India

ബോംബെ അധോലോക സംഘങ്ങളുമായി ഏറ്റുമുട്ടിയ വെള്ളോടി ബാലചന്ദ്രന്‍ 84 ന്റെ നിറവില്‍

സുരേഷ്‌കുമാർ. ടി

തന്റെ കറപുരളാത്ത ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി 1970 കളില്‍ ബോംബെ അധോലോക സംഘങ്ങളുമായി നേരിട്ട് ഇടപെടേണ്ടി വന്ന മലയാളി ഉദ്യോഗസ്ഥനാണ് വെള്ളോടി ബാലചന്ദ്രനെന്ന വി. ബാലചന്ദ്രന്‍. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഡെപ്യൂട്ടി കമ്മീഷണര്‍ പദവിയിലെത്തിയ ആദ്യ മലയാളി എന്ന നിലയില്‍ ശ്രദ്ധേയനായ വ്യക്തി. എന്നിരുന്നാലും ഭൂരിഭാഗം മലയാളികള്‍ക്ക് ഇന്നും സുപരിചിതനാണ് ബോംബെ അധോലോക നായകന്മാരുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയ ഈ ഉദ്യോഗസ്ഥനെ.

മഹാരാഷ്ട്രയിലെ ഔദ്യോഗിക പദവികളില്‍ കൃത്യനിഷ്ഠതയും സത്യസന്ധതയും കൈ മുതലാക്കിയ ഉദ്യോഗസ്ഥന്‍, ഔദ്യോഗിക കാര്യങ്ങളില്‍ വ്യതിചലിക്കാത്ത, ആര്‍ക്കു വേണ്ടിയും വിട്ടു വീഴ്ച ചെയ്യാത്തയാള്‍. ഭീഷണികള്‍ക്ക് കീഴ്പ്പെടാത്ത വ്യക്തിത്വം. അങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുണ്ട് വെള്ളോടി ബാലചന്ദ്രനെന്ന കര്‍മ നിരതനായ ഉദ്യോഗസ്ഥന്. 84 ന്റെ നിറവിലെത്തി നില്‍ക്കുന്ന മുംബൈയ്ക്ക് അഭിമാനമായി മാറിയ വെള്ളോടി ബാലചന്ദ്രന്റെ ജീവിത വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.

കേരളത്തിലാണ് ജനനമെങ്കിലും തന്റെ ഔദ്യോഗിക സേവനം നടത്തിയത് മുംബൈയുടെ മണ്ണിലാണ്. പൊതു ജനങ്ങളുടെ കഷ്ടതകള്‍ മനസ്സിലാക്കി അവരുടെ പ്രശ്നങ്ങള്‍ ഫയലുകളില്‍ കെട്ടി കിടക്കാന്‍ ഒരിക്കലും അദ്ദേഹം അനുവദിച്ചിരുന്നില്ല. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം
മറാഠി ജനതയുടെ മനസ്സില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഒരു പടി മേലെയായിരുന്നു.

പിറന്ന മണ്ണില്‍ നിന്ന് ബോംബെയിലേക്ക്

1936 ഒക്ടോബര്‍ 15 ന് മലപ്പുറം ജില്ലയിലെ മങ്കടയില്‍ ശ്രീമാനുണ്ണിയുടെയും രുഗ്മിണി കോവിലമ്മയുടെയും മകനായി ജനനം. മങ്കട എലിമെന്ററി സ്‌കൂളിലും പാലക്കാട് വിക്ടോറിയ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബിഎസ്സിയ്ക്ക് ശേഷം ഒരു തൊഴിലന്വേഷിച്ച് ബോംബെയിലേക്ക് വണ്ടി കയറി. വളരെ ദുരിത പൂര്‍ണ്ണമായ നാളുകള്‍ക്ക് ശേഷം മെഡിക്കല്‍ റെപ്രസന്റേറ്റീവായി ബോംബെയിലെ നഗര ജീവിതത്തിന് ബാലചന്ദ്രന്‍ തുടക്കം കുറിച്ചു. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഉയര്‍ച്ചയുടെ നാളുകളായിരുന്നു. 1958 ല്‍ ആരെ മില്‍ക്ക് കോളനിയില്‍ റെക്കോര്‍ഡ് അസിസ്റ്റന്റായും പിന്നീട് ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ടെക്നിക്കല്‍ അസിസ്റ്റന്റായും സേവമനുഷ്ഠിച്ചു. ഫുഡ് കോര്‍പ്പറേഷനിലായിരിക്കെ 1963 ല്‍ ഇന്ത്യ- ചൈന യുദ്ധ സമയത്ത് ഡെപ്യൂട്ടേഷനില്‍ ലഡാക്കില്‍ സേവനമനുഷ്ഠിക്കുകയുണ്ടായി. യുദ്ധം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ ഗുജറാത്തിലേക്ക് സ്ഥലമാറ്റമുണ്ടായപ്പോള്‍ അദ്ദേഹം ആ ജോലി രാജിവെക്കുകയാണുണ്ടായത്. അത്രത്തോളം ബോംബെയെ സ്നേഹിച്ചയാളായിരുന്നു ബാലചന്ദ്രന്‍. എന്നാല്‍ അന്ന് താനെടുത്ത ആ തീരുമാനം ശരിയായിരുന്നവെന്നാണ് ഇന്നും അദ്ദേഹം പറയുന്നത്.

