Editorial

കോവിഡ്‌ പ്രതിരോധം: രണ്ട്‌ സംസ്ഥാനങ്ങളുടെ ഗതിമാറ്റം

കോവിഡ്‌ കാലത്ത്‌ നാം ഏറ്റവും കൂടുതല്‍ സംസാരിക്കേണ്ടി വരുന്നത്‌ കോവിഡിനെ കുറിച്ചു തന്നെയാണ്‌. കാരണം നമ്മുടെ ജീവിതത്തെ ഈ രോഗം അത്രമേല്‍ മാറ്റിമറിച്ചിരിക്കുന്നു. രോഗഭീതി ഒഴിയാതെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ രണ്ട്‌ സംസ്ഥാനങ്ങള്‍ കോവിഡിനെ നേരിട്ട രീതികളെ കുറിച്ചാണ്‌ ഇവിടെ ചര്‍ച്ച ചെയ്യുന്നത്‌.

ആദ്യഘട്ടത്തില്‍ രോഗവ്യാപനത്തിന്റെ തോത്‌ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്ന സംസ്ഥാനമാണ്‌ ഡല്‍ഹി. ആശുപത്രികളില്‍ മതിയായ കിടക്കകളോ ചികിത്സാ സൗകര്യമോ ഇല്ലാതെ ജനം വലഞ്ഞപ്പോള്‍ ഡല്‍ഹി മോശപ്പെട്ട രോഗപ്രതിരോധ രീതികളുടെ പേരില്‍ നിരന്തരം മാധ്യമ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഡല്‍ഹി ഇന്ന്‌ കോവിഡ്‌ വ്യാപനത്തെ ഏതാണ്ട്‌ പിടിച്ചുകെട്ടിയ മട്ടാണ്‌. 1,37,677 പേര്‍ക്ക്‌ ഇതുവരെ ഡല്‍ഹിയില്‍ കോവിഡ്‌ ബാധിച്ചുവെങ്കിലും നിലവിലുള്ള പോസിറ്റീവ്‌ കേസുകള്‍ 10,536 എണ്ണം മാത്രമാണ്‌. നിലവില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്ക്‌ ഡല്‍ഹിയിലാണ്‌.

ആദ്യഘട്ടത്തില്‍ കേരളം കോവിഡ്‌ പ്രതിരോധത്തിന്റെ പേരില്‍ കേട്ട തുടര്‍ച്ചയായ പ്രശംസ കേരളപ്പിറവിക്കു ശേഷം ഈ സംസ്ഥാനത്തിന്‌ കിട്ടുന്ന ഏറ്റവും വലിയ രാജ്യാന്തര അംഗീകാരമായിരിക്കും. ഇന്ത്യയ്‌ക്കെന്നല്ല, ലോകത്തിനു തന്നെ കേരളം ഒരു മാതൃകയായി ഉയര്‍ത്തി കാണിക്കപ്പെട്ടു. പക്ഷേ ഇപ്പോള്‍ ചിത്രം വ്യത്യസ്‌തമാണ്‌. ഡല്‍ഹിയിലുള്ളതിനേക്കാള്‍ കൂടുതല്‍ പോസിറ്റീവ്‌ കേസുകള്‍ ഇന്ന്‌ കേരളത്തിലാണ്‌. 11,540 പോസിറ്റീവ്‌ കേസുകളാണ്‌ ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്തുള്ളത്‌. ഇത്‌ ഇതുവരെയുള്ള മൊത്തം രോഗബാധിതരുടെ 45 ശതമാനം വരും.

