Music

വയനാട് ദുരുന്തത്തെ മുൻകൂട്ടി കണ്ടെഴുതിയ കവിതയോ?: സത്യാവസ്ഥ പറഞ്ഞ് പ്രവാസി മലയാളി.!

ദുബായ് :വയനാട് ഉരുൾപ്പൊട്ടൽ ദുരുന്തത്തെ മുൻകൂട്ടി കണ്ടെഴുതിയതുപോലെ പ്രവാസി മലയാളിയുടെ കവിത ആസ്വാദകരെ വിസ്മയിപ്പിക്കുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് വിഭാഗം തലവനായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ജയകുമാർ മല്ലപ്പള്ളി എഴുതിയ ‘അനിവാര്യത എന്ന കവിതയാണ് പോസ്റ്റ് ചെയ്ത് ദിവസങ്ങൾക്കകം 30 ലക്ഷത്തോളം പേർ വായിച്ചത്. വരികളുടെ ശക്തികൊണ്ടും ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണന്റെ ആലാപന മികവ് കൊണ്ടും കവിത വേറിട്ടുനിൽക്കുന്നു. വയനാട് ഉരുൾപൊട്ടലിന് തൊട്ടുമുൻപാണ് പ്രകൃതിക്ഷോഭം വിഷയമായ കവിത വന്നത് എന്നതാണ് ആസ്വാദകരെ അമ്പരപ്പിക്കുന്നത്.

2018ൽ കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തിന് ശേഷമാണ് ജയകുമാർ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രമേയമാക്കിയ ഈ കവിത രചിച്ചത്. ഇതു കേട്ട് ഒരാളെങ്കിലും ഒരു ചെടി നട്ടുപിടിപ്പിച്ചെങ്കിൽ താൻ ധന്യനായെന്ന് ജയകുമാർ പറയുന്നു. പ്രകൃതിക്ഷോഭത്തിൽ നിന്ന് രക്ഷനേടാൻ നാമിനി ചെയ്യേണ്ടതെന്താണ് എന്നു ചൂണ്ടിക്കാണിക്കുന്ന കവിത ‘വാകപ്പൂക്കൾ’ എന്ന ഇദ്ദേഹത്തിന്റെ ആദ്യ കവിതാ സമാഹാരത്തിൽ നിന്നുള്ളതാണ്. കുറച്ച് നാളുകൾക്ക് മുൻപ് അത് ബിജു നാരായണനെ കൊണ്ട് ചൊല്ലിച്ച് വിഡിയോ ആക്കുകയായിരുന്നു.


നിറഞ്ഞൊഴുകുന്ന പുഴകളും മറ്റുമുള്ള കേരളത്തിന്റെ മനോഹരമായ മഴക്കാല പ്രകൃതിയും മരങ്ങൾ വെട്ടിനശിപ്പിക്കുന്നതും വരണ്ട പുഴകളുമെല്ലാം പശ്ചാത്തലത്തിൽ ഉപയോഗിച്ചു. റിനിൽ ഗൗതമാണ് കവിതയ്ക്ക് ചടുലസംഗീതം പകർന്നത്. ആശയവും സംവിധാനവും അൻതാര ജീവ്. അരുൺ ശശി വിഡിയോയിൽ അഭിനയിച്ചു. നിർമാണം: അജേഷ് രവീന്ദ്രൻ, ഛായാഗ്രഹണവും എഡിറ്റിങ്ങും: ഇ.എസ്. സുധീപ്. അവതരണം: എസ്എൻജി ഇവന്റ്സ് ആത്മാവ് തൊട്ട് കവിത ചൊല്ലുന്ന പുതിയൊരു കവിയെ മലയാള കാവ്യ സാഹിത്യത്തിലേയ്ക്ക് ലഭിച്ചിരിക്കുന്നു എന്നായിരുന്നു
പുസ്തകത്തിന്റെ പ്രകാശനവേളയിൽ കവി മുരുകൻ കാട്ടാക്കട അഭിപ്രായപ്പെട്ടത്. ഇതുവരെ 600 ലേറെ കവിതകൾ എഴുതിയിട്ടുള്ള ജയകുമാർ വ്യത്യസ്ത വിഷയങ്ങളിന്മേലുള്ള കുറിപ്പുകളിലൂടെ നവമാധ്യമങ്ങളിലും സജീവമാണ്.
കവിത തനിക്ക് പലപ്പോഴും തന്നോട് തന്നെയുള്ള കലഹവും പ്രണയവും അനീതിക്കും മൂല്യച്യുതികൾക്കും നേരെയുള്ള വിരൽചൂണ്ടലുകളും ചുറ്റുപാടുകളുമായുള്ള സംവാദവും അഭിനിവേശവുമാണെന്ന് ജയകുമാർ പറയുന്നു.
2007 മുതൽ യുഎഇയിൽ പ്രവാസിയായ ഇദ്ദേഹം ‘വാകപ്പൂക്കൾ’ കൂടാതെ, ‘ചില മൊണാലിസ കവിതകൾ’ എന്നൊരു കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൃദയാഴങ്ങൾ എന്ന വിഡിയോ ബുക്കും പുറത്തിറക്കി.കുടുംബസമേതം ഷാർജയിലാണ് താമസം. ഭാര്യ ശ്രീജ, മകൻ ക്രിഷ് എന്നിവർ ജയകുമാറിന്റെ രചനകളുടെ ആസ്വാദകരും വിമർശകരുമാണ്.

