പൊലീസും ഭരണകൂടവും ചേര്‍ന്ന് നീതിനിഷേധത്തിന് ആവുന്നതെല്ലാം ചെയ്‌തെങ്കിലും ഹത്രസിലെ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിക്ക് വൈകിയെങ്കിലും നീതി ലഭ്യമാകുമെന്ന പ്രതീക്ഷ ഇപ്പോഴും ബാക്കികിടപ്പുണ്ട്. ജൂഡീഷ്യറിയുടെ ഇടപെടലാണ് ഇത്തരമൊരു പ്രതീക്ഷ നല്‍കുന്നത്. നേരത്തെ അലഹബാദ് ഹൈക്കോടതി ആവശ്യമായ ഇടപെടലുകള്‍ ഈ കേസില്‍ നടത്തിയിരുന്നു. ഏറ്റവുമൊടുവില്‍ ഹത്രസ് കേസിലെ സിബിഐ അന്വേഷണം അലഹബാദ് ഹൈക്കോടതി നിരീക്ഷിക്കണമെന്നാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. കേസിലെ സാക്ഷികള്‍ക്ക് സിആര്‍പിഎഫ് സുരക്ഷ നല്‍കണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൊലയും ആക്രമണവും സര്‍വസാധാരണമായ ഉത്തര്‍പ്രദേശില്‍ സാക്ഷികളുടെ ജീവന്‍ അപകടത്തിലാണെന്നത് കണക്കിലെടുത്താണ് ഈ നിര്‍ദേശം.
ഹത്രസിലെ പെണ്‍കുട്ടിക്ക് സംഭവിച്ച ദുരന്തത്തില്‍ പ്രതികരിക്കുകയും രോഷാകുലരാകുകയും ചെയ്യുന്ന പ്രബുദ്ധരായ മലയാളികളുടെ കേരളത്തിലാണ് വാളയാര്‍ എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. ഒന്‍പതും പതിമൂന്നും വയസുള്ള ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കെട്ടിതൂക്കികൊന്ന വാളയാര്‍ കേസിന്റെ ഭാവി എന്താകും? ഇടതുഭരണം നിലനില്‍ക്കുന്ന കേരളത്തിലെ സര്‍ക്കാരിന്റെ കാലത്ത് ഈ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാനായി പോരാടുന്ന അമ്മയുടെ ശ്രമം ഫലം കാണുമോ? നടപടിയുണ്ടായാല്‍ മാത്രമേ ഈ സര്‍ക്കാരിനെ വിശ്വസിക്കാനാകൂവെന്നാണ് നീതിക്കായി പോരാട്ടം തുടരുന്ന അമ്മ പറയുന്നത്. കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയറ്റം നല്‍കിയ സര്‍ക്കാര്‍ പറയുന്നത് നീതി ലഭ്യമാക്കുമെന്നാണ്. കേസ് അട്ടിമറിക്കാന്‍ വേണ്ടതെല്ലാം ചെയ്‌തതിനു ശേഷം നല്‍കുന്ന ഈ നീതി വാഗ്‌ദാനത്തില്‍ എന്ത് ആത്മാര്‍ത്ഥതയാണുള്ളത്?
ഹത്രസിലെ പെണ്‍കുട്ടിക്ക് നീതി നിഷേധിക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് ചെയ്‌ത അന്യായങ്ങളെ തോല്‍പ്പിക്കുന്നതാണ് വാളയാര്‍ കേസില്‍ തുടക്കം മുതലേ കേരള പൊലീസ് ചെയ്‌തു കൂട്ടിയത്. പോക്‌സോ കേസ് ചുമത്തേണ്ട കേസില്‍ അതുചെയ്യാത്ത പൊലീസ് പറഞ്ഞത് ഒന്‍പതും പതിമൂന്നും വയസുള്ള കുട്ടികളുടെ അനുമതിയോടെയാണ് ലൈംഗികബന്ധം നടന്നതെന്നാണ്. യോഗി ആദിത്യനാഥിന്റെ പൊലീസ് പോലും ഇത്തരം അസംബന്ധങ്ങള്‍ എഴുന്നുള്ളിക്കുമെന്ന് തോന്നുന്നില്ല. ഹത്രസ് സംഭവത്തിന് സമാനമായി കുട്ടികളുടെ മൃതദേഹം മറവുചെയ്യുന്നതില്‍ പൊലീസ് തിടുക്കം കാണിച്ചുവെന്നാണ് അമ്മ പറയുന്നത്. തങ്ങളുടെ ഭൂമിയിലോ കുടുംബശ്‌മശാനത്തിലോ മൃതദേഹം സംസ്‌കരിക്കണമെന്ന ആവശ്യം തള്ളിയാണ് പൊലീസ് ഇത് ചെയ്‌തത്.