 

ബാന്ദ്രയുടെ സൗന്ദര്യവത്കരണത്തെ മുന്‍നിര്‍ത്തി എ.ബി. വാജ്‌പേയ് അവാര്‍ഡ് സമ്മാനിക്കുന്നു

പിന്നീട് 1964 ല്‍ ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ പെറ്റ് കണ്‍ട്രോള്‍ ഓഫീസറായി ചുമതലയേറ്റു. ഈ തസ്തികയിലിരിക്കെ തന്നെ 1975 ല്‍ ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന അഡ്മിനിട്രേറ്റീവ് മാനേജ്മെന്റ് കോഴ്സും ബോംബെ യൂണിവേഴ്സിറ്റിയുടെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സും പാസായി. ഔദ്യോഗിക കാര്യങ്ങള്‍ക്കും അതുപോലെ വിദ്യാഭ്യാസത്തിനും അദ്ദേഹം ഒരുപോലെ പ്രാധാന്യം നല്‍കിയിരുന്നു. പെറ്റ് കണ്‍ട്രോളര്‍ ഓഫീസറായിരിക്കെയാണ് എഴുത്തു പരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് അദ്ദേഹം വാര്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് പ്രവേശിക്കുന്നത്.

ബി എം സി ഉദ്യോഗസ്ഥ സേവന കാലത്തെ വെല്ലുവിളികള്‍

ബോംബെയില്‍ ശിവസേന ശക്തമായിരുന്ന സമയത്താണ് ചെമ്പൂരിലെ എം വാര്‍ഡ് ഓഫീസറായി ബാലചന്ദ്രനെ നിയമിച്ചത്. ആ കാലഘട്ടത്തില്‍ ഒരു ദക്ഷിണേന്ത്യക്കാരനെ വാര്‍ഡ് ഓഫീസറായി നിയമിച്ചത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. ബാലചന്ദ്രന്റെ നിയമനം തടയുന്നതിനായി പല ഭാഗങ്ങളില്‍ നിന്നും ശക്തമായ ശ്രമങ്ങളുമുണ്ടായിരുന്നു. എന്തെന്നാല്‍ സര്‍ക്കാരിന്റെ അധികാര പരിധിക്കുളളില്‍ അംഗീകൃത കെട്ടിടങ്ങള്‍ നിലനിര്‍ത്താന്‍ മാത്രമാണ് ബാലചന്ദ്രന്‍ അനുമതി നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ വാര്‍ഡ് ഓഫീസറായിരിക്കെ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ പൊളിക്കലും കുടിയൊഴിപ്പിക്കലും പുനരധിവസിപ്പിക്കലും ഒക്കെ അദ്ദേഹം തുടര്‍ന്നു കൊണ്ടേയിരുന്നു. ആരെയും ഭയക്കാതെ നിയമങ്ങളില്‍ വിട്ടു വീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ബാലചന്ദ്രന്‍ നടത്തിയത്. തുടര്‍ന്ന് 1976 മാര്‍ച്ച് 12 ന് ചേരികളുടെ ചുമതലയുളള വാര്‍ഡ് ഓഫീസറായി നിയമിതനായി.

