ഐ ഗോപിനാഥ്
ലോകം ഇന്നോളം പരീക്ഷിച്ച സാമൂഹ്യ രാഷ്ട്രീയ സംവിധാനങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ടത് ജനാധിപത്യം തന്നെയെന്നതില്‍ സംശയമില്ല. പക്ഷെ ആ സംവിധാനം നിരവധി വെല്ലുവിളികളെ നേരിടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്ന അഴിമതിയാണ് അതില്‍ പ്രധാനം. കൊവിഡ് കാലം പോലും അതില്‍ നിന്ന് മുക്തമല്ല എന്നു നാം കാണുന്നു. ജനങ്ങളുടെ ആധിപത്യമെന്നു പറയുമ്പോഴും ഇവര്‍ക്കുമേല്‍ ജനങ്ങളുടെ നിയന്ത്രണത്തിനുള്ള സംവിധാനങ്ങള്‍ കുറവാണെന്നതാണ് പ്രധാന കാരണം. ജനപ്രതിനിധികളുടേയും രാഷ്ട്രീയനേതാക്കളുടേയും കാര്യം തന്നെ പരിശോധിക്കാം. ഇന്നത്തെ അവസ്ഥയില്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ നമുക്കവകാശമുണ്ട്. എന്നാലതിനിടയിലെ കാലം നമ്മള്‍ വെറും കാഴ്ചക്കാരാണ്. ആ അവസ്ഥ മാറണം. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന പ്രക്രിയയില്‍ തന്നെ ജനങ്ങള്‍ക്ക് പങ്കുവേണം. അത് രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തരകാര്യമാണെന്ന ധാരണ തന്നെ തെറ്റാണ്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് എന്ത് ആഭ്യന്തരപ്രശ്നം? ജനങ്ങളുടെ അഭിപ്രായം തിരക്കിവേണം ഓരോ പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍. കൂടാതെ ഏറെകാലമായി ചര്‍ച്ച ചെയ്യുന്ന തിരിച്ചുവിളിക്കാനുള്ള അവകാശം സ്ഥാപിക്കുകയും അതിനു ഫലപ്രദമായ സംവിധാനം ഉണ്ടാക്കുകയും വേണം. ജയിക്കുന്നവരുടെ മേല്‍ പാര്‍ട്ടിക്കുള്ള നിയന്ത്രണം ഇപ്പോള്‍ കുറവാണ്. വിപ്പും കൂറുമാറ്റ നിരോധന നിയമവുമൊക്കെ ഉണ്ട്. എന്നാല്‍ അതി്നെയെല്ലാം മറികടന്ന്, വന്‍തോതില്‍ പണമൊഴുക്കി സര്‍ക്കാരുകളെ അട്ടിമറിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. അതും ജനാധിപത്യത്തിനു വെല്ലുവിളിയാണ്. മാത്രമല്ല പരമാവധി ഒന്നോ രണ്ടോ തവണ മാത്രമേ ഒരാള്‍ ജനപ്രതിനിധിയാകേണ്ടതൂള്ളൂ എന്നു തീരുമാനിക്കണം. ജനപ്രതിനിധിയാകുന്ന സമയത്ത് അവര്‍ക്ക് മാന്യമായ വേതനം നല്‍കുകയും വേണം. ആ സമയത്തുമാത്രം.