ഇത്രയൊക്കെ താന്‍ കൈകാര്യം ചെയ്യുന്ന പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചെയ്‌തു കൂട്ടിയിട്ടും മുഖ്യമന്ത്രി പറയുന്നത് നീതി കിട്ടാന്‍ വേണ്ടി ഏതറ്റം വരെയും പോകുമെന്നാണ്. നീതിനിഷേധം ഉറപ്പുവരുത്താന്‍ ചെയ്യാവുന്നതിന്റെ അങ്ങേയറ്റം ചെയ്‌ത ഉദ്യോഗസ്ഥന് പ്രമോഷന്‍ കൊടുത്ത സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ഭരണാധികാരിയാണ് കേസിലെ പ്രതികളെ വെറുതെവിട്ട സെഷന്‍സ് കോടതി ഉത്തരവിനെതിരെ നിയമപോരാട്ടം തുടരുമെന്ന കാപട്യത്തില്‍ പൊതിഞ്ഞ വാചകങ്ങൾ എഴുന്നുള്ളിക്കുന്നത്. പ്രതികളെ വെറുതെ വിട്ട കോടതി നടപടി പ്രോസിക്യൂഷന്റെ വീഴ്‌ചയാണ്. ഒരു കേസ് ഇതില്‍പ്പരം ദുര്‍ബലമാക്കാന്‍ സാധിക്കില്ല എന്നാണ് കോടതിയുടെ നിരീക്ഷണം. പ്രതികള്‍ക്ക് ജൂഡീഷ്യറിക്ക് മുന്നില്‍ ഊരിപ്പോരാന്‍ എല്ലാ പഴുതുകളുമിട്ട് കുറ്റപത്രം തയാറാക്കിയതിനു ശേഷമാണ് നീതിക്കു വേണ്ടി നിയമപോരാട്ടം തുടരുമെന്ന് പറയുന്നത്.
പ്രോസിക്യൂഷന് സംഭവിച്ച വീഴ്‌ചകള്‍ പരിശോധിക്കാന്‍ ഒരു കമ്മിഷനെ തന്നെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. കമ്മിഷന്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന് പകരം നടപടി സ്വീകരിക്കാന്‍ വൈകിപ്പിക്കുന്നത് എന്തുകൊണ്ടാണ്? തന്റെ മുഖം രക്ഷിക്കാനാണെങ്കിലും ഹത്രസ് കേസില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്‌ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയ്‌തതു പോലും കേരളത്തിലെ ഇടതുമുഖ്യമന്ത്രിക്ക് ചെയ്യാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? ആത്മഹത്യ ചെയ്‌ത എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥി ജിഷ്‌ണുവിന്റെ ഭവനം സന്ദര്‍ശിക്കാനും മാതാപിതാക്കളെ സാന്ത്വനിപ്പിക്കാനും പോലും തയാറാകാതിരുന്ന മുഖ്യമന്ത്രിയില്‍ നിന്ന് വാളയാറിലെ അമ്മക്ക് എന്താണ് പ്രതീക്ഷിക്കാന്‍ സാധിക്കുക?
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷണം നടത്തണമെന്നാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെടുന്നത്. ഹത്രസ് കേസില്‍ ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം സാധ്യമായി. പ്രബുദ്ധ കേരളത്തില്‍ സംഭവിച്ച അതിക്രൂരമായ പീഡന കേസില്‍ അത് സാധ്യമാകുമോ?
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.