ഗള്‍ഫ് ഇന്ത്യന്‍സ്.കോം
സാമ്പത്തിക വളര്‍ച്ചയില്‍ ചൈനയെ മുട്ടു കുത്തിക്കുന്നതിന്റെ വര്‍ത്തമാനങ്ങള്‍ തല്‍ക്കാലം നിര്‍ത്തി ബംഗ്ലാദേശിനെ മറികടക്കാനുള്ള മാര്‍ഗം നോക്കുകയാണ് ഇന്ത്യയുടെ മുന്നിലുള്ള അടിയന്തരം വെല്ലുവിളിയെന്ന് പറഞ്ഞാല്‍ കാവിപ്പട കോപിക്കില്ലെന്നു കരുതാം. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള സാമ്പത്തിക ദിനപത്രത്തിന്റെ മൂന്നു ദിവസം മുമ്പുള്ള പ്രധാന തലക്കെട്ടും സമാനമായിരുന്നു. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) കഴിഞ്ഞയാഴ്ച പുറത്തുവിട്ട ലോക സാമ്പത്തിക വീക്ഷണ റിപോര്‍ട്ടിലെ വിലയിരുത്തലാണ് ഇന്ത്യ-ബംഗ്ലദേശ് മത്സരത്തിനുള്ള കളമൊരുക്കിയത്. 2020-ല്‍ ബംഗ്ലാദേശിന്റെ ആളോഹരി ആഭ്യന്തരോല്‍പ്പാദനം നാലു ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി 1,888 ഡോളറിലെത്തുമ്പോള്‍ ഇന്ത്യയുടെ ആളോഹരി ആഭ്യന്തരോല്‍പ്പാദനം 10.5 ശതമാനം കുറഞ്ഞ് 1,877 ഡോളറിലെത്തുമെന്ന് ഐ.എം.എഫ് പറയുന്നു. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തെ മൊത്തം ജനസംഖ്യ കൊണ്ടു ഹരിക്കുമ്പോള്‍ ലഭിക്കുന്നതാണ് ആളോഹരി ആഭ്യന്തരോല്‍പ്പാദനം. വിവിധ രാജ്യങ്ങളിലെ ജീവിത നിലവാരം താരതമ്യം ചെയ്യുവാന്‍ കൂടുതലായി ആശ്രയിക്കുന്നത് ആളോഹരി ആഭ്യന്തരോല്‍പ്പാദനത്തിന്റെ നിരക്കാണ്. കഴിഞ്ഞ മൂന്നു ദശകങ്ങളായി ഇന്ത്യ പിന്തുടരുന്ന നവലിബറല്‍ നയങ്ങളുടെ വക്താക്കളായ സാമ്പത്തിക പണ്ഠിതരെ ഞെട്ടിപ്പിക്കുന്നതാണ് ബംഗ്ലദേശ് ഇന്ത്യയെ പിന്നിലാക്കുമെന്ന വിവരം. ഈ പിന്നോട്ടടിക്ക് ഉചിതമായ വിശദീകരണം കണ്ടെത്തുവാന്‍ അവര്‍ ബുദ്ധിമുട്ടുകയാണ്. കറ കളഞ്ഞ നവലിബറല്‍ വാദികളല്ലാത്ത സാമ്പത്തിക പണ്ഠിതര്‍ക്കും ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ വ്യസനമുളവാക്കുന്നു.
ലോക ബാങ്കിന്റെ മുന്‍ ചീഫ് എക്കണോമിസ്റ്റായിരുന്ന കൗശിക് ബാസുവിന്റെ അഭിപ്രായത്തില്‍ ഏതൊരു വികസ്വര രാജ്യവും നന്നാവുന്നത് നല്ല കാര്യമാണ്. എന്നാല്‍ അഞ്ചു കൊല്ലം മുമ്പുവരെ ബംഗ്ലദേശുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മുന്നിലായിരുന്ന ഇന്ത്യ പിന്നിലാവുകയെന്നത് ഞെട്ടലുളവാക്കുന്ന സംഗതിയാണ്. അഞ്ചുകൊല്ലം മുമ്പുവരെ ആളോഹരി ആഭ്യന്തരോല്‍പ്പാദനത്തില്‍ ഇന്ത്യ ബംഗ്ലദേശിനെക്കാള്‍ 40 ശതമാനം മുന്നിലായിരുന്നു. ഐഎംഎഫിന്റെ റിപോര്‍ട് അനുസരിച്ച് ബംഗ്ലദേശിന്റെ ആളോഹരി ആഭ്യന്തരോല്‍പ്പാദനം കഴിഞ്ഞ അഞ്ചു വര്‍ഷമായി 9.1 ശതമാനം വാര്‍ഷിക വളര്‍ച്ച (സിഎജിആര്‍) രേഖപ്പെടുത്തുന്നു. അതേ കാലയളവില്‍ ഇന്ത്യയുടെ സിഎജിആര്‍ 3.2 ശതമാനം വളര്‍ച്ച മാത്രമാണ് കൈവരിക്കുന്നത്. വര്‍ദ്ധച്ച കയറ്റുമതിയും, ഉയര്‍ന്ന സമ്പാദ്യവും, നിക്ഷേപവുമാണ് ബംഗ്ലാദേശിന്റെ വളര്‍ച്ചയുടെ രഹസ്യം.