രാഷ്ട്രീയം തന്നെ ഉപജീവനത്തിനുള്ള തൊഴിലായി മാറ്റിയവരെ ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം. അങ്ങനെയുള്ളവരാണ് മിക്കപ്പോഴും അഴിമതിക്കാരാകുന്നത്. കാരണം അവര്‍ക്ക് അതല്ലാതെ മറ്റുവരുമാനമൊന്നും ഇല്ല എന്നതുതന്നെ. എന്നാല്‍ എത്രപെട്ടെന്നാണ് നമുക്കു ചുറ്റുമുള്ള പല മുഴുവന്‍ സമയ രാഷ്ട്രീയക്കാരും ലക്ഷപ്രഭുക്കളും കോടീശ്വരന്മാരുമായി മാറുന്നത്. പലര്‍ക്കും എത്രയോ സ്ഥാപനങ്ങള്‍. പലതും നടത്തുന്നത് ബിനാമികളിലൂടെ. കൊട്ടാരസദൃശമായ വീടുകളും ആഡംബരകാറുകളും വന്‍നിക്ഷേപങ്ങളുമെല്ലാം ഇവര്‍ സ്വന്തമാക്കിയതെങ്ങിനെയാണ്? അതില്‍ നിന്നുതന്നെ എല്ലാം വ്യക്തമാണല്ലോ. ഏറ്റക്കുറച്ചലുകളോടെ ഇത്തരക്കാരെ എല്ലായിടത്തും കാണാം. എല്ലാ പാര്‍ട്ടികളിലും കാണാം. എന്നിട്ടും ഉത്തരവാദിത്തപ്പെട്ട പൗരന്മാരായ നാമാരും അതെങ്ങിനെ എന്നു ചിന്തിക്കുന്നതുപോലുമില്ല. സ്വയം ജോലിക്കുപോകുന്നില്ലെങ്കിലും വേണ്ടപ്പെട്ടവരെ വലിയ വരുമാനം കിട്ടുന്ന തൊഴിലുകളിലെത്തിക്കാന്‍ ഇവര്‍ മടിക്കാറില്ല. പലരുടേയും ബന്ധുക്കള്‍ക്കോ മക്കള്‍ക്കോ വന്‍സ്ഥാപനങ്ങളും സ്വന്തമായിട്ടുണ്ടാകും. കൊട്ടിഘോഷിക്കുന്ന സഹകരണസംഘങ്ങള്‍ പോലുള്ള സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള മുഴുവന്‍ സമയപ്രവര്‍ത്തകരുടെ ഭാര്യമാര്‍ക്കോ മക്കള്‍ക്കോ ജോലി കൊടുക്കാനുള്ളതായി മാറ്റിയിരിക്കുകയാണല്ലോ.
വാസ്തവത്തില്‍ മുഴുവന്‍ സമയപ്രവര്‍ത്തകരൊന്നും ഇന്നത്തെ ജനാധിപത്യ കാലഘട്ടത്തില്‍ ആവശ്യമില്ല. വിപ്ലവം തൊഴിലാക്കിയവര്‍ എന്നത് പഴയ കമ്യൂണിസ്റ്റ് സങ്കല്‍പ്പമാണ്. വിപ്ലവപൂര്‍വ്വ കാലഘട്ടത്തില്‍ അച്ചടക്കമുള്ള കേഡര്‍ പാര്‍ട്ടി, വിപ്ലവം തൊഴിലാക്കിയ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ദത്തുപുത്രന്മാര്‍ തുടങ്ങിയ ആശയങ്ങള്‍ കടന്നു വന്നത് മനസ്സിലാക്കാം. വിപ്ലവത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ അത് അനിവാര്യമായിരുന്നു താനും. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ അതിനനുസൃതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് എന്തിനാണ് മുഴുവന്‍ സമയ പ്രവര്‍ത്തകര്‍? എന്തിനാണ് ഏകശിലാഖണ്ഡം പോലുള്ള പാര്‍ട്ടി? അധികാരത്തെ പൂര്‍ണ്ണമായും ജനങ്ങളിലെത്തിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനലക്ഷ്യം. ആ ലക്ഷ്യത്തിന്റെ അടുത്തൊന്നും നാമെത്തിയിട്ടില്ല. എങ്കിലും ജനപ്രതിനിധികളിലേക്ക് ഒരുപരിധി വരെ അധികാരമെത്തിയിട്ടുണ്ടല്ലോ. അതിനെ ഇനിയും മുന്നോട്ടുകൊണ്ടുപോകുകയാണ് വേണ്ടത്. അല്ലാതെ സ്റ്റാലിനിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കലല്ല.
