Breaking News

കേരളത്തെ വളർത്താൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്ന് എം.എ. യുസഫലി; കോട്ടയത്ത് ലുലു മാൾ തുറന്നു.

കോട്ടയം : മധ്യ തിരുവിതാംകൂറിനു ഷോപ്പിങ്ങിന്റെ നവ്യാനുഭവം പകർന്ന് കോട്ടയം ലുലു മാൾ തുറന്നു. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാൾ കോട്ടയം മണിപ്പുഴയിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എംപിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, ഹാരിസ് ബീരാൻ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ,  സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു എന്നിവർ മുഖ്യാതിഥികളായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വാർഡ് കൗൺസിലർ ഷീന ബിനു, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സിഇഒയുമായ എം.എ. നിഷാദ് എന്നിവരും ചടങ്ങിനെത്തി. വൈകിട്ട് 4 മുതൽ പൊതുജനങ്ങൾക്കു മാളിലേക്ക് പ്രവേശനമുണ്ട്.
‘കോട്ടയത്തിനുവേണ്ടി ലുലു ഗ്രൂപ്പിന്റെ ക്രിസ്മസ് സമ്മാനം’
കേരളം ഒരു മുതിർന്ന പൗരന്മാരുടെ നാടായി മാറരുതെന്ന് എം.എ. യുസഫലി. ‘‘ഇവിടെ ചെറുപ്പക്കാർ വിദേശത്തേക്കു പോകുകയാണ്. കേരളത്തിൽ പുതിയ പദ്ധതികൾ വരണം. പഴയനിയമങ്ങൾ മാറി പുതിയ നിയമങ്ങൾ വരണം, വാണിജ്യ പദ്ധതികൾ വരണം. മൂന്ന് കാര്യങ്ങളാണ് ഞാൻ എന്റെ സഹപ്രവർത്തകരോടു പറയാറുള്ളത് – കമ്പനിക്ക് വേണ്ടിയോ എനിക്ക് വേണ്ടിയോ നിയമവിരുദ്ധമായി പണം സമ്പാദിക്കരുത്. സർക്കാരിനെയോ കസ്റ്റമറിനെയോ കമ്പനിയെയോ പറ്റിച്ചു പണമുണ്ടാക്കരുത്. ഗുണനിലവാരം ഉള്ള സാധനങ്ങൾ മാത്രമേ കൊടുക്കാൻ പാടുള്ളു. 23,000ല്‍ ഏറെപ്പേർ ഇന്ത്യയിൽ ലുലു ഗ്രൂപ്പിനായി ജോലി ചെയ്യുന്നുണ്ട്. ഫുഡ് പ്രോസസിങ് യൂണിറ്റുകളിലൂടെ ഗുണനിലവാരമുള്ള ഭക്ഷണം കൊടുക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. കോട്ടയത്ത് അതായിരിക്കും ഞങ്ങളുടെ മുഖമുദ്ര. എല്ലാവരും വന്ന് അനുഗ്രഹിച്ചതിൽ നന്ദി. 2000 പേർ കോട്ടയം മാളിൽ നേരിട്ടും പരോക്ഷമായും ജോലി ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അതിനനുസരിച്ചു നമ്മൾ ജീവിക്കണം. അതിന്റെ ഭാഗമാണ് ജനപ്രതിനിധികൾ. അവർക്കു വലിയ പ്രാധാന്യമുണ്ട്. ജനങ്ങൾക്കു വേണ്ടി ഞങ്ങൾ തുറന്നുകൊടുക്കുന്ന ഈ സംരംഭം പണം സമ്പാദിക്കാൻ വേണ്ടിയുള്ള ഒരു ഹൈപ്പർ മാർക്കറ്റ് അല്ല. പണം സമ്പാദിക്കാൻ വേറെയും മാർഗങ്ങൾ ഉണ്ട്. ഇത് കോട്ടയത്തിനു വേണ്ടിയുള്ള ലുലു ഗ്രൂപ്പിന്റെ ക്രിസ്മസ് സമ്മാനമാണ്. കേരളത്തെ വളർത്താൻ രാഷ്ട്രീയക്കാർ, മാധ്യമങ്ങൾ, ബിസിനസുകാർ എല്ലാവരും ഒരുമിച്ചു നിൽക്കണം. യൂട്യൂബർമാർ പലതും നശിപ്പിക്കാൻ വേണ്ടിയാണു ശ്രമിക്കുന്നത്. നമ്മളെ ആട്ടിപ്പായിക്കാൻ ചില വ്ലോഗർമാർ ഉണ്ട്. അവരെ വിശ്വസിക്കാനും ചിലരുണ്ട്. അവരാരും ഈ നാടിനു വേണ്ടി ഒരു സംഭാവനയും ചെയ്യാതെ നാട്ടിലെ പലതും നശിപ്പിക്കാനാണു നിലനിൽക്കുന്നത്’’ – അദ്ദേഹം പറഞ്ഞു. മാളിൽ തിയറ്റർ ഉടൻ ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു.