പരിസ്ഥിതിവകുപ്പുമന്ത്രി മനേകാഗാന്ധിയില്‍ നിന്ന് ക്ലീന്‍ മുംബൈ അവാര്‍ഡ് സ്വീകരിക്കുന്നു

വാര്‍ഡ് ഓഫീസറായിരിക്കെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ചേരിപ്രദേശമായ ജനതാ കോളനിയിലെ താമസക്കാരെ ചീതാ ക്യാമ്പിലേക്ക് മാറ്റിയത്. അറ്റോമിക് റിസര്‍ച്ച് സെന്ററിന് സമീപത്തുളള ജനതാ കോളനിയിലെ ആളുകളെ സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്നാണ് ചീതാ ക്യാമ്പിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
ഇതിനെതിരെ ചേരി നിവാസികള്‍ സുപ്രീംകോടതിയില്‍ പോയെങ്കിലും വിധി അവര്‍ക്കെതിരായിരുന്നു. അയ്യായ്യിരത്തോളം വരുന്ന ചേരി നിവാസികളില്‍ നിന്ന് പ്രതിഷേധങ്ങളുണ്ടായെങ്കിലും പോലീസിന്റെ സഹായത്തോടെ ബാലചന്ദ്രന്റെ നേതൃത്വത്തില്‍ അവരെ ചീതാ ക്യാമ്പിലെത്തിച്ചു. കുടിയൊഴിപ്പിക്കപ്പെട്ട് ചീതാ ക്യാമ്പിലെത്തിയവര്‍ക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ആരാധനാലയങ്ങളും വരെ അദ്ദേഹം നിര്‍മ്മിച്ചു കൊടുത്തു. സ്പെഷ്യല്‍ ഓഫീസറായി ചുമതലയേറ്റതിനു ശേഷമുളള അദ്ദേഹത്തിന്റെ ആദ്യ കര്‍ത്തവ്യമായിരുന്നു അത്. അതേസമയം കുടിയൊഴിപ്പിക്കലിനെ തുടര്‍ന്ന് ബാലചന്ദ്രനെതിരെ പിന്നീട് കേസുണ്ടായി. എന്നാല്‍ ഷാ കമ്മീഷനു മുന്നില്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയുകയും കര്‍ത്തവ്യ നിര്‍വ്വഹണം അംഗീകരിക്കപ്പെടുകയും ചെയ്തു.

കുടിയൊഴിപ്പിക്കല്‍ പോലെ തന്നെ ഒട്ടേറെ എതിര്‍പ്പുകള്‍ക്കും ഭീഷണികള്‍ക്കും ഇടയാക്കിയ മറ്റൊരു സംഭവമായിരുന്നു വഴിയോരത്ത് അനധികൃതമായി സ്ഥാപിച്ചിട്ടുളള ആരാധനാലയങ്ങളും ദൈവപ്രതിമകളും നീക്കം ചെയ്യുക എന്നത്. ജോലിയുടെ ഭാഗമായി ശിവാജി നഗറിലെ അമ്പലം പൊളിക്കേണ്ടി വന്നത് ഭക്തനെന്ന നിലയ്ക്ക് ബാലചന്ദ്രന് ഏറെ വേദനയുണ്ടാക്കിയെങ്കിലും കര്‍ത്തവ്യ നിരതാനായ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അത് അദ്ദേഹത്തിന് ശരിയുമായിരുന്നു. പിന്നീട് 1995 ല്‍ അന്ധേരിയിലെ വിരാദേശായില്‍ ഒരു അമ്പലം പണിയുന്നതിനായി കാര്യമായ സഹായവും അദ്ദേഹം നല്‍കി.

മുഖ്യമന്ത്രിയുടെ പ്രസ് അഡ്‌വൈസറായി നിയമിതനായ പി.കെ. രവീന്ദ്രനാഥിനെ അനുമോദിക്കുന്നു (ഏപ്രില്‍ 1990)

അതുപോലെ ദേവ്‌നാറിലെ ബൈങ്കണ്‍വാഡിയിലെ ചേരി നിര്‍മാജനവും ഒട്ടേറെ എതിര്‍പ്പുകള്‍ക്കിടയാക്കിയ ഒന്നായിരുന്നു. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയമിച്ചു. ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ലെന്നും അവരുടെ കടമയാണ് നിര്‍വഹിച്ചതെന്നുമായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ എപ്പോഴൊക്കെ ചേരി ഒഴിപ്പിക്കാന്‍ പോയിട്ടുണ്ടോ അപ്പോഴെല്ലാം
വോട്ട് ബാങ്ക് ലക്ഷ്യമാക്കി വരുന്ന രാഷ്ട്രീയ നേതാക്കളുടെ പിന്തുണ യോടെ ചേരിനിവാസികള്‍ അവര്‍ക്കെതിരെ ഹീനതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമായിരുന്നു.