കോവിഡ്‌ മരണനിരക്ക്‌ നമ്മുടെ സംസ്ഥാനത്ത്‌ വളരെ കുറവാണ്‌. പക്ഷേ കോവിഡ്‌ വ്യാപനം ഉയര്‍ന്ന തോതിലാണ്‌. ഈ ഘട്ടത്തില്‍ ഇതുവരെ ആസൂത്രണ മനോഭാവത്തോടെ രോഗവ്യാപനത്തെ നേരിടാന്‍ ശ്രമിച്ച സര്‍ക്കാര്‍ നേതൃത്വം ഇപ്പോള്‍ അല്‍പ്പം വ്യത്യസ്‌തമായാണ്‌ പെരുമാറുന്നത്‌. കോവിഡ്‌ പ്രതിരോധത്തിന്റെ ചുമതല പൊലീസിന്‌ കൈമാറിയതില്‍ നേരത്തെ കണ്ട ആസൂത്രണ മനോഭാവമല്ല പ്രതിഫലിക്കുന്നത്‌. പൊലീസും ആരോഗ്യപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ പ്രതിനിധികളും എല്ലാം ചേര്‍ന്നുള്ള സാമൂഹിക മൂലധനത്തിന്റെ കരുത്തിലാണ്‌ നാം ഇതുവരെ കോവിഡ്‌ പ്രതിരോധത്തില്‍ മുന്നോട്ടുപോയത്‌.

സമ്പര്‍ക്ക പട്ടിക തയാറാക്കുന്നത്‌ ഉള്‍പ്പെടെയുള്ള ജോലികള്‍ പൊലീസിനെ ഏല്‍പ്പിച്ച സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിവിധ ആരോഗ്യ സംഘടനകള്‍ രംഗത്തു വന്നു കഴിഞ്ഞു. പൊലീസിന്റെ ജോലിഭാരം കൂട്ടുന്ന നടപടി കൂടിയാണ്‌ ഇത്‌. ഡോ.ബി.ഇക്‌ബാല്‍ തലവനായ വിദഗ്‌ധ സമിതിയുടെ അഭിപ്രായം ആരാഞ്ഞതിനു ശേഷമാണോ ഈ നടപടിയെന്ന്‌ വ്യക്തമല്ല. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാത്തതിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ നല്‍കുന്ന വേതനത്തിലും സര്‍ക്കാരിന്റെ നിലപാടുകളോട്‌ നേരത്തെ തന്നെ ഡോ.ബി.ഇക്‌ബാല്‍ അസംതൃപ്‌തി രേഖപ്പെടുത്തിയിരുന്നു.

ആവശ്യമായ സമയം നല്‍കാതെ രാജ്യവ്യാപകമായി ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതിന്‌ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചവരാണ്‌ ഇപ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ കണ്ടെയ്‌ന്‍മെന്റ്‌ സോണുകളും പ്രാദേശിക ലോക്‌ഡൗണും പ്രഖ്യാപിക്കുന്നത്‌. ഇരുപത്തിനാല്‌ മണിക്കൂര്‍ സമയം പോലും ജനങ്ങള്‍ക്ക്‌ തയാറെടുപ്പിനായി നല്‍കാതെയാണ്‌ അവരെ വലക്കുന്ന കര്‍ശന നടപടികളിലേക്ക്‌ തിരിയുന്നത്‌. കഴിഞ്ഞ ദിവസം കൊച്ചി തോപ്പുംപടിയില്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷമുണ്ടായ ജനരോഷവും പൊലീസിന്റെ ആശയകുഴപ്പവും വിവിധ വകുപ്പുകളുടെ ഏകോപനമില്ലാതെ നടക്കുന്ന അടിയന്തിര നടപടികളുടെ ദോഷമാണ്‌ കാട്ടിതരുന്നത്‌. ഏതെങ്കിലും ഒരു വകുപ്പിന്‌ അമിത അധികാരം നല്‍കുകയല്ല, വിവിധ വകുപ്പുകളുടെ ഏകോപനം കൂടുതല്‍ ശക്തമാക്കുകയാണ്‌ സാഹചര്യത്തിന്റെ ആവശ്യം.

