ദുബായ് : സൈക്കിളിന്റെ ചക്രങ്ങൾ കറങ്ങുമ്പോൾ മുന്നോട്ടുകുതിക്കുന്നത് ഈ പ്രവാസി മലയാളിയുടെ ജീവിതമാണ്. ചവിട്ടിച്ചവിട്ടി എത്ര കിതച്ചാലും ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുമെന്ന ആത്മവിശ്വാസമാണ് ഇവർക്ക് ഊർജം പകരുന്നത്. അർബുദരോഗിയായ മകളുടെ ചികിത്സയ്ക്കും കടബാധ്യതകൾ തീർക്കാനും നാട്ടിലൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനും ബസ് കൂലി പോലും ലാഭിക്കാൻ വേണ്ടി നിത്യനേ അജ്മാനിൽ നിന്നും ഷാർജയിലെ ജോലി സ്ഥലത്തേക്കും തിരിച്ചും സൈക്കിളിൽ കിലോ മീറ്ററുകളോളം യാത്ര ചെയ്യുകയാണ് തിരുവനന്തപുരം വലിയവേളി സ്വദേശിനി മേരി ഷെർലിൻ (47). കഴിഞ്ഞ 8 വർഷമായി നാട്ടിലേക്ക് പോകാതെ, ഒന്നിലേറെ സ്ഥലങ്ങളിലായി വീട്ടുജോലിയും ഗർഭശുശ്രൂഷയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും വീസയുടെ പണവും താമസ സ്ഥലത്തിന്റെ വാടകയും ഭക്ഷണമടക്കമുള്ള മറ്റു ചെലവുകൾക്കു പോലും ചെറിയ സമ്പാദ്യം തികയുന്നില്ലെന്ന് രണ്ട് മക്കളുടെ മാതാവായ ഇവർ പറഞ്ഞു.
∙ സൈക്കിളോട്ടം ജീവതപ്രശ്നം, ഓടിച്ചില്ലെങ്കിൽ തളരും
പരേതനായ മാർഷൽ-പ്രസി ദമ്പതികളുടെ നാല് മക്കളിലൊരായാളായി വളരെ ദരിദ്ര കുടുംത്തിലാണ് മേരിയുടെ ജനനം. രണ്ട് സഹോദരിമാരും ഒരു സഹോദരനും. രണ്ട് വർഷം കോൺവെന്റിലാണ് മേരിയും സഹോദരങ്ങളും പഠിച്ചത്. വീട്ടിലെ ദാരിദ്ര്യം കാരണം പ്രിഡിഗ്രി വരെ മാത്രമേ മേരിക്ക് പഠിക്കാൻ കഴിഞ്ഞുള്ളൂ. തുടർന്ന് ഇന്ത്യൻ സൈന്യത്തിലായിരുന്ന ഒരാളെ വിവാഹം കഴിച്ചു. രണ്ട് പെൺമക്കൾ പിറന്നു. ഇതിനിടെ ഭർത്താവുമായി തെറ്റിപ്പിരിഞ്ഞു. പിന്നീട് പതിമൂന്ന് വർഷം മുൻപ് സന്ദർശക വീസയിൽ ഉപജീവനാർഥം യുഎഇയിലെത്തി. ഷാർജയിലെയും അജ്മാനിലെയും വീടുകളിൽ പാർട് ടൈം ജോലി ചെയ്തു. ഒരു വീട്ടുടമസ്ഥൻ ഹൗസ് മെയ്ഡ് വീസയെടുത്തു. അതിന് 7500 ദിർഹമാണ് അവർ വാങ്ങിയത്. ജോലി ചെയ്തു കിട്ടുന്നതിൽ നിന്ന് കുറച്ചു കുറച്ചായാണ് അതടച്ചു തീർത്തത്.