തങ്ങള്‍ സമൂഹത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്ന ധാരണയില്‍ ഒരു വിഭാഗത്തെ സൃഷ്ടിക്കുന്നത് ജനാധിപത്യവ്യവസ്ഥക്ക് അനുഗുണമല്ല. ഇപ്പോള്‍തന്നെ നമ്മുടെ നേതാക്കളില്‍ ആ ധാരണയുണ്ട്. സമൂഹത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവരായതിനാല്‍ തങ്ങള്‍ക്ക് മറ്റുള്ളവരേക്കാള്‍ നിരവധി പ്രിവലേജുകള്‍ ഉണ്ടെന്ന് ഇവര്‍ ധരിക്കുന്നു. ഇവരില്‍ ഫാസിസ്റ്റ് പ്രവണതകളും അഴിമതിയും വളരുക മാത്രമല്ല, മറ്റുള്ളവരെ അരാഷ്ട്രീയക്കാരാക്കാനുമാണ് അത് സഹായിക്കുക. രാഷ്ട്രീയം തൊഴിലാക്കിയവരുള്ളപ്പോള്‍ തങ്ങള്‍ക്കതിന്റെ ആവശ്യമെന്ത് എന്ന ചോദ്യം സ്വാഭാവികമാണല്ലോ. അതല്ല ജനാധിപത്യത്തിനാവശ്യം. ജീവിക്കാനുള്ള പണമുണ്ടാക്കേണ്ടത് തൊഴിലെടുത്താണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നല്ല. എല്ലാവരും ജനാധിപത്യപ്രക്രിയകളില്‍ സജീവപങ്കാളികളാകുകയാണ്. ഫാസിസത്തിനെതിരായ യഥാര്‍ത്ഥ പ്രതിരോധവും അതുതന്നെ കുറെപേര്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരായി സമൂഹത്തെ നയിക്കുന്നതല്ല ജനാധിപത്യം. മറിച്ച് എല്ലാവരും രാഷ്ട്രീയക്കാരായി മാറുന്നതാണ് എന്നര്‍ത്ഥം.
കഴിഞ്ഞില്ല, ഈ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകര്‍ തന്നെയാണ് കേരളത്തില്‍ നിരന്തരമായി നടക്കുന്ന കക്ഷിരാഷ്ട്രീയ കൊലകളുടെയും ഒരു കാരണം. പാര്‍ട്ടിക്കും നേതാക്കള്‍ക്കും വേണ്ടി സ്വയം സമര്‍പ്പിതരാണെന്ന ധാരണയില്‍ നേതാക്കള്‍ പറയുന്ന എന്തും ചെയ്യാനവര്‍ തയ്യാറാകുന്നു. തൊട്ടയല്‍ക്കാരനെ കൊല്ലാന്‍ പറഞ്ഞാല്‍പോലും അതിനു മടികാണിക്കില്ല. എന്നിട്ട് ജീവിതം മുഴുവന്‍ ജയിലില്‍ കിടക്കാനും മടിയില്ല. സ്വയം ചാവേറാകാനും അവര്‍ തയ്യാര്‍. ഇങ്ങനെ കൊല്ലുന്നവരിലും കൊല്ലപ്പെടുന്നവരിലും ഭൂരിഭാഗവും പാവപ്പെട്ട ദളിത് – പിന്നോക്കക്കാരാണെന്നത് സ്വാഭാവികം. പല പാര്‍ട്ടികളും പിന്നീട് ഇവരുടെ കുടുംബങ്ങള്‍ സംരക്ഷിക്കും. ജനാധിപത്യസംവിധാനത്തില്‍ സത്യസന്ധമായി വിശ്വസിക്കാതെ, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലും മതാധിപത്യത്തിലും വിശ്വസിക്കുന്ന പാര്‍ട്ടികളിലാണ് ഈ പ്രവണത കൂടുതല്‍ എന്നത് യാദൃശ്ചികമല്ല. എന്നാലിവിടെ നിലനില്‍ക്കുന്നത് ജനാധിപത്യമാണെന്നും