Features

ഹിന്ദുത്വരഥം തടുക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിനാകുമോ?

ഐ ഗോപിനാഥ്
1925ല്‍ പ്രഖ്യാപിച്ച തങ്ങളുടെ രാഷ്ട്രീയ അജണ്ടയിലേക്ക് സംഘപരിവാര്‍ ശക്തികള്‍ കൂടുതല്‍ കൂടുതലായി അടുക്കുകയാണ്. പരമാവധി നൂറുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണല്ലോ അവരുടെ അജണ്ട. അതിനിനിയുള്ളത് 5 വര്‍ഷം മാത്രം. ജനാധിപത്യ – മതേതര ശക്തികളില്‍ നിന്ന് ശക്തമായ പ്രതിരോധമുയര്‍ന്നില്ലെങ്കില്‍ ഗാന്ധിജിയും അംബേദ്കറുമടക്കമുള്ളവര്‍ ഭയപ്പെട്ടതുതന്നെ സംഭവിക്കാം. അതിന്റെ ശക്തമായ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളിലെ രണ്ടു സംഭവങ്ങള്‍ നല്‍കുന്നത്. ഒന്ന് ബാബറി മസ്ജിദ് മായി ബന്ധപ്പെട്ട കോടതിവിധി, രണ്ട് യുപിയില്‍ വീണ്ടും നടന്ന ദളിത് പെണ്‍കുട്ടിയുടെ കൂട്ടബലാല്‍സംഗവും ക്രൂരമായ കൊലപാതകവും.

ബാബറി മസ്ജിദുമായി ബന്ധപ്പെട്ട വിധി കേട്ട് ഉള്ളിലെങ്കിലും ചിരിക്കാത്ത സംഘപരിവാറുകാര്‍ പോലും ഉണ്ടാകില്ല. അതേകുറിച്ചുള്ള എത്രയോ വിശദീകരണങ്ങള്‍ വീണ്ടും വന്നുകഴിഞ്ഞതിനാല്‍ ആവര്‍ത്തിക്കുന്നില്ല. ലോകം മുഴുവന്‍ കാണുകയും ബോധ്യപ്പെടുകയും ചെയ്ത ഒരു സംഭവത്തെ ഇല്ല എന്ന് കോടതി പറയുമ്പോള്‍ ചിരിക്കാതിരിക്കാനാവുമോ? എന്നാല്‍ ചിരിക്കേണ്ട ഒരു വിഷയമല്ല ഇത്. എല്ലാ ഭരണകൂടസ്ഥാപനങ്ങളേയും കയ്യടക്കിയ സംഘപരിവാര്‍ ശക്തികള്‍ കോടതികളേയും കൈപിടിയിലൊതുക്കിയിരിക്കുന്നു എന്നതിന്റെ പ്രഖ്യാപനം കൂടിയാണ് ഈ വിധി. തങ്ങളുടെ ലക്ഷ്യത്തിന്റെ ഭാഗമായി രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിരവധി നിയമങ്ങള്‍ പാസാക്കിയല്ലോ. ഒരു ജനാധിപത്യ മതേതര സംവിധാനത്തിനു ഒരിക്കലും യോജിക്കാത്ത രീതിയിലായിരുന്നു അവ പാസാക്കിയത്. അവക്കെതിരെ ജനാധിപത്യപരമായും സമാധാനപരമായും പ്രതികരിച്ചവരെയെല്ലാം കള്ളകേസുകളില്‍ കുടുക്കി തുറുങ്കിലടക്കുന്ന പ്രക്രിയ തുടരുകയാണ്. അതിനിടയിലാണ് ഗന്ധിവധത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണ ത്തെ കോടതിവഴി വെള്ള പൂശിയെടുക്കാന്‍ ഇതേ ശക്തികള്‍ക്ക് കഴിഞ്ഞത്.

