Editorial

മോദിയുടേത്‌ പരാജയപ്പെട്ട വിദേശനയം

ചൈനയുടെ ഇരട്ടമുഖം ഒരിക്കല്‍ കൂടി വെളിവാക്കുന്നതാണ്‌ അരുണാചല്‍ പ്രദേശ്‌ അതിര്‍ത്തിയില്‍ നായാട്ടിനു പോയ അഞ്ച്‌ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ സംഭവം. ഇരുരാജ്യങ്ങളുടെയും സര്‍ക്കാര്‍ പ്രതിനിധികള്‍ തമ്മില്‍ അനുരഞ്‌ജനത്തിന്‌ ധാരണയിലെത്തിയ വേളയില്‍ തന്നെ പ്രകോപനങ്ങള്‍ തുടരുന്നത്‌ ചൈനയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന്‌ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്‌. ഒരു ഭാഗത്ത്‌ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടതും സമ്പദ്‌വ്യവസ്ഥ തളര്‍ച്ചയിലകപ്പെട്ടതും ഉള്‍പ്പെടെയുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ ഇന്ത്യയെ അലട്ടുമ്പോഴാണ്‌ അതിര്‍ത്തിയില്‍ അയല്‍രാജ്യത്തിന്റെ പ്രകോപനങ്ങളെ കൂടി നേരിടേണ്ടി വരുന്നത്‌.

അനുരഞ്‌ജന ചര്‍ച്ചകളില്‍ ചൈന നല്‍കുന്ന ഉറപ്പുകള്‍ പാഴ്‌വാക്കുകള്‍ മാത്രമാണെന്ന്‌ നേരത്തെ അനുഭവമുള്ളതാണ്‌. ചര്‍ച്ചകളിലെ പരസ്‌പര ധാരണക്കു ശേഷം എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി ഇന്ത്യയാണെന്ന്‌ പ്രസ്‌താവനയിറക്കിയ ചൈന പ്രകോപനം തുടരുന്നതില്‍ നിന്ന്‌ പിന്നോട്ടില്ലെന്ന്‌ തന്നെയാണ്‌ സൂചന നല്‍കുന്നത്‌. ചൈനയോടുള്ള ഇന്ത്യയുടെ നയത്തില്‍ കാതലായ മാറ്റം കൊണ്ടുവരേണ്ടിയിരിക്കുന്നു എന്ന്‌ നമ്മുടെ ഭരണാധികാരികള്‍ തിരിച്ചറിയേണ്ട സമയമാണ്‌ ഇത്‌.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചിട്ടുള്ളത്‌ വിദേശനയം വികസിപ്പിക്കുന്നതിലാണ്‌. സമീപകാലത്തെ മറ്റൊരു പ്രധാനമന്ത്രിയും നടത്താത്ത അത്രയും വിദേശയാത്രകള്‍ മോദി നടത്തിയിട്ടുണ്ട്‌. വിദേശമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ മോദിക്ക്‌ ഈ യാത്രകള്‍ വഴിയൊരുക്കി. ഇപ്പോള്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്‌ടിക്കുന്ന ചൈനയില്‍ ഏറ്റവും കൂടുതല്‍ തവണ സന്ദര്‍ശനം നടത്തിയിട്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയും മോദിയാണ്‌.