ഭീഷണികളുടെയും വധശ്രമങ്ങളുടെയും കാലം.

കര്‍മ്മ നിരതനായ ഉദ്യോഗസ്ഥനായതു കൊണ്ട് തന്നെ നിരവധി ഭീഷണികളും വധശ്രമങ്ങളും ബാലചന്ദ്രനു നേര്‍ക്കുണ്ടായിരുന്നു. ചെമ്പൂരില്‍ വാര്‍ഡ് ഓഫീസറായിരിക്കെയാണ് ബാലചന്ദ്രന്റെ ജീവന് ഭീഷണിയായ സംഭവങ്ങളുണ്ടായത്. ഔദ്യോഗിക കാര്യങ്ങളില്‍ യാതൊരു വിട്ടു വീഴ്ചയും ചെയ്യാത്ത അദ്ദേഹം ആ സമയത്തെ ബോംബെ അധോലോക സംഘത്തിന്റെ നോട്ടപ്പുളളിയായിരുന്നു. ഭീഷണികളെ തുടര്‍ന്ന് ജോലി ഉപേക്ഷിക്കാന്‍ കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും പ്രേരിപ്പിച്ചെങ്കിലും, ഭീരുവിനെപ്പോലെ മാറി നില്‍ക്കാനോ തോറ്റു കൊടുക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല. ഏതു പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്ത് മുന്നോട്ടു പോകുന്നതിനുളള മനോധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു.

സര്‍ക്കാര്‍ പ്രതിനിധികള്‍, പോലീസ് ഓഫീസര്‍ എന്നിവരുമൊത്ത് ഔദ്യോഗിക ചര്‍ച്ച

ബാലചന്ദ്രനു നേര്‍ക്കുളള എതിരാളികളുടെ ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. ചുനാഭട്ടി പാലത്തിനു മുകളില്‍ വെച്ച് ബാലചന്ദ്രന്‍ സഞ്ചരിച്ച വാഹനത്തില്‍ ജീപ്പിടിപ്പ് കൊല്ലാനുളള ശ്രമങ്ങള്‍ വരെയുണ്ടായി. പക്ഷേ അക്രമികളുടെ ലക്ഷ്യം പാളിപോവുകയാണുണ്ടായത്. കാറില്‍ നിന്നിറങ്ങിയോടിയ ബാലചന്ദ്രന്‍ പോലീസിനെ വിവരം അറിയിക്കുകയും പിന്നീട് പോലീസ് സംരക്ഷണത്തില്‍ വീട്ടില്‍ പോവുകയുമാണുണ്ടായത്. പ്രലോഭനങ്ങളില്‍ വീഴുകയോ അധികാര കസേരകള്‍ക്ക് മോഹമോ ഇല്ലാത്ത കര്‍ത്തവ്യ നിരതനായ ഒരു ഉദ്യോഗസ്ഥനാണ് ബാലചന്ദ്രന്‍ എന്നതിന് തെളിവാണ് അദ്ദേഹത്തിനെതിരെ തുടര്‍ന്നു കൊണ്ടിരുന്ന വധശ്രമങ്ങളും ഭീഷണികളുമെല്ലാം.

ഇങ്ങനെ ഭീഷണികള്‍ നിത്യസംഭവമായതോടെ ബാലചന്ദ്രന്റെ അഭ്യര്‍ത്ഥന പ്രകാരം ബോംബെ പോലീസ് അദ്ദേഹത്തിന് ആയുധം കൈവശം വെയ്ക്കാനുളള ലൈസന്‍സ് അനുവദിച്ചു. റിവോള്‍വര്‍ കിട്ടിയതിനു ശേഷം 1983 മാര്‍ച്ച് മാസത്തില്‍ ഉണ്ടായ ആക്രമണമായിരുന്നു ബാലചന്ദ്രന്റെ ഔദ്യോഗിക ജീവിതത്തില്‍ മറക്കാനാവാത്ത പ്രധാന സംഭവം. ചെമ്പൂര്‍ ഛെഡാ നഗറിലെ 200 ഫീറ്റ് ലിങ്ക് റോഡിലുളള ചതുപ്പു നിലങ്ങള്‍ കയ്യേറി ആളുകള്‍ കുടിലുകള്‍ നിര്‍മ്മിക്കുന്നത് പൊളിച്ചു നീക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടു. ഉത്തരവിനെ തുടര്‍ന്ന് പ്രശ്ന സ്ഥലത്തെ പുരോഗതി വിലയിരുത്താന്‍ പോയി കൊണ്ടിരുന്ന ബാലചന്ദ്രനെ ഒരു കൂട്ടം ആളുകള്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കാന്‍ തുടങ്ങി. തല്‍സമയത്ത് ധൈര്യം വീണ്ടെടുത്ത് കൈയ്യില്‍ കരുതിയിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് മുകളിലേക്ക് വെടിവെച്ചതിനെ തുടര്‍ന്ന് അക്രമികള്‍ ഭയന്ന് ഓടിക്കളഞ്ഞു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തി അദ്ദേഹം സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഈ സംഭവത്തോടെ എല്ലാ വാര്‍ഡ് ഓഫീസര്‍മാരും ആത്മരക്ഷയ്ക്കായി ആയുധങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