മറുവശത്ത് ഒരു കാഷായവേഷധാരിയുടെ നേതൃത്വത്തില്‍ ഇതേശക്തികള്‍ ഭരിക്കുന്ന ഇതേ യുപിയില്‍ പെണ്‍കുട്ടികള്‍ നിരന്തരമായി കൂട്ടബലാല്‍സംഗങ്ങള്‍ക്കിരയാകുന്നു. പിന്നീട് കണ്ണു ചൂഴ്‌ന്നൈടുക്കുന്നു. നാവു പിഴുതെടുക്കുന്നു. ക്രൂരമായി കൊല ചെയ്യുന്നു. എന്നാലിത് ലിംഗവിവേചനത്തിന്റെ മാത്രം വിഷയമല്ല എന്നതാണ് ശ്രദ്ധേയം. ആദിവാസി ദളിത് വിഭാഗങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളാണ് അക്രമിക്കപ്പെടുന്നത്. അക്രമിക്കുന്നതാകട്ടെ സവര്‍ണ്ണ ജാതിഭ്രാന്തന്മാരും. ആസൂത്രിതവും സംഘടിതവുമായ ക്രൂരകൃത്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ട് എന്നതാണ് അതിലേറ്റവും പ്രധാനം. സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ പ്രമുഖ നേതാക്കള്‍ പോലും ഇത്തരം സംഭവങ്ങളില്‍ പ്രതികളായിരുന്നു. കോടതിയില്‍ കേസെത്തുമ്പോള്‍ ഇരയുടെ വീട്ടുകാരേയും സാക്ഷികളേയും മറ്റും കൊന്നുകളയാനും ഇവര്‍ മടിക്കുന്നില്ല. ഭരണകൂടം ഇതിനെല്ലാം എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നു. ഇപ്പോഴത്തെ സംഭവത്തില്‍ തന്നെ വീട്ടുകാരുടെ സമ്മതമില്ലാതെ അര്‍ദ്ധരാത്രിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. പെണ്‍കുട്ടിയുടെ വീട് സായുധപോലീസ് വളഞ്ഞിരിക്കുന്നു. അവിടേക്ക് ആരെങ്കിലും വരാനോ പുറത്തുപോകാനോ സമ്മതിക്കുന്നില്ല. പോലീസ് മാത്രമല്ല, ജില്ലാ മജിസ്‌ട്രേറ്റ്‌പോലും വീട്ടുകാരെ ഭീഷണിപ്പെടുത്തുന്നു. അതിന്റെയെല്ലാം തുടര്‍ച്ചയാണ് രാഹുല്‍ ഗാന്ധിയെപോലുള്ള ഒരു നേതാവിനെ സാധാരണ പോലീസുകാര്‍ കയ്യേറ്റം ചെയ്യുകയും അറസ്റ്റു ചെയ്യുകയും ചെയ്തത്.

തീര്‍ച്ചയായും ഇവ ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരായി നടന്ന ഒറ്റപ്പെട്ട അക്രമങ്ങളല്ല. മറിച്ച് കൃത്യമായ അജണ്ടയുടെ തുടര്‍ച്ചയാണെന്നു വ്യക്തം. 100 വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ രാഷ്ട്രം സ്ഥാപിക്കുമെന്ന് 1925ല്‍ പ്രതിജ്ഞയെടുത്തവര്‍ ലക്ഷ്യത്തോട് അടുക്കുകയാണ്. അതിന്റെ ഭാഗമാണ് രണ്ടാം മോദി സര്‍ക്കാര്‍ വന്നതിനു ശേഷം കൊണ്ടുവന്ന നിരവധി നിയമങ്ങള്‍. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പൗരത്വഭേദഗതിയും പുതിയ വിദ്യാഭ്യാസനയവുമൊക്കെ ഉദാഹരണങ്ങള്‍. ലക്ഷ്യം നേടാനുള്ള യാത്രയില്‍ അവര്‍ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് ഈ വിഭാഗങ്ങളെയാണല്ലോ. തങ്ങള്‍ക്കേറ്റവും ഭീഷണിയായ ഇന്ത്യന്‍ ഭരണഘടനക്കുപകരം അവര്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന മനുസ്മൃതിയുടെ നിര്‍ദ്ദേശങ്ങളാണ് വാസ്തവത്തില്‍ നടപ്പാക്കപ്പെടുന്നത്.

