സുധീര്‍നാഥ്
ചുട്ട കോഴിയെ പറപ്പിക്കുന്നവാണീ കിട്ടു ആശാന്‍…. കണ്‍മഷി കൊണ്ട് മീശ വരച്ച് കള്ളിമുണ്ട് മടക്കി കുത്തി പറയുന്നത് മീശ മുളയ്ക്കാത്ത പന്ത്രണ്ട് വയസുകാരന്‍ തയ്യാത്ത് വാസുപിള്ള മകന്‍ രാജീവ്. തെരുവ് നാടകം അവതരിപ്പിച്ചപ്പോള്‍ കഥാപാത്രങ്ങളായി കണ്ണാല മനോജും, അസ്സിയും, സുരേഷും, ലേഖകനും, പിന്നെ കുറേ പിള്ളേരും. കലാജാഥയിലെ പാട്ട് പാടാന്‍ പ്രദീപും, സുനില്‍നാഥും, ബിനേഷ് (ബിജു), അജയ്ഘോഷും, രാജീവ് ബോസും, ബോസും പിന്നെ കുറേ കുട്ടികളും.
എങ്ങക്കടെ കോളനി മെമ്പറ് തമ്പുരാന്‍ വന്നേ…
എങ്ങക്കൊരു വീട് വെയ്ക്കണ കാര്യം പറഞ്ഞേ…
ഒപ്പിടീപ്പിച്ച് തമ്പുരാന്‍ കാശ് വാങ്ങിച്ചേ…
ഒപ്പിച്ച കാര്യം എങ്ങളറിഞ്ഞതുമില്ലേ…
എന്നു തുടങ്ങുന്ന സംഗീത ശില്‍പ്പം സൂപ്പര്‍ ഹിറ്റായി. കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാലയിലെ യുറീക്ക ബാലവേദി നടത്തിയ കലാജാഥയിലെ വിവരങ്ങളാണിതൊക്കെ. ഗ്രസ്ഥശാലയില്‍ നിന്ന് തുടങ്ങിയ ജാഥ അമ്പലം വഴി, ഉണിച്ചിറയില്‍ പോയി, തോപ്പില്‍ കവലയിലെത്തി വായനശാലയില്‍ അവസാനിച്ചു. നാലിടത്ത് തെരുവ് പരിപാടികള്‍ നടത്തി. കേസരി സഹ്യദയ ഗ്രസ്ഥശാല, പൈപ്പ് ലൈന്‍, ഉണിച്ചിറ, തോപ്പില്‍, എന്നിവിടയായിരുന്നു അത്. കൊച്ചിന്‍ യൂണിവേഴ്സിറ്റി കോളനിയിലെ ഷംസു ഹനുമാന്‍റെ വേഷത്തില്‍ ഗഥയുമായി കലാജാഥയില്‍ ഓടി നടന്നത് വലിയ ജനശ്രദ്ധ ആകര്‍ഷിച്ചു. ചേലപ്പുറത്തെ മുരളിയായിരുന്നു ബാലവേദിയുടെ രക്ഷാധികാരി. സന്തോഷായിരുന്നു മറ്റൊരു രക്ഷാധികാരി. ത്യക്കാക്കരയിലെ വിജയന്‍ ചേട്ടന്‍റെ കെആര്‍ഇ 9062 ലാബി ഓട്ടോറിക്ഷയിലായിരുന്നു മൈക്കും മറ്റും. ജീവിതത്തില്‍ ആദ്യമായിട്ടാകും അന്ന് ലേഖകന്‍ അടക്കമുള്ളവര്‍ മൈക്കിന്‍റെ രുചി അറിഞ്ഞിട്ടുണ്ടാകുക.
