പ്രീതി രഞ്ജിത്ത്
ആഗോളവൽക്കരണവും ആധുനികവൽക്കരണവും പരിസ്ഥിതിയെ നശിപ്പിക്കുന്നതും ജനജീവിതം തകരാറിലാക്കുന്നതും വിശദീകരിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. ജനങ്ങളും അവർ വസിക്കുന്ന ഭൂമിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു മാന്ത്രിക നോവലുകൂടിയാണിത്.
“പുറം ലോകത്തുനിന്ന് തീരെ ഒറ്റപ്പെട്ടു വെള്ളക്കെട്ടും ചളിയും ചതുപ്പുമായിക്കിടക്കുന്ന സ്ഥലം! ചുറ്റിലും വെള്ളം, വെള്ളത്തില്‍ മുങ്ങിനില്‍ക്കുന്ന കാടുകള്‍ , വെള്ളത്തില് പൊങ്ങിക്കിടക്കുന്ന മൂന്നു കൊച്ചു തുരുത്തുകള്‍. എല്ലാം കൂടി കൂടിയാല്‍ ആതിയായി.” കഥാകാരി ആതിയെ കുറിച്ച് പറഞ്ഞു വയ്ക്കുന്നു. ആറുമാസം നെല്ലും ആറുമാസം മീനും ആയിരുന്നു ആതിയിലെ ആളുകളുടെ കൃഷി. കായലും അവിടെ നിന്ന് ലഭിച്ച മത്സ്യത്തിന്റെ സമൃദ്ധമായ ഉറവിടവും അനുസരിച്ച് ആളുകൾ ആതിയിൽ അഭിവൃദ്ധി പ്രാപിച്ചു. തണുത്തതും ശാന്തമായ ജലാശയങ്ങളുടെയും കണ്ടൽക്കാടുകളുടെയും ദ്വീപ്, ആതി പിന്നീട് ഒരു മലിനജലമാലിന്യമായി മാറുന്നു.
ഈ കഥയില്‍ പലയിടത്തും പ്രകൃതിയെ അതിമനോഹരമായ വരികളിലൂടെ വര്‍ണ്ണിച്ചിരിക്കുന്നത് വായിക്കുമ്പോള്‍ മലിനമാകുന്ന, മലിനമാക്കപ്പെട്ടുകൊണ്ടിരികുന്ന പ്രകൃതിയെ തിരിച്ചു പിടിക്കാനുള്ള ഉല്‍കൃഷ്ടമായ ആഗ്രഹം ഓരോ വായനക്കാരന്റെ മനസിലും ഒരു അവബോധമായി രൂപപ്പെടും.
ആതിയിൽ അവതരിപ്പിച്ച പ്രധാന കഥാപാത്രങ്ങളിലൊന്നായ കുമാരൻ ആധുനിക മുതലാളിത്ത, ഉപഭോക്തൃ പ്രവണതകളുടെയും വർദ്ധിച്ചുവരുന്ന ആഗോളസംസ്കാരത്തിന്റെയും ചുരുക്കമാണ്. വർദ്ധിച്ചുവരുന്ന ആഗോളവൽക്കരണത്തിന്റെ അനന്തരഫലങ്ങള്‍ പ്രകൃതിയുടെ, ഭൂമിയുടെ നാശത്തിന്റെ അസംഖ്യം സാധ്യതകളായി മാറുമ്പോള്‍ ഒരു സാങ്കൽപ്പിക പ്രതിരോധം ആരംഭിക്കുന്നതിന്റെ ആവശ്യഗത ഈ പുസ്തകം വിശകലനം ചെയ്യുന്നു. കഥകളുടെയും കഥപറച്ചിലുകാരുടെയും പുസ്തകം കൂടിയാണ് ആതി. വ്യത്യസ്തമായ രചനാ രീതിയിലൂടെ പ്രകൃതിയെ പ്രകൃതിയുടെ ദുഖങ്ങളെ വരച്ചുകാണിക്കുന്നതിലൂടെ എഴുത്തുകാരിയുടെ സാമൂഹികപ്രതിബദ്ധത പതുക്കെ വെയില്‍ വന്നു മഞ്ഞുകണങ്ങള്‍ വെള്ളത്തുള്ളികളായി ഒഴുകി നീങ്ങി തെളിഞ്ഞ കാഴ്ചപോലെ നമുക്ക് മുന്നില്‍ തെളിഞ്ഞു വരുന്നു.
