Editorial

ശമ്പള ചെലവിന്റെ ആധിക്യം മൂലം സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആകരുത്‌

ആറ്‌ മാസം കൂടി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും നിശ്ചിത തുക ഈടാക്കുന്നത്‌ തുടരാനാണ്‌ മന്ത്രിസഭയുടെ തീരുമാനം. ലോക്‌ഡൗണ്‍ മൂലം സാമ്പത്തിക നില തെറ്റി ദയനീയാവസ്ഥയിലായ സര്‍ക്കാരിന്‌ മറ്റ്‌ പിടിവള്ളികളില്ലാത്തതിനാലാണ്‌ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത്‌ തുടരാന്‍ തീരുമാനിച്ചത്‌. പതിവു പോലെ പ്രതിപക്ഷ സംഘടനകള്‍ ഇതിനോട്‌ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ജീവനക്കാരുടെ പ്രതിഷേധത്തിന്റെ പ്രതിഫലനങ്ങളും വഴിയേ പ്രതീക്ഷിക്കാം. നേരത്തെ ഒരു മാസത്തെ ശമ്പളം ഈടാക്കാന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ കത്തിച്ചുകൊണ്ട്‌ പ്രതിഷേധിച്ച ചില ജീവനക്കാരുടെ രീതി വലിയ വിവാദം സൃഷ്‌ടിച്ചിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ഇതിനകം ഈടാക്കി കഴിഞ്ഞു. അഞ്ച്‌ മാസങ്ങളിലായി ആറ്‌ ദിവസത്തെ ശമ്പളം വീതമാണ്‌ ഈടാക്കിയത്‌. അടുത്ത ആറ്‌ മാസം കൊണ്ട്‌ ഒരു മാസത്തെ ശമ്പളം കൂടി ഈടാക്കാനാണ്‌ നീക്കമെന്നാണ്‌ കരുതുന്നത്‌. അങ്ങനെയെങ്കില്‍ ജീവനക്കാരുടെ രണ്ട്‌ മാസത്തെ ശമ്പളമാകും ഈ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ഈടാക്കുന്നത്‌. ഈ തുക 2021 ഏപ്രില്‍ ഒന്നിന്‌ പിഎഫില്‍ ലയിപ്പിക്കാനും അതുവരെ ഒന്‍പത്‌ ശതമാനം പലിശ നല്‍കാനുമാണ്‌ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തീര്‍ത്തും പരുങ്ങലിലായ സാഹചര്യത്തില്‍ അറ്റകൈ പ്രയോഗം എന്ന നിലയിലാണ്‌ ജീവനക്കാരുടെ രണ്ട്‌ മാസത്തെ ശമ്പളം സര്‍ക്കാര്‍ ഈടാക്കുന്നത്‌. അടുത്ത സാമ്പത്തിക വര്‍ഷം ആദ്യദിനത്തില്‍ തന്നെ ഇത്രയും തുക എങ്ങനെ പലിശ സഹിതം പിഎഫില്‍ അടക്കാനാകുമെന്ന ചോദ്യമായിരിക്കും ധനമന്ത്രി തോമസ്‌ ഐസക്കിന്‌ ഇനിയുള്ള മാസങ്ങളില്‍ തലവേദന സൃഷ്‌ടിക്കുന്നത്‌.

