റിയാദ്: ആകാശം വിട്ട് കരമാർഗം സഞ്ചരിക്കുന്ന വിമാനങ്ങൾ. ഇതാണിപ്പോൾ സൗദിയിൽ സമൂഹമാധ്യമങ്ങളിലെ വൈറൽ കാഴ്ചകൾ. മൂന്ന് ബോയിങ് 777 വിമാനങ്ങൾ ജിദ്ദയിൽനിന്ന് റിയാദിലേക്കാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. സ്വയം സഞ്ചരിക്കുകയല്ല, കൂറ്റൻ ട്രക്കുകളിലേറി വരുകയാണ്. സൗദി എയർലൈൻസിന്റെ ഈ മൂന്ന് വിമാനങ്ങൾ ജിദ്ദ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ടതിനുശേഷം യാത്രയുടെ ഒരോ നിമിഷങ്ങളിലെയും കാഴ്ചകൾ നാട്ടുകാർ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയാണ്. അത് ഫോട്ടോകളായും വിഡിയോകളായും നിമിഷങ്ങൾ കൊണ്ട് വൈറലാവുകയാണ്. ചിറകരിഞ്ഞ നിലയിലാണ് വിമാനങ്ങൾ. അതും സമൂഹമാധ്യമങ്ങളിൽ രസകരമായ കമന്റുകൾക്ക് ഇടയാക്കിയിട്ടുണ്ട്.
അടുത്തമാസം ആരംഭിക്കാനിരിക്കുന്ന റിയാദ് സീസൺ ആഘോഷങ്ങളിലെ ഒരു സുപ്രധാന വേദിയൊരുക്കാനാണ് ഉപയോഗരഹിതമായി ജിദ്ദയിലെ ഗാരേജുകളിൽ കിടന്ന ഈ വിമാനങ്ങളെ കൊണ്ടുവരുന്നത്. പ്രധാന ആഘോഷ വേദിയായ റിയാദ് ബൊളിവാഡ് സിറ്റിക്കുള്ളിൽ ‘ബോളിവാഡ് റൺവേ’ എന്ന പേരിലൊരു വിനോദ ഏരിയ ഒരുക്കുന്നുണ്ട്. പ്രത്യേക രീതിയിൽ വിമാനങ്ങൾ ഇവിടെ സ്ഥാപിച്ച് അതിൽ റസ്റ്റാറന്റുകളും വിനോദ പരിപാടികൾക്കുള്ള വേദികളും ഒരുക്കുകയാണ് ലക്ഷ്യം.
കനത്ത സുരക്ഷാവലയത്തിലാണ് ഈ പടുകൂറ്റൻ വിമാനങ്ങൾ റിയാദിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. സങ്കീർണമായ ഓപറേഷനിലൂടെയാണ് റിയാദിലെത്തിക്കുന്നത്. 1000 കിലോമീറ്റലധികം ദൂരമുള്ള യാത്രക്കിടെ വിമാനങ്ങളുടെ വലുപ്പവും ഭാരവും കാരണം വലിയ വെല്ലുവിളികളാണ് നേരിടുന്നത് കരമാർഗം വിമാനങ്ങൾ റിയാദിലെത്തിക്കുന്നതിന് ഇത്രയും സങ്കീർണമായ ഓപറേഷൻ നടത്തുന്നത് സൗദിയിൽ ആദ്യമാണ്. അഞ്ചു വർഷം മുമ്പ് സൗദി എയർലൈൻസ് (സൗദിയ) ഫ്ലീറ്റിൽനിന്ന് നീക്കം ചെയ്ത വിമാനങ്ങളാണിവ. എച്ച്.ഇസെഡ് – എ.കെ.ജി എന്ന രജിസ്ട്രേഷനിലുള്ള ആദ്യത്തെ വിമാനം 1998 മാർച്ചിലാണ് സർവിസ് തുടങ്ങിയത്. 2016 സെപ്റ്റംബറിൽ സർവിസ് അവസാനിപ്പിച്ചു. സൗദി എയർലൈൻസിന്റേതായി ആകാശപാതയിലെത്തിയ ആദ്യത്തെ ബോയിങ് 777-200 ഇ.ആർ വിമാനമാണിത്.
എച്ച്.ഇസെഡ് – എ.കെ.കെ രജിസ്ട്രേഷനിലുള്ള രണ്ടാമത്തെ വിമാനം 1998 സെപ്റ്റംബറിൽ സർവിസിൽ പ്രവേശിക്കുകയും 2016 സെപ്റ്റംബറിൽ സർവിസിൽ നിന്ന് പുറത്താവുകയും ചെയ്തു. സൗദിയ സർവിസിൽനിന്ന് ഒഴിവാക്കുന്ന രണ്ടാമത്തെ വിമാനമാണിത്. എച്ച്.ഇസെഡ് – എ.കെ.പി രജിസ്ട്രേഷനിലുള്ള മൂന്നാമത്തെ വിമാനം 1999 മാർച്ചിൽ സർവിസിൽ പ്രവേശിക്കുകയും 2017 ജൂണിൽ സർവിസ് അവസാനിപ്പിക്കുകയും ചെയ്തു.സുരക്ഷ ഗാർഡിന്റെ സംരക്ഷണവലയത്തിൽ ജിദ്ദയിൽനിന്ന് ആദ്യം മദീനയിലേക്കും പിന്നീട് അൽഖസീമിലേക്കും ഒടുവിൽ റിയാദിലേക്കും വിമാനങ്ങൾ എത്തിക്കും.
