കൊച്ചി: ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്നു മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. പൊലീസിന്റെ കസ്റ്റഡിയപേക്ഷയും ഇതിനൊപ്പം നൽകാനാണു സാധ്യത. താൻ കുറ്റം ചെയ്തിട്ടില്ലെന്നാണു പൊലീസിന്റെ ചോദ്യം ചെയ്യലിൽ ബോബി ആവർത്തിച്ചു പറഞ്ഞത്. പരാമർശങ്ങൾ ദുരുദ്ദേശ്യപരമായിരുന്നില്ല. അഭിമുഖങ്ങളിലടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും അശ്ലീല പദപ്രയോഗങ്ങളെന്നതു തെറ്റിദ്ധാരണ മാത്രമെന്നും ബോബി പൊലീസിനോടു പറഞ്ഞു.
ഇന്നലെ രാവിലെ എട്ടിനു വയനാട് മേപ്പാടി കള്ളാടിക്കടുത്തുള്ള ‘ബോചെ ആയിരമേക്കർ’ എസ്റ്റേറ്റിൽനിന്നു പുറത്തേക്കു വരുമ്പോൾ വാഹനം വളഞ്ഞ് എറണാകുളം സെൻട്രൽ പൊലീസ് ബോബിയെ പിടികൂടുകയായിരുന്നു. പൊലീസ് വാഹനത്തിലെ ഒരു പകൽ നീണ്ട യാത്രയ്ക്കൊടുവിലാണു ബോബിയെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. രാത്രി 7നു സ്റ്റേഷനിലേക്കു കയറി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ സമയം 7.30 കഴിഞ്ഞു. രണ്ടു മണിക്കൂറിലേറെ ചോദ്യംചെയ്തു. തുടർന്ന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന.
ലൈംഗിക അധിക്ഷേപത്തിനും അതിക്രമത്തിനും ഭാരതീയ ന്യായസംഹിതയിലെ 75 (1), (4) വകുപ്പുകളും ഐടി ആക്ടിലെ 6–7ാം വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം ജാമ്യമില്ലാ വകുപ്പായതിനാൽ പ്രതിക്കു ജാമ്യത്തിനായി കോടതിയെ സമീപിക്കേണ്ടിവരും. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹണി റോസ് ഇന്നലെ മൊഴി നൽകി. ഇതിന്റെ പകർപ്പും അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെടും. പകർപ്പ് ലഭിച്ച ശേഷം ബോബിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനാൽ ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. രാമൻപിള്ള അസോഷ്യേറ്റ്സാണു ബോബിക്കു വേണ്ടി ഹാജരാകുന്നത്. എഡിജിപി മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തുടങ്ങിയവരെക്കണ്ടു പരാതിയറിയിച്ച ഹണിറോസിന് സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്നുള്ള പിന്തുണ ഉറപ്പു കിട്ടിയിരുന്നു.
മുൻകൂർ ജാമ്യം തേടാനും അതുവരെ ഒളിവിൽ പോകാനും വരെയുള്ള സാധ്യത അടച്ചുകൊണ്ടായിരുന്നു, ഹണി റോസിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസിന്റെ നടപടികൾ. കോയമ്പത്തൂരിൽ ജ്വല്ലറി ഉദ്ഘാടനത്തിനു പോകാനാണു ബോചെ എസ്റ്റേറ്റ് ബംഗ്ലാവിലേക്കു വന്നത്. അതിനു മുൻപുതന്നെ എസ്റ്റേറ്റും പരിസരവും പൊലീസ് വലയത്തിലാക്കി. ബോബിയെ പിന്തുടർന്നു തലേന്നുതന്നെ കൊച്ചി പൊലീസ് വയനാട്ടിലെത്തിയിരുന്നു. ഇന്നലെ രാവിലെ ബോബി പുറത്തേക്കിറങ്ങിയതും പൊലീസുകാർ വാഹനം വളഞ്ഞു. കാര്യങ്ങൾ വിശദീകരിച്ചപ്പോൾ എതിർപ്പ് പ്രകടിപ്പിക്കാതെ വണ്ടിയിൽനിന്നിറങ്ങി. പിന്നീട് ബോബിയുമായി മറ്റൊരു സ്വകാര്യവാഹനത്തിൽ കൽപറ്റ പുത്തൂർവയലിലെ എആർ ക്യാംപിലേക്കു പുറപ്പെട്ടു. 12 മണിയോടെ ക്യാംപിന്റെ രണ്ടാം ഗെയ്റ്റിലൂടെ ബോബിയുമായി പൊലീസ് പുറത്തേക്കിറങ്ങി.
പിന്തുണ നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, എഡിജിപി മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, ഡിസിപി അശ്വതി ജിജി, മറ്റു പൊലീസ് ഉദ്യോഗസ്ഥർ, ഒപ്പംനിന്ന രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കു ഹണി റോസ് സമൂഹമാധ്യമത്തിലൂടെ നന്ദിയറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.