വളരെ ഗുരുതരമായ ഒരു രാഷ്ട്രീയസാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത് എന്നതിനു നിദാനമാണ് ഈ സംഭവങ്ങള്‍. നിരവധി ഭാഷകളും മതങ്ങളും ജാതികളും സംസ്‌കാരങ്ങളും ഉള്‍ക്കൊള്ളുന്ന, ഇത്രയും വൈവിധ്യമാര്‍ന്ന രാജ്യത്തു ഒരു പരിധിവരെയെങ്കിലും നിലനില്‍ക്കുന്ന പാര്‍ലിമെന്ററി ജനാധിപത്യവും മതേതരത്വവും തികഞ്ഞ ഭീഷണിയാണ് നേരിടുന്നത്. ഗാന്ധിജയന്തിക്കു തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണല്ലോ ആരംഭത്തില്‍ സൂചിപ്പിച്ച സംഭവങ്ങള്‍ നടന്നത്.
വാസ്തവത്തില്‍ ഗാന്ധിയില്ലായിരുന്നെങ്കില്‍ സ്വതന്ത്ര്യസമരത്തിനുശേഷം തന്നെ സംഘപരിവാര്‍ ലക്ഷ്യമിടുന്ന രാഷ്ട്രം രൂപപ്പെടുമായിരുന്നു. താനൊരു സനാതന ഹിന്ദുവാണെന്നു പറഞ്ഞ ഗാന്ധി തന്നെയായിരുന്നു അതിനു തടസ്സം നിന്നത്. ഒരു ഹിന്ദുപാര്‍ട്ടിയാകുമായിരുന്ന കോണ്‍ഗ്രസ്സിനെ ഒരു പരിധിവരെയെങ്കിലും മതേതരപാര്‍ട്ടിയാക്കി മാറ്റിയത് ഗാന്ധിയായിരുന്നു.
വര്‍ണ്ണാശ്രമവ്യവസ്ഥയില്‍ വിശ്വസിച്ചിരുന്ന ഗാന്ധിയെ അംബേദ്കറും അംബേദ്കറൈറ്റുകളും വിമര്‍ശിക്കുന്നത് ന്യായമാണ്. അപ്പോഴും വര്‍ഗ്ഗീയവാദികളുടെ കണ്ണിലെ കരടായിരുന്നു ഗാന്ധി. അതിനാല്‍ തന്നെയായിരുന്നു അദ്ദേഹം വധിക്കപ്പെട്ടത്.

ഗാന്ധിവധം വര്‍ഗ്ഗീയവാദികളുടെ അധികാരത്തിലെത്തുന്നതിനെ പതിറ്റാണ്ടുകള്‍ വൈകിപ്പിച്ചു. പിന്നീടവരുടെ തിരിച്ചുവരവ് തുടക്കമിട്ടത് അടിയന്തരാവസ്ഥാവിരുദ്ധ പ്രക്ഷോഭത്തിലൂടെയായിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കലും തുടര്‍ന്നു നടന്ന ഗുജറാത്തടക്കമുള്ള കൂട്ടക്കൊലകളും ബീഫിന്‍േയും ശ്രീരാംവിളിയുടേയും മറ്റും പേരിലുള്ള അറുംകൊലകളും മറ്റും അവരെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് സമകാലിക ചരിത്രം.
മണ്ഡല്‍ കമ്മീഷനുപോലും അതിനെ പ്രതിരോധിക്കാനായില്ല. ആ മുന്നേറ്റത്തിന്റെ ഭാഗം തന്നെയാണ് പോയവാരത്തില്‍ സംഭവിച്ച ഈ സംഭവങ്ങളും എന്നാണ് മനസ്സിലാക്കേണ്ടത്. എന്നാല്‍ മാത്രമേ അതിനെ പ്രതിരോധിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനെങ്കിലുമാകൂ. എന്നാല്‍ പഴയ. അദ്വാനിയുടെ രഥയാത്രയെ പ്രതിരോധിക്കാന്‍ ഒരു ലാലുപ്രസാദ് യാദവെങ്കിലുമുണ്ടായിരുന്നു. എന്നാല്‍ ഇന്നാരെങ്കിലുമുണ്ടോ എന്നതാണ് ചോദ്യം.