 

സുനില്‍ ദത്ത് എംപിയോടൊപ്പം

അതുപോലെ ഔദ്യോഗിക കാലത്ത് അധോലോക നായകന്മാരുമായി അദ്ദേഹത്തിന് നേരിട്ടിടപെടേണ്ടി വന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഗണപതിയുത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് സഹായാഭ്യര്‍ത്ഥനയുമായി ചോട്ടാ രാജന്‍ ഫോണില്‍ വിളിക്കുകയും വരദരാജ മുതലിയാര്‍ റിവോള്‍വര്‍ ഓഫര്‍ ചെയ്യുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ റിവോള്‍വര്‍ കിട്ടുന്നതു വരെ അത് ഉപയോഗിക്കാമെന്നായിരുന്നു വരദരാജ മുതലിയാരുടെ ഓഫര്‍. കൂടാതെ ദളിത് പാന്ഥര്‍ പ്രവര്‍ത്തകര്‍ എം വാര്‍ഡിലെ ഓഫീസ് ആക്രമിച്ചപ്പോള്‍ തെക്കേ ഇന്ത്യക്കാരനെന്ന പരിഗണനയില്‍ സഹായഭ്യര്‍ത്ഥന നടത്താനും വരദരാജ മുതലിയാര്‍ തയ്യാറായിരുന്നു. എന്നാല്‍ സത്യസന്ധനായ ഓഫീസര്‍ എന്ന നിലയില്‍ ബാലചന്ദ്രന്‍ അവയെല്ലാം നിരസിക്കുകയാണുണ്ടായത്. റിട്ടയര്‍മെന്റിനു ശേഷം തോക്ക് വീട്ടില്‍ സൂക്ഷിക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ 1.85 ലക്ഷം രൂപയ്ക്ക് പോലീസ് ആര്‍മി സെക്ഷനില്‍ വില്‍പ്പന നടത്തി. ഔദ്യോഗിക കൃത്യ നിര്‍ഹണത്തില്‍ ധൈര്യം പകരാന്‍ അദ്ദേഹത്തിന് ഈ തോക്ക് ഏറെ ഉപകാരപ്പെട്ടിരുന്നു.

സ്ഥലം മാറ്റം

ബാന്ദ്രയില്‍ ഒരു ട്രീ പ്ലാന്റേഷന്‍ ചടങ്ങില്‍

ചെമ്പൂരിനെ അപേക്ഷിച്ച് പ്രശ്നങ്ങള്‍ കുറഞ്ഞ ബാന്ദ്രയിലെ എച്ച് വെസ്റ്റ് വാര്‍ഡിലേക്കാണ് ബാലചന്ദ്രന് സ്ഥലമാറ്റമുണ്ടായത്. പ്രശ്നങ്ങള്‍ കുറഞ്ഞ ഇടമായതിനാല്‍ അദ്ദേഹത്തിന് നഗരത്തിന്റെ സൗന്ദര്യവത്കരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ സാധിച്ചു. ബാന്ദ്രയിലെ അത്തരം പ്രവര്‍ത്തനങ്ങള്‍ വിജയം കൈവരിക്കുകയും ബാലചന്ദ്രന്‍ അധികാരികളുടെ പ്രീതി സമ്പാദിക്കുകയും ചെയ്തു. പിന്നീട് ജോലിഭാരം കൂടുതലുണ്ടായിരുന്ന ഡി വാര്‍ഡിലേക്ക് സ്ഥാലമാറ്റമുണ്ടായി. എന്നിരുന്നാലും അദ്ദേഹം തന്റെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി പൂര്‍ത്തിയാക്കിയിരുന്നു. ജോലിയോടുളള ആത്മാര്‍ത്ഥതയും സത്യസന്ധതയെയും തുടര്‍ന്ന് 1990 ല്‍ ഏറ്റവും നല്ല വാര്‍ഡ് ഓഫീസറായും ക്ലീന്‍ ബോംബെ ഗ്രീന്‍ ബോംബെ പദ്ധതിയിലെ ഏറ്റവും നല്ല പൊതുജന സമ്പര്‍ക്ക ഉദ്യോഗസ്ഥനായും ബാലചന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു.

