അബുദാബി : വാനിൽ അഗ്നിപുഷ്പങ്ങളുടെ വർണ്ണമഴ വിരിയിച്ചും ആറായിരത്തോളം ഡ്രോണുകൾ അണിനിരന്നും രാജ്യത്തിന്റെ നേട്ടങ്ങൾ ആകാശത്ത് ചിത്രീകരിച്ചും പുതുവർഷത്തെ സ്വാഗതം ചെയ്ത് യുഎഇ. അബുദാബിയിലും റാസൽഖൈമയിലുമായിരുന്നു റെക്കോർഡ് വെടിക്കെട്ട്. ബുർജ് ഖലീഫയിലെ വെടിക്കെട്ടും ലേസർ ഷോയും ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു. പുതുവർഷത്തിന്റെ ആദ്യ നിമിഷം തന്നെ ഒന്നിലേറെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് പുതുവർഷത്തിൽ യുഎഇ ഗംഭീര തുടക്കമിട്ടു.
ഡ്രോൺ ഷോയിലൂടെയും വെട്ടിക്കെട്ടിലൂടെയും വെൽകം 2025, ഹാപ്പി ന്യൂ ഇയർ, മർഹബ, അഹ്‌ലൻ വ സഹ്‌ലൻ തുടങ്ങി വിവിധ ഭാഷകളിൽ പുതുവർഷത്തെ സ്വാഗതം ചെയ്തതോടെ ആർപ്പുവിളിച്ചും കയ്യടിച്ചും ചൂളം വിളിച്ചും നൃത്തം വച്ചും മധുരം വിതരണം ചെയ്തും കാണികൾ ഹർഷാരവത്തോടെ പുതുവർഷത്തെ വരവേറ്റു.
അബുദാബി അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ, ദുബായ് ഡൗൺടൗൺ, റാസൽഖൈമ അൽമർജാൻ ഐലൻഡ് എന്നിവിടങ്ങളിലേക്കുള്ള റോഡുകളെല്ലാം വൈകിട്ടോടെ തിരക്കിലമർന്നു. തിരക്ക് കണക്കിലെടുത്ത് വിവിധ എമിറേറ്റുകളിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ജോലി കഴിഞ്ഞ് പുതുവർഷ ആഘോഷങ്ങൾക്ക് പോയവരിൽ പലരും ലക്ഷ്യ സ്ഥാനത്ത് എത്താനാകാതെ വഴിയിൽ കുടുങ്ങി.
ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ വൈകിട്ട് 6ന് തന്നെ വെടിക്കെട്ട് തുടങ്ങി. ഓരോ മണിക്കൂർ ഇടവിട്ടുള്ള വെടിക്കെട്ട് രാത്രി 12ന് 53 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രകടനത്തോടെയാണ് സമാപിച്ചത്.രാത്രി 11.40ന് അബുദാബി അൽവത്ബയിൽ 6000 ഡ്രോണുകൾ അണിനിരന്ന ഷോയോടെ ആവേശം വാനോളമുയർന്നു. കൗണ്ട് ഡൗണിൽ 2024നോട് വിടപറയുമ്പോൾ ഗുഡ് ബൈ 2024 എന്ന് കാണികൾ ആർത്തിരമ്പി. തുടർന്ന് യുഎഇയുടെ രൂപീകരണം മുതൽ ബഹിരാകാശം വരെയുള്ള നേട്ടങ്ങളിലെ പ്രധാന സംഭവങ്ങൾ ഡ്രോൺ ഷോയിലൂടെ 20 മിനിറ്റിൽ ആകാശത്ത് ചിത്രീകരിച്ചു. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫയുടെയും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെയും ഇതര ഭരണാധികാരികളുടെയും ചിത്രവും ഡ്രോൺ ഷോയിലൂടെ ആകാശത്ത് തെളിഞ്ഞു.
