Editorial

വാക്‌സിന്റെ പേരില്‍ ശീതസമരം കൊഴുക്കുന്നു

കോവിഡ്‌ പ്രതിരോധത്തിനുള്ള വാക്‌സിന്‌ അംഗീകാരം നല്‍കുന്ന ആദ്യരാജ്യമായി റഷ്യ ചരിത്രം സൃഷ്‌ടിച്ചുവെന്ന വാര്‍ത്ത ആഹ്ലാദത്തോടെയാണ്‌ ലോകം വരവേറ്റത്‌. വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കുക എന്നത്‌ കോവിഡിനെതിരായ പോരാട്ടത്തില്‍ മനുഷ്യരാശിയുടെ ഒരു അടിയന്തിര ആവശ്യമാണ്‌. അത്‌ ഏത്‌ രാജ്യം വികസിപ്പിച്ചാലും ലോകത്തിനാകെ പ്രയോജനപ്പെടുമെന്നാണ്‌ പ്രതീക്ഷ.

അതേ സമയം റഷ്യയിലെ വ്‌ളാദ്‌മിര്‍ പുടിന്‍ സര്‍ക്കാര്‍ രാജ്യാന്തര തലത്തില്‍ അംഗീകൃതമായ പരീക്ഷണഘട്ടങ്ങളുടെ സമയക്രമം പാലിക്കാതെയാണ്‌ വാക്‌സിന്‌ അനുമതി നല്‍കിയതെന്ന ആരോപണം ഈ നേട്ടത്തിന്‌ മുകളില്‍ കരിനിഴല്‍ വീഴ്‌ത്തുന്നു. മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി ഫലം നിരീക്ഷിക്കുന്ന നടപടി ഇനിയും ബാക്കി നില്‍ക്കെയാണ്‌ റഷ്യന്‍ സര്‍ക്കാര്‍ എടുത്തുചാടി വാക്‌സിന്‌ അംഗീകാരം നല്‍കുന്നതായി പ്രഖ്യാപിച്ചത്‌. ധൃതി പിടിച്ച്‌ അംഗീകാരം നല്‍കുകയും മനുഷ്യരില്‍ പ്രയോഗിക്കുകയും ചെയ്യുന്നത്‌ വാക്‌സിന്റെ ഫലപ്രാപ്‌തിയെ വിപരീതമായി ബാധിക്കാനുള്ള സാധ്യത റഷ്യയില്‍ നിന്നുള്ള വൈറോളജിസ്റ്റുകള്‍ തന്നെ ചൂണ്ടികാട്ടുന്നു.

റഷ്യക്കു പുറത്ത്‌ വികസിപ്പിച്ച വാക്‌സിനുകളും മൂന്നാം ഘട്ട പരീക്ഷണ ഘട്ടത്തിലാണ്‌. യുഎസ്‌, യുകെ തുടങ്ങിയ രാജ്യങ്ങളിലെ കോവിഡ്‌ വാക്‌സിന്‍ പരീക്ഷണം ആദ്യഘട്ടങ്ങളില്‍ വിജയകരമായിയെന്ന ശുഭവാര്‍ത്ത കഴിഞ്ഞ മാസം തന്നെ നമ്മെ തേടിയെത്തിയതാണ്‌. ഓക്‌സ്‌ഫോര്‍ഡ്‌ സര്‍വകലാശാല കോവിഡ്‌ അസ്‌ട്രസെനക എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി ചേര്‍ന്ന്‌ വികസിപ്പിച്ച കോവിഡ്‌ വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയിച്ചു. അവസാന ഘട്ട പരീക്ഷണം ബ്രസീലിലും ദക്ഷിണ ആഫ്രിക്കയിലും നടന്നുവരികയാണ്‌. യുഎസ്‌ ബയോടെക്‌ കമ്പനിയായ മോഡേണയും ആദ്യ ഫലങ്ങള്‍ക്കു ശേഷം അവസാന ഘട്ട പരീക്ഷണം നടത്തിവരികയാണ്‌. യുഎസിലും ബ്രിട്ടനിലും പരീക്ഷണത്തിന്‌ സമാന്തരമായി തന്നെ വാക്‌സിന്‍ ഉല്‍പ്പാദനവും നടന്നുവരുന്നുണ്ട്‌. അവസാന ഘട്ട പരീക്ഷണം വിജയിച്ചാല്‍ കാലതാമസം കൂടാതെ വാക്‌സിന്‍ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുന്നതിനു വേണ്ടിയാണ്‌ ഉല്‍പ്പാദനം വേഗത്തില്‍ നടത്തുന്നത്‌.