കൊല്ലാനും കൊല്ലപ്പെടാനും ചാവേറുകളുണ്ടാകേണ്ട ഒരു സംവിധാനമല്ല അതെന്നും ഈ പ്രസ്ഥാനങ്ങള്‍ ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ താല്‍പ്പര്യമുള്ളവര്‍ക്കുവോട്ടുചെയ്യാം. എന്നുവെച്ച് എല്ലായ്‌പ്പോഴും നേതാക്കള്‍ക്ക് തലച്ചോറു പണയം വെക്കുന്നവരാകേണ്ട ആവശ്യമെന്താണ്? ഏതുവിഷയത്തെ കുറിച്ചും സ്വന്തമായൊരു അഭിപ്രായമില്ലാതെ, നേതാക്കളെ ന്യായീകരിക്കുന്നവര്‍ മാത്രമായി രാഷ്ട്രീയപ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്നവര്‍ മാറുന്നു. തെരുവില്‍ മാത്രമല്ല, നമ്മുടെ സോഷ്യല്‍ മീഡിയകളിലും കാണുന്നത് നിരന്തരമായി നടക്കുന്നത് ഹിംസാത്മകമായ കടന്നാക്രമണങ്ങളാണല്ലോ. പലരും പറയാറുള്ളപോലെ വെറും ന്യായീകരണതൊഴിലാളികളായി നമ്മുടെ ചെറുപ്പക്കാര്‍ മാറുന്ന അവസ്ഥ.
തീര്‍ച്ചയായും ഇതിനൊരു മറുവശവുമുണ്ട്. ജനാധിപത്യസംവിധാനത്തില്‍ നിരവധി പോരായ്മകള്‍ ഉണ്ടെന്നത് ശരി. പക്ഷെ അതിന്റെ പേരില്‍ രാഷ്ട്രീയക്കാര്‍ മുഴുവന്‍ കള്ളന്മാരാണെന്നും നമുക്ക് രാഷ്ട്രിയത്തില്‍ താല്‍പ്പര്യമില്ലെന്നുമുള്ള ചിന്താഗതി വളരുന്നതും നന്നല്ല. ഒന്നുമല്ലെങ്കില്‍ 5 വര്‍ഷത്തിലൊരിക്കല്‍ ജനവിധി തേടുന്നവരാണ് രാഷ്ട്രീയക്കാര്‍. മറ്റാര്‍ക്കും അതുവേണ്ടല്ലോ. പക്ഷെ ജനങ്ങളുടെ ഇപ്പോഴത്തെ അപകടകരമായ ഈ ചിന്താഗതിക്കു കാരണം തങ്ങളുടെ പ്രവര്‍ത്തികള്‍ തന്നെയാണെന്ന് രാഷ്ട്രീയക്കാരും തിരിച്ചറിഞ്ഞ് സ്വയം നവീകരണത്തിനു വിധേയരാകണം. നേരത്തെ പറഞ്ഞപോലെ ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിക്കു ജനങ്ങളില്‍ നിന്ന് ഒന്നും മറച്ചുവെക്കാനില്ല. ജനാധിപത്യ സംവിധാനത്തിന്റെ നിലവാരം കൂട്ടിയ ഒന്നാണല്ലോ വിവരാവകാശ നിയമം. എന്നാലതിന് തങ്ങള്‍ അതീതരാണെന്ന നിലപാട് പാര്‍ട്ടികള്‍ മാറ്റണം. കാരണം അധികാരത്തിന്റെ യഥാര്‍ത്ഥ നിയന്ത്രണം പാര്‍ട്ടികളുടെ കൈവശമാണല്ലോ. പാര്‍ട്ടി ഓഫീസുകള്‍ സുതാര്യമാകണം. അവിടെ ആര്‍ക്കും കയറി ചെല്ലാനാകണം. പാര്‍ട്ടി കമ്മിറ്റി യോഗങ്ങള്‍ പോലും ലൈവ് ആയി ജനം കാണട്ടെ. മിനിട്സും വരവുചിലവുകണക്കുകളും പ്രസിദ്ധീകരിക്കണം. ഇത്തരത്തില്‍ സുതാര്യമായ നടപടികള്‍ സ്വീകരിച്ച് രാഷ്ട്രീയത്തെ കാലത്തിനനുസരിച്ച് അടിമുടി പരിഷ്‌കരിക്കാനാണ് പ്രസ്ഥാനങ്ങള്‍ തയ്യാറാകേണ്ടത്.
