Editorial

തിരിഞ്ഞുകൊത്തുന്ന പ്രസ്‌താവനകള്‍

പിഴയ്‌ക്കുന്ന ഷോട്ടുകള്‍ ആവര്‍ത്തിക്കാതിരിക്കുക എന്നതാണ്‌ ഒരു പ്രൊഫഷണല്‍ ബാറ്റ്‌സ്‌മാന്‌ ആവശ്യമായ മികവുകളിലൊന്ന്‌. തന്റെ ദൗര്‍ബല്യം തിരിച്ചറിഞ്ഞ്‌ എറിയുന്ന പന്തുകള്‍ ബൗളര്‍ ആവര്‍ത്തിക്കുമ്പോള്‍ ഒരിക്കല്‍ ശ്രദ്ധക്കുറവ്‌ സംഭവിച്ചാലും പിന്നീട്‌ ആ പിഴവ്‌ ആവര്‍ത്തിക്കാതെ, മെയ്‌ വഴക്കത്തോടെ കളിക്കുക ഇന്നിങ്ങ്‌സിന്റെ ആയുസിന്‌ ആവശ്യമാണ്‌. അനുഭവസമ്പന്നനും പ്രഗത്ഭനുമായ ഒരു കളിക്കാരനാണ്‌ അത്തരം പിഴവ്‌ ആവര്‍ത്തിക്കുന്നതെങ്കില്‍ അത്‌ മന:പൂര്‍വം ചെയ്യുന്നതാണോയെന്ന സംശയം കണ്ടിരിക്കുന്നവരുടെ മനസിലുണ്ടാകാം. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ ആര്‍എസ്‌എസ്‌ ബന്ധങ്ങളെ കുറിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആവര്‍ത്തിക്കുന്ന പ്രസ്‌താവനകള്‍ കേള്‍ക്കുമ്പോള്‍ ഇത്തരമൊരു സംശയം വാര്‍ത്തകള്‍ പിന്തുടരുന്നവരുടെ മനസിലേക്കും കടന്നുവരിക സ്വാഭാവികം.

രമേശ്‌ ചെന്നിത്തലയുടെ പിതാവ്‌ ആര്‍എസ്‌എസ്‌കാരനായിരുന്നു എന്ന്‌ പറഞ്ഞാണ്‌ കോടിയേരി ബാലകൃഷ്‌ണന്‍ വാചകകേളിക്ക്‌ തുടക്കമിട്ടത്‌. സ്വര്‍ണകടത്ത്‌ വിവാദവുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷം ആവര്‍ത്തിച്ചു ഉന്നയിക്കുന്ന ആരോപണങ്ങളില്‍ നിന്ന്‌ ശ്രദ്ധ തിരിക്കുക എന്ന ലക്ഷ്യത്തോടെയാവാം അദ്ദേഹം ഇങ്ങനെ പറഞ്ഞത്‌. പക്ഷേ ശ്രദ്ധതിരിക്കല്‍ തന്ത്രത്തിനായി ഉന്നയിച്ച ആരോപണം ചീറ്റിപോകുന്നതാണ്‌ പിന്നീടുള്ള പ്രത്യാരോപണങ്ങളില്‍ കണ്ടത്‌. സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌.രാമചന്ദ്രന്‍പിള്ള ആദ്യകാലത്ത്‌ ആര്‍എസ്‌എസ്‌ ബന്ധമുള്ളയാളായിരുന്നുവെന്ന വെളിപ്പെടുത്തല്‍ അദ്ദേഹം തന്നെ അംഗീകരിച്ചതോടെ വാചകകേളിയില്‍ കോടിയേരിക്ക്‌ തിരിച്ചടി നേരിട്ടു. പക്ഷേ എന്നിട്ടും അദ്ദേഹം ആ വിഷയം വിടാന്‍ തയാറല്ല.

രമേശ്‌ ചെന്നിത്തലയുടെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ മുന്‍ ആര്‍എസ്‌എസ്‌ നേതാവ്‌ ആണെന്നാണ്‌ കഴിഞ്ഞ ദിവസം കോടിയേരി നടത്തിയ പുതിയ ആരോപണം. പൊലീസ്‌ സേനയില്‍ ആവശ്യത്തിന്‌ കോണ്‍ഗ്രസുകാരുള്ളപ്പോള്‍ ഒരു മുന്‍ ആര്‍എസ്‌എസ്‌ നേതാവിനെ എന്തിനാണ്‌ ചെന്നിത്തല കൂടെ കൊണ്ടുനടക്കുന്നതെന്നും കോണ്‍ഗ്രസിന്‌ അകത്തു നിന്ന്‌ ആര്‍എസ്‌എസിനായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ നേതാവായി വേണോയെന്ന്‌ കോണ്‍ഗ്രസുകാര്‍ തീരുമാനിക്കട്ടെ എന്നുമാണ്‌ കോടിയേരി ചോദിക്കുന്നത്‌.