‘രാജ്യം ലോകത്തിനു സംഭാവന ചെയ്ത ബിസിനസ് ചക്രവർത്തി’
അക്ഷരനഗരിക്ക് ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ് ഇതെന്നും അതിന് യൂസഫലിക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും ലുലു മാളിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി.എൻ. വാസവൻ. ‘‘നമ്മുടെ രാജ്യം ലോകത്തിനു സംഭാവന ചെയ്ത ബിസിനസ് ചക്രവർത്തി ആണ് അദ്ദേഹം. ലോകം ശ്രദ്ധിക്കുന്ന ഇന്ത്യക്കാരനായ ബിസിനസുകാരൻ. ഗുണമേന്മ, സർവീസ്, വിലക്കുറവ് എന്നിവ അദ്ദേഹം അക്ഷരനഗരിക്കു പ്രദാനം ചെയ്തു. മനോഹരമായ ബിസിനസ് സങ്കേതം യൂസഫലി കോട്ടയത്തിനു നൽകി. വഴിവിട്ട് പ്രവർത്തിക്കരുത് എന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു. മറ്റുള്ളവയിൽനിന്നു മെച്ചപ്പെട്ട ലുലു ഹൈപ്പർമാർക്കറ്റ് ആണ് കോട്ടയത്തേത്. നിലവാരവും സ്നേഹവും മുറുകെപ്പിടിച്ചുള്ള യൂസഫലിയുടെ ലുലുവിന്റെയും പ്രവർത്തനം മാതൃകാപരം’’ – മന്ത്രി കൂട്ടിച്ചേർത്തു.
‘ലുലുവിന്റെ കരുത്ത് യൂസഫലിയുടെ നന്മ’
യൂസഫലിയുടെ മനസ്സിന്റെ നന്മയാണ് ലുലുവിന്റെ വളർച്ചയുടെ കരുത്തെന്ന് മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു. ‘‘അദ്ദേഹവുമായി ദീർഘകാല ബന്ധമുണ്ട്. 10 കൊല്ലം മുമ്പ് രാഷ്ട്രപതി ഭവനിൽ നടന്നൊരു സംഭവം ഞാൻ ഓർക്കുന്നു. ബഹ്റൈൻ രാജാവിനു നൽകിയ സ്വീകരണ ചടങ്ങായിരുന്നു അത്. ഞാൻ ഒതുങ്ങി മാറി ഒരിടത്തു നിൽക്കുകയായിരുന്നു. മടിച്ചുനിന്ന എന്നെ രാജാവിന്റെ അടുത്തു കൊണ്ടുപോയി യൂസഫലി പരിചയപ്പെടുത്തി. മനോരമയെ കുറിച്ചും എന്നെക്കുറിച്ചും യൂസഫലി രാജാവിനോട് സംസാരിച്ചു. തുടർന്ന് യൂസഫലി എന്നോടു ചോദിച്ചു – നമുക്ക് രാജാവിനെ കേരളത്തിലേക്കു ക്ഷണിക്കണ്ടേ?
ലുലുവിന്റെ സ്ഥാപനങ്ങൾ ബഹ്റൈനിൽ കാഴ്ചവയ്ക്കുന്ന മികച്ച പ്രവർത്തനങ്ങളും യൂസഫലിയുടെ നേതൃത്വത്തിൽ നടത്തുന്ന സഹായ പ്രവർത്തനങ്ങളും രാജാവ് എന്നോടു പറഞ്ഞു. യൂസഫലിയുടെ നന്മ തന്നെയാണ് ലുലുവിന്റെ കരുത്ത്. ചരിത്രം നിരവധി സൃഷ്ടിച്ച വ്യക്തികൂടിയാണ് യൂസഫലി. ഒരു കാലത്ത് ഇന്ത്യയെ അടക്കിഭരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മുഖ്യ ഓഹരി ഉടമകളിൽ ഒരാളായി അദ്ദേഹം മാറി. സ്കോട്ട്ലൻഡ് യാർഡിന്റെ ആസ്ഥാനം സ്വന്തമാക്കി. ഇപ്പോഴിതാ കോട്ടയത്തിന്റെ ചരിത്രത്തിലേക്കും യൂസഫലിയും ലുലുവും വരുന്നു. അദ്ദേഹത്തെയും ലുലുവിനെയും പ്രാർഥനയോടെ, സ്നേഹത്തോടെ കോട്ടയംകാർ വരവേൽക്കുകയാണ്’’ – അദ്ദേഹം പറഞ്ഞു.