 

1985 സെപ്റ്റംബര്‍ 25 ന് ദി ഈവനിംഗ് ന്യൂസ് ഓഫ് ഇന്ത്യ എന്ന ദിനപത്രം ശിവസേനയുടെ വിശ്വസ്തനായ മലയാളി വാര്‍ഡ് ഓഫീസര്‍: മിസ്റ്റര്‍ ബാലചന്ദ്രന്‍ എന്ന തലക്കെട്ടില്‍ ഒരു ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിച്ചിരുന്നു. മലയാളി സീനിയര്‍ വാര്‍ഡ് ഓഫീസറായ ബാലചന്ദ്രന് ശിവസേന ഭരിക്കുന്ന ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്വന്തം വീട് തന്നെയാണ് മേയറും ശിവസേന കോര്‍പ്പറേറ്റര്‍മാരും മറ്റു ജീവനക്കാരും ബാലചന്ദ്രന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ ആകൃഷ്ടരാണ് എന്നാണ് ആര്‍ട്ടിക്കിളിള്‍ പറയുന്നത്. ഇംഗ്ലീഷ്, മലയാളം, മറാഠി, ഹിന്ദി എന്നീ ഭാഷയിലുളള മാധ്യമങ്ങളിലെല്ലാം പലപ്പോഴായി ബാലചന്ദ്രന്റെ ജോലിയിലെ മികവിനെ കുറിച്ചുളള കുറിപ്പുകള്‍ അച്ചടിച്ച് വന്നിരുന്നു.

ഡിഎംസി പദവിയിലേക്ക്

1991 ഒക്ടോബര്‍ 22ന് ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണറായി നിയമിതനായി. 108 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഒരു മലയാളി ഓഫീസര്‍ക്ക് ഡിഎംസി ആയി സ്ഥാനക്കയറ്റം ലഭിക്കുന്നത്. ബാലചന്ദ്രന്റെ സത്യസന്ധമായ കൃത്യനിര്‍വഹണത്തിന് കിട്ടിയ അംഗീകാരമായിരുന്നു ഈ അസുലഭ പദവി.
കെട്ടിടം പൊളിക്കല്‍ പ്രവൃത്തികളിലൂടെ വിവാദ പുരുഷനായി മാറിയ ജി.ആര്‍ ഖൈര്‍നാര്‍ ആയിരുന്നു അപ്പോള്‍ ഡിഎംസി പദവിയില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍. അവര്‍ രണ്ടുപേരും 1976 ബാച്ചിലെ മഹാരാഷ്ട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ റാങ്ക് ഓഫീസര്‍മാര്‍ ആയിരുന്നു.

ഷണ്മുഖാനന്ദ ഹാളില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഡോ. പി.സി. അലക്‌സാണ്ടറെ സ്വാഗതം ചെയ്യുന്നു

നഗരസഭയിലെ ഉന്നതാധികാരി എന്ന നിലയില്‍ തദ്ദേശീയരായ മറാഠികളുമായാണ് ബാലചന്ദ്രന്
കൂടുതലും ഇടപഴകേണ്ടി വന്നിട്ടുള്ളത്. അതിന്റെ വെളിച്ചത്തില്‍ മറാഠികളുടെ മനസ്സില്‍ മലയാളികളോട് സ്‌നേഹമാണുള്ളതെന്ന് അദ്ദേഹം പറയുന്നു. മറാഠികള്‍ക്ക് അദ്ദേഹം പ്രിയപ്പെട്ട ബാലചന്ദ്രന്‍ സാബ് ആയിരുന്നു. എങ്കിലും ശിവസേനക്കാരുടെ ഭീഷണി മൂലം രണ്ടാഴ്ച്ചയോളം ജോലിക്ക് പോകാതെ വീട്ടില്‍ കഴിച്ചു കൂട്ടേണ്ട അവസ്ഥയും അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. ശിവസേനാ നേതാവായ പ്രമോദ് നവത്കറുടെ ഇടപെടലാണ് പിന്നീട് കാര്യങ്ങള്‍ തണുപ്പിച്ചത്.