ഇന്ത്യയുടെ സാമ്പത്തിക മേഖല നേരിടുന്ന പ്രതിസന്ധിക്കു കാരണം കോവിഡ് മഹാമാരിയാണെന്ന് പറഞ്ഞൊഴിയാന്‍ എളുപ്പമല്ലെന്ന് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നു. മഹാമാരിയുടെ വ്യാപനത്തിനു മുമ്പുതന്നെ ദുര്‍ബലാവസ്ഥയിലെത്തിയ സാമ്പത്തിക മേഖല കോവിഡിന്റെ വ്യാപത്തോടെ രൂക്ഷമായെന്നു മാത്രം. നോട്ടു നിരോധനവും, ജിഎസ്ടി-യും സൃഷ്ടിച്ച മുരടിപ്പ് കോവിഡ് പാരമ്യത്തിലെത്തിച്ചതോടെ കഴിഞ്ഞ മൂന്നു ദശകങ്ങളായി പിന്തുടരുന്ന നവലിബറല്‍ വികസന മാതൃകയുടെ കാര്യക്ഷമത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. നിക്ഷേപ മേഖലയില്‍ സര്‍ക്കാര്‍ മുതല്‍മുടക്കിനെ നിരന്തരം അപഹസിച്ചിരുന്ന സ്വാമിനാഥന്‍ അയ്യരെ പോലുള്ള സാമ്പത്തിക പത്രപ്രവര്‍ത്തകര്‍ സാമ്പത്തിക മേഖല മുന്നോട്ടു നീങ്ങണമെങ്കില്‍ സര്‍ക്കാര്‍ നിക്ഷേപം അനിവാര്യമാണെന്നു ആണയിടുന്ന വിചിത്ര സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മോദി സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ അപര്യാപ്തമാണെന്നും കുറഞ്ഞത് ജിഡിപി-യുടെ 4-5 ശതമാനമെങ്കിലും ഉത്തേജനത്തിനായി മാറ്റിവെക്കണമെന്നും അദ്ദേഹം വാദിക്കുന്നു.
2014-ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയതു മുതല്‍ വികസനത്തിന്റെ പേരില്‍ നടത്തുന്ന സംഘടിതവും, ആസൂത്രിതവുമായ അവകാശവാദങ്ങളുടെയും, പ്രചാരണ കോലാഹലങ്ങളുടെയും മുന ഒടിക്കുന്നതാണ് ഐഎംഎഫി-ന്റെ റിപോര്‍ട്. 2021-ല്‍ പൂര്‍വ്വാധികം ശക്തിയോടെ ഇന്ത്യ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലേക്കു തിരിച്ചു വരുമെന്ന ഐഎംഎഫി-ന്റെ തന്നെ വിലയിരുത്തല്‍ മാത്രമാണ് മോഡി ഭക്തരുടെ ഏക ആശ്വാസം. 2021-ല്‍ ഇന്ത്യയുടെ ആളോഹരി ആഭ്യന്തരോല്‍പ്പാദനം 8.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 2030 ഡോളറിലെത്തുമ്പോള്‍ ബംഗ്ലദേശിന്റെ ആളോഹരി ആഭ്യന്തരോല്‍പ്പാദനം 5.4 ശതമാനം വളര്‍ച്ചയുമായി 1,990 ഡോളര്‍ എത്തുമെന്നാണ് ഐഎംഎഫി-ന്റെ അനുമാനം. ഏതായാലും ഇപ്പോഴത്തെ സ്ഥിതിയില്‍ 2021-ല്‍ ബംഗ്ലാദേശിനെ മറികടന്നതിനു ശേഷം ചൈനയെ മുട്ടു കുത്തിക്കുന്നതല്ലേ ബുദ്ധി എന്നു ആരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.