Editorial

കോൺഗ്രസിൽ ഇത്‌ ഇലകൊഴിയും കാലം

ബിജെപിയുടെ ശക്തി ഏകശിലാ സ്വഭാവമുള്ള പാര്‍ട്ടി ഘടനയാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്‌ഷായും പറയുന്നതിന്‌ അപ്പുറം പാര്‍ട്ടിക്ക്‌ അകത്ത്‌ ഒരു ഇല പോലും അനങ്ങില്ല. ഇരുവരുടെയും വിശ്വസ്‌തനായ ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്‌ഡ അവരുടെ ആധിപത്യം ശിരസാ വഹിക്കുന്നയാളാണ്‌. വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ ചട്ടക്കൂടും ഉരുക്കു പോലെ ശക്തിയുള്ളതാകണമെന്ന്‌ നേതൃത്വത്തിന്‌ നിര്‍ബന്ധമുണ്ട്‌. ഒരു പരിധിക്ക്‌ അപ്പുറം പാര്‍ട്ടി സംസ്ഥാന ഘടകങ്ങളിലെ ഗ്രൂപ്പ്‌ വഴക്കുകളോ അഭിപ്രായ ഭിന്നതകളോ ശക്തിപരീക്ഷണങ്ങളോ വളരാറില്ല; ദേശീയ നേതൃത്വം അതിന്‌ അനുവദിക്കാറില്ല.

നേരെ തിരിച്ചാണ്‌ കോണ്‍ഗ്രസിന്റെ സ്ഥിതി. അവിടെ സോണിയാഗാന്ധിയുടെ ദേശീയ തലത്തിലെ നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ ആരും ഒരുമ്പെടാറില്ലെങ്കിലും സംസ്ഥാനങ്ങളിലെ നേതൃബലം തീര്‍ത്തും ദുര്‍ബലമാണ്‌. ഗ്രൂപ്പ്‌ വഴക്കുകള്‍ മൂലം പാര്‍ട്ടിക്ക്‌ സംസ്ഥാനങ്ങളിലെ അധികാരം പോലും നഷ്‌ടപ്പെടുന്നതാണ്‌ സ്ഥിതി. നേതാക്കളുടെ ഒരു നിര തന്നെ സമീപകാലത്ത്‌ ബിജെപിയിലേക്ക്‌ ചേക്കേറിയതിന്‌ പ്രധാന കാരണം പാര്‍ട്ടിയോട്‌ ആശയപരമായി കൂറില്ലാത്തതാണ്‌. ബിജെപി നേതാക്കളെ നയിക്കുന്ന ആശയദാര്‍ഢ്യവും പ്രത്യയശാസ്‌ത്രപരമായ ലക്ഷ്യബോധവും കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ ഇല്ല. പതിറ്റാണ്ടുകള്‍ കാത്തിരുന്നും ആസൂത്രണം ചെയ്‌തും ബിജെപി അധികാരം നേടിയെടുത്തതിന്‌ പിന്നില്‍ ആശയപരമായ ഒരു അടിത്തറയുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ ആകട്ടെ എന്തിന്‌ വേണ്ടിയാണോ നിലകൊള്ളുന്നത്‌ അതിനെ തന്നെ അവസരവാദ രാഷ്‌ട്രീയത്തിന്റെ പേരില്‍ തള്ളിക്കളയുന്ന നേതാക്കളുടെ സാന്നിധ്യമാണുള്ളത്‌. ഏറ്റവും ഒടുവില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ്‌ ഭരണത്തിന്‌ അന്ത്യം കുറിച്ചു കൊണ്ട്‌ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ അതു വരെ മുഴക്കിയ മതേതരത്വ മുദ്രാവാക്യമൊക്കെ തീര്‍ത്തും കപടമായിരുന്നുവെന്നാണ്‌ വ്യക്തമായത്‌.