അജ്മാനിലെ താമസ സ്ഥലത്ത് നിന്ന് ആദ്യം ബസിലായിരുന്നു യാത്ര. ഇതിന് മാത്രം അന്ന് ദിവസവും 30 ദിർഹത്തോളം വേണമായിരുന്നു. രണ്ടറ്റം കൂട്ടിമുട്ടാൻ പ്രയാസമായപ്പോഴാണ് ചെലവു കുറയ്ക്കാനുള്ള പോംവഴി ആലോചിച്ചത്. ആകെ ഒഴിവാക്കാൻ സാധിക്കുക യാത്രാ ചെലവ് ആണെന്ന് മനസ്സിലാക്കി 150 ദിർഹത്തിന് പഴയൊരു സൈക്കിൾ വാങ്ങി. കഴിഞ്ഞ 8 വർഷത്തോളമായി സൈക്കിളിലാണ് യാത്ര.
∙ സൈക്കിളഭ്യസിച്ചത് അജ്മാനിൽ; ആദ്യത്തെ സൈക്കിൾ അധികൃതർ പൊക്കി
നാട്ടിൽ പോലും മേരി സൈക്കിൾ ഓടിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒന്നു കയറിയിട്ട് പോലുമില്ലായിരുന്നു. അവശ്യഘട്ടങ്ങളിൽ മനുഷ്യൻ എന്തും ചെയ്തുപോകുമല്ലോ, ഞാനൊരു സൈക്കിൾ വാങ്ങി പയ്യെപ്പയ്യെ ഓടിക്കാൻ പഠിച്ചതാണ്. സാധാരണക്കാരന്റെ ഈയൊരു വാഹനമില്ലായിരുന്നുവെങ്കിൽ ഞാൻ ഇന്ന് ഈ നിലയിലുണ്ടാകുമായിരുന്നില്ല-മേരി പറയുന്നു.
ആദ്യം അടുത്തടുത്ത സ്ഥലങ്ങളിലേക്ക് മാത്രമായിരുന്നു സൈക്കിൾ സവാരി. പരിശീലനം കഴിഞ്ഞ് ആത്മധൈര്യം വന്നപ്പോൾ പതുക്കെ അജ്മാൻ-ഷാർജ അതിർത്തിവരെ സഞ്ചരിച്ചു. വൈകാതെ എവിടെയും പോകാമെന്നായി. അജ്മാനിൽ നിന്ന് ഷാർജയിലേക്ക് ഏതാണ്ട് മുക്കാൽ മണിക്കൂർ സൈക്കിൾ ചവിട്ടണം. ചൂടുകാലത്തൊക്കെ നന്നായി തളരും. സൈക്കിൾ ചവിട്ടിയില്ലെങ്കിൽ ജീവിതം ഇതിലും തളരുമെന്നതിനാൽ ക്ഷീണം മറന്ന് ജോലി ചെയ്യും. ഒരിക്കൽ അജ്മാനിൽ ജോലി ചെയ്യുന്ന ഫ്ലാറ്റിനടുത്ത് പൂട്ടിവച്ചിരുന്ന സൈക്കിൾ അനധികൃത പാർക്കിങ്ങിന്റെ പേരിൽ അധികൃതർ എടുത്തുകൊണ്ടുപോയി. വിട്ടുകിട്ടാൻ 500 ദിർഹം പിഴയൊടുക്കേണ്ടിയിരുന്നു. അതിന് കഴിയാതെ സൈക്കിൾ നഷ്ടമായപ്പോൾ യാത്ര വീണ്ടും പ്രതിസന്ധിയിൽപ്പെട്ടു.
ഒടുവിൽ വീസ കാലാവധി കഴിഞ്ഞപ്പോൾ നാട്ടിൽ പോയി. മൂത്തമകൾ ഷിയ ഗ്രേസ് സഹോദരിയുടെ കൂടെയായിരുന്നു. എന്നാൽ കയ്യിൽ കാശില്ലാതെ പോയതുകൊണ്ട് സഹോദരങ്ങളോ മറ്റു ബന്ധുക്കളോ വലിയ അടുപ്പം കാണിച്ചില്ല. പിന്നീട് സന്ദർശക വീസയിൽ വീണ്ടും യുഎഇയിലെത്തി. ബന്ധു സ്വന്തം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വീട്ടുജോലിക്കാരിയുടെ വീസ എടുത്തു തന്നു. അതിന്റെ കാശാണ് ഇപ്പോൾ അടച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഷിയ പിന്നീട് വിവാഹിതയായപ്പോൾ അതിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അവൾ ഭർത്താവിനും 2 മക്കളോടുമൊപ്പം ബെംഗ്ലൂരുവിലാണ്.