`കോണ്‍ഗ്രസിന്‌ അകത്തു നിന്ന്‌ ആര്‍എസ്‌എസിനായി പ്രവര്‍ത്തിക്കുന്ന ഒരാള്‍’ ആണ്‌ ചെന്നിത്തല എന്ന നിഗമനത്തില്‍ എത്തിച്ചേരാനുള്ള കാരണം അദ്ദേഹത്തിന്റെ പിതാവ്‌ ആര്‍എസ്‌എസുകാരനായിരുന്നു എന്നതിനൊപ്പം സുരക്ഷാ ജീവനക്കാരന്‍ മുന്‍ ആര്‍എസ്‌എസ്‌കാരനാണ്‌ എന്നതു കൂടിയാണ്‌. ഈ വിചിത്ര യുക്തി തനിക്കു നേരെ വരുന്ന പന്ത്‌ വളരെ ആസൂത്രിതമായി തന്റെ പിന്നിലുള്ള സ്റ്റമ്പിനു നേരെ തിരിച്ചുവിടുന്ന ഒരു ബാറ്റ്‌സ്‌മാന്റെ, ഈ കളിയില്‍ താന്‍ ഔട്ടായേ അടങ്ങൂ എന്ന വാശിയുണ്ടോ ഈ കളിക്കാരന്‌ എന്ന്‌ കണ്ടിരിക്കുന്നവര്‍ക്ക്‌ തോന്നുന്ന തരത്തിലുള്ളആത്മഹത്യാപരമായ ഷോട്ട്‌ പോലെയാണ്‌.

കോടിയേരിയുടെ മകന്റെ പേരില്‍ സാമ്പത്തിക കുറ്റകൃത്യം നടത്തിയെന്നും കൂട്ടുകാരിയെ വഞ്ചിച്ചുവെന്നുമുള്ള ആരോപണം വന്ന സമയത്ത്‌ മകന്‍ ചെയ്‌ത കാര്യങ്ങള്‍ക്ക്‌ താന്‍ ഉത്തരവാദിയല്ല എന്ന മട്ടിലാണ്‌ കോടിയേരി അതിനോട്‌ പ്രതികരിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ മക്കളും ആ വിധം തങ്ങളുടെ പിതാവിനെയോ പാര്‍ട്ടിയെയോ ഈ ആരോപണങ്ങളുമായി ബന്ധിപ്പിക്കേണ്ടതില്ല എന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. ഈ ന്യായം എല്ലാവര്‍ക്കും പൊതുവില്‍ ബാധകമായിരിക്കണമല്ലോ. അതുപ്രകാരം അച്ഛന്റെ രാഷ്‌ട്രീയ ബന്ധം എങ്ങനെയാണ്‌ ചെന്നിത്തലയെ ആര്‍എസ്‌എസിനോട്‌ ചായ്‌വുള്ളയാള്‍ ആക്കുന്നത്‌?

സെക്യൂരിറ്റി ജീവനക്കാരന്‍ മുന്‍ ആര്‍എസ്‌എസ്‌ നേതാവ്‌ ആയതു കൊണ്ട്‌ രമേശ്‌ ചെന്നിത്തലക്ക്‌ ആര്‍എസ്‌എസ്‌ ബന്ധമുണ്ടാകുമെങ്കില്‍ ആര്‍എസ്‌എസില്‍ നിന്നും ബിജെപിയില്‍ നിന്നും സിപിഎമ്മിലെത്തിയ ആള്‍ക്കാര്‍ സിപിഎമ്മിനെ “കാവിവല്‍ക്കരിച്ചു’ എന്ന്‌ പറയേണ്ടി വരില്ലേ? കണ്ണൂരിലെ ബിജെപി നേതാക്കളായിരുന്ന ഒ.കെ.വാസു മാഷെയും അശോകനെയും സിപിഎമ്മിലേക്ക്‌ ഔപചാരികമായി ആനയിച്ചത്‌ പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനുമൊക്കെ പങ്കെടുത്ത ഒരു ചടങ്ങിലായായിരുന്നു. പൊലീസില്‍ കോണ്‍ഗ്രസുകാരില്ലാത്തതു കൊണ്ടാണോ ഒരു മുന്‍ ആര്‍എസ്‌എസ്‌ നേതാവിനെ ചെന്നിത്തല സെക്യൂരിറ്റി ജീവനക്കാരനാക്കിയത്‌ എന്ന്‌ ചോദിക്കുമ്പോള്‍ മലബാറില്‍ സിപിഎമ്മിന്‌ വേറെ നേതാക്കള്‍ ഇല്ലാതിരുന്നിട്ടാണോ ഒ.കെ.വാസു മാഷെ മലബാര്‍ ദേവസ്വം പ്രസിഡന്റ്‌ ആക്കിയത്‌ എന്നൊരു ചോദ്യം ബൂമറാങ്‌ പോലെ തിരിച്ചു വരാമെന്ന്‌ കോടിയേരി ഓര്‍ത്തിരിക്കില്ല. കോണ്‍ഗ്രസിന്‌ അകത്തു നിന്ന്‌ ആര്‍എസ്‌എസിനായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ നേതാവായി വേണോയെന്ന്‌ കോണ്‍ഗ്രസുകാര്‍ തീരുമാനിക്കട്ടെയെന്ന്‌ കോടിയേരി പറയുമ്പോള്‍ സിപിഎമ്മിന്‌ അകത്തു നിന്ന്‌ ആര്‍എസ്‌എസിനായി പ്രവര്‍ത്തിക്കുന്നവരാണോ കോടിയേരിയും പിണറായിയുമൊക്കെയെന്ന്‌ എതിര്‍പക്ഷത്തിനും തിരിച്ചു ചോദിക്കാവുന്നതേയുള്ളൂ. ഇത്തരം `തിരിഞ്ഞുകൊത്തുന്ന’ പ്രസ്‌താവനകള്‍ കോടിയേരി ആവര്‍ത്തിക്കുന്നത്‌ മന:പൂര്‍വം ആണോയെന്ന സംശയം മാത്രമാണ്‌ വാചകകേളി കണ്ടിരിക്കുന്നവരുടെ മനസില്‍ അവശേഷിക്കുന്നത്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.