വരവും ചെലവും ഒത്തുപോകാത്തത്‌ മൂലം ഏറെയായി കേരളം നേരിടുന്ന പ്രതിസന്ധി ഈ കോവിഡ്‌ കാലത്ത്‌ പാരമ്യത്തിലേക്ക്‌ നീങ്ങുകയാണ്‌. സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തിന്റെ ഏകദേശം 80 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ, സബ്‌സിഡി ഇനങ്ങളിലായാണ്‌ ചെലവഴിക്കുന്നത്‌. കോവിഡ്‌ കാലത്ത്‌ സര്‍ക്കാരിന്റെ റവന്യൂ വരുമാനം ഗണ്യമായി കുറഞ്ഞുവരികയാണ്‌. ശമ്പളം, പെന്‍ഷന്‍, പലിശ, സബ്‌സിഡി ഇനങ്ങളിലെ ചെലവ്‌ കഴിഞ്ഞാല്‍ ഏകദേശം ഇരുപത്‌ ശതമാനം തുകയാണ്‌ സര്‍ക്കാരിന്റെ കൈവശം റവന്യു വരുമാനമായി ബാക്കിയുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഈ ചെലവുകള്‍ക്കുള്ള റവന്യു വരുമാനം പോലും സര്‍ക്കാരിന്‌ ലഭിക്കാതെ പോകുന്ന സ്ഥിതിയാണുള്ളത്‌. ജീവനക്കാര്‍ക്ക്‌ ശമ്പളം നല്‍കുന്നതിനായി സര്‍ക്കാര്‍ കടമെടുക്കേണ്ട സ്ഥിതിയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. സംസ്ഥാനം സാമ്പത്തിക അരാജകത്വത്തിലേക്കാണ്‌ നീങ്ങുന്നതെന്നാണ്‌ 2016 ജൂണില്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ നമ്മുടെ സാമ്പത്തിക സ്ഥിതിയെ അവലോകനം ചെയ്‌തുകൊണ്ട്‌ സര്‍ക്കാര്‍ തന്നെ നിരീക്ഷിച്ചത്‌. ഈ കോവിഡ്‌ കാലത്ത്‌ എല്ലാ അര്‍ത്ഥത്തിലും ആ നിഗമനം യാഥാര്‍ത്ഥ്യമാവുകയാണ്‌.

ധനതത്വശാസ്‌ത്രത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ ഉള്‍ക്കൊള്ളുക എന്നതു മാത്രമാണ്‌ ഈ പ്രതിസന്ധിക്ക്‌ പരിഹാരം. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഏത്‌ തൊഴിലുടമയും ചെയ്യുന്നത്‌ വരുമാനം വര്‍ധിപ്പിക്കാനും ചെലവ്‌ കുറയ്‌ക്കാനും ശ്രമിക്കുകയാണ്‌. സര്‍ക്കാരിന്റെ മുന്നിലുള്ളതും ഈ വഴി മാത്രമാണ്‌. വരുമാനവും ചെലവും തമ്മിലുള്ള അന്തരം പരമാവധി കുറച്ചുകൊണ്ടുവരാനുള്ള മാര്‍ഗങ്ങളാണ്‌ സര്‍ക്കാര്‍ അവലംബിക്കേണ്ടത്‌.

സര്‍ക്കാരിന്റെ വരുമാനം കുറയുകയും പതിവ്‌ ചെലവുകള്‍ക്കുള്ള തുക പോലും കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ജീവനക്കാര്‍ക്ക്‌ സാധാരണ പോലെ ശമ്പളവും ബോണസും മറ്റ്‌ ആനുകൂല്യങ്ങളും അനുവദിക്കുകയും അതിന്റെ പേരില്‍ സര്‍ക്കാരിന്‌ കടമെടുക്കേണ്ടി വരികയും ചെയ്യുന്നത്‌ യാഥാര്‍ത്ഥ്യബോധമില്ലാത്ത സാമ്പത്തിക മാനേജ്‌മെന്റാണ്‌. ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രം വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ കൈയിലേക്ക്‌ നമ്മുടെ റവന്യു വരുമാനത്തിന്റെ ഏറിയ പങ്കും പോകുന്ന സ്ഥിതിവിശേഷത്തില്‍ ഒരു മാറ്റമുണ്ടായാല്‍ മാത്രമേ കേരളത്തിന്റെ ദയനീയമായ ധനസ്ഥിതിയില്‍ ഒരു കരകയറ്റമുണ്ടാവുകയുള്ളൂ. ഈ മാറ്റം ഉണ്ടാകുന്നതിനായി ചെയ്യേണ്ടത്‌ ജീവനക്കാരുടെ ശമ്പളം സര്‍ക്കാരിന്റെ വരുമാനത്തിന്‌ ആനുപാതികമായി ക്രമീകരിക്കുക എന്നതാണ്‌.

