News

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം.

കേരളത്തിലെ ഏറ്റവും ജനകീയനായ മുഖ്യ മന്ത്രിമാരില്‍ ഒരാളായിരുന്ന വി.എസ്, സിപിഐഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെയും പ്രവര്‍ത്തനം അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നിറങ്ങി സിപിഐഎം രൂപീകരിച്ചതിൽ പങ്കാളിയായ അവസാനത്തെ നേതാവ് എന്നതും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.

1923-ല്‍ ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലെ വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനിച്ച അച്യുതാനന്ദന്‍റെ ബാല്യകാലം ദുരിതപരമായിരുന്നു. പതിനൊന്നാം വയസ്സില്‍ വസൂരി ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട വി.എസ്. പഠനം ഏഴാം ക്ലാസില്‍ നിര്‍ത്തി സഹോദരന്റെ ജൗളിക്കടയില്‍ ജോലി ചെയ്തു. പിന്നീട് ആസ്പിൻവാൾ കയർ ഫാക്ടറിയില്‍ ജോലി ചെയ്തതോടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലേയ്ക്ക് കടക്കുന്നത്. 17-ആം വയസ്സില്‍ നിരോധിക്കപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി.

കുട്ടനാട്ടെ പാടശേഖരങ്ങളിൽ കർഷകരുടെ അവകാശപോരാട്ടങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായപ്പോൾ കർഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ വിഎസ് നേതൃപരമായി ഇടപെടൽ നടത്തിയിരുന്നു. പിന്നീട് പുന്നപ്രയിലും വയലാറിലും നടന്ന തൊഴിലാളി സമരങ്ങളിലും വിഎസ് നേതൃപരമായി ഇടപെട്ടിരുന്നു. പുന്നപ്ര വയലാർ സമരത്തെ തുടർന്ന് കസ്റ്റഡിയിലായ വിഎസ് നേരിട്ടത് കൊടിയ പൊലീസ് മർദനമായിരുന്നു.

ഐക്യകേരള രൂപീകരണത്തിന് മുൻപ് 1952ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ഡിവിഷണൽ സെക്രട്ടറിയായി വിഎസ് നിയോഗിതനായി. 1956ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. 1959ൽ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1964ൽ സിപിഐയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന 32 നേതാക്കൾ പുതിയ പാർട്ടി രൂപീകരിച്ചതോടെ സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായി വിഎസ് മാറി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന വിഎസ് അച്യുതാനന്ദൻ 1985ൽ പൊളിറ്റ്ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1992വരെ ഒരു വ്യാഴവട്ടക്കാലം സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്നു.

1965ൽ വിഎസ് അച്യുതാനന്ദൻ ആദ്യമായി നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും അമ്പലപ്പുഴയിൽ പരാജയപ്പെട്ടു. പിന്നീട് 1967 ലും, 1970ലും അമ്പലപ്പുഴയിൽ നിന്ന് വിജയിച്ചെങ്കിലും 1977 ൽ വീണ്ടും അച്യുതാനന്ദനെ അമ്പലപ്പുഴ കൈവിട്ടു. പിന്നീട് 1991ലായിരുന്നു വി എസ് തിരഞ്ഞെടുപ്പ് രംഗത്തേയ്ക്ക് വരുന്നത്. അന്ന് മാരാരിക്കുളത്ത് നിന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിഎസ് മത്സരിച്ചത്. 1991ൽ രാജീവ് ഗാന്ധിയുടെ ആകസ്മിക മരണം തുടർഭരണം പ്രതീക്ഷിച്ചിരുന്ന ഇടതുമുന്നണിക്ക് തിരിച്ചടിയായി. മാരാരിക്കുളത്ത് നിന്നും വിജയിച്ച വിഎസ് അച്യുതാനന്ദൻ പിന്നീട് 1992ൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996ൽ ഇടതുമുന്നണി അധികാരത്തിൽ വന്നെങ്കിലും മാരാരിക്കുളത്ത് വി എസ് അച്യുതാനന്ദൻ പരാജയപ്പെട്ടു. സിപിഐഎം വിഭാഗീയതയുടെ തുടർച്ചയായിരുന്നു വി എസ് അച്യുതാനന്ദന്റെ പരാജയം. പിന്നീട് 2001ൽ മലമ്പുഴയിൽ നിന്ന് വിഎസ് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അന്ന് യുഡിഎഫ് സർക്കാരാണ് അധികാരത്തിൽ വന്നത്. അതോടെ വിഎസ് വീണ്ടും പ്രതിപക്ഷ നേതാവായി. 2006ൽ മലമ്പുഴയിൽ നിന്നും വിജയിച്ച് വിഎസ് ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയായി. പിന്നീട് 2011ൽ വീണ്ടും മലമ്പുഴയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വിരലിലെണ്ണാവുന്ന സീറ്റുകളുടെ കുറവിൽ ഇടതുമുന്നണിക്ക് തുടർഭരണം നഷ്ടമായി. വിഎസ് അച്യുതാനന്ദൻ വീണ്ടും പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. 2016ൽ വിഎസ് വീണ്ടും മലമ്പുഴയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പിണറായി വിജയനെ സിപിഐഎം പൊളിറ്റ്ബ്യൂറോ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിയോഗിക്കുകയായിരുന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടറിയായും, പൊളിറ്റ് ബ്യുറോ അംഗമായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും നിറഞ്ഞു നിന്ന വിഎസ് പാർട്ടിക്കുള്ളിൽ നടത്തിയ ഉൾപാർട്ടി സമരങ്ങളുടെ കൂടി പേരിലാണ് ശ്രദ്ധേയനാകുന്നത്. വ്യത്യസ്ത നിലപാടുകളുടെ പേരിൽ പലതവണ പാർട്ടി അച്ചടക്ക നടപടിയ്ക്ക് വി എസ് വിധേയനായിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ എം വി രാഘവൻ ബദൽരേഖയുമായി രംഗത്ത് വന്നപ്പോഴും പിന്നീട് എം വി രാഘവൻ സിപിഐഎമ്മിനെ വെല്ലുവിളിച്ച് പാർട്ടി വിട്ടപ്പോഴും ഔദ്യോഗിക നിലപാടിനൊപ്പം പാർട്ടിയെ ഉറപ്പിച്ച് നിർത്തിയത് വിഎസിന്റെ തന്ത്രപരമായ ഇടപെടലുകളായിരുന്നു. പ്രധാനപ്പെട്ട പലനേതാക്കളും പാർട്ടി വിട്ടപ്പോഴും സിപിഐഎമ്മിനെ കരുത്തോടെ നയിക്കാൻ ഈ ഘട്ടത്തിൽ വിഎസിന് സാധിച്ചിരുന്നു. പിന്നീട് 1992ലെ കോഴിക്കോട് സമ്മേളനത്തിൽ ഇ കെ നായനാർ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ച് വി എസിനെ പരാജയപ്പെടുത്തിയത് സിപിഐഎമ്മിലെ വിഭാഗീയതയുടെ തുടക്കമായിരുന്നു.

