Breaking News

വാടക വർധിച്ചിട്ടും അബുദാബിയെ ഹൃദയത്തോട് ചേർത്ത് പിടിച്ച് നഗരവാസികൾ; കാരണം തുറന്ന് പറഞ്ഞ് മലയാളികൾ

അബുദാബി: അബുദാബിയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ കുതിപ്പ് തുടരുകയാണ്. വിവിധ നഗരഭാഗങ്ങളില്‍ 10 വർഷക്കാലയളവിനിടെ ഏറ്റവും ഉയർന്ന നിരക്കിലാണ് വാടകയെന്നാണ് വിവിധ ഏജന്‍സികളുടെ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. വില്ലകൾക്ക് 10 ശതമാനവും അപ്പാർട്മെന്റുകള്‍ക്ക് 16 ശതമാനവുമാണ് ശരാശരി വർധനയെങ്കിലും ചിലയിടങ്ങളിൽ വില ഇതിലും കൂടുതലാണ്. എമിറേറ്റിലെ ഏറ്റവും ആകർഷമായ യാസ് ഐലൻഡിലും സാദിയാത്തിലും ആവശ്യക്കാരേറെയാണ്. കഴിഞ്ഞ 10 വ‍ർഷത്തിനിടെ അടിസ്ഥാന സൗകര്യ വികസനത്തിലും വലിയ മാറ്റങ്ങള്‍ അബുദാബിയില്‍ നടപ്പിലായി. ദുബായിയെ അപേക്ഷിച്ച് ശാന്തമാണ് യുഎഇ തലസ്ഥാന നഗരം.
ട്രാഫിക്കിന്‍റെ വലിയ ബഹളങ്ങളില്ല. ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍  തുടർച്ചയായ എട്ടാം തവണവും അബുദാബി ഒന്നാം റാങ്ക് നേടിയിരുന്നു ഒരിക്കല്‍ ഈ നഗരത്തിലെത്തിയവർ പിന്നീടൊരിക്കലും ഇവിടെ നിന്ന് തിരിച്ച് പോകാന്‍ ആഗ്രഹിക്കാത്തതും ഇതുകൊണ്ടൊക്കെത്തന്നെയാണ്. വർഷങ്ങളോളം അബുദാബിയില്‍ ജീവിച്ചവർ, നഗരത്തിന്‍റെ കുതിപ്പും കിതപ്പും നേരിട്ടറിഞ്ഞവർ, പറയുന്നു, ഈ നഗരം ഞങ്ങള്‍ക്ക് പ്രിയപ്പെട്ടത്. 
അബുദാബിയില്‍ വിവിധ മേഖലകളില്‍ വാടകയില്‍ വർധനവുണ്ടാകുന്നുണ്ടെങ്കിലും അതിനനുസരിച്ചുളള സൗകര്യങ്ങള്‍ എമിറേറ്റില്‍ ലഭ്യമാകുന്നുണ്ടെന്ന്  26 വ‍ർഷമായി അബുദാബിയില്‍ താമസിക്കുന്ന ഷാനവാസ് അബ്ദുള്‍ ലത്തീഫ് പറയുന്നു.  2015 -16 വ‍ർഷക്കാലയളവില്‍ രണ്ട് ബെഡ്റൂമുകളുളള അപാർട്മെന്റിന് മുസഫയില്‍ 68,000 മുതല്‍ 70,000 ദിർഹം വരെ വാർഷിക വാടക നല്‍കിയിട്ടുണ്ട്. എന്നാല്‍ കോവിഡ് കാലത്ത് വാടക കുറഞ്ഞ് 55,000 ലെത്തി. ഇപ്പോള്‍ വീണ്ടും കൂടി വരുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോള്‍ അബുദബി ഇലക്ട്രയിലാണ് താമസിക്കുന്നത്. ഇതുവരെ വാടക കൂടിയതായി അറിയിപ്പ് കിട്ടിയിട്ടില്ല. വാടക കൂട്ടുന്നുണ്ടെങ്കില്‍ മൂന്ന് മാസം മുന്‍പ് തന്നെ കെട്ടിട ഉടമകള്‍  നോട്ടിസ് നൽകാറുണ്ട്. 
