ഡല്‍ഹിയിലെ കര്‍ഷക സമരം പുതിയ രൂപഭാവങ്ങള്‍ ആര്‍ജിച്ച് കരുത്ത് നേടുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. പഞ്ചാബിലും ഹരിയാനയിലും ഉത്തര്‍പ്രദേശിലും കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന വിട്ടുവീഴ്‌ചയില്ലാത്ത ആവശ്യവുമായി കര്‍ഷകര്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. അതിര്‍ത്തി തടഞ്ഞും ടോള്‍ ബൂത്തുകള്‍ പിടിച്ചെടുത്തും ഈ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സമരത്തെ കരുത്തുറ്റതാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ് ചെയ്യുന്നത്. സമരത്തിന്റെ വ്യാപനവും അതിന് കിട്ടുന്ന ജനസമ്മതിയും 2011ല്‍ ജന്‍ ലോക്‌പാല്‍ ബില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തിയ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ ഗതിയെയാണ് ഓര്‍മിപ്പിക്കുന്നത്.
2011 ഏപ്രില്‍ അഞ്ച് മുതല്‍ ഡിസംബര്‍ 11 വരെ നീണ്ടുനിന്ന അഴിമതി വിരുദ്ധ പ്രക്ഷോഭം രണ്ടാം യുപിഎ സര്‍ക്കാരിന്റെ പതനത്തില്‍ കലാശിച്ച ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിന് വിസ്‌മയകരമായ ജനസമ്മതി ലഭിച്ചു. യുപിഎ സര്‍ക്കാരിനെതിര അഴിമതി ആരോപണങ്ങള്‍ ശക്തമായ സമയത്ത് ഉന്നത തലത്തിലുള്ള അഴിമതി തടയാനായി ജന്‍ ലോക്‌പാല്‍ ബില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി അണ്ണാ ഹസാരെ തുടങ്ങിയ പ്രക്ഷോഭത്തിന് രാജ്യാന്തര തലത്തില്‍ തന്നെ മാധ്യമശ്രദ്ധ ലഭിച്ചു. നിലവിലുള്ള രാഷ്‌ട്രീയ സംസ്‌കാരത്തോട് കടുത്ത എതിര്‍പ്പുള്ള വലിയൊരു വിഭാഗം ജനങ്ങളുടെ അതൃപ്‌തിയും പ്രതിഷേധവും ആ സമരത്തിനുള്ള പിന്തുണയായി മാറി.
അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ മൂശയിലാണ് ആം ആദ്‌മി പാര്‍ട്ടി എന്ന പരീക്ഷണം രൂപം കൊണ്ടത്. കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിതിന്റെ വര്‍ഷങ്ങള്‍ നീണ്ട ഭരണത്തിന് വിരാമം കുറിച്ചുകൊണ്ട് അഴിമതി വിരുദ്ധ പ്രചാരണത്തിന്റെ പ്രതീകമായി മാറിയ അരവിന്ദ് കെജ്‌റിവാളിന്റെ ആം ആദ്‌മി പാര്‍ട്ടി `വെല്‍ഫെയര്‍ പൊളിറ്റിക്‌സി’ന്റെ പുതിയ സാധ്യതകള്‍ മുന്നോട്ടുവെച്ചു. മൂന്ന് വട്ടം ദില്ലി ജനത അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി പുതിയ രാഷ്‌ട്രീയ പരീക്ഷണത്തിന് അംഗീകാരം നല്‍കി.
പക്ഷേ ആം ആദ്‌മി പാര്‍ട്ടി എന്ന പരീക്ഷണം ദില്ലിയില്‍ മാത്രം ഒതുങ്ങി. പത്ത് വര്‍ഷം തുടര്‍ച്ചയായി രാജ്യം ഭരിച്ച കോണ്‍ഗ്രസിന് ബദലായി മാറാന്‍ ആം ആദ്‌മി പാര്‍ട്ടിക്ക് ദില്ലിയില്‍ മാത്രമേ സാധിച്ചുള്ളൂ. അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ അലയൊലികളില്‍ നിന്നും ദേശീയ തലത്തില്‍ നേട്ടം കൊയ്‌തത് ബിജെപിയാണ്. പ്രക്ഷോഭത്തിന്റെ മുന്നണിയിലുണ്ടായിരുന്ന കിരണ്‍ ബേദിയെ പോലുള്ളവര്‍ പിന്നീട് ബിജെപിയുടെ നിരയിലാണെത്തിയത്. യുപിഎ ഭരണത്തിന് അന്ത്യം കുറിക്കാനുള്ള എന്‍ഡിഎയുടെ പ്രചാരണ വേലകള്‍ക്ക് അതിവേഗം ജനപിന്തുണ ലഭിക്കുന്നതിനുള്ള അടിത്തറ പാകിയത് 2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മൂന്ന് വര്‍ഷം മുമ്പ് നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭമായിരുന്നു.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് 2024ലാണ്. 2011ലേതു പോലെ മറ്റൊരു പ്രക്ഷോഭം ഏതാണ്ട് ഒരു പതിറ്റാണ്ടിനു ശേഷം ഡല്‍ഹി കേന്ദ്രീകരിച്ച് അനുദിനം ശക്തിയാര്‍ജിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. മൂന്നര വര്‍ഷത്തിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിലെ ജനവിധിയെ സ്വാധീനിക്കാന്‍ മോദി സര്‍ക്കാര്‍ നേരിടുന്ന ആദ്യത്തെ കാമ്പുള്ള വെല്ലുവിളി എന്ന് വിശേഷിപ്പിക്കാവുന്ന ഈ സമരത്തിന് കഴിയുമോ?
പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് അഭിവൃദ്ധിയുണ്ടാക്കും എന്ന് ആവര്‍ത്തിച്ചു പറയുന്ന പ്രധാനമന്ത്രി സമരക്കാരുടെ പ്രധാന ആവശ്യത്തെ അംഗീകരിക്കില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞു. ഈ പിടിവാശിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്തോറും കര്‍ഷക രോഷവും സമരത്തിനുള്ള ജനപിന്തുണയും കൂടുതല്‍ ശക്തിയാര്‍ജിക്കും. നിയമം പിന്‍വലിക്കുക എന്ന ആവശ്യം അംഗീകരിക്കപ്പെടാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ല എന്ന് കര്‍ഷകരും വ്യക്തമാക്കിയ നിലക്ക് ഈ പ്രക്ഷോഭത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കാനുള്ള പ്രഹരശേഷിയുണ്ടെന്ന് വ്യക്തമായി കഴിഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാതെ സമരം താല്‍ക്കാലികമായി പിന്‍വലിക്കേണ്ടി വന്നാലും ആ പ്രഹരശേഷി കെടാത്ത കനലായി അവശേഷിക്കും. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി അത് അണക്കുക മോദിക്ക് തീര്‍ത്തും ശ്രമകരമായിരിക്കും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.