സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ കരകയറാന്‍ കേരള മോഡല്‍ മതിയാകില്ല

കേരള മോഡല്‍ സാമൂഹിക വികസന രീതിയാണ്‌ കോവിഡിനെ ചെറുക്കാന്‍ നമ്മെ സഹായിച്ചതെന്ന തിനെ കുറിച്ചാണ്‌ കഴിഞ്ഞ എഡിറ്റോറിയലില്‍ ചര്‍ച്ച ചെയ്‌തത്‌. കോവിഡ്‌ അനന്തര ലോകത്തെ അനിവാര്യവും അപ്രതീക്ഷവുമായ മാറ്റങ്ങളെ സ്വാംശീകരിച്ച്‌ സാമ്പത്തികമായ അതീജിവനത്തിന്റെ വഴി തേടാന്‍ പുകഴ്‌പെറ്റ കേരള മോഡലിന്‌ സാധിക്കുമോ എന്ന വിഷയത്തെ കുറിച്ചാണ്‌ ഇന്നത്തെ എഡിറ്റോറിയലില്‍ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത്‌.

കോവിഡ്‌ ലോക സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ഏല്‍പ്പിക്കുന്ന ആഘാതത്തിന്റെ വ്യാപ്‌തി എത്രത്തോളമെന്ന്‌ നാം അറിയാനിരിക്കുന്നതേയുള്ളൂ. കോവിഡിനൊപ്പം ജീവിക്കാന്‍ നാം ശീലിച്ചാലും കോവിഡ്‌ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ഏല്‍പ്പിച്ച പരിക്കുകള്‍ ഭേദമാകാന്‍ സമയമെടുക്കും. നാം നല്‍കുന്ന ചികിത്സയുടെയും പരിചരണത്തിന്റെയും സ്വഭാവം അനുസരിച്ചിരിക്കും അതിജീവനത്തിന്റെ ദൈര്‍ഘ്യം നിശ്ചയിക്കപ്പെടുന്നത്‌.

കോവിഡിനു ശേഷം കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ്‌. നികുതി വരുമാനത്തിന്‌ മദ്യത്തെയും ലോട്ടറിയെയും ആശ്രയിച്ചിരിക്കുന്ന ഒരു സര്‍ക്കാരിന്റെ ദയനീയ ചിത്രമാണ്‌ നമ്മുടെ മുന്നിലുള്ളത്‌. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ 1500 കോടി രൂപ വായ്‌പയെടുത്തത്‌ ഈയിടെയാണ്‌. തൊഴില്‍ നഷ്‌ടം മൂലം ബിവറേജസ്‌ കോര്‍പ്പറേഷനും ബാറുകള്‍ക്കും മുന്നിലെ ക്യൂ ഇപ്പോള്‍ തന്നെ ശോഷിച്ചു തുടങ്ങിയെന്ന വാര്‍ത്തകള്‍ നമ്മുടെ ധനമന്ത്രിയുടെ ഹൃദയമിടിപ്പാണ്‌ കൂട്ടുന്നത്‌.

കോവിഡിനൊപ്പം ജീവിക്കുക എന്നത്‌ ശീലമാക്കാന്‍ നാം മാനസികമായി സജ്ജമായതിനൊപ്പം മുണ്ടു മുറുക്കിയുടുക്കാനുമുള്ള ഒരുക്കങ്ങള്‍ക്ക്‌ നിര്‍ബന്ധിതമായി കഴിഞ്ഞു. ലോക്ക്‌ ഡൗണില്‍ അയവ്‌ വരുത്തി തുടങ്ങിയെങ്കിലും സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയില്‍ യാതൊരു അയവും ഉണ്ടായിട്ടില്ല. രാജ്യത്തെ ഇടത്തരം, ചെറുകിട, അതിസൂക്ഷ്‌മ സംരംഭങ്ങളില്‍ മൂന്നിലൊന്നും പൂട്ടിതുടങ്ങിയിരിക്കുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. രാജ്യത്തെ ഏകദേശം 11 കോടി ആളുകള്‍ക്കാണ്‌ സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തൊഴില്‍ നല്‍കുന്നത്‌. ഈ മേഖലയുടെ കരകയറ്റം അടിസ്ഥാന സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാകാത്തതാണ്‌.