ഹൈദ്രോസ് എന്ന സജീവമായ ഒരു കുട്ടി അന്ന് ഉണ്ടായിരുന്നു. പൈപ്പ് ലൈനിലെ ഉൂറായുടെ മകനായിരുന്നു. അക്കാലത്ത് എല്ലാ പരിപാടിക്കും ഓടി എത്തിയിരുന്ന ഹൈദ്രോസ് കര്‍ദിനാള്‍ സ്ക്കൂളിലായിരുന്നു പഠിച്ചിരുന്നത്. വളരെ ചെറു പ്രായത്തില്‍ രക്താര്‍ബുദം അയാളെ മരണത്തിന് കീഴടങ്ങി. ഹൈദ്രോസിന്‍റെ രക്തം അപൂര്‍വ്വ വിഭാഗമായിരുന്നു. രക്തം മറ്റാന്‍ ഒരു ദാതാവിനെ വേണമായിരുന്നു. ഇന്നത്തെ പോലെ രക്ത ദാനം അത്ര പ്രചാരമില്ലാത്ത കാലമാണ്. അന്ന് ത്യക്കാക്കരയില്‍ ഷര്‍ട്ട് ധരിക്കാതെ കാക്കി നിക്കറിട്ട് നടന്ന ഒരു കുട്ടിയുണ്ടായിരുന്നു. തങ്കപ്പന്‍ എന്നായിരുന്നു അവന്‍റെ പേര്. രക്തത്തിന് ജാതിയോ മതമോ, രാഷ്ട്രീയമോ ഒന്നുമില്ലല്ലോ. നിറം ചുവപ്പ്. തങ്കപ്പന്‍ രക്തദാനം നടത്തി. ത്യക്കാക്കരയില്‍ നടന്ന പ്രശസ്തമായ രക്തദാനമായി അത് മാറി. ഇതിന് മുന്‍പ് രക്തദാനത്തെ കുറിച്ച് ആരും സംസാരിച്ചിരുന്നില്ല. ത്യക്കാക്കരയുടെ അഭിമാനമായി തങ്കപ്പന്‍ മാറി. രക്ത ദാനം നടത്തിയ തങ്കപ്പനെ സമൂഹം അംഗീകരിച്ചത് അതിന് ശേഷം മാത്രമാണ്. ഹൈദ്രോസിന് ചങ്ങാത്തമില്ലാത്ത കുട്ടികള്‍ അക്കാലത്ത് ത്യക്കാക്കരയില്‍ ഉണ്ടായിരുന്നില്ല.
മറ്റൊരു കൂട്ടുകാരനായിരുന്നു തായിയുടെ മകന്‍ ബോസ്. കര്‍ദിനാളിലായിരുന്നു പഠനം. കുട്ടികളുടെ കലാജാഥയിലെ സജീവമായ അംഗമായിരുന്നു ബോസ്. പാട്ട് പാടിയിരുന്ന ബോസ് ഒരു ഗായകനായിരുന്നില്ല. നാടകത്തില്‍ അഭിനയിച്ച ബോസ് നടനായിരുന്നില്ല. വളരെ സജീവമായിരുന്ന ബോസും അര്‍ബുദത്തിന് അടിമയായി 2019ല്‍ അന്തരിച്ചു. ബോസ് പക്ഷെ കുറേ കാലം ജീവിച്ചു. വിവാഹിതനായിരുന്നില്ല. ബോസിനെ കുറിച്ച് ഓര്‍ക്കുന്ന ഒരു സംഭവം പരാമര്‍ശിയ്ക്കണം. ഒരിക്കല്‍ ത്യക്കാക്കര ക്ഷേത്രത്തിലെ ആറാട്ട് കഴിഞ്ഞ് കൊടി ഇറക്കിയപ്പോള്‍ കൊടി കുരുങ്ങിയതിനാല്‍ പൂര്‍ണ്ണമായി ഇറങ്ങിയില്ല. മഴയുള്ള ദിവസമായിരുന്നു. തന്ത്രി കൊടി ആവാഹിച്ച് ഇറക്കിയതായി പ്രഖ്യാപിച്ചു. തന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ബോസാണ് പിന്നീട് കൊടിമരത്തില്‍ കയറി ത്യക്കാക്കര ഉത്സവത്തിന്‍റെ കൊടി ഇറക്കിയത്.
