍ണമായും ഭേദമാക്കാവുന്നതാണ്.
ആരംഭത്തില്‍ ചികിത്സ തേടാതിരുന്നാല്‍?
ആരംഭത്തില്‍ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും. അതിനാല്‍ തന്നെ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം.
പ്രധാന പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍
കെട്ടിനില്‍ക്കുന്ന മലിന ജലത്തിലും മീന്‍ പിടിക്കുന്നതായി പാടത്തും കുളത്തിലും പാറക്കെട്ടുകളിലുള്ള വെള്ളക്കെട്ടിലും ജലസംഭരണികളിലും ഇറങ്ങുന്നത് എലിപ്പനിക്ക് കാരണമാകാം. ഇത്തരത്തില്‍ സമ്പര്‍ക്കം ഉണ്ടായാല്‍ സോപ്പ് ഉപയോഗിച്ച് ശരീരം വൃത്തിയായി കഴുകുകയും ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ 100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക ആഴ്ചയില്‍ ഒരിക്കല്‍ വീതം കഴിക്കേണ്ടതുമാണ്. കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കമുള്ള കാലമത്രയും ഇത് തുടരേണ്ടതാണ്.
എലി മൂത്രം കലര്‍ന്ന് മലിനമായ ആഹാരം കഴിച്ചാലും എലിപ്പനി രോഗം ബാധിക്കാം. അതിനാല്‍ ആഹാരപദാര്‍ഥങ്ങള്‍ അടച്ചു സൂക്ഷിക്കുകയും തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കാനുപയോഗിക്കുകയും വേണം.
മീന്‍ പിടിക്കുന്നതായി വെള്ളക്കെട്ടുകളില്‍ ഇറങ്ങരുത്.
ഓടകളും കനാലുകളും വൃത്തിയാക്കുന്നവര്‍, പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.
ഒഴുക്കില്ലാതെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ, കൈകാലുകള്‍ കഴുകുകയോ അരുത്. വെള്ളത്തില്‍ ഇറങ്ങേണ്ട സാഹചര്യമുണ്ടായാല്‍ കട്ടിയുള്ള കൈയുറ, കാലുറ (ഗംബൂട്ട് ) എന്നിവ ധരിക്കേണ്ടതാണ്.
കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കത്തില്‍ വന്നതിനുശേഷം പനി, ശരീരവേദന, തലവേദന, കണ്ണിന് ചുവപ്പ്, മൂത്രത്തിന് മഞ്ഞനിറം, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തി എലിപ്പനിയ്‌ക്കെതിരെ ചികിത്സ ലഭ്യമാക്കേണ്ടതാണ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.