പിന്നീട് നടന്ന രണ്ട് സമ്മേളനങ്ങളിൽ വി എസ് തനിക്കെതിരായ പക്ഷത്തിന്റെ ചിറകരിഞ്ഞു. ഇതിന്റെ പേരിലും വിഎസിന് പാർട്ടിയുടെ താക്കീത് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പിന്നീട് വിഎസിന്റെ പിന്തുണയോടെ പാർട്ടി സെക്രട്ടറിയായി പിണറായി വിജയൻ വന്നതോടെയാണ് സിപിഐഎമ്മിനെ ഒന്നര പതിറ്റാണ്ടോളം പിന്തുടർന്ന മറ്റൊരു വിഭാഗീയ കാലത്തിന് തുടക്കമാകുന്നത്. പാർട്ടിയിലെ നയവ്യതിയാനമെന്ന നിലപാടുയർത്തി വി എസ് നടത്തിയ പോരാട്ടങ്ങൾ സിപിഐഎമ്മിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സംഘർഷഭരിതമായ ഉൾപ്പാർട്ടി സമരങ്ങളുടെ കാലമായിരുന്നു. പൊളിറ്റ്ബ്യൂറോ അംഗങ്ങളായിരുന്ന വി എസ് അച്യുതാനന്ദനും പിണറായി വിജയനും നേരിട്ട് വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്ന നിലയിലേയ്ക്ക് പോലും ആ വിഭാഗീയത വളർന്നിരുന്നു. 2004ലെ മലപ്പുറം സമ്മേളനത്തിൽ വിഭാഗീയത അതിന്റെ കൊടുമുടിയിൽ എത്തിയിരുന്നു. പാർട്ടി പിടിക്കാൻ മലപ്പുറത്ത് വിഎസ് പക്ഷം നടത്തിയ നീക്കം പക്ഷെ ഔദ്യോഗിക പക്ഷം വെട്ടിനിരത്തി. എന്നാൽ അതുകൊണ്ടൊന്നും പിന്നോട്ട് പോകാൻ വിഎസ് തയ്യാറായിരുന്നില്ല. മുഖ്യമന്ത്രിയായിരിക്കെ വി എസ് വീണ്ടും അച്ചടക്ക നടപടിക്ക് വിധേയനായി. പാർട്ടി പോളിറ്റ്ബ്യൂറോയിൽ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി മാറ്റി നിർത്തപ്പെട്ട വിഎസിന് പിന്നീട് പി ബിയിലേയ്ക്ക് തിരിച്ചെത്താൻ സാധിച്ചില്ല. പലഘട്ടങ്ങളിലും പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ വന്നിരുന്നെങ്കിലും ഉൾപാർട്ടി സമരങ്ങൾ പാർട്ടിയെ തകർക്കുന്ന നിലയിലേയ്ക്ക് പോകാതെ പോരാടിയ വിഎസിനെപ്പോലെ മറ്റൊരാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലില്ല.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.