കേരളത്തിലെ ചെറുകിട, അതിസൂക്ഷ്‌മ സംരംഭങ്ങളും വലിയ പ്രതിസന്ധിയിലാണ്‌. ലോക്ക്‌ ഡൗണ്‍ കാലത്ത്‌ ഒട്ടേറെ ചെറുകിട ബിസിനസുകളും സംരംഭങ്ങളും സ്വയം തൊഴിലുകളും അപ്രത്യക്ഷമായി. തൊഴില്‍ നഷ്‌ടത്തിന്റെയും വരുമാന നഷ്‌ടത്തിന്റെയും കണക്കുകള്‍ പുറത്തു പറയാന്‍ ദുരഭിമാനം അലങ്കാരമായി കൊണ്ടു നടക്കുന്ന മലയാളി മടിക്കുന്നതില്‍ അത്ഭുതമില്ല. പക്ഷേ ഹൗസ്‌ഹോള്‍ഡ്‌ ഇന്‍കം കുത്തനെ കുറഞ്ഞു കഴിഞ്ഞു.

സര്‍ക്കാരും വ്യക്തികളും നേരിടുന്ന ഈ പ്രതിസന്ധിയെ ഉല്‍പ്പാദന മേഖലയെ പടിക്കു പുറത്തു നിര്‍ത്തിയ കേരള മോഡല്‍ സാമ്പത്തിക വികസനം കൊണ്ട്‌ എങ്ങനെ നേരിടാനാകും? സാമൂഹിക വികസനത്തില്‍ ഏറെ മുന്നോട്ടു പോയ കേരള മോഡല്‍ പക്ഷേ സാമ്പത്തിക വികസനത്തില്‍ കാലഹരണപെട്ടതാണ്‌. ഒട്ടും ബിസിനസ്‌ സൗഹൃദപരമല്ലാത്ത നയങ്ങളുമായി ഈ തുള വീണ കപ്പല്‍ നാം എത്ര കാലം ഓടിക്കും? ഉന്നത നിലവാരമമുള്ള മനുഷ്യവിഭവ ശേഷിയില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ചു നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നിട്ടും അതിനെ ഫലപ്രദമായി നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്ക്‌ ഉപയോഗിക്കാനാകാത്ത, അതിനെ അന്യനാടുകളിലേക്ക്‌ `കയറ്റുമതി ചെയ്യാന്‍’ നിര്‍ബന്ധിതമാക്കുന്ന കേരള മോഡലുമായി നാം എത്രകാലം മുന്നോട്ടു പോകും?

അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍ അവസരങ്ങള്‍, ഭക്ഷണവും സാമൂഹ്യ സുരക്ഷയും എന്നിവയാണ്‌ നാം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. ഇതില്‍ ആദ്യത്തെ രണ്ട്‌ കാര്യത്തിലും കേരള മോഡല്‍ വികസനം തീര്‍ത്തും പരാജയമാണ്‌. അതുകൊണ്ടുതന്നെ കോവിഡ്‌ കാലത്തെ ആഘാത പരിപാലനത്തിന്‌ കേരള മോഡല്‍ നാം മാറ്റിപിടിച്ചേ പറ്റൂ. അതിന്‌ കാര്യങ്ങള്‍ നടപ്പിലാക്കുന്ന ശൈലി തന്നെ മാറേണ്ടതുണ്ട്‌.

കോവിഡ്‌ കാലത്ത്‌ പല വിധ രോഗലക്ഷണങ്ങള്‍ കാണിക്കുന്നകേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശുശ്രൂഷിക്കാനും പരിപരിക്കാനും കേരള മോഡലിന്റെ പരമ്പരാഗത പരിചരണ രീതികള്‍ മതിയാകില്ല. മാറി ചിന്തിക്കുന്നതിന്റെ വേഗക്കുറവ്‌ നമ്മുടെ അതിജീവനത്തിനെടുക്കുന്ന സമയത്തിലും പ്രതിഫലിക്കും.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.