Editorial

കരിനിയമത്തിനെതിരെ സമരം ചെയ്‌തവര്‍ അതിനെ തിരികെ ആനയിക്കുമ്പോള്‍…

പ്രതിപക്ഷത്തിരിക്കുമ്പോള്‍ നടത്തിയ പ്രക്ഷുബ്‌ധമായ സമരങ്ങളും കൈകൊണ്ട ശക്തമായ നിലപാടുകളും മറന്നുപോകുകയോ പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങുകയോ ചെയ്യുന്നത്‌ എല്‍ഡിഎഫിന്‌ പുതുമയുള്ള കാര്യമല്ല. സ്വാശ്രയ കോളജുകള്‍ക്കെതിരായ സമരം നടത്തിയ എസ്‌എഫ്‌ഐ സഖാക്കളില്‍ ആദര്‍ശബോധവും ആത്മാര്‍ത്ഥതയുമുള്ളവര്‍ പിന്നീട്‌ ഈ വിഷയത്തില്‍ സിപിഎം നടത്തിയ മലക്കം മറിച്ചില്‍ കണ്ട്‌ അന്തം വിട്ടിട്ടുണ്ട്‌. കെ.എം.മാണിക്കെതിരെയും കേരള കോണ്‍ഗ്രസ്‌ എമ്മിനെതിരെയും നിയമസഭയിലും പുറത്തും നടത്തിയ സമരങ്ങളുടെ ഓര്‍മപ്പെടുത്തലുകള്‍ പോലും ഇപ്പോള്‍ എല്‍ഡിഎഫ്‌ നേതാക്കള്‍ക്ക്‌ അരുതാത്തതാണ്‌. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനെന്ന പേരില്‍ കേരള പൊലീസ്‌ ആക്‌ടില്‍ കൊണ്ടുവന്ന ഭേദഗതിയും ഇത്തരത്തില്‍ എല്‍ഡിഎഫിന്റെ മുന്‍നിലപാടില്‍ നിന്നുള്ള വ്യതിയാനമാണ്‌ കാട്ടുന്നത്‌.

2015ല്‍ ഐടി നിയമത്തിലെ 66 എ വകുപ്പ്‌, കേരള പൊലീസ്‌ ആക്‌ടിലെ 118 ഡി വകുപ്പ്‌, എന്നിവ സുപ്രിം കോടതി റദ്ദാക്കിയത്‌ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം എന്ന ഭരണ ഘടന ഉറപ്പുനല്‍കുന്ന അവകാശത്തിന്റെ നിഷേധമാണ്‌ ഇവ എന്ന്‌ ചൂണ്ടികാട്ടിയാണ്‌. അതിനു ശേഷം സൈബര്‍ കുറ്റകൃത്യങ്ങളില്‍ കൃത്