‘25 രാജ്യങ്ങളിലായ 73,000ൽ അധികം ജീവനക്കാർ’
ലുലു ഗ്രൂപ്പിന്റെ ഇത്രയും കാലത്തെ യാത്രകളെ സംബന്ധിച്ചുള്ള വിഡിയോ വേദിയിൽ പ്രദർശിപ്പിച്ചു. ആഗോളതലത്തിൽ 25 രാജ്യങ്ങളിലായി, 276 അധികം ഹൈപ്പർമാർക്കറ്റുകൾ ജോലിക്കായി 73,000ത്തിലധികം ജീവനക്കാർ. അതിൽ പകുതിയിലേറെയും മലയാളികൾ. എം എ യൂസഫലിയുടെ നേതൃത്വത്തിൽ ലുലു ഗ്രൂപ്പ് കൈവരിച്ച നേട്ടങ്ങൾ വിഡിയോയിൽ വ്യക്തമാക്കുന്നു. അഹമ്മദാബാദ്, ചെന്നൈ, ഗുരുഗ്രാം, തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പുതിയ മാളുകൾ നിർമാണത്തിലാണ്. കൊച്ചി സ്മാർട്ട് സിറ്റിയിൽ ലുലു ഗ്രൂപ്പിന്റെ പുതിയ സൈബർ ട്വിൻ ടവർ കൂടി നിർമാണത്തിലുണ്ട്.
ലുലുവിന്റെ പാലക്കാട്, കോഴിക്കോട് മാളുകൾക്ക് സമാനമായ ‘മിനി ഷോപ്പിങ് മാൾ’ ആണ് കോട്ടയത്തേതും. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയാണ് മുഖ്യ ആകർഷണങ്ങൾ.
3.22 ലക്ഷം ചതുരശ്ര അടി, 1,000 വാഹനങ്ങൾക്കു പാർക്കിങ്
രണ്ടു നിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയം ലുലുമാൾ ഒരുക്കിയിരിക്കുന്നത്. ലോകോത്തര ബ്രാൻഡുകളുടെ സാന്നിധ്യവും വിനോദത്തിന്റെയും ഭക്ഷണവൈവിധ്യത്തിന്റെയും കേന്ദ്രങ്ങളും മാളിലുണ്ട്. ബ്യൂട്ടി ആൻഡ് വെൽനസ്, വിനോദം, കഫേ ആൻഡ് റസ്റ്ററന്റ്, മെൻസ് ഫാഷൻ, ജ്വല്ലറി ശ്രേണികളിലെ ആഭ്യന്തര, രാജ്യാന്തര ബ്രാൻഡുകളും ഇവിടെ അണിനിരക്കുന്നു.
മക്ഡോണൾഡ്, കോസ്റ്റ കോഫി, കെഎഫ്സി, മാമഎർത്ത്, അമുൽ, ലൂയി ഫിലിപ്, ആരോ, നോർത്ത് എക്സ്പ്രസ്, ദ് പൾപ് ഫാക്ടറി, ബെൽജിയൻ വാഫ്ൾ, ജോക്കി, വൗ മോമോ, അവ്-ബെയ്ക്, അന്നഃപൂർണ തുടങ്ങിയവ അതിലുൾപ്പെടുന്നു. കുട്ടികളുടെ വിനോദത്തിനായി ലുലുവിന്റെ ഫൺട്യൂറയുമുണ്ട്. 500 പേർക്ക് ഒരേസമയം ഇരിക്കാവുന്നതാണ് ഫുഡ്കോർട്ട്. മൾട്ടി-ലെവൽ പാർക്കിങ് സൗകര്യത്തിൽ ഒരേസമയം 1,000 വാഹനങ്ങൾ പാർക്ക് ചെയ്യാം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.