സര്‍ക്കാരിന്റെ വരുമാനത്തിന്റെ നിശ്ചിത ശതമാനം ശമ്പളമായി അനുവദിക്കുക എന്ന മാനദണ്‌ഡം കൊണ്ടുവരുന്നത്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക്‌ തന്നെ ഗുണകരമാകും. സര്‍ക്കാരിന്റെ നികുതി, നികുതി ഇതര വരുമാനങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ജീവനക്കാരുടെ പങ്കാളിത്തവും കാര്യക്ഷമതയും വര്‍ധിക്കാന്‍ ഇത്തരമൊരു മാറ്റം സഹായകമാകും. സര്‍ക്കാരിന്റെ വരുമാനം വര്‍ധിച്ചാല്‍ അതിന്റെ ഗുണം തന്റെ ശമ്പളത്തിലും പ്രതിഫലിക്കുമെന്ന ബോധ്യം ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള രാസത്വരകമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

നിലവില്‍ ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തുന്ന ഓഡിറ്റിങ്‌ സമ്പ്രദായങ്ങള്‍ അവലംബിക്കപ്പെടാത്തത്‌ നമ്മുടെ ഉദ്യോഗസ്ഥ സേനയുടെ തൊഴില്‍ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. ദീര്‍ഘമായ തയാറെടുപ്പുകള്‍ക്ക്‌ ശേഷം പരീക്ഷകളും അഭിമുഖങ്ങളും ഏറ്റവും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ മാത്രം ലഭ്യമാകുന്ന സര്‍ക്കാര്‍ സര്‍വീസ്‌ മികച്ച മനുഷ്യവിഭവശേഷിയുടെ കേന്ദ്രമായിരുന്നിട്ടും അത്‌ കാര്യക്ഷമതയില്‍ ഏറെ പിന്നോക്കം പോകുന്നതിന്‌ കാരണം സോഷ്യല്‍ ഓഡിറ്റിങിന്റെ അഭാവം കൊണ്ടും പ്രതിഫലവും പ്രകടനവും തമ്മില്‍ ബന്ധം ഇല്ലാത്തതു കൊണ്ടുമാണ്‌.

ബ്യൂറോക്രസി എടുക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങള്‍ സമൂഹത്തിന്റെ പൊതുതാല്‍പ്പര്യങ്ങളില്‍ നിന്നും അകന്നുപോകുന്നു എന്നതാണ്‌ ഇത്തരം ഓഡിറ്റിങിന്റെ അഭാവം കൊണ്ടുള്ള ഒരു ദോഷഫലം. ഫയലുകളില്‍ ജീവിതങ്ങള്‍ ജീര്‍ണിച്ചുപോകുന്ന സ്ഥിതിയുണ്ടാകുന്നത്‌ ഉദ്യോഗസ്ഥ സേനയുടെ കെടുകാര്യസ്ഥതയും മര്‍ക്കടമുഷ്‌ടിയും മൂലമാണ്‌. ഒരു തരത്തിലുള്ള മാന്ദ്യവും ബാധിക്കാത്തതും എല്ലാ കാലത്തും സുരക്ഷിതവുമായ തൊഴിലാണ്‌ തങ്ങള്‍ ചെയ്യുന്നത്‌ എന്ന തോന്നല്‍ സമൂഹത്തിലെ ഇതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രതിസന്ധി ഘട്ടങ്ങളില്‍ ഉണ്ടാകുന്ന സാമ്പത്തിക വൈഷമ്യങ്ങള്‍ തിരിച്ചറിയുന്നതിനുള്ള കഴിവ്‌ നമ്മുടെ ഉദ്യോഗസ്ഥ സേനയില്‍ കുറയുന്നതിന്‌ കാരണമായിട്ടുണ്ടോ എന്നത്‌ ഗൗരവത്തോടെ ചിന്തിക്കേണ്ട വിഷയമാണ്‌. സര്‍ക്കാരിന്റെ വരുമാനമാണ്‌ തങ്ങളുടെയും വരുമാനത്തിന്റെ അടിസ്ഥാനമെന്നും അതിലെ ഏറ്റക്കുറച്ചിലുകള്‍ തങ്ങളെയും ബാധിക്കുമെന്നും ബോധ്യം ഉണ്ടാകുന്നതിന്‌ അവരെ നിര്‍ബന്ധിതരാക്കുന്ന സംവിധാനം കൊണ്ടുവരുന്നത്‌ ഈ തിരിച്ചറിവ്‌ വീണ്ടെടുക്കാന്‍ സഹായകമാകും.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.