ജ്യോതിരാദിത്യ സിന്ധ്യക്ക്‌ പിന്നാലെ മറ്റൊരു യുവനേതാവ്‌ കൂടി കോണ്‍ഗ്രസ്‌ വിടാനൊരുങ്ങുന്നുവെന്നാണ്‌ സൂചനകള്‍. രാജസ്ഥാന്‍ പിസിസി പ്രസിഡന്റ്‌ സച്ചിന്‍ പൈലറ്റ്‌ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടുമായുള്ള ഗ്രൂപ്പ്‌ വഴക്കില്‍ പ്രകോപിതനായി ബിജെപിയില്‍ ചേരാനൊരുങ്ങുന്നുവെന്നായിരുന്നു ആദ്യം കേട്ട വാര്‍ത്ത. അദ്ദേഹം ബിജെപി പ്രസിഡന്റ്‌ ജെ.പി.നഡ്‌ഢയുമായി കൂടിക്കാഴ്‌ചക്ക്‌ ഒരുങ്ങുന്നുവെന്ന്‌ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കേള്‍ക്കുന്നത്‌ കോണ്‍ഗ്രസ്‌ വിട്ട്‌ പ്രഗതീശില്‍ കോണ്‍ഗ്രസ്‌ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ്‌. സച്ചിനും ഒപ്പമുള്ള എംഎല്‍എമാരും പാര്‍ട്ടി വിട്ടാലും സര്‍ക്കാരിന്റെ പിന്തുണ നഷ്‌ടപ്പെടില്ലെന്നാണ്‌ ഗെലോട്ട്‌ പക്ഷം അവകാശപ്പെടുന്നത്‌.

2018 ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന്‌ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാത്തതില്‍ സച്ചിന്‍ പൈലറ്റും അശോക്‌ ഗെലോട്ടും തമ്മിലുള്ള ഗ്രൂപ്പ്‌ വഴക്ക്‌ ഒരു ഘടകമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്‌. 137 സീറ്റുകള്‍ വരെ എക്‌സിറ്റ്‌ പോളുകള്‍ പ്രവചിച്ചിരുന്നെങ്കിലും ലഭിച്ചത്‌ 107 സീറ്റ്‌ മാത്രമാണ്‌. ശക്തമായ ഭരണ വിരുദ്ധ വികാരം നിലനിന്നിട്ടും ബിജെപി 73 സീറ്റ്‌ നേടിയെടുത്തു. 2019ല്‍ നടന്ന പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരുകയും ചെയ്‌തു.

കാല്‍ചുവട്ടിലെ മണ്ണിന്‌ അത്രയൊന്നും ഉറപ്പില്ലെന്ന്‌ തിരിച്ചറിഞ്ഞിട്ടും ഗ്രൂപ്പ്‌ വഴക്ക്‌ തുടരുന്നതില്‍ ഈ നേതാക്കള്‍ക്ക്‌ യാതൊരു മടിയുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയാകുമെന്ന്‌ കരുതപ്പെട്ടിരുന്ന സച്ചിന്‍ പൈലറ്റിന്‌ ആ സ്ഥാനം ലഭിക്കാത്തതിലുള്ള നിരാശ ശക്തമായിരുന്നു. തനിക്ക്‌ അര്‍ഹമായ സ്ഥാനവും അംഗീകാരവും പാര്‍ട്ടിക്കുള്ളില്‍ ലഭിക്കുന്നില്ല എന്നതാണ്‌ അദ്ദേഹത്തിന്റെ പരാതി.

കോണ്‍ഗ്രസിന്‌ ഊര്‍ജ്വസ്വലരായ ഭാവി നേതാക്കളായി എടുത്തു പറയാന്‍ വളരെ കുറച്ചു പേര്‍ മാത്രമേയുള്ളൂ. അതിലൊരാളാണ്‌ സച്ചിന്‍ പൈലറ്റ്‌. തന്റെ സംഘാടന പാടവം ഇതിനകം അദ്ദേഹം തെളിയിച്ചിട്ടുണ്ട്‌. അങ്ങനെയൊരാള്‍ കോണ്‍ഗ്രസിന്‌ പുറത്തേക്ക്‌ പോകുന്നത്‌ തടയാനാണ്‌ ദേശീയ നേതൃത്വം ഏത്‌ വിധേനയും ശ്രമിക്കേണ്ടത്‌. എന്നാല്‍ ബിജെപിയിലുള്ളതു പോലെ സംസ്ഥാന നേതാക്കളെ വരുതിയില്‍ നിര്‍ത്താന്‍ സാധിക്കുന്ന ദേശീയ നേതൃത്വമല്ല കോണ്‍ഗ്രസിനുള്ളത്‌. കൃത്യസമയത്ത്‌ ക്രൈസിസ്‌ മാനേജ്‌മെന്റ്‌ നടത്താന്‍ കോണ്‍ഗ്രസ്‌ നേതൃത്വം മിക്കപ്പോഴും മറന്നുപോവുകയാണ്‌ ചെയ്യാറുള്ളത്‌. ഈ ഇലകൊഴിയും കാലത്തെ കോണ്‍ഗ്രസ്‌ അതിജീവിച്ചില്ലെങ്കില്‍ ദേശീയ തലത്തില്‍ പ്രതിപക്ഷത്തിന്റെ ശക്തി വീണ്ടും ചോര്‍ന്നു പോവുക മാത്രമാകും ഫലം.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.