ഇത്തരം പരിഷ്‌കരണങ്ങള്‍ ഏറ്റവും പ്രധാനമാണ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇനിയും വേണ്ട എന്നത്. കൊവിഡ് സൃഷ്ടിച്ച മാറ്റങ്ങള്‍ അത് കൂടുതല്‍ അനിവാര്യമാക്കുന്നു. മറ്റെല്ലാ മേഖലയും പോലെ രാഷ്ട്രീയപ്രവര്‍ത്തനവും ഓണ്‍ലൈനിലേക്ക് മാറുകയാണല്ലോ. സമരങ്ങള്‍പോലും വെര്‍ച്ച്വല്‍ ആയിമാറികൊണ്ടിരിക്കുകയാണ്. ശക്തിപ്രകടനങ്ങളുടെ കാര്യവും വ്യത്യസ്ഥമല്ല. ലോണുകള്‍ ശരിയാക്കാനും സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പോകാനും പോലീസ് സ്‌റ്റേഷനുകളിലേക്കു പോകാനും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരു ചേര്‍ക്കാനും മറ്റും മറ്റുമാണല്ലോ സാധാരണജനങ്ങള്‍ക്ക് രാഷ്ട്രീയക്കാരെ ആവശ്യം. അവയും കൂടുതല്‍ കൂടുതല്‍ ഓണ്‍ലൈനായി കൊണ്ടിരിക്കുന്നു. മാത്രമല്ല, ഈ സ്ഥാപനങ്ങളൊക്കെ മറ്റാരുടേയും സഹായമില്ലാതെ ആര്‍ക്കും കയറിചെല്ലാവുന്നവയായി മാറുകയാണ് വേണ്ടത്. കാരണം അവയെല്ലാം ജനാധിപത്യസംവിധാനത്തിലെ സ്ഥാപനങ്ങളാണ്. അവിടെ ജനങ്ങള്‍ക്ക് ഇടനിലക്കാരില്ലാതെ കയറിചെല്ലാന്‍ കഴിയില്ലെങ്കില്‍ ജനാധിപത്യം തന്നെ അര്‍ത്ഥരഹിതമാണല്ലോ. മാത്രമല്ല ഇത്തരം സാഹചര്യത്തില്‍ പരസ്പരമുള്ള വെല്ലുവിളികള്‍ക്കോ ഏറ്റുമുട്ടലുകള്‍ക്കോ എന്തു പ്രസക്തി? ചാവേറുകളുടെ എന്താവശ്യം? മുഴുവന്‍ സമയ പ്രവര്‍ത്തകരുടെ എന്താവശ്യം? ആധുനിക സാങ്കേതിക വിദ്യകളെ പരമാവധി സാംശീകരിച്ച്, ജനാധിപത്യത്തെ കൂടുതല്‍ പരിപക്വവും അര്‍ത്ഥപൂര്‍ണ്ണവുമാക്കാനാണ് നാം ശ്രമിക്കേണ്ടത്. അത് രാഷ്ട്രീയക്കാരുടെ മാത്രം ഉത്തരവാദിത്തമല്ല, എല്ലാവരുടേയും ഉത്തരവാദിത്തമാണ്. കാരണം എല്ലാവരും രാഷ്ട്രീയക്കാരാണ് എന്നതുതന്നെ.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.