സ്വഭാവികമായും ഉയര്‍ന്നു വരുന്ന ഒരു പേര് രാഹുല്‍ ഗാന്ധിയുടെ തന്നെ. തീര്‍ച്ചയായും രാജ്യത്തെ ഈയവസ്ഥയിലെത്തിച്ചതില്‍ കോണ്‍ഗ്രസ്സിനും പങ്കുണ്ടെന്നത് യാഥാര്‍ത്ഥ്യം. സ്വാതന്ത്ര്യസമരകാലത്തുതന്നെ അത്തരമൊരു ധാര കോണ്‍ഗ്രസ്സിലുണ്ടായിരുന്നല്ലോ. പൂനാപാക്ടില്‍ ഗാന്ധിപോലും സ്വീകരിച്ച നിലപാട് ഇപ്പോഴും ദളിതുകള്‍ അംഗീകരിക്കുന്നില്ലല്ലോ. ബാബറി മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിച്ചതു കോണ്‍ഗ്രസ്് ഭരണകാലത്തായിരുന്നു. ഇന്ദിരാഗാന്ധിയുടെ വധത്തോടെ വടക്കെ ഇന്ത്യയിലാഞ്ഞടിച്ച സിക്കുവിരുദ്ധകലാപത്തില്‍ ഹൈന്ദവവികാരം വ്യാപകമായി ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് അധികാരത്തിലെത്തിയ രാജീവ്ഗാന്ധി പല ഹിന്ദുപ്രീണന നയങ്ങളും നടപ്പാക്കി. ബാബറി മസ്ജിദിലെ രാമവിഗ്രഹം പ്രാര്‍ത്ഥനക്കായി തുറന്നു കൊടുത്തത് ഉദാഹരണം. രാജ്യമെങ്ങും രാമസങ്കല്‍പ്പം വ്യാപിപ്പിച്ച രാമായണം സീരിയല്‍ ആരംഭിച്ചതും കോണ്‍ഗ്രസ്സ് കാലത്തുതന്നെ. വാസ്തവത്തില്‍ ഹിന്ദുത്വപ്രീണനത്തിനായി ബിജെപിയും കോണ്‍ഗ്രസ്സും മത്സരിക്കുകയായിരുന്നു. ബാബറി മസ്ജിദോടെ അക്കാര്യത്തില്‍ ബിജെപി കോണ്‍ഗ്രസ്സിനെ കടത്തിവെട്ടുകയായിരുന്നു. അതോടെ ഹിന്ദുത്വം രാഷ്ട്രീയശക്തിയായി മാറുകയും ചെയ്തു. ഇന്നവര്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലാണ്. ഒപ്പം അന്തിമലക്ഷ്യം നേടാനുള്ള തന്ത്രങ്ങളിലുമാണ്. അന്തിമ നിമിഷങ്ങളിലും അതിനെ പ്രതിരോധിക്കാന്‍ ജനാധിപത്യ, മതേതരവാദികള്‍ക്കാകുമോ എന്നതു തന്നെയാണ് ചോദ്യം.

രാഹുല്‍ ഗാന്ധിയിലേക്ക് തിരിച്ചുവരാം. നെഹ്്‌റു കുടുംബത്തിന്റെ പാരമ്പര്യത്തില്‍ തന്നെയാണ് അദ്ദേഹം നേതൃത്വത്തില്‍ വന്നതെങ്കിലും തനതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന, ജനാധിപത്യത്തിലും മതേതരത്വത്തിലും സാമൂഹ്യനീതിയിലും അടിയുറച്ചു വിശ്വസിക്കുന്ന നേതാവാണദ്ദേഹം. പരമ്പരാഗത നേതാക്കളില്‍ നിന്നുള്ള വ്യത്യസ്ഥമായ ശൈലികളെ വിമര്‍ശിക്കുകയല്ല, പിന്തുണക്കുകയാണ് നാം വേണ്ടത്. ഇന്ത്യക്കിന്നാവശ്യം അത്തരം വ്യത്യസ്ഥമുഖമാണ്. നെഞ്ചളവിന്റേതല്ല, വിനയത്തിന്റെ വലുപ്പമാണ് ആധുനികകാല ജനാധിപത്യം ആവശ്യപ്പെടുന്നത്. ആ ദിശയില്‍ എന്തെങ്കിലും സാധ്യതയുള്ളത് രാഹുല്‍ മാത്രമാണ്. മാത്രമല്ല, യുവത്വത്തിന്റെ വിചാരങ്ങള്‍ ഒരുപരിധി വരെയെങ്കിലും സ്വാശീകരിക്കാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. അപ്പോഴും ഇനിയും കാര്യമായി മാറിയിട്ടില്ലാത്ത കോണ്‍ഗ്രസ്സിനെ തന്റെ വഴിയിലൂടെ നയിക്കാന്‍ അദ്ദേഹത്തിനാകുമോ എന്ന ചോദ്യം പ്രസക്തമാണ്. അതത്ര എളുപ്പമല്ല പക്ഷെ മറ്റൊരു സാധ്യത നമ്മുടെ മുന്നിലില്ല.