കഴിഞ്ഞ 7 വർഷമായി നാട്ടിൽ പോകാത്തതിനാൽ കൊച്ചുമക്കളെ ഒന്നു കാണാൻ പോലും കഴിഞ്ഞിട്ടില്ല. ആ ദുഃഖം നെഞ്ചിലൊരു ഭാരമായി കിടക്കുന്നുവെന്ന് മേരി പറയുന്നു. രണ്ടാമത്തെ മകൾ റിയ ഗ്രേസ് ഐടിഐയിൽ ഡിപ്ലോമ കോഴ്സ് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് മസ്തിഷ്ക അർബുദം (ബ്രെയിൻ ട്യൂമർ) ബാധിച്ചത്. ഉടനെ ശസ്ത്രക്രിയ വേണ്ടി വന്നു. അതോടെ പഠിത്തം പാതിവഴിയിലായി. പിന്നീട് അസുഖം ഭേദമായപ്പോൾ യുഎഇയിലേക്ക് കൊണ്ടുവന്നു. അജ്മാനിലെ തുംബെ ആശുപത്രിയിൽ കുറച്ചുൽകാലം ലാബ് ബില്ലിങ് വിഭാഗത്തിൽ ജോലി ചെയ്തു, ഇതിനിടെ കോവിഡ്19 പൊട്ടിപ്പുറപ്പെടുകയും ജോലി നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് കുറേ ശ്രമിച്ചെങ്കിലും ഒരു ജോലി കണ്ടെത്താനാകാത്തതിനാൽ നാട്ടിലേക്ക് മടങ്ങി. ഇപ്പോൾ ബെംഗ്ലൂരുവിലെ ഒരു ആശുപത്രിയിൽ ചെറിയ ശമ്പളത്തിന് റിസപ്ഷനിസ്റ്റാണ്.
∙ കുടുംബവീട്ടിൽ സൗകര്യമില്ല, താമസം ഹോസ്റ്റലിൽ
മേരിക്ക് നാട്ടിൽ സ്വന്തമായി വീടില്ല. കുടുംബവീട്ടിൽ എല്ലാവർക്കും താമസിക്കാൻ സൗകര്യമില്ലാത്തതിനാൽ ഇളയ മകൾ ഹോസ്റ്റലിലായിരുന്നു താമസം. നാട്ടിൽ ചെന്നപ്പോൾ മേരിയും അവിടെ തന്നെ താമസിച്ചു.വീടില്ലാത്ത പ്രവാസിയുടെ ദുഃഖം വീടില്ലാത്തവർക്ക് മാത്രമേ മനസിലാകൂ- മേരി പറയുന്നു. എത്ര കഷ്ടപ്പെട്ടാണെങ്കിലും രണ്ടാമത്തെ മകൾക്ക് നല്ലൊരു ജീവിതവും താമസിക്കാൻ ഒരു വീടും എന്നതാണ് ജീവിതത്തിന്റ ലക്ഷ്യം തന്നെ. പക്ഷേ, അടുത്ത കാലത്തായി വീട്ടുജോലി കുറവാണിവിടെ. മാത്രമല്ല, പഴയ പോലെ സൈക്കിൾ യാത്ര ആരോഗ്യപ്രശ്നം മൂലം നടക്കാതെ വരുന്നു. എങ്കിലും തളരില്ല, എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യും. മേരിയുടെ വാക്കുകളിൽ ആത്മവിശ്വാസം തുടിച്ചുനിൽക്കുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.