അബുദാബി : സ്കൂൾ ഫീസ് 10 തവണകളായി അടയ്ക്കാൻ അനുവദിക്കണമെന്ന അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ (അഡെക്) നിർദേശം രക്ഷിതാക്കൾക്ക് ആശ്വാസമാകും. പാഠപുസ്തകങ്ങളും യൂണിഫോമും മാറിയിട്ടില്ലെങ്കിൽ പുതിയതു വാങ്ങാൻ നിർബന്ധിക്കരുതെന്നും വ്യക്തമാക്കി. ഇന്ന് പുതിയ അധ്യയന വർഷത്തിലേക്കു കടക്കുന്ന ഇന്ത്യൻ സ്കൂളുകൾക്കും സെപ്റ്റംബറിൽ അധ്യയനം ആരംഭിക്കുന്ന പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾക്കും നിയമം ബാധകമാണ്. സ്കൂൾ നിയമം പരിഷ്കരിച്ചത് സാമ്പത്തിക ഭാരം കുറയ്ക്കാൻ സഹായകമായെന്ന് രക്ഷിതാക്കൾ പറഞ്ഞു. രണ്ടിലേറെ മക്കളുള്ള മാതാപിതാക്കൾക്ക് വിദ്യാഭ്യാസ വർഷത്തിൽ വൻ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുന്നതാണ് പുതിയ നിയമം മൂലം ലഘൂകരിച്ചത്. എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും നിയമം ബാധകമാണ്.
ഇതേസമയം ചില സ്കൂളുകൾ പുതിയ പുസ്തകം വാങ്ങാൻ നിർബന്ധിക്കുന്നതായി രക്ഷിതാക്കൾ പരാതിപ്പെട്ടു. വർഷാരംഭത്തെ ഫീസ് അടയ്ക്കുമ്പോൾ തന്നെ പുസ്തകം, യൂണിഫോം എന്നിവയ്ക്കുള്ള പണം ഈടാക്കുന്നത് രക്ഷിതാക്കൾക്ക് അധികബാധ്യതയാകുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അഡെകിന്റെ കർശന നിർദേശം.
സഹോദരങ്ങളുടെ പുസ്തകമാണെങ്കിൽ പോലും ഉപയോഗിക്കാൻ സ്കൂൾ അധികൃതർ അനുവദിക്കുന്നില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു. സിലബസിൽ മാറ്റമില്ലെങ്കിലും പുതിയ പുസ്തകം വാങ്ങണമെന്ന് നിർബന്ധിക്കുന്ന സ്കൂളുകൾക്കും അഡെകിന്റെ പുതിയ നിർദേശം തിരിച്ചടിയാണ്.ജീവിതച്ചെലവ് ഉയർന്ന പശ്ചാത്തലത്തിൽ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഓരോ കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് മാസത്തിലോ മൂന്നു മാസത്തിലൊരിക്കലോ ആറു മാസത്തിലൊരിക്കലോ ഒന്നിച്ചോ ഫീസ് അടയ്ക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നാണ് സ്കൂളുകളോട് ആവശ്യപ്പെട്ടത്.
ഫീസിനത്തിൽ അന്യായ നിരക്ക് അനുവദിക്കാനാകില്ലെന്നും അഡെക് വ്യക്തമാക്കി. അധ്യയന നിലവാരം മെച്ചപ്പെടുത്തണം. ഓരോ സ്കൂളുകളും കെ.ജി മുതൽ 12 വരെയുള്ള ക്ലാസുകളിലെ അഡെക് അംഗീകരിച്ച ഫീസിന്റെ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. കൂടുതൽ ഫീസ് ഈടാക്കുന്ന സ്കൂളിനെതിരെ നടപടി സ്വീകരിക്കും.
റീ റജിസ്ട്രേഷൻ ഫീസ് അംഗീകൃത ഫീസിന്റെ 5 ശതമാനത്തിൽ കൂടാൻ പാടില്ല. ഇത് അവസാന ഫീസിൽനിന്ന് കുറയ്ക്കണം. ട്യൂഷൻ ഫീസിനു പുറമേ അധിക സാമ്പത്തിക ഗാരന്റി രക്ഷിതാക്കളിൽനിന്ന് ശേഖരിക്കുന്നതും വിലക്കി. സ്കൂളിന്റെ പ്രവർത്തനങ്ങളെ ബാധിക്കാതെ സമയബന്ധിതമായി ഫീസടയ്ക്കാൻ രക്ഷിതാക്കളോടും ആവശ്യപ്പെട്ടു.
ഫീസ് അടയ്ക്കാൻ വൈകിയാൽ വിദ്യാർഥിയെ അവഹേളിക്കുകയോ അവഗണിക്കുകയോ ചെയ്യരുത്. ഈ കാരണത്താൽ പരീക്ഷ എഴുതുന്നതിൽ നിന്നും വിദ്യാർഥികളെ തടയാനും പാടില്ല. ഫീസ് കുടിശിക സംബന്ധിച്ച് അധ്യയനവർഷം അവസാനിക്കുന്നതിന് കുറഞ്ഞത് 3 മാസം മുൻപെങ്കിലും സ്കൂൾ രക്ഷിതാക്കളെ രേഖാമൂലം അറിയിക്കേണ്ടതുണ്ട്. 3 തവണ മുന്നറിയിപ്പ് നൽകിയ ശേഷമേ മറ്റു നടപടികളിലേക്കു കടക്കാവൂ എന്നും അഡെക് വ്യക്തമാക്കി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.