Editorial

മുന്നണി രാഷ്‌ട്രീയത്തിലെ `വെള്ളിമൂങ്ങ’കള്‍

ബോക്‌സ്‌ഓഫീസ്‌ ഹിറ്റ്‌ ആയിരുന്ന `വെള്ളിമൂങ്ങ’ എന്ന ചിത്രത്തിലെ ബിജു മേനോന്റെ നായക കഥാപാത്രം കേരളത്തിലെ ചില ഈര്‍ക്കിലി പാര്‍ട്ടികളിലെ അധികാരദാഹികളായ നേതാക്കളുടെ തനിസ്വരൂപമായിരുന്നു. ഒന്നോ രണ്ടോ സീറ്റുകള്‍ മാത്രമുള്ള പാര്‍ട്ടികളിലെ നേതാക്കള്‍ പോലും മുന്നണി രാഷ്‌ട്രീയത്തിന്റെ സവിശേഷ സ്വഭാവം കാരണം അധികാരത്തില്‍ സ്വാധീനം ചെലുത്തുന്നതും അനര്‍ഹമായി പദവികള്‍ നേടിയെടുക്കുന്ന തും ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ്‌ അവതരിപ്പിച്ചപ്പോള്‍ സമകാലീനരായ ചില നേതാക്കളെ തന്നെയാണ്‌ പ്രേക്ഷകര്‍ ആ ചിത്രത്തിലെ നായകനില്‍ കണ്ടത്‌.

കേരള കോണ്‍ഗ്രസ്‌ (ബി) നേതാവ്‌ കെ.ബി.ഗണേഷ്‌കുമാര്‍ ഈ ചിത്രത്തിലെ നായകനെ പോലെ സാധാരണക്കാരനല്ല. രാഷ്‌ട്രീയത്തിലും പുറത്തും പ്രതാപിയായ അച്ഛന്റെ മകന്‍ എന്ന നിലയില്‍ ഗണേഷ്‌കുമാര്‍ ധനശേഷിയും സ്വാധീനവും താരതമ്യേന ചെറിയ പ്രായത്തില്‍ തന്നെ ആര്‍ജിച്ചിരുന്നു. മുപ്പത്തിയഞ്ചാമത്തെ വയസില്‍ ആദ്യമായി എംഎല്‍എ ആയതിനൊപ്പം മന്ത്രി പദവി കൂടി കരഗതമായ ഗണേഷ്‌കുമാറിന്‌ യൗവനത്തില്‍ തന്നെ അധികാരത്തിന്റെ രുചി ആവോളം ആസ്വദിക്കാന്‍ സാധിച്ചു. 2001ലും 2011ലും മന്ത്രിയായ അദ്ദേഹത്തിന്‌ രണ്ടാം വട്ടം ലഭിച്ച മന്ത്രി പദവി കൈവിട്ടുപോയത്‌ `കൈയിലിരിപ്പ്‌’ കൊണ്ടു മാത്രമായിരുന്നു. ഭാര്യ യാമിനി തങ്കച്ചി ഫയല്‍ ചെയ്‌ത ഗാര്‍ഹിക പീഡന കേസ്‌ 2013ല്‍ അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിയിലാണ്‌ കലാശിച്ചത്‌.

മന്ത്രിസ്ഥാനം തിരിച്ചുകിട്ടാത്തത്‌ കേരള കോണ്‍ഗ്രസ്‌ (ബി) ഏറെ കാലമായുള്ള യുഡിഎഫ്‌ ബാന്ധവം ഉപേക്ഷിക്കുന്നതിനാണ്‌ വഴിവെച്ചത്‌. കേരളത്തില്‍ പതിവായ അഞ്ച്‌ വര്‍ഷം കൂടുമ്പോഴുള്ള അധികാര മാറ്റം മുന്നില്‍ കണ്ട്‌ വീണ്ടും മന്ത്രിസ്ഥാനം കിട്ടാനുള്ള സാധ്യതയില്‍ മനം മയങ്ങി കേരള കോണ്‍ഗ്രസ്‌ (ബി) എല്‍ഡിഎഫിന്റെ പാളയത്തിലെത്തി. ഇടമലയാര്‍ അഴിമതി കേസില്‍ വി.എസ്‌.അച്യുതാനന്ദന്‍ നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന ആര്‍.ബാലകൃഷ്‌ണപിള്ളയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും തങ്ങളുടെ കൂടാരത്തിലേക്ക്‌ ആനയിക്കുന്നതിന്‌ തങ്ങളുടെ മുന്‍നിലപാടുകള്‍ എല്‍ഡിഎഫിനും പ്രതിബന്ധമായില്ല.