അനിവാര്യത (കവിത)

കരമുത്തിയൊഴുകുന്ന പുഴയിതാ
ഞാനിന്നു കരതേടിയലയുന്നൊരോർമ മാത്രം.
നനവില്ലാതഴലുന്ന പുഴയിതാ
ഞാനിന്ന് നനവോലും നാളുകൾ
അന്യമായി കാറ്റില്ല കോളില്ല
തീരം കറുത്തു പോയി
കളകൾ നിറഞ്ഞൊരു കാട് മാത്രം
ഉറവയില്ലിന്നെന്റെ മിഴികളിൽ പടരുന്നു
പുക പടർത്തീ കണ്ണിൽ കരിയോഴിച്ചു
എന്റെ വിരിമാറിൽ നിങ്ങളോ ശവമടക്കി.
മല നികത്തി നിങ്ങൾ വയൽ നിറച്ചു,
നെല്ലിൻ വിളകൾക്ക് കതിരിലായ് വളവും വെച്ചു.
വനമരിഞ്ഞു നിങ്ങൾ വിറകൊരുക്കി
അതിൽ വറുതിയുടെ വറചട്ടി തീയിലേറ്റി.
പുളിനങ്ങളൊക്കെയും പങ്കു വച്ചു നീയും
പേക്കോലമാടിയീ പാതിരാവിൽ.

ഹൃദയം പിളർത്തിച്ചു പോരാതെ
നീയെന്റെ ഉദരം കുഴിച്ചതിൽ കിണറു കോരി.
മൃതിയടുത്തെങ്കിലും ഇനിയുമുണ്ടാശകൾ
കരമുട്ടിയൊന്നുകൂടൊഴുകിടേണം.
കരളിൽ കനക്കുന്ന കനലുണ്ടെനിക്ക്
ഞാൻ കനലാട്ടമാടിയാൽ കനവറ്റ് പോയിടും.
കരയറ്റുപോയൊരു കരയുന്ന പുഴയല്ല
കലിയേറ്റിരമ്പും കരിമ്പുഴയിന്നു ഞാൻ.

കെട്ടിപ്പടുത്തി എൻ തീരം കവർന്ന
നിൻ കൊട്ടാരമപ്പാടെ കാറ്റിൽ പറത്തിടും.
കാടെടുക്കും പിന്നെ നാടെടുക്കും
ഞാനോ കാട്ടിത്തരുന്നുണ്ട് കാട്ടുനീതി
പ്രചണ്ഡ പ്രകർഷമായ് പെയ്യട്ടെ പ്രകൃതിയും
പൊട്ടിത്തെറിക്കട്ടെ പ്രളയാഗ്നികൾ
മല പൊട്ടിയൊഴുകുന്ന മലവെള്ളപ്പാച്ചിലിൽ
മലയോരമാകവേ മാഞ്ഞു പോകും..
കരയുന്നുവോ നിങ്ങൾ
കൈകൾ പിണച്ചെന്റെ
കനിവിനായ് കേഴുന്ന കാലം വിദൂരമോ.
അലിവ് തോന്നില്ല നീ അനുഭവിക്കേണ്ടവൻ
അനിവാര്യം നിന്റെയീ മരണപത്രം

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.