ത്യക്കാക്കരയെ കണ്ണീരിലാഴ്ത്തിയ ഒരു അപകടം നാല് ജീവനുകള്‍ അപഹരിച്ചിരുന്നത് ഇവിടെ ഓര്‍ക്കണം. കാരണം അതില്‍ ഒരാള്‍ സമപ്രായക്കാരനായ സുരേഷ് ആയിരുന്നു. കോയിക്കന്‍ സുരേഷ് എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. കാര്‍ അപകടത്തില്‍ സുകുമാരന്‍, ചേലപ്പുറത്ത് രാധാക്യഷ്ണന്‍, അദ്ദേഹത്തിന്‍റെ മകന്‍ എന്നിവരും മരിച്ചു. ത്യക്കാക്കരയില്‍ ആദ്യമായിട്ടായിരിക്കും നാല് ആംബുലന്‍സുകള്‍ ഒരുമിച്ച് എത്തിയത്. കേസരി സഹ്യദയ ബാലവേദിയിലെ മിനിയുടെ വിവാഹ ചടങ്ങ് നടന്ന 1993 മെയ് മാസമായിരുന്നു അപകടം. അന്ന് വിവാഹിതയായ മിനി പിന്നീട് അര്‍ബുദത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. ശ്രീരാജ് എന്ന സിജിയും, മനോജും വളരെ ചെറുപ്പത്തിലെ മരണപ്പെട്ടതാണ്. പ്രദീപ് എന്ന മണി ത്യക്കാക്കരയിലെ കുട്ടികള്‍ക്കിടയിലെ കായിക കലാരംഗത്തെ ശ്രദ്ധയനായിരുന്നു. പ്രദീപ് ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടു.
കുട്ടികളുടെ ഗായക സംഘത്തില്‍ പ്രദീപ്, അജയ്ഘോഷ്, സുനില്‍ നാഥ്, രാജീവ് ബോസ്, സുരേഷ്, ബോസ്, സതീശന്‍, ബിജു തുടങ്ങിയ പലരും ഉണ്ട്. കൊച്ചി സര്‍വ്വകലാശാലയില്‍ ഒരിക്കല്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് ബാലവേദിയിലെ കുട്ടിപ്പട്ടാളം പാടിയ രംഗം ആരോ ഫോട്ടോ എടുത്തിട്ടുണ്ട്. അന്നത്തെ കുരുന്നുകള്‍ വലുതായി. അവരുടെ മക്കള്‍ക്ക് അന്നത്തെ പ്രായത്തിലും വലിയ കുട്ടികളുണ്ട്.