ഇതുവരെ ആത്മസംയമനത്തോടെ വാര്‍ത്താ സമ്മേളനങ്ങളില്‍ സംസാരിച്ചിരുന്ന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രോഗവ്യാപനം തടയാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ജനം വേണ്ടത്ര സ്വീകരിക്കാത്തതിന്‌ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണ്‌ ചെയ്‌തത്‌. മാര്‍ഗനിര്‍ദേശം ലംഘിച്ച്‌ ചിലര്‍ കൂട്ടായ്‌മകള്‍ സംഘടിപ്പിച്ചത്‌ ജനത്തിന്‌ തെറ്റായ സന്ദേശം നല്‍കിയെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. മാര്‍ഗനിര്‍ദേശം ലംഘിച്ച്‌ കൂട്ടായ്‌മകള്‍ സംഘടിപ്പിച്ചത്‌ പ്രതിപക്ഷം മാത്രമല്ലെന്നത്‌ മുഖ്യമന്ത്രി മറന്നുപോയെന്ന്‌ തോന്നുന്നു. പ്രമുഖ നേതാവിന്റെ മരണസമയത്തും പ്രാദേശിക കൂട്ടായ്‌മകളിലും യാതൊരു സാമൂഹിക അകലവും പാലിക്കാതെ ഒത്തുകൂടിയത്‌ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ആള്‍ക്കാര്‍ തന്നെയായിരുന്നു. ടിവി ചാനലുകള്‍ തത്സമയ സംപ്രേഷണം ചെയ്യുന്ന ദീര്‍ഘമായ വാര്‍ത്താ സമ്മേളനങ്ങളില്‍ പലപ്പോഴും മുഖ്യമന്ത്രി മാസ്‌ക്‌ ധരിക്കാതെ എത്തിയത്‌ എന്ത്‌ സന്ദേശമാണ്‌ ജനത്തിന്‌ പകര്‍ന്നിട്ടുണ്ടാവുക എന്ന കാര്യം കൂടി അദ്ദേഹം ഓര്‍ക്കേണ്ടതായിരുന്നു. കോവിഡ്‌ വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതിപക്ഷത്തെ ഒരു പാര്‍ട്ടിയുടെ നേതാവ്‌ ദീര്‍ഘദൂരയാത്ര നടത്തിയത്‌ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടികാട്ടിയപ്പോള്‍ അദ്ദേഹം വളരെ തിരക്കുള്ള ആളല്ലേയെന്നും അദ്ദേഹത്തിന്‌ എന്തെങ്കിലും അടിയന്തിര ആവശ്യമുണ്ടായിട്ടാകുമെന്നും “ആത്മസംയമനത്തോടെ” പ്രതികരിച്ച മുഖ്യമന്ത്രിയാണ്‌ ഇപ്പോള്‍ ജനങ്ങള്‍ക്ക്‌ തെറ്റായ സന്ദേശം നല്‍കിയെന്ന്‌ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത്‌.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌റിവാളിന്റെയും പിണറായി വിജയന്റെയും വാക്കുകളിലെ സ്വരഭേദം കൂടി ഈ സന്ദര്‍ഭത്തില്‍ താരതമ്യം ചെയ്യാവുന്നതാണ്‌. പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയവരുമായി വഴക്കിന്‌ പോകാതെ അവ മനസിലാക്കി ഓരോന്നായി പരിഹരിക്കാന്‍ ശ്രമിച്ചുവെന്നും തെറ്റുകള്‍ ചൂണ്ടികാട്ടുന്നതില്‍ സുപ്രധാന പങ്ക്‌ വഹിച്ച മാധ്യമങ്ങളോട്‌ നന്ദി പറയുന്നുവെന്നുമാണ്‌ അരവിന്ദ്‌ കെജ്‌റിവാള്‍ പറഞ്ഞത്‌. ഈ വാചകങ്ങളില്‍ തെറ്റുകള്‍ ഉള്‍ക്കൊണ്ട്‌ തിരുത്തലുകള്‍ക്ക്‌ തയാറുള്ള ഒരു മികച്ച അഡ്‌മിനിസ്‌ട്രേറ്ററുടെ പക്വതയുള്ള സ്വരമുണ്ട്‌. കോവിഡ്‌ നിയന്ത്രണത്തിനുള്ള അംഗീകാരം തനിക്ക്‌ ആവശ്യമില്ലെന്നും ഉത്തരവാദിത്തം മാത്രം ഏറ്റെടുത്തുകൊള്ളാമെന്നും കൂടി അദ്ദേഹം പറഞ്ഞു. ഈ വാക്കുകളിലെ രാഷ്‌ട്രീയ തന്ത്രജ്ഞതയുടെ സ്വരം കൂടി താരതമ്യം ചെയ്യപ്പെടേണ്ടതാണ്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.