Editorial

രാമശിലാപൂജയും ഇന്ത്യന്‍ മതേതരത്വവും

രാമക്ഷേത്രത്തിനായി നടത്തിയ പോരാട്ടം സ്വാതന്ത്ര്യസമരത്തിന്‌ തുല്യമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന വേളയില്‍ പറഞ്ഞതില്‍ അത്ഭുതമില്ല. സംഘ്‌പരിവാറിനെ സംബന്ധിച്ചിടത്തോളം രാമക്ഷേത്രത്തിനായി നടത്തിയ പോരാട്ടം ഒരു തരം സ്വാതന്ത്ര്യ സമരം തന്നെയായിരുന്നു. സ്വാത ന്ത്ര്യ സമരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധികാരലബ്‌ധിക്കു വഴിവെച്ചുവെങ്കില്‍ ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തത്‌ ഉള്‍പ്പെടെയുള്ള ചെയ്‌തികളിലൂടെയാണ്‌ സംഘ്‌പരിവാര്‍ തങ്ങളുടെ അധികാരത്തിലേക്കുള്ള ആരോഹണത്തിന്‌ അടിത്തറ പണിതത്‌.

തീര്‍ച്ചയായും ഈ ദിവസം മോദിയ്‌ക്കും സംഘ്‌പരിവാര്‍ നേതാക്കള്‍ക്കും ലക്ഷ്യസായൂജ്യത്തിന്റെയും ആഘോഷത്തിന്റെയും ദിവസം തന്നെയാണ്‌. രാമക്ഷേത്രം പണിയുന്നതിന്‌ മുമ്പു തന്നെ അധികാരം അവര്‍ അരക്കിട്ടുറപ്പിച്ചു. സ്വാതന്ത്ര്യസമരത്തേക്കാള്‍ വലുതാണ്‌ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള പോരാട്ടമെന്ന്‌ നാളെ ഏതെങ്കിലും നേതാവ്‌ പറഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല. ചരിത്രസംഭവങ്ങളുടെ പ്രാധാന്യ ക്രമം നാം നേരത്തെ തന്നെ ഉടച്ചുവാര്‍ക്കാന്‍ തുടങ്ങിയിരുന്നു.

കോണ്‍ഗ്രസ്‌ നേതാക്കളുടെ പ്രതികരണങ്ങള്‍ കേള്‍ക്കുമ്പോഴും അത്ഭുതം തോന്നുന്നില്ല . രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളുമൊക്കെ രാമശിലാപൂജയ്‌ക്ക്‌ ആശംസകള്‍ നേര്‍ന്നു. പ്രിയങ്കാ ഗാന്ധി അല്‍പ്പം കൂടി കടന്ന്‌ രാമഭൂമി പൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്ന്‌ വരെ പറഞ്ഞുകളഞ്ഞു.

ഇന്ത്യ ഒരു മതേരതര രാജ്യമാണെന്നാണ്‌ സങ്കല്‍പ്പം. പക്ഷേ നാമൊരിക്കലും ഫ്രാന്‍സ്‌ പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ വഴി പിന്തുടര്‍ന്നുകൊണ്ട്‌ മതങ്ങളെ അധികാരത്തില്‍ ഇടപെടാന്‍ വിലക്ക്‌ ഏര്‍പ്പെടുത്തുകയോ രാഷ്‌ട്രീയത്തിന്റെ പടിക്കു പുറത്ത്‌ നിര്‍ത്തുകയോ ചെയ്‌തിരുന്നില്ല. ഗാന്ധിജിയുടെ കാലം തൊട്ടേ മതം രാഷ്‌ട്രീയത്തില്‍ ഇടപെടുന്നു. സ്വതന്ത്രേന്ത്യയുടെ ചരിത്രത്തില്‍ മതവും രാഷ്ട്രീയവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ സംഭവിച്ചത്‌ നിരവധി തവണയാണ്‌. യൂറോപ്യന്‍ നിലവാരത്തിലുള്ള മതേതരത്വം ഒരിക്കലും നടപ്പിലാക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ ശ്രമിച്ചിട്ടില്ല. ഏകീകൃത ക്രിമിനല്‍ നിയമം നിലനില്‍ക്കുന്ന ഒരു രാജ്യത്ത്‌ ഏകീകൃത സിവില്‍ കോഡ്‌ കൊണ്ടുവരാന്‍ അവര്‍ക്ക്‌ കഴിയാതെ പോയതും മതത്തിന്റെ നിഴല്‍ എപ്പോഴും നമ്മുടെ രാഷ്‌ട്രീയത്തില്‍ ഉണ്ടായിരുന്നു എന്നതുകൊണ്ടാണ്‌.