എഡിസിപി പോലുളള ഉടമകള്‍ വാടക കുറയ്ക്കുന്നതിനുളള അപേക്ഷ (റെന്റ് റിഡക്ഷന്‍ റിക്വസ്റ്റ്) നല്‍കാനുളള അവസരവും നല്‍കാറുണ്ട്. പലപ്പോഴും അത് പരിഗണിച്ചിട്ടുമുണ്ട്. പാർക്കിങ് ഉള്‍പ്പടെയുളള സൗകര്യങ്ങളുളളതിനാല്‍ തന്നെ വാടക കൂടിയാലും മറ്റൊരിടത്തേക്ക് മാറുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുമില്ല. ദുബായിയെ അപേക്ഷിച്ച് സ്മൂത്ത് ട്രാഫിക്കാണ് ആകർഷകമായ ഘടകമെന്നും അബുദാബിയിലെ സ്വകാര്യകമ്പനിയില്‍ ഡയറക്ടറായ ഷാനവാസ് അബ്ദുള്‍ ലത്തീഫ് പറയുന്നു.
അബുദാബി ടൂറിസ്റ്റ് ക്ലബ് ഏരിയ ഉ‌ൾപ്പെടെ എല്ലായിടങ്ങളിലും ഇത്തവണ വാടക വ‍ർധിക്കുമെന്നാണ് കേള്‍ക്കുന്നതെന്ന് സ്വകാര്യസ്ഥാപനത്തില്‍ കണ്‍സ്ട്രക്ഷന്‍ മാനേജറായി ജോലി ചെയ്യുന്ന അജിത് കുമാർ പറയുന്നു. ഇരുപതു  വർഷമായി കുടുംബവുമൊത്ത് അബുദാബിയിൽ താമസിക്കുന്നു. ടൂറിസ്റ്റ് ക്ലബ് ഏരിയയിൽ മൂന്ന് ബെഡ്റൂം അപാർട്മെന്റിലാണ് 10 വർഷത്തിലേറെ ആയി താമസിക്കുന്നത്. 10 വർഷത്തിനിടെ വാടകയില്‍ വർധനവുണ്ടായിട്ടുണ്ട്. കോവിഡ് സമയത്ത് വാടക കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും വർധിക്കുന്ന പ്രവണതയാണ്. വാടക കൂടുന്നതിന് അനുസരിച്ച് ശമ്പളം കൂടുന്നില്ലല്ലോ. വാടക കൂടുമ്പോള്‍ ചെലവും കൂടും. 
കുട്ടികളുടെ പഠന ഫീസും മറ്റു ചെലവുകളും വർധിച്ചു വരുമ്പോള്‍ നീക്കിയിരിപ്പിലും കുറവുണ്ടാകും. വാടക കുറഞ്ഞയിടങ്ങളിലേക്ക് മാറാനും പ്രയാസം. സ്കൂള്‍, പാർക്കിങ്, ആശുപത്രി സൗകര്യങ്ങളൊക്കെ നോക്കിയാല്‍ ചിലപ്പോള്‍ വാടക കൂടുതല്‍ കൊടുത്ത് താമസിക്കുന്നതാണ് മെച്ചമെന്നും അജിത് പറയുന്നു. 
വിവിധ രാജ്യക്കാരായ ആളുകള്‍ സമാധാനത്തോടെ ജീവിക്കുന്ന രാജ്യം, ഇവിടത്തെ ജീവിത നിലവാരത്തിലുണ്ടാകുന്ന ഉയർച്ചയും കൂടുതല്‍ ആവശ്യകതയുമാണ് വാടകവർധനവ് സൂചിപ്പിക്കുന്നതെന്ന് 17 വർഷമായി അബുദാബിയില്‍ ജീവിക്കുന്ന സാമൂഹ്യപ്രവർത്തകനായ മുസ്തഫ പാട്ടശ്ശേരി പറയുന്നു. അനാവശ്യ ചെലവുകളിൽ നിന്ന് മാറി നിന്ന് ആവശ്യങ്ങളെ തിരിച്ചറിഞ്ഞു മുന്നോട്ടു പോകുകയെന്നതാണ് പ്രവാസികളെന്ന രീതിയില്‍ നമുക്ക് ഗുണം ചെയ്യുക. വാടക ഉയരുന്നതടക്കമുളള  സാഹചര്യങ്ങൾ അനുകൂലമാക്കാന്‍ ഇത്തരം ജീവിത രീതികള്‍ ഗുണം ചെയ്യുമെന്നും മുസ്തഫ പറയുന്നു. 
