Opinion

ഗവര്‍ണറുടെ അമിതാധികാര പ്രകടനം അപകടകരം

 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കേരളത്തിന്റെ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തതിനു ശേഷം ഒന്നിലേറെ തവണയാണ് ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടിയത്. തര്‍ക്കങ്ങളെല്ലാം കേന്ദ്ര നയങ്ങളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ അടിയന്തിര നിയമസഭാ സമ്മേളനം വിളിക്കുന്നതിന് അനുമതി നല്‍കാതിരുന്ന ഗവര്‍ണര്‍ മറ്റൊരിക്കല്‍ കൂടി രാജാവിനേക്കാള്‍ വലിയ രാജഭക്തി പ്രകടിപ്പിക്കും വിധം ബിജെപിയുടെ വിനീതദാസന്റെ വേഷം അണിയുകയാണ് ചെയ്തത്.

ഒരു തരത്തിലുള്ള ജനപ്രാതിനിധ്യവുമില്ലാത്ത, കേവലം റബ്ബര്‍ സ്റ്റാമ്പിന്റെ മാത്രം ചുമതലയുള്ള ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട് ഇടയുന്നത് ആ പദവിയുടെ ഭരണഘടന അനുശാസിക്കുന്ന പരിമിതി മാനിക്കാത്തതു കൊണ്ടാണ്. അടിയന്തിര നിയമസഭാ സമ്മേളനം വിളിക്കുന്നതിന് ഗവര്‍ണര്‍ അനുമതി നല്‍കാതിരുന്ന നടപടിയെ അതുകൊണ്ടുതന്നെ ഭരണഘടനാ വിരുദ്ധമെന്നേ വിശേഷിപ്പിക്കാനാകൂ. പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുള്ള വിവാദത്തിന്റെ സമയത്ത് ഭരണഘടനയെ സംരക്ഷിക്കേണ്ടത് തന്റെ ബാധ്യതയാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ അടിയന്തിരമായി നിയമസഭാ യോഗം ചേരാന്‍ തീരുമാനിച്ചപ്പോള്‍ അതിന് അനുമതി നല്‍കാതിരിക്കുന്നതിലൂടെ തന്റെ ഭരണഘടനാപരമായ ചുമതല നിറവേറ്റാതിരിക്കുകയും ഭരണഘടന നല്‍കാത്ത അധികാരങ്ങള്‍ തനിക്കുണ്ടെന്ന് നടിക്കുകയും ചെയ്യുകയാണ് അദ്ദേഹം ചെയ്യുന്നത്.

പൗരത്വ നിയമ ഭേദഗതിയോടുള്ള നിലപാടിന്റെ പേരില്‍ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരുമായി പരസ്യമായി ഇടയുകയും പരസ്യപ്രസ്താവനകള്‍ തുടര്‍ച്ചയായി നടത്തുകയും ചെയ്തിരുന്നെങ്കിലും ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനായി അടിയന്തിര നിയമസഭാ സമ്മേളനം വിളിക്കാന്‍ അനുമതി നല്‍കിയിരുന്നു. അന്ന് ബാധകമല്ലാതിരുന്ന യുക്തിയാണ് കാര്‍ഷിക നിയമത്തിനെതിരെ കേരളത്തിന് പ്രമേയം പാസാക്കേണ്ട കാര്യമെന്ത് എന്ന ചോദ്യത്തിലൂടെ അദ്ദേഹം ഉന്നയിക്കുന്നത്. കാര്‍ഷിക നിയമത്തിനെതിരെ പഞ്ചാബും രാജസ്ഥാനും നിയമങ്ങള്‍ കൊണ്ടുവന്നപ്പോള്‍ അവിടുത്തെ ഗവര്‍ണര്‍മാര്‍ യാതൊരു തര്‍ക്കവും ഉന്നയിച്ചില്ല എന്ന വസ്തുതയും ആരിഫ് മുഹമ്മദ് ഖാന്‍ അവഗണിക്കുകയാണ് ചെയ്തത്. ആമുഖത്തില്‍ പറഞ്ഞതു പോലെ രാജാവിനേക്കാള്‍ വലിയ രാജഭക്തി പ്രകടിപ്പിക്കുന്ന തരം താണ പ്രവൃത്തിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ ഗവര്‍ണറായി സ്ഥാനമേറ്റതിനു ശേഷം തുടര്‍ച്ചയായി സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍ഗാമിയായ പി.സദാശിവവും സംസ്ഥാന സര്‍ക്കാരുമായി ചില വിയോജിപ്പുകള്‍ രേഖപ്പെടുത്തിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ആരിഫ് മുഹമ്മദ് ഖാനെ പോലെ തീര്‍ത്തും യുക്തിഹീനമായ നിലപാടിലേക്ക് എത്തിയിരുന്നില്ല.

ദീര്‍ഘമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭൂതകാലമുള്ളയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. ജനതാ പാര്‍ട്ടിയില്‍ തുടങ്ങിയ അദ്ദേഹം പിന്നീട് കോണ്‍ഗ്രസിലെത്തി. രാജീവ്ഗാന്ധി മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്ന അദ്ദേഹം കോണ്‍ഗ്രസുമായി പിരിയുന്നത് ഷബാനു കേസിലെ സുപ്രിം കോടതിയുടെ വിധിയെ മറികടക്കാനായി മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കും വിധം രാജീവ്ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന്റെ പേരിലാണ്. മുത്തലാഖിനെ ശക്തമായി വിമര്‍ശിച്ചിരുന്ന അദ്ദേഹം മുസ്ലിം മതത്തിലെ പരിഷ്‌കരണത്തിനായാണ് നിലകൊണ്ടിരുന്നത്. വി.പി.സിംഗിനൊപ്പം കോണ്‍ഗ്രസ് വിട്ട അദ്ദേഹം പിന്നീട് ബിഎസ്പിയിലും പ്രവര്‍ത്തിച്ചു.

മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും പിന്നോക്ക ജാതികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം നിലകൊണ്ടും പ്രവര്‍ത്തിച്ച ഒരാളാണ് സംഘ്പരിവാറിന്റെ പാളയത്തിലെത്തുകയും ന്യൂനപക്ഷ വിരുദ്ധവും കര്‍ഷക വിരുദ്ധവുമായ നയങ്ങളുടെ വക്താവായി മാറുകയും ചെയ്തത് എന്നത് നിര്‍ഭാഗ്യകരമാണ്. മതതേര നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന കോണ്‍ഗ്രസിന്റെ നയങ്ങളോട് കലഹിച്ച് മന്ത്രിസ്ഥാനം ഉപേക്ഷിച്ച ഒരാള്‍ ഇന്ന് മതേതരത്വത്തെ തകര്‍ക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഹിന്ദുവര്‍ഗീയവാദികളുമായി കൈകോര്‍ക്കുകയും അവര്‍ കല്‍പ്പിച്ചു നല്‍കിയ സ്ഥാനത്തിരുന്ന് ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്ന് പോലും ഭാവിക്കുകയും ചെയ്യുന്നത് തികഞ്ഞ വിരോധാഭാസമാണ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.