നാടകത്തിലും പാട്ടിലും ഒന്നുമില്ലാതെ ഒട്ടേറെ പേര്‍ ത്യക്കാക്കരയിലെ കുട്ടി പട്ടാളത്തില്‍ ഉണ്ടായിരുന്നു. ക്യഷ്ണകുമാര്‍ (കുട്ടന്‍), വിനയന്‍ (ശ്രീരാമന്‍), സുരേഷ് കുമാര്‍, സുധി, സന്ദീപ്, മൂത്തശ്ശന്‍ മനോജ്, സന്തോഷ്, ലജീഷ്, പ്രസാദ്, ശിവപ്രസാദ്, രാജപ്പന്‍, അഷറഫ്, ശ്രീകുമാര്‍ കണ്ണംവേലി, ശ്യാം മേനോന്‍, ബിജു, ബിജു, ബിജു…
നാട്ടില്‍ ഒരുപാട് സുരേഷും, ബിജുമാരും, മനോജുമാരും ഉണ്ടായത് ഒരു വലിയ പ്രശ്നമായിരുന്നു. അതിന് കുട്ടികള്‍ തന്നെ പരിഹാരം കണ്ടിരുന്നു. ഓരോരുത്തര്‍ക്കും വ്യത്യസ്ഥമായ പേരിട്ടു. സുരേഷ് എന്ന പേര് പലര്‍ക്കും ഉണ്ട്. ആണ്ടപ്പന്‍, ഗുല്‍മന്‍, മാവേലി, കോയിക്കന്‍ എന്നിങ്ങനെ ഓരോ സുരേഷിനേയും വിശേഷിപ്പിച്ചു. ബിജു എന്ന പേരും പലര്‍ക്കും ഉണ്ട്. കുറുക്കന്‍, കൊച്ച്, കണ്ട്രോന്‍, ഉണ്ട, കുന്തന്‍, തുടങ്ങി ഓരോ ബിജുവും വ്യത്യസ്ഥ പേരുകളിലാണ് നാട്ടില്‍ അറിയപ്പെട്ടത്. മനോജ് പല പേരുകളില്‍ അറിയപ്പെട്ടു. മൂത്തശ്ശന്‍ മനോജ്, വാടക മനോജ്, എടമനു തുടങ്ങി പല പേരുകള്‍… (മുത്തശ്ശി എപ്പോഴും എടാ മനോജേ, മനൂ എന്ന് വിളിച്ചത് ലോപിച്ചാണ് എടമനു ആയതെന്ന് ചരിത്രം)
മുന്‍പ് സഹ്യദയ ഗ്രസ്ഥശാലയില്‍ ചേതന എന്ന പേരില്‍ ക്കൈയ്യെഴുത്ത് മാസിക ഇറങ്ങിയിരുന്നു. തലമുറ മാറിയപ്പോള്‍ വീണ്ടും ക്കൈയ്യെഴുത്ത് മാസിക ഇറങ്ങി. ഇത്തവണ ശാസ്ത്ര ദീപം എന്നായിരുന്നു പേര്. മൂന്ന് മാസം കൂടുമ്പോള്‍ ഇറക്കിയിരുന്ന മാസിക മൂന്ന് ലക്കം ഇറങ്ങി എന്നാണ് തോന്നുന്നത്. ആണ്‍ കുട്ടികള്‍ മാത്രമല്ല, പെണ്‍ കുട്ടികളും സജീവമായിരുന്നു. സീമ, ബിന്ദു, സുലു, സുമ, കാതറീന്‍, മഞ്ചു, അനിത, തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. സീമയും ബിന്ദുവുമായിരുന്നു നല്ല ക്കൈയ്യക്ഷരമുള്ളവര്‍. അവരായിരുന്നു മാസികയില്‍ എഴുതിയിരുന്നത്.
ഒക്ടോബര്‍ 2ന് ഗാന്ധി ജയന്തി ദിനത്തിലെ സേവനവാരമാണ് പ്രധാന പരിപാടി കേസരി ഗ്രസ്ഥശാലയില്‍ ഉണ്ടായിരുന്നത്. അന്ന് കുട്ടികള്‍ അവിടെ രാവിലെ എത്തും. കുട്ടികള്‍ അന്ന് ഗ്രസ്ഥശാലയുടെ പരിസരം വ്യത്തിയാക്കും. പുസ്തകങ്ങള്‍ പൊടി തട്ടി വെയ്ക്കും. അത് ഒരു ആഘോഷമായിരുന്നു. ഇന്ന് സേവനവാരം തന്നെ ഇല്ലാതായി.