മണ്ണിന്റെ മക്കള്‍ വാദത്തിന് വിത്തിട്ട ശിവസേന ത്തലവന്‍ ബാല്‍ താക്കറയുമായി നല്ല സുഹൃദ്ബന്ധമാണ് ബാലചന്ദ്രനുണ്ടായിരുന്നത്. സ്വന്തം ജോലി ഭംഗിയായി നിറവേറ്റുന്നതില്‍ പലപ്പോഴും ബാല്‍ താക്കറെ ബാലചന്ദ്രനെ അഭിനന്ദിച്ചിട്ടുണ്ട്.

ബോംബെ നഗരത്തിന് സൗന്ദര്യം പകരുന്നതില്‍ ബാലചന്ദ്രന്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഫുട്‌ബോള്‍ സൗകര്യം മെച്ചപ്പെടുത്തുന്നതിനും മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യുന്നതിനും കൃത്യമായ നടപടികള്‍ അദ്ദേഹം സ്വീകരിച്ചിരുന്നു.

യാത്രയയപ്പുവേളയില്‍ മേയര്‍ നിര്‍മല പ്രഭാവത്കര്‍, ജയാബച്ചന്‍ തുടങ്ങിയവരോടൊപ്പം (1994 ഒക്‌ടോബര്‍ 31)

ഹോളി, ഗണപതി, നവരാത്രി, ദീപാവലി ആഘോഷവേളകള്‍ അപകടരഹിതമാക്കുന്നതില്‍ ബാലചന്ദ്രന്‍ കാഴ്ച്ചവെച്ച സ്തുതൃര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദിക്കപ്പെട്ടിട്ടുണ്ട്. ഡെപ്യുട്ടി മുനിസിപ്പല്‍ കമ്മീഷണര്‍ എന്ന നിലയില്‍ ആഘോഷങ്ങളുടെ പ്രത്യേക ഉത്തരവാദിത്തം അദ്ദേഹത്തിന് നല്‍കപ്പെട്ടതിനാല്‍ ആഘോഷ പരിപാടികള്‍ക്ക് കൃത്യമായ ഒരു ചട്ടക്കൂടുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതാണ് ഇപ്പോഴും നഗരസഭ പിന്തുടര്‍ന്നുവരുന്നത്.

ബഹുമതികള്‍

ക്ലീന്‍ ബോംബെ ഗ്രീന്‍ ബോംബെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 1989-90 വര്‍ഷത്തെ മേയേഴ്‌സ് കപ്പ്, അതേ വര്‍ഷം തന്നെ ബോംബെ സിറ്റിസണ്‍ കമ്മിറ്റിയുടെ ‘വാര്‍ഡ് ഓഫീസര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ്, ഏറ്റവുമധികം ജനപങ്കാളിത്തത്തോടെ സിവില്‍ പ്രവര്‍ത്തനം നടത്തിയതിനുള്ള എന്‍.സി പുരിറോളിങ് ഷീല്‍ഡ് എന്നീ അംഗീകാരങ്ങള്‍ക്ക് പുറമെ ഗ്രേറ്റര്‍ ബോംബെ വിജിലന്‍സ് കമ്മിറ്റിയുടെയും സൊസൈറ്റി ഫോര്‍ ക്ലീന്‍ സിറ്റീസിന്റെയും പ്രത്യേക ബഹുമതികളും ബാലചന്ദ്രന് ലഭിച്ചിട്ടുണ്ട്. കേരള ഇൻ മുംബൈ ‘മാസികയുടെ അച്ചീവ്മെന്റ് അവാർഡും, ജ്വാല മാസികയുടെ കർമ്മ കീർത്തി ചക്ര അവാർഡും, പീപ്പിൾ ആർട്ട്‌സ് സെന്ററിന്റെ ഛത്രപതി ശിവാജി മഹാരാജ് അച്ചീവ്മെന്റ് അവാർഡും ലഭിച്ചിട്ടുണ്ട്.  കൂടാതെ ബോംബെ അധോലോകം, ടൈം മനഃജ്‍മെന്റ്, Recollection &Reflections of A Malayalee in Mumbai എന്നീ പുസ്തകങ്ങളുടെയും രചയിതാവാണ്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച സഹകരണവും അംഗീകാരവുമാണ് ഏറ്റവും വിലയുള്ള അവാര്‍ഡായി അദ്ദേഹം കാണുന്നത്.