2016ല്‍ എല്‍ഡിഎഫ്‌ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയപ്പോള്‍ പത്തനാപുരത്ത്‌ നിന്ന്‌ തുടര്‍ച്ചയായി നാലാം തവണയും വിജയിച്ച ഗണേഷ്‌കുമാറിന്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്‌ കൈവിട്ടുപോയ മന്ത്രിപദവി തിരിച്ചുകിട്ടുമെന്ന്‌ ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത്‌ സഫലമായില്ല. ഒരു നിയമസഭാ സീറ്റ്‌ മാത്രമുള്ള കേരള കോണ്‍ഗ്രസ്‌ (ബി)ക്ക്‌ മന്ത്രി സ്ഥാനം നല്‍കാന്‍ എല്‍ഡിഎഫ്‌ വിസമ്മതിച്ചതോടെ ഗണേഷ്‌ കുമാറിന്റെ മോഹങ്ങള്‍ക്ക്‌ തിരിച്ചടിയായി. പകരം ബാലകൃഷ്‌ണപിള്ളക്ക്‌ മുന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ പദവി നല്‍കിയെങ്കിലും മന്ത്രി പദവി കിട്ടാത്തത്‌ ഗണേഷിനെ അതൃപ്‌തനാക്കി. ഇടക്കാലത്ത്‌ എന്‍സിപിയുമായി ലയിച്ച്‌ മന്ത്രി പദവി നേടിയെടുക്കാനൊക്കെ ശ്രമിച്ചെങ്കിലും അത്‌ നടക്കാതിരുന്നപ്പോഴാണ്‌ യുഡിഎഫിലേക്ക്‌ തിരികെ പോകുന്നതിനെ കുറിച്ച്‌ ആലോചിച്ചു തുടങ്ങിയത്‌.

ആലോചന ചര്‍ച്ചകളിലേക്ക്‌ പുരോഗമിച്ചപ്പോഴാണ്‌ ഇടിത്തീ പോലെ കേരള കോണ്‍ഗ്രസ്‌ (ബി) മുന്‍ നേതാവ്‌ ശരണ്യ മനോജിന്റെ വെളിപ്പെടുത്തലുകള്‍ വീണ്ടും വഴിമുടക്കിയായത്‌. സോളാര്‍ കേസിലെ പ്രതി സരിത എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര്‌ എഴുതി ചേര്‍പ്പിച്ചത്‌ ഗണേഷ്‌ കുമാര്‍ ആണെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍ യുഡിഎഫിലേക്കുള്ള മടക്കമാണ്‌ അസാധ്യമാക്കിയത്‌.

എംഎല്‍എ പദവി കൊണ്ട്‌ തൃപ്‌തിപ്പെടുക മാത്രമേ തല്‍ക്കാലം ഗണേഷ്‌കുമാര്‍ എന്ന `വെള്ളിമൂങ്ങ’ക്ക്‌ മുന്നില്‍ മാര്‍ഗമുള്ളൂ. എല്‍ഡിഎഫിനൊപ്പമാണെങ്കിലും ഇടതുപക്ഷ ആശയങ്ങള്‍ക്ക്‌ നിരക്കാത്ത സ്‌ത്രീവിരുദ്ധത കുടുംബത്തിന്‌ അകത്തും പുറത്തും പ്രവൃത്തിയിലൂടെയും പ്രസ്‌താവനകളിലൂടെയും മുഖമുദ്രയാക്കിയ ഈ നേതാവിനെ എല്‍ഡിഎഫ്‌ എന്തിന്‌ ചുമന്നുകൊണ്ടു നടക്കുന്നു? ഭരണത്തിന്‌ ആവശ്യമായ സീറ്റുകള്‍ തികക്കുന്നതില്‍ ഒരു തരത്തിലും നിര്‍ണായക ശക്തിയല്ലാത്ത ഇത്തരം പാര്‍ട്ടികളും നേതാക്കളും ഏത്‌ മുന്നണിയിലായാലും വിലപേശി അനര്‍ഹമായ സ്ഥാനമാനങ്ങള്‍ നേടിയെടുക്കുമ്പോള്‍ മുന്നണി രാഷ്‌ട്രീയത്തിന്റെ ആശയപരമായ വേര്‍തിരിവുകളാണ്‌ അപ്രസക്തമാകുന്നത്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.