സമാനമായ ഘട്ടത്തിലാണ്‌ റഷ്യയുടെ വാക്‌സിന്‍ പരീക്ഷണമെന്നിരിക്കെ അതിന്‌ ധൃതി പിടിച്ച്‌ അംഗീകാരം നല്‍കിയത്‌ വാക്‌സിന്റെ പേരില്‍ രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന `ശീതസമര’ത്തില്‍ തങ്ങള്‍ വിജയിച്ചുവെന്ന അവകാശവാദം ഉന്നയിക്കാന്‍ വേണ്ടി മാത്രമാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ ഐസിഎംആറിന്റെ ഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ വൈറോളജിയുമായി ചേര്‍ന്ന്‌ ഭാരത്‌ ബയോടെക്‌ വികസിപ്പിച്ച വാക്‌സിന്‍ ഓഗസ്റ്റ്‌ 15ന്‌ ലഭ്യമാക്കുമെന്ന അവകാശവാദം പിന്നീട്‌ പിന്‍വലിച്ചിരുന്നു. പരീക്ഷണങ്ങള്‍ക്കു വേണ്ട സമയം കണക്കിലെടുക്കുമ്പോള്‍ പ്രായോഗികമായി സാധ്യമല്ലാത്ത കാര്യമാണ്‌ എന്നതു കൊണ്ടാണ്‌ അങ്ങനെ ചെയ്‌തത്‌. അസാധ്യമെന്ന്‌ ബോധ്യമായ കാര്യത്തില്‍ നിന്ന്‌ ഇന്ത്യ പിന്‍മാറിയപ്പോഴാണ്‌ റഷ്യ ശീത സമരകാലത്ത്‌ ആദ്യമായി വിക്ഷേപിച്ച സ്‌പുട്‌നിക്‌ എന്ന ബഹിരാകാശ വാഹനത്തിന്റെ പേരും അംഗീകാരവും വാക്‌സിന്‌ നല്‍കികൊണ്ട്‌ ലോകത്തിന്‌ മുന്നില്‍ മിടുക്ക്‌ കാട്ടാന്‍ ശ്രമിക്കുന്നത്‌.

റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാദ്‌മിര്‍ പുട്ടിന്‍ ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടയാളാണെങ്കിലും അവിടെ നിലനില്‍ക്കുന്നത്‌ ജനാധിപത്യത്തിന്റെ മറവിലുള്ള ഏകാധിപത്യമാണ്‌. തനിക്കും തന്റെ വിശ്വസ്‌തര്‍ക്കും അധികാരത്തില്‍ തുടരാനായി ഭരണഘടാന ഭേദഗതി ഉള്‍പ്പെടെയുള്ള വഴിവിട്ട നടപടികള്‍ ചെയ്‌ത പുട്ടിന്‍ റഷ്യ അടക്കിഭരിക്കാന്‍ തുടങ്ങിയിട്ട്‌ രണ്ട്‌ പതിറ്റാണ്ട്‌ പിന്നിട്ടുകഴിഞ്ഞു. റഷ്യന്‍ ചാരസംഘടനയായ കെജിബിയിലെ ഓഫീസര്‍ ആയിരുന്ന പുട്ടിനെ `അഭിവന സാര്‍’ എന്നാണ്‌ അദ്ദേഹത്തിന്റെ വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നത്‌.

ആസൂത്രിതമായ ജനാധിപത്യ സംവിധാനവും കര്‍ശനമായ റെഗുലേറ്ററി നിയന്ത്രണങ്ങളുമുള്ള രാജ്യങ്ങള്‍ക്ക്‌ സാധ്യമാകാത്ത കാര്യമാണ്‌ റഷ്യ ചെയ്‌തത്‌. വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണ നടപടികള്‍ സമയക്രമം പാലിച്ച്‌ കൃത്യമായി പൂര്‍ത്തിയാക്കാതെ യുഎസിലെയോ ബ്രിട്ടനിലെയോ ഇന്ത്യയിലെയോ സര്‍ക്കാരുകള്‍ക്ക്‌ വാക്‌സിന്‌ അംഗീകാരം നല്‍കാനാകില്ല. ഭരണാധികാരികള്‍ക്ക്‌ അതിനുള്ള ആഗ്രഹമുണ്ടായാല്‍ പോലും നിയമപരമായി നിലനില്‍ക്കുന്ന റെഗുലേറ്ററി സംവിധാനം അവരെ അതിന്‌ അനുവദിക്കുന്നില്ല.

കോവിഡ്‌ കാലത്ത്‌ തീവ്രവലതുപക്ഷ രാഷ്‌ട്രീയ ശക്തികള്‍ തങ്ങള്‍ക്ക്‌ പിടിമുറുക്കുന്നതിനായി ജനാധിപത്യ അവകാശങ്ങളില്‍ ചിലതൊക്കെ എടുത്തുകളയുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ തന്നെ ചരിത്രകാരനായ യുവാല്‍ നോഹ ഹരാരിയെ പോലുള്ളവര്‍ ചൂണ്ടികാട്ടിയിരുന്നു. ജനാധിപത്യം നിലവിലില്ലാത്ത ചൈനയാണ്‌ ലോകം മുഴുവന്‍ കോവിഡ്‌ പരക്കാന്‍ കാരണക്കാരായതെങ്കില്‍ അതിനുള്ള വാക്‌സിന്‍ പുറത്തിറക്കിയതിന്റെ ക്രെഡിറ്റ്‌ പരീക്ഷണ ഘട്ടം പൂര്‍ത്തിയാക്കുന്നതിന്‌ മുമ്പു തന്നെ ജനാധിപത്യത്തിന്റെ നിഴല്‍ മാത്രമുള്ള ഒരു രാജ്യം അടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്‌ വിചിത്രമായ കാഴ്‌ചമാണ്‌.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.