ഡി’ വാര്‍ഡിലെ ഒരു ശുചീകരണ പരിപാടിയില്‍

1994 നവംബര്‍ ഒന്നിന് ഡിഎംസിയായിരിക്കെ ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് വിരമിച്ചു. 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗത്തും പ്രത്യാഘാതങ്ങള്‍ ഉണ്ടായെങ്കിലും ബോംബെയില്‍ അത് വര്‍ഗീയകലാപമായി ആളിക്കത്തി. അതിനുശേഷം ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനുമായി ബാലചന്ദ്രന്‍ ചെയ്ത സേവനങ്ങളെ മുന്‍നിര്‍ത്തി അദ്ദേഹത്തിന് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് അന്നത്തെ അഡീഷണല്‍ മുനിസിപ്പല്‍ കമ്മീഷണര്‍ ബി.എം അംബെയ്ക്കര്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് എഴുതുകയുണ്ടായി. ജോഗേശ്വരി ഈസ്റ്റിലെ രാധാഭായി ചാല്‍ അടക്കമുള്ള സ്ഥലങ്ങളിലെ 371 കുടുംബങ്ങളുടെ താമസസ്ഥലം അനധികൃത കയ്യേറ്റക്കാരില്‍ നിന്ന് സംരക്ഷിച്ച് അവര്‍ക്കത് തിരികെ കൊടുക്കാന്‍ ബാലചന്ദ്രന്‍ കാണിച്ച അസാമാന്യ പാടവവും ധൈര്യവും ആ കത്തില്‍ എടുത്തു പറഞ്ഞിരുന്നു.

 

മുംബൈയിലെ മലയാളം മീഡിയ പബ്ലിഷേഴ്സ് ‘ ഇമേജസ് ‘ എന്ന പേരില്‍  ബാലചന്ദ്രന്റെ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഇംഗ്ലീഷ്-മലയാളം ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങളും ബാലചന്ദ്രന്‍ എഴുതിയിട്ടുണ്ട്. പല മലയാളി സംഘടനകളുടെയും ഗോരെഗാവ് ബങ്കൂര്‍ നഗര്‍ അയ്യപ്പക്ഷേത്രത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഇപ്പോഴും സഹകരിക്കുന്നുണ്ട്.

വിശ്രമജീവിതം

റിട്ടയര്‍മെന്റിന് ശേഷം വിശ്രമജീവിതം നയിക്കാനാണ് ബാലചന്ദ്രന്‍ ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ തുടര്‍ന്നും ജോലി ചെയ്യാനായി ലഭിച്ച അവസരങ്ങള്‍ വേണ്ടെന്നുവച്ചു. ഇതിനിടയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിയമസഭയിലേക്കും ബിജെപി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥിയാക്കാനായി ബാലചന്ദ്രനെ സമീപിച്ചിരുന്നു. രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണുണ്ടായത്. 1968 സെപ്തംബര്‍ 14നാണ് ബാലചന്ദ്രന്‍ വിവാഹിതനായത്.

ബാലചന്ദ്രന്‍ പത്‌നി വത്സലയുമൊത്ത്

കൊരട്ടി സ്വദേശിനി വത്സലയാണ് ഭാര്യ. മുപ്പത് കൊല്ലം ഗോരെഗാവ് വിവേക് വിദ്യാലയത്തില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചതിന് ശേഷം വിരമിച്ചു. രണ്ട് മക്കള്‍: ബിന്ദുവും ഹരിയും’

ഔദ്യോഗിക കാലയളവില്‍ അധികാര കസേരകള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ ഭീഷണികളിലോ വീണു പോകാതെ എണ്‍പത്തി നാലാം പിറന്നാള്‍ നിറവില്‍ നില്‍ക്കുന്ന ബാലചന്ദ്രനില്‍ നൂറു ശതമാനവും സംതൃപ്തനായ ഒരു വ്യക്തിയെ നമുക്ക് കാണാനാകും. സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമൊക്കെ സ്‌നേഹമതിയായ തങ്ങളുടെ ‘ ബാലേട്ടനു ‘ നല്‍കുന്ന ബഹുമാനത്തില്‍ അദ്ദേഹം തികച്ചും ചാരിതാർഥ്യനാണ്.

വി. ബാലചന്ദ്രന്റെ കുടുംബം
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.