2014ല്‍ അധികാരത്തിലേറിയതിനു ശേഷം നരേന്ദ്ര മോദി ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിന്‍പിങ്ങുമായി പതിനെട്ട്‌ തവണയാണ്‌ കൂടിക്കാഴ്‌ച നടത്തിയിട്ടുള്ളത്‌. ഇരുനേതാക്കളും അതിഥികളും ആതിഥേയരുമായി പല വട്ടം ചര്‍ച്ചകള്‍ നടത്തി. ഷി ജിന്‍പിങ്‌ തന്റെ സുഹൃത്താണെന്നാണ്‌ മോദി കരുതിയിരുന്നത്‌ എന്നാണ്‌ കൂടിക്കാഴ്‌ചകള്‍ക്കിടെ അദ്ദേഹം നടത്തിയ പ്രസ്‌താവനകള്‍ നല്‍കുന്ന സൂചന. ചൈനയുമായി മികച്ച ബന്ധമുണ്ടാക്കുന്നതിന്‌ ഈ സൗഹൃദം മാത്രം മതിയെന്ന്‌ മോദി കരുതി കാണണം. ഇരുനേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ പുതിയ തലത്തിലേക്ക്‌ ഉയര്‍ത്തുമെന്നും രണ്ട്‌ രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ലോകത്തിനു തന്നെയും ഇതിന്റെ ഗുണം ലഭിക്കുമെന്നും 2019 ഒക്‌ടോബറില്‍ ചൈന്നെയില്‍ വെച്ചു ജിന്‍പിങ്ങുമായി നടന്ന കൂടികാഴ്‌ചക്കു ശേഷം മോദി പറഞ്ഞു. ആ കൂടിക്കാഴ്‌ച കഴിഞ്ഞ്‌ ഒരു വര്‍ഷം പോലും തികയുന്നതിന്‌ മുമ്പേ ചൈന അതിര്‍ത്തിയില്‍ സൈനിക നീക്കം തുടങ്ങി.

20 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം അനുരഞ്‌ജന ചര്‍ച്ചകള്‍ നടത്തിയിട്ടും ചൈന പ്രകോപനം തുടുരുന്നു. പൊതുഖജനാവില്‍ നിന്ന്‌ ഒട്ടേറെ പണവും നയതന്ത്ര പ്രതിനിധികളുടെ സമയവും ചെലവഴിച്ച്‌ ഇന്ത്യ-ചൈന ബന്ധം `പുതിയ തലത്തിലേക്ക്‌ ഉയര്‍ത്തുന്നതിന്‌’ മോദി നടത്തിയ ശ്രമം തീര്‍ത്തും പരാജയപ്പെടുകയാണ്‌ ചെയ്‌തത്‌. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ ശത്രുതയോടെ പരസ്‌പരം വീക്ഷിക്കുന്ന `പുതിയ തലത്തിലേ’ക്കാണ്‌ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം എത്തിനില്‍ക്കുന്നത്‌. കഴിഞ്ഞ ആറ്‌ വര്‍ഷം വിദേശ നയം വികസിപ്പിക്കുന്നതിനായി നടത്തിയ ശ്രമങ്ങള്‍ ഇന്ത്യക്ക്‌ ഗുണമൊന്നും ചെയ്‌തിട്ടില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.

ചൈനയോട്‌ മാത്രമല്ല എല്ലാ അയല്‍രാജ്യങ്ങളുമായുമുള്ള ഇന്ത്യയുടെ ബന്ധം ഇത്രയേറെ വഷളായിരിക്കുന്ന മറ്റൊരു ഘട്ടം സമീപകാലത്തുണ്ടായിട്ടില്ല. അയല്‍രാജ്യങ്ങളെ വിശ്വാസത്തിലെടുക്കാനാകാത്ത വിദേശനയം രാജ്യത്തെ അതിര്‍ത്തികളെ സംഘര്‍ഷാത്മകമാകുന്നതിന്‌ മാത്രമാണ്‌ ഉപകരിക്കുക. സമ്പദ്‌ഘടന തകര്‍ന്നുനില്‍ക്കുന്ന സമയത്ത്‌ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ രാജ്യത്തിന്‌ കൂടുതല്‍ ദോഷകരമായി ഭവിക്കും. വിദേശനയത്തിന്റെ കാര്യത്തില്‍ ചിന്താശേഷിയോടെയും യുക്തിബോധത്തോടെയും തീരുമാനങ്ങളെടുക്കുന്നതിനുള്ള പക്വതയാണ്‌ നമ്മുടെ ഭരണാധികാരി ഈ സമയത്ത്‌ പ്രകടിപ്പിക്കേണ്ടത്‌.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.