മതേതരത്വത്തിന്റെ പുറംലേബല്‍ മാത്രമുള്ള, അകത്ത്‌ മതത്തിന്റെ അമിതസ്വാധീനം നിലനില്‍ക്കുന്ന ഈ രാഷ്‌ട്രീയ പരിസരമാണ്‌ സംഘ്‌പരിവാറിന്റെ വളര്‍ച്ചയ്‌ക്കുള്ള വളക്കൂറുള്ള മണ്ണായി മാറിയത്‌. മതചടങ്ങുകളില്‍ പങ്കെടുക്കുന്നത്‌ തങ്ങളുടെ മതേതരത്വ പ്രതിച്ഛായക്ക്‌ മങ്ങലേല്‍പ്പിക്കുമെന്ന്‌ നമ്മുടെ നേതാക്കളോ ഭരണാധികാരികളോ കരുതിയിരുന്നില്ല. അധികാര രാഷ്‌ട്രീയത്തിലെ വിലപേശലിന്‌ മതപിന്തുണ ഉപകരിക്കുമെന്ന കണക്കുകൂട്ടലോടെയാണ്‌ അവര്‍ എല്ലായ്‌പ്പോഴും മതത്തിന്റെ തോളില്‍ കൈയിട്ടത്‌. ആ പിന്തുണയെ ഏറ്റവും ഉയര്‍ന്ന ഡോസില്‍ തന്നെ രാഷ്‌ട്രീയത്തില്‍ കലര്‍ത്തിയതാണ്‌ സംഘ്‌പരിവാറിന്റെ ജൈത്രയാത്രക്ക്‌ വഴിയൊരുക്കിയതും.

ഈ വിചിത്രമായ ഇന്ത്യന്‍ മതേതരത്വമാണ്‌ ഇന്ന്‌ രാമശിലാ സ്ഥാപന വേളയിലും ഭരണപക്ഷത്തെ പ്രധാനികളുടെയും വിവിധ ബിജെപി ഇതര നേതാക്കളുടെയും വാക്കുകളില്‍ ഒരു പോലെ പ്രതിഫലിച്ചത്‌. എല്ലാവര്‍ക്കും ഒരേ സ്വരം. കൊറോണയെ ഭയന്ന്‌ ആരാധനാലയങ്ങള്‍ പോലും അടച്ചിടുന്ന കാലത്ത്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ എഴുതപ്പെട്ട ഒരു ഇതിഹാസ ഗ്രന്ഥത്തിലെ കേന്ദ്രകഥാപാത്രമായ രാമന്റെ മഹത്വം നമ്മുടെ ദേശീയതയെ ഊട്ടിയുറപ്പിക്കുമെന്നു വരെ പ്രതിപക്ഷത്തെ ഉന്നത നേതാവിന്‌ പറയാന്‍ സാധിച്ചത്‌ നമ്മുടെ മതേതരത്വ പ്രഘോഷണങ്ങള്‍ എല്ലായ്‌പ്പോഴും മതത്തിന്റെ തണലില്‍ നടന്നിരുന്ന തൊലിപ്പുറത്തെ ഒരു ചടങ്ങ്‌ മാത്രമായിരുന്നു എന്നതുകൊണ്ടാണ്‌.

മതത്തെ രാഷ്‌ട്രീയത്തില്‍ നിന്ന്‌ വിമുക്തമാക്കുകയും മതത്തെ ഒരു തരത്തിലും പിന്‍പറ്റാത്ത ആധുനിക വീക്ഷണമുള്ള നേതാക്കള്‍ രാഷ്‌ട്രീയത്തെ നയിക്കുകയും ചെയ്യുമ്പോഴാണ്‌ ഒരു രാജ്യം യഥാര്‍ത്ഥ മതേതരത്വത്തിന്റെ വഴിയേ നീങ്ങുന്നത്‌. ഒരു മതത്തിന്‌ ആരാധനാലയം പണിയാന്‍ പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തുകയും ആ ചടങ്ങിനെ പ്രതിപക്ഷനേതാക്കളും മാധ്യമങ്ങളും നിരയായി നിന്ന്‌ പ്രകീര്‍ത്തികയും ചെയ്യുന്ന ഒരു രാജ്യത്ത്‌ യഥാര്‍ത്ഥ മതേതരത്വമോ ആധുനികതയോ നിലനില്‍ക്കുന്നില്ലെന്ന്‌ പറയേണ്ടി വരും. ആധുനികതയിലേക്കുള്ള പുരോഗമനത്തിന്റെ വഴി ഉപേക്ഷിച്ച്‌ ഭൂതകാല ജീര്‍ണതകളിലേക്കുള്ള അധോഗമനത്തിന്റെ വിളിയെ കെട്ടിപ്പുണരുന്ന ഒരു രാജ്യത്ത്‌ മാത്രമേ ഇത്തരമൊരു ചടങ്ങിന്‌ ഇത്രയേറെ വാര്‍ത്താ പ്രാധാന്യം ലഭിക്കുകയുള്ളൂ എന്നതാണ്‌ നിര്‍ഭാഗ്യകരമായ സത്യം.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.