ഒരു വിമാനത്തിന്റെ നീളം ഏകദേശം 64 മീറ്ററാണ്. വീതി 6.2 മീറ്ററും. യാത്രയിലെ ഏറ്റവും വലിയ വെല്ലുവിളി അവയുടെ ഉയരമാണ്. അത് ആറ് മീറ്ററിൽ കൂടുതലാണ്. ഇതും അത് വഹിക്കുന്ന ട്രക്കുകളുടെ ഉയരവും കൂടുേമ്പാൾ റോഡുകളിലെ മിക്ക പാലങ്ങളുടെയും ഉയരം മറിക്കടക്കാൻ കഴിയാതെ വരുന്നു. അതുകൊണ്ട് തന്നെ പാലങ്ങൾ ഒഴിവാക്കിയുള്ള വഴിതിരിച്ചുവിടലുകളിലൂടെയാണ് യാത്ര പുരോഗമിക്കുന്നത്. ഇത് കാലതാമസത്തിന് ഇടയാക്കുന്നുണ്ട്.
ഡീകമീഷൻ ചെയ്ത വിമാനങ്ങൾ കരയിലൂടെ കൊണ്ടുപോകുന്നത് ലോകത്ത് പല രാജ്യങ്ങളിലും സാധാരണ സംഭവമാണ്. എന്നാൽ ശരീരഭാഗങ്ങൾ വേർതിരിക്കാതെ ഇത്രയും വലുപ്പമുള്ള മൂന്ന് വിമാനങ്ങൾ ഒരേസമയം കൊണ്ടുപോകുന്നത് ഇതാദ്യമാണ്. ഈ വിമാനങ്ങളിൽ ഓരോന്നും ഏകദേശം 18 വർഷത്തോളം ലോകത്താകെ സഞ്ചരിച്ചവയാണ്.
അതുകൊണ്ടുതന്നെ വൈവിധ്യവും സമ്പന്നവുമായ യാത്രനുഭവങ്ങളുടെ ഓർമകൾ മൂകമായി പേറുന്നവയാണ്. സമൂഹമാധ്യമങ്ങളിൽ നിറയുന്ന പോസ്റ്റുകളിലേയും കമന്റുകളിലേയും ഉള്ളടക്കങ്ങൾ ഇതുപോലുള്ള വിവരണങ്ങളാണ്. സർവിസ് കാലയളവിൽ മണിക്കൂറിൽ 905 കിലോമീറ്റർ വേഗത്തിൽ പറന്നവയാണ് ഇന്ന് ഒച്ചിഴയും വേഗത്തിൽ സഞ്ചരിക്കുന്നതെന്നൊക്കെ പോസ്റ്റുകൾ വരുന്നുണ്ട്.ബോളിവാഡ് റൺവേയിലേക്കുള്ള വിമാനങ്ങൾ റിയാദിൽ എത്തുന്നതുവരെയുള്ള യാത്രക്കിടെയുള്ള ആളുകളുടെ വികാരങ്ങളും സന്തോഷവും തന്നെ വളരെയധികം സന്തോഷിപ്പിക്കുന്നതായി പൊതുവിനോദ അതോറിറ്റി മേധാവി തുർക്കി ആലുശൈഖ് ട്വീറ്റ് ചെയ്തു.
ഈ യാത്രക്കിടെ പകർത്തുന്ന ഏറ്റവും മനോഹരമായ ഫോട്ടോക്കോ വീഡിയോക്കോ സമ്മാനം നൽകുമെന്നും അദ്ദേഹം അറിയിച്ചു. അതിനായി ഒരു മത്സരം നടത്തുകയാണ്. വിജയിക്ക് ഒരു പുതിയ ആഡംബര കാറാണ് സമ്മാനം. ബോളിവാഡ് റൺവേ ഏരിയയിൽ മൂന്ന് ഭീമൻ ബോയിങ് 777 വിമാനങ്ങൾ അണിനിരത്തുമെന്ന് കഴിഞ്ഞ മാസമാണ് ആലുശൈഖ് അറിയിച്ചത്. ഷോപ്പുകൾ, റസ്റ്റാറന്റുകൾ, മുതിർന്നവർക്കും കുട്ടികൾക്കുമായി 13 വിനോദ വേദികൾ എന്നിവ ഈ വിമാനങ്ങളിൽ ഒരുക്കുമെന്നും ഇത് നടപ്പാക്കുന്നതിനുള്ള പങ്കാളിത്ത കരാർ ‘സൗദി എയർ ലൈൻസുമായി’ ഒപ്പുവെച്ചിട്ടുണ്ടെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 1,40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ബോളിവാഡ് സിറ്റിയിലാണ് ബോളിവാഡ് റൺവേ ഒരുക്കിയിരിക്കുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.