“ആതി അങ്ങനെ ഒരു കയമാണ്, പ്രാചീന വിശുദ്ധിയോടെ, തണുപ്പോടെ അത് കിടക്കുന്നു. മരുഭൂമിയില്‍ ഹാഗാര്‍, അവളുടെ മൃതപ്രായനായ മകനോടൊപ്പം മുങ്ങിക്കിടന്ന , ജീവന്റെ ഉറവ പോലൊന്ന്. മനസിലും ശരീരത്തിലും മാരകമായ അണുവികരണമേറ്റു കൊണ്ടിരിക്കുന്ന ഈ ലോകത്തുനിന്നും ഓടിപ്പോയി മുങ്ങിക്കിടക്കാന്‍ എനിക്കൊരു കയം വേണം. അതിനാണ് ഞാന്‍ ആതി എഴുതിയത്”. എഴുത്തുകാരി ഈ പുസ്തകത്തില്‍ പറഞ്ഞു വയ്ക്കുന്നു.
ഈ പുസ്തകത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ച ഒരുപാട് വരികളും , സന്ദര്‍ഭങ്ങളും ഉണ്ടെന്നിരിക്കെ അതില്‍ നിന്നും ഒന്നുമാത്രമായി തിരഞ്ഞെടുക്കാന്‍ വളരെ വിഷമം ആണ്, എങ്കിലും നിങ്ങള്‍ക്കായി എന്‍റെ മനസിനോട് ചേര്‍ന്ന് നില്‍ക്കുന്ന വരി ആതിയില്‍ നിന്നും,
“കാടും കായലും പക്ഷിപറവകളും മണ്ണും മനുഷ്യനും എത്രയോ തലമുറകള്‍ക്ക് മുറിവുകളുടെ ഈ വിങ്ങലും വേദനയും കൈമാറി! ഇനിയും കൈമാറിക്കൊണ്ടിരിക്കും!”
ഈ വരികളിലാണ് ഞാന്‍ ഈ പുസ്തകത്തിന്റെ ഹൃദയം കണ്ടത്.
വിഷം കോരിയൊഴിച്ചു ഭൂമിയെ മലിനമാക്കി വെള്ളവും മണ്ണും ജീവജാലങ്ങളും ഒന്നൊന്നായി ഇല്ലാതാകുകയും മനുഷ്യന്‍ മാത്രം അവശേഷിക്കുകയും ചെയ്യും, തരിശു ഭൂമിയില്‍ ഉപയോഗശൂന്യരായ മനുഷ്യര്‍! ഭൂമിയുടെ സന്തുലിതാവസ്ഥ നശിപ്പിക്കുന്നതിലൂടെ മനുഷ്യര്‍ എന്ത് ഭീകരമായ അവസ്ഥയിലേക്കാണ് എത്തിപ്പെടാന്‍ പോകുന്നത് എന്ന് ഈ വരികളിലൂടെയും വ്യക്തമാക്കുന്നുണ്ട് എഴുത്തുകാരി. വ്യത്യസ്തമായ വായന ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.
ഞാനും ആഗ്രഹിക്കുന്നു സാറാജോസഫിനെ പോലെ, മനസിലും ശരീരത്തിലും മാരകമായി അണുവികരണമേറ്റു കൊണ്ടിരിക്കുന്ന ഈ മരുഭൂമിയില്‍ നിന്നും ഒരുകാലത്ത് മടങ്ങിപ്പോകുമ്പോള്‍ മനസിനു കുളിര്‍മ്മ നല്‍കി യാതൊരു ആകുലതകളുമില്ലാതെ മുങ്ങിക്കിടക്കാന്‍ എനിക്കും ഒരു കയം വേണമെന്ന്. നോക്കെത്താ ദൂരത്തോളം പല നിറങ്ങളിലുള്ള കുഞ്ഞു പൂക്കളാല്‍ പൊതിഞ്ഞു പ്രകൃതി എനിക്ക് മാത്രമായി ഒരുക്കിയ ഒരു തുരുത്ത്. അവിടെ ഞാനും എന്റെ പ്രകൃതിയും മാത്രം!