ക്ലാസ് കട്ട് ചെയ്ത് സിനിമ കണ്ടവര്‍ക്കുള്ള അവാര്‍ഡ് ത്യക്കാക്കരയില്‍ ഏര്‍പ്പെടുത്തിയാല്‍ അത് സുരേഷ് കുമാറിനാകും(മാവേലി സുരേഷ്). പണ്ട് കര്‍ദ്ദിനാള്‍ സ്ക്കൂളില്‍ നടന്ന പ്രശ്ചന്ന മത്സത്തില്‍ മാവേലിയുടെ വേഷം അണിഞ്ഞ സുരേഷ്, അതേ വേഷത്തില്‍ വീട്ടിലേയ്ക്ക് നടന്ന് പോയി. അതിന് ശേഷം ത്യക്കാക്കരയില്‍ ജനങ്ങള്‍ മൂപ്പരെ മാവേലി എന്ന് വിളിച്ചു. സുരേഷ് എന്ന പേര് പറഞ്ഞാല്‍ പലരും ഇപ്പോഴും തിരിച്ചറിയില്ല. പിന്‍ തലമുറയിലോ, മുന്‍ തലമുറയിലോ ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകുന്ന പണിയില്‍ ഇത്ര കണ്ട് മുന്നേറിയ മറ്റൊരാളും ഉണ്ടാകില്ല.
വെള്ളിയാഴ്ച്ചകളിലായിരുന്നു സിനിമയുടെ റിലീസ് ഉണ്ടാകുക. റിലീസാകുന്ന സിനിമ ആദ്യം കാണുന്നത് സുരേഷും സംഘവും തന്നെ. സുരേഷിന്‍റെ പിന്‍ഗാമികളായി ക്യഷ്ണകുമാറും, ശിവപ്രസാദും, ശ്രീകുമാറും ഉണ്ടാകും. എറണാകുളത്തെ തീയറ്ററുകളില്‍ ടിക്കറ്റുകള്‍ വാങ്ങി മറിച്ച് വില്‍ക്കുന്ന വലിയൊരു സംഘമുണ്ട്. അവരുമായി ചങ്ങാത്തമായ ഇവര്‍ കൊണ്ടു പോകുന്ന തുക ഇരട്ടിയാക്കിയാണ് വൈകീട്ട് വീടെത്തുന്നത്. സിനിമാ ടിക്കറ്റ് കരിച്ചന്തയില്‍ വിറ്റ് പണം ഉണ്ടാക്കുന്ന ദുശീലം മാത്രമേ ഇവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ എന്നത് ഭാഗ്യം. സിനിമ സൂപ്പര്‍ ഹിറ്റായാല്‍ ക്ലാസ് കട്ട് ചെയ്യുന്ന ദിവസങ്ങള്‍ വര്‍ദ്ധിക്കും. ഇന്ന് പഴയ കാര്യങ്ങള്‍ ഓര്‍ത്ത് അവര്‍ ചിരിക്കുന്നു.
പ്രായം കൊണ്ട് ചെറുപ്പമാണെങ്കിലും, പ്രവീണും(മോമി), വിനീത് വേണുഗോപാലും, വിശ്വരാജ് (ഉണ്ണി), റബിന്‍, ശ്രീനാഥ് തുടങ്ങിയവര്‍ പലപ്പോഴും കളിക്കളത്തിലെ സാനിദ്ധ്യമായിരുന്നു. ഓരോ പ്രായത്തിലുള്ളവര്‍ക്കും വ്യത്യസ്ഥ ടീമുകളായിരുന്നു. അതുകൊണ്ട് തന്നെ സമപ്രായക്കാരോടാണ് കൂടുതല്‍ അടുപ്പം ഉണ്ടായിരുന്നത്. ഒരു വയസ് മൂത്തതും ഇളയതും ഒരു ഗ്രൂപ്പില്‍ തന്നെ ഉണ്ടായിട്ടുണ്ട്. സീനിയര്‍ ടീമും, ജൂനിയര്‍ ടീമും എന്ന് ക്ലബുകളില്‍ തന്നെ വേര്‍തിരിവുണ്ടായിരുന്നു. ടൂര്‍ണമെന്‍റും, പൂക്കള മത്സരവും ആവേശമായിരുന്ന പഴയ കാലം ഇനി തിരിച്ച് വരില്ലല്ലോ…