Breaking News

കേന്ദ്ര സഹായമില്ല, പഴിചാരി മുന്നണികൾ; ദുരിതം ജനങ്ങൾക്ക്

തിരുവനന്തപുരം : പാലക്കാട് ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി വയനാട് ദുരന്തത്തിന്റെ സഹായപദ്ധതിയുടെ പേരില്‍ മുന്നണികള്‍ പരസ്പരം പഴിചാരുമ്പോള്‍ ദുരിതത്തിലാകുന്നത് പുനരധിവാസം കാത്തുകഴിയുന്ന മുണ്ടക്കെ-ചൂരല്‍മല നിവാസികള്‍. അലറിക്കുതിച്ചെത്തിയ മലവെള്ളം സര്‍വതും തകര്‍ത്തെിറഞ്ഞ മുണ്ടക്കെ-ചൂരല്‍മല എന്നിവിടങ്ങളിലെ ദുരന്തബാധിതര്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ തമ്മിലടി കണ്ട് കൂടുതല്‍ മരവിച്ച മനസ്സോടെയാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ആദ്യമാസം മാത്രമാണു സഹായം കിട്ടിയതെന്നു പ്രദേശവാസികള്‍ പറയുന്നു.
സഹായം കിട്ടിയിരുന്നെങ്കില്‍ വലിയ ഉപകാരമായിരുന്നു. മനസ്സിന് ഏറെ പ്രയാസം ഉണ്ടാക്കിയ പ്രതികരണമാണ് കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എല്‍-3 ദുരന്തവിഭാഗത്തില്‍ പെടുത്തുകയും വായ്പകള്‍ എഴുതിത്തള്ളാനുള്ള നടപടിയും പ്രത്യേക സാമ്പത്തിക സഹായവുമാണ് കേന്ദ്രം നടപ്പാക്കേണ്ടത്. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനപ്പുറത്തേക്ക് മനുഷ്യത്വപരമായ സമീപനമാണ് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതെന്നും പ്രതീക്ഷ കൈവിടാതെ ദുരന്തബാധിതർ പറയുന്നു.
കൃത്യമായ കണക്കു കൊടുക്കാത്തതു കൊണ്ടാണു കേന്ദ്രം ഫണ്ട് നല്‍കാത്തതെന്നു ബിജെപിയും ആവശ്യമായ രേഖകളെല്ലാം സമര്‍പ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരും ചൂണ്ടിക്കാട്ടി. 19ന് ഹര്‍ത്താല്‍ നടത്തി പ്രതിഷേധം ശക്തമാക്കാനാണു യുഡിഎഫിന്റെയും എൽഡിഎഫിന്റെയും തീരുമാനം. ദുരന്തമേഖലയുടെ പുനര്‍നിര്‍മാണത്തിനായി 1500 കോടിയോളം രൂപയാണു കേരളം പ്രത്യേക സഹായമായി ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്രത്തില്‍നിന്നു കൂടുതല്‍ ധനസഹായം ലഭിക്കുന്ന കാര്യം സംശയകരമാണെന്ന തരത്തിലുള്ള പ്രതികരണമാണു കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി നടത്തിയത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക കേരളത്തിന്റെ ദുരന്തപ്രതികരണ ഫണ്ടില്‍ (എസ്ഡിആര്‍എഫ്) ബാക്കിയുണ്ടെന്നാണു ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിനു നല്‍കിയ കത്തില്‍ കേന്ദ്രം വ്യക്തമാക്കുന്നത്. വയനാട്ടിലേതു ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ മാര്‍ഗരേഖ അനുവദിക്കുന്നില്ലെന്നു കത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഫണ്ട് അനുവദിക്കുന്നതില്‍ തീരുമാനം ഈ മാസത്തിന് അപ്പുറത്തേക്ക് പോകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചതാണ് ഇനി പ്രതീക്ഷ തരുന്ന കാര്യം. 
ധനസഹായത്തിന്റെ പേരില്‍ വലിയ വാക്‌പോരാണു മുന്നണി നേതാക്കള്‍ തമ്മില്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ കണക്കു കൊടുക്കാത്തതു കൊണ്ടാണ് സഹായം കിട്ടാത്തതെന്നും കേന്ദ്രം ചെയ്യുന്നതെല്ലാം നിയമാനുസൃതമാണെന്നും ബിജെപി നേതാക്കളായ കെ.സുരേന്ദ്രനും വി.മുരളീധരനും പ്രതികരിച്ചു. വയനാട് ദുരന്തത്തിനുശേഷം കേന്ദ്രം 290 കോടി രൂപ കൊടുത്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. നേരത്തേയുള്ള ഫണ്ടും ചേര്‍ത്ത് 782 കോടി രൂപ എസ്ഡിആര്‍എഫില്‍ ഉണ്ടെന്നാണ് കേന്ദ്രം ഹൈക്കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതു സംസ്ഥാനത്തിന് ഉപയോഗിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റേത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കേന്ദ്രസര്‍ക്കാരിനെ രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും സര്‍ക്കാര്‍ നല്‍കിയ മെമ്മോറാണ്ടത്തില്‍ എന്തെങ്കിലും കുറവുള്ളതുകൊണ്ടല്ല പണം ലഭിക്കാത്തതെന്നും റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു.