ജനാധിപത്യത്തിലും ഇന്ത്യന്‍ ഭരണഘടനയിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെയും ശക്തനായ നേതാവിന്റേയും അനിവാര്യത നിലനില്‍ക്കുമ്പോള്‍ തന്നെ മറ്റുചില സാധ്യതകള്‍ ഇപ്പോഴും ശക്തമാണെന്നു പറയാതെ വയ്യ. നേരത്തെ സൂചിപ്പിച്ച ഇന്ത്യയുടെ അനന്തമായ വൈവിധ്യമാണ് ഒന്ന്. അവയെ തകര്‍ത്ത് ഏകശിലാഖണ്ഡമായ ഒന്നാക്കി മാറ്റുക അത്ര എളുപ്പമല്ല. അതിനെതിരെ ശക്തമായ പ്രതിരോധമുയരും. ആ പ്രതിരോധങ്ങള്‍ക്ക് ശക്തമായ പ്രാദേശിക പ്രസ്ഥാനങ്ങളുടെ രൂപം കൈവരും. മുമ്പും വന്നിട്ടുണ്ട്. അദ്വാനിയുടെ കുപ്രസിദ്ധമായ രഥയാത്ര തടയാനുള്ള ധൈര്യമുണ്ടായത് ലല്ലുപ്രസാദ് യാദവിനായിരുന്നു എന്നു മറക്കരുത്. മറ്റൊന്ന് ഹിന്ദുമതത്തിന്റെ ആന്തരിക ദൗര്‍ബ്ബല്യമായ ജാതിവ്യവസ്ഥതന്നെ. അവയില്ലാതാക്കി ഏകീകൃതരൂപമുണ്ടാക്കുക എളുപ്പമല്ല. അതിന്റെ ശ്രമമാണ് രാജ്യമാകെ നടക്കുന്ന ദളിത് പീഡനങ്ങള്‍. നേരത്തെ അതിനെതിരെ ശക്തമായി തന്നെ രൂപം കൊണ്ട പല പ്രസ്ഥാനങ്ങളേയും വിലക്കെടുക്കാന്‍ സംഘപരിവാറിനു കഴിഞ്ഞിങ്കിലും ആ ധാരയെ ഇല്ലാതാക്കുക എളുപ്പമല്ല. രാജ്യമാകെ ശക്തമാകുന്ന അംബേദ്കര്‍ രാഷ്ട്രീയവും വിളിച്ചുപറയുന്നത് മറ്റൊന്നല്ല. ചന്ദ്രശേഖര്‍ ആസാദും മേവാനിയുമൊക്കെ പ്രതീക്ഷ തന്നെയാണ്. ഈ രണ്ടുധാരകളുടേയും പിന്‍ബലത്തോടെയുള്ള ഒരു രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കമിടാന്‍ കോണ്‍ഗ്രസ്സിനാകുമോ എന്നതാണ് ചോദ്യം. അവയോട് ഐക്യപ്പെടാൻ ഇടതുപക്ഷമടക്കമുള്ള പ്രസ്ഥാനങ്ങള്‍ക്കും കഴിയണം. കഴിയുമെങ്കില്‍ മാത്രമാണ് ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭരണഘടനക്കും ഭാവിയുള്ളത്. ഈ ചോദ്യത്തിനുള്ള ഉത്തരത്തിന്റെ സൂചനയായിരിക്കും വരാന്‍ പോകുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് എന്നുറപ്പ്. കണ്‍മുന്നിലെ ഫാസിസത്തിനെതിരെ ഈ ശക്തികള്‍ക്ക് വിശാലമായ ജനാധിപത്യസഖ്യം രൂപപ്പെടുത്താനാവുമോ എന്നു കാത്തിരുന്നുകാണാം. മനുസ്മൃതിയുമായി പായുന്ന ഹിന്ദുത്വരഥത്തെ തടയാനാകുമോ എന്നും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.