ക്ലോക്കിൽ 12ന് 10 സെക്കൻഡ് മുൻപുള്ള ഓരോ നിമിഷങ്ങളും ജനം ഒന്നിച്ചെണ്ണി പുതുവർഷത്തെ സ്വാഗതം ചെയ്തു. അഗ്നിപുഷ്പങ്ങൾകൊണ്ട് ആകാശത്ത് ഹാപ്പി ന്യൂ ഇയർ എഴുതിയാണ് പുതുവർഷത്തെ വരവേറ്റത്.സംഗീതത്തിന്റെ താളത്തിന് അനുസരിച്ച് ആകാശത്ത് അഗ്നിപുഷ്പങ്ങൾ നൃത്തം ചെയ്തു. മേഖല ഇതുവരെ കണ്ടിട്ടില്ലാത്ത വിസ്മയ കാഴ്ചകളാണ് വെടിക്കെട്ടിലൂടെ സമ്മാനിച്ചത്. റെക്കോർഡ് പ്രകടനം കാണാൻ തണുപ്പും മഞ്ഞും അവഗണിച്ച് വിവിധ കേന്ദ്രങ്ങളിൽ ജനലക്ഷങ്ങളാണ് എത്തിയത്.
വിവിധ എമിറേറ്റുകളിൽ നിന്നുള്ളവർ കുടുംബസമേതം നേരത്തെ തന്നെ സ്ഥലത്തെത്തി. പലരും മണിക്കൂറുകൾ എടുത്താണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്.ജനം തിങ്ങി നിറഞ്ഞതോടെ ഫെസ്റ്റിവൽ കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതം തിരിച്ചുവിട്ടു. ഗതാഗതക്കുരുക്കിൽപെട്ട് മുന്നോട്ടു നീങ്ങാനാകാതെ ആയിരക്കണക്കിന് ആളുകൾ താഴ്‍വാരത്തിലും സമീപ പ്രദേശങ്ങളിലെ റോഡിലും മരുഭൂമിയിലും നിന്നും വാഹനത്തിലിരുന്നുമാണ് റെക്കോർഡ് വെടിക്കെട്ട് ആസ്വദിച്ചത്. ഉയർന്ന പ്രദേശമായ അൽവത്ബയിലെ വെടിക്കെട്ട് കിലോമീറ്ററുകളോളം അകലെ നിന്നുവരെ കാണാമായിരുന്നു. അബുദാബി കോർണിഷ്, എമിറേറ്റ്സ് പാലസ്, യാസ് മറീന, അൽ മർയ ഐലൻഡ്, ഹസ്സ ബിൻ സായിദ് സ്റ്റേഡിയം അൽഐൻ, അൽ ദഫ്റ ഫെസ്റ്റിവൽ, മദീനാ സായിദ് എന്നിവിടങ്ങളിൽ നടന്ന വെടിക്കെട്ട് കാണാൻ ആയിരങ്ങൾ എത്തി.
കിലോമീറ്റർ നീളത്തിൽ 15 മിനിറ്റ് വെടിക്കെട്ട് ഒരുക്കി റാസൽഖൈമയും പുതുവർഷാഘോഷം ഗംഭീരമാക്കി. അൽമർജാൻ ഐലൻഡിലെ വെടിക്കെട്ടു കാണാൻ ആറ് ഇടങ്ങളിലായാണ് സൗകര്യമൊരുക്കിയത്. ദുബായിൽ ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിൽ 9 മിനിറ്റ് നീളുന്ന വെടിക്കെട്ട് കാണാനും വൻ ജനാവലി എത്തി.
ദുബായ് ഫെസ്റ്റിവൽ സിറ്റി, ബർദുബായ് അൽസീഫ് സ്ട്രീറ്റ്, ദ് പാമിലെ അറ്റ്ലാന്റിസ്, ജുമൈറ ബീച്ച് റസിഡൻസ്, ബ്ലൂവാട്ടേഴ്സ് ഐലൻഡ്, ഗ്ലോബൽ വില്ലേജ്, ഹത്ത തുടങ്ങി എമിറേറ്റിന്റെ 36 ഇടങ്ങളിലും വെടിക്കെട്ട് ഒരുക്കിയിട്ടും ബുർജ് ഖലീഫയിലെ വെടിക്കെട്ട് കാണാനായിരുന്നു തിരക്ക്.
ദുബായ് ഗ്ലോബൽ വില്ലേജിൽ 7 തവണ വെടിക്കെട്ടും ഡ്രോൺ ഷോയും കണ്ടത് പതിനായിരക്കണക്കിന് ആളുകൾ. വൈകിട്ട് 6 മുതൽ ഇടതടവില്ലാതെ കലാവിരുന്നും അരങ്ങേറി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.