ദുരന്തനിവാരണത്തിനും പുനരധിവാസത്തിനുമുള്ള പണം ഇപ്പോൾത്തന്നെ കേരളത്തിന്റെ കൈയില്‍ ഉണ്ടെന്നും കേന്ദ്രത്തിനെതിരെ വ്യാജപ്രചാരണം നടത്തുകയാണെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നിലപാട്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഡിറ്റയില്‍ഡ് സ്റ്റഡി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വച്ചത് സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവത്തെ കുറ്റകരമായ മൗനത്തിലൂടെ പ്രതിപക്ഷം സഹായിക്കുകയാണ്. ദുരന്തമുണ്ടായ ശേഷം നാലുമാസം കഴിഞ്ഞിട്ടും സര്‍വകക്ഷി യോഗം പോലും വിളിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചില്ല. 2013ല്‍ യുപിഎ സര്‍ക്കാരാണ് ദേശീയ ദുരന്തം എന്ന പദം എടുത്തു കളഞ്ഞത്. അതിന്റെ പേരില്‍ വി.ഡി.സതീശനും സംഘവും മോദി സര്‍ക്കാരിനെതിരെ തിരിഞ്ഞിട്ട് കാര്യമില്ല. കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രത്തിന്റേത് കണ്ണില്‍ചോരയില്ലാത്ത നിലപാടാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കുറ്റപ്പെടുത്തി. നമ്മുടെ സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്നുള്ള നിലപാടാണ് കേന്ദ്രത്തിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
പ്രത്യേക സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തു നല്‍കി 3 മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്ത നിലപാടാണു കേന്ദ്രത്തിന്റേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു സംസ്ഥാനത്തിന്. എന്നാല്‍ സംസ്ഥാന ദുരന്തപ്രതികരണഫണ്ടില്‍ (എസ്ഡിആര്‍എഫ്) തുക ബാക്കിയുണ്ടെന്ന വാദമാണ് കേന്ദ്രം ഉന്നയിക്കുന്നത്. 2024 ഏപ്രില്‍ 1 വരെ 394 കോടി രൂപ എസ്ഡിആര്‍എഫില്‍ ബാക്കിയുണ്ടെന്ന് അക്കൗണ്ടന്റ് ജനറല്‍ അറിയിച്ചിട്ടുണ്ടെന്നു കേന്ദ്രത്തിന്റെ മറുപടിയില്‍ പറയുന്നു. 2024-25 ല്‍ എസ്ഡിആര്‍എഫിലേക്ക് 388 കോടി രൂപ കൈമാറിയതില്‍ 291 കോടി കേന്ദ്ര വിഹിതമാണ്. പക്ഷേ അതുപയോഗിച്ചു ചെയ്തുതീര്‍ക്കാവുന്നതല്ല പുനരധിവാസ പ്രവര്‍ത്തനങ്ങള്‍. എസ്ഡിആര്‍എഫിലെ 96.8 കോടി രൂപ സംസ്ഥാനവിഹിതമാണു താനും. എസ്ഡിആര്‍എഫ് വ്യവസ്ഥപ്രകാരം, പൂര്‍ണമായി തകര്‍ന്ന വീടിന് 1.30 ലക്ഷം രൂപയും ഒരു കിലോമീറ്റര്‍ റോഡ് നന്നാക്കാന്‍ 75,000 രൂപയും മാത്രമേ അനുവദിക്കാനാകൂ. ഇത്തരം അപ്രായോഗിക വ്യവസ്ഥകള്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുമെന്നാണ് സംസ്ഥാന റവന്യു ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
ദുരന്തനിവാരണ നിയമമനുസരിച്ചു കേന്ദ്രസര്‍ക്കാര്‍ വര്‍ഷാവര്‍ഷം നല്‍കേണ്ട സഹായം മാത്രമേ കേരളത്തിനു ലഭിച്ചിട്ടുള്ളൂ. ദുരന്തമുണ്ടായാലും ഇല്ലെങ്കിലും ലഭിക്കുമായിരുന്ന ഈ ഫണ്ട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനു പര്യാപ്തമല്ല. വലിയ ദുരന്തങ്ങളുണ്ടാകുമ്പോള്‍ എസ്ഡിആര്‍എഫ് വിഹിതത്തിനു പുറമേ ദേശീയ ദുരന്തനിവാരണഫണ്ടില്‍ നിന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ സഹായം നല്‍കാറുണ്ട്. കേരളത്തിന് ഈ സഹായമോ മറ്റു സംസ്ഥാനങ്ങള്‍ക്കു ലഭിച്ചതുപോലുള്ള അടിയന്തര ധനസഹായമോ ലഭിച്ചിട്ടില്ല.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.