അബുദാബി ഹംദാന്‍ സ്ട്രീറ്റിലാണ് സാല്‍മി പരപ്പനങ്ങാടി താമസിക്കുന്നത്. വാടക വർധിച്ചിട്ടുണ്ട്. രണ്ട് ബെഡ്റൂമുകളുളള അപാർട്മെന്റിന് വാടക വ‍ർഷത്തില്‍ 70,000 ദിർഹമായി ഉയർന്നു. നേരത്തെ ഇത് 62000 ദിർഹമായിരുന്നു. എന്നാല്‍ വാടക വർധനവിന് ആനുപാതികമായി തന്നെ ശമ്പളത്തിലായാലും ബിസിനസിലായാലും വർധനവ് അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ വാടകയിലുണ്ടാകുന്ന വർധനവ് വലിയ രീതിയില്‍ അനുഭവപ്പെടുന്നില്ല. കഴിഞ്ഞ 5 വർഷത്തിനിടെ അടിസ്ഥാനസൗകര്യവികസനത്തിലും വലിയ മാറ്റങ്ങളുണ്ടായി. സുരക്ഷിത നഗരമാണെന്നതും പ്രധാനം. ജോലി ഒഴിവുകളുടെ കാര്യത്തിലാണെങ്കിലും വലിയ അവസരങ്ങള്‍ തന്നെയാണ് അബുദാബി തുറന്നിടുന്നതെന്നും അബുദാബിയില്‍ ബിസിനസ് ചെയ്യുന്ന കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി കൂടിയായ സാല്‍മി പറയുന്നു. 
അബുദാബിയുടെ ഹൃദയഭാഗമെന്ന് പറയാന്‍ സാധിക്കുന്ന നജ്ദയിലെ രണ്ട് ബെഡ്റൂം അപാർട്മെന്റില്‍ താമസിക്കുന്ന അബ്ദുൽ ലത്തീഫിന് ഇത്തവണ വാടകയില്‍ വർധനയുണ്ടായിട്ടില്ല. പണപ്പെരുപ്പത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ ചെലവ് വർധിക്കുന്നുണ്ട്. യുഎഇയിലും വിലവർധന പ്രകടമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. വാടക ഉള്‍പ്പടെയുളള കാര്യങ്ങളില്‍ അത് പ്രകടമാണ്. സ്ഥിരവരുമാനത്തോടൊപ്പം ഒരു അധിക വരുമാനം കണ്ടെത്താന്‍ ശ്രമിക്കുക. ചെലവു ചുരുക്കുകയെന്നുളളത് പ്രായോഗികമല്ലാത്ത സന്ദർഭങ്ങളില്‍ വരുമാനം വർധിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. അബുദാബി ഉള്‍പ്പടെയുളള എമിറേറ്റുകളിലേക്ക് എത്തുന്ന പ്രവാസികളുടെ എണ്ണം വലിയ തോതില്‍ വർധിച്ചുവെന്നുളളതും യാഥാർഥ്യമാണെന്ന് പത്തുവർഷമായി അബുദാബിയിലുളള ലത്തീഫ് വിലയിരുത്തുന്നു. 
വിഷന്‍ 2030 യുടെ ഭാഗമായുളള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. അബുദാബിയുടെ മറ്റൊരു പ്രത്യേകത എല്ലാവർഷവും സർവേ നടത്തുമെന്നുളളതാണ്. പ്രവാസി സ്വദേശി വ്യത്യാസമില്ലാതെ അഭിപ്രായം രേഖപ്പെടുത്താനാകും, അതില്‍ കൃത്യമായ നടപടികളുണ്ടാകും. ഇവിടെ ജീവിക്കുമ്പോള്‍ ഭരണകൂടത്തിന്റെ നല്ല പ്രവൃത്തികളില്‍ ഭാഗമാകുകയെന്നുളളതാണ് പറയാനുളളതെന്നും  അബുദാബിയിലെ സർക്കാർ ആശുപത്രിയിലെ മെഡിക്കല്‍ ടെക്നോളജിസ്റ്റും സാമൂഹ്യപ്രവർത്തകനുമായ അബ്ദുൽ ലത്തീഫ്  പറയുന്നു. 
വാടകവർധനവിലെ കണക്കറിയാന്‍ ഔദ്യോഗിക റെന്റൽ ഇന്‍ഡക്സ്
വാടക വർധനവിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി  അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ ഔദ്യോഗിക റെന്റല്‍ ഇന്‍ഡക്സ് അവതരിപ്പിച്ചിരുന്നു. ഓരോ മേഖലയിലെയും ആവശ്യക്കാരുടെ കണക്കുള്‍പ്പടെയെടുത്ത് എത്രമാത്രം വർധനവ് വരുത്താമെന്നതടക്കം റെന്റൽ ഇന്‍ഡക്സിലൂടെ മനസിലാക്കാം. വാടകക്കാർക്കും റിയൽ എസ്റ്റേറ്റ്  ഉടമകള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്നതാണ് റെന്റൽ ഇന്‍ഡക്സ്. റിയല്‍എസ്റ്റേറ്റ് വിപണിയിൽ സ്ഥിരത നിലനിർത്താനും റെന്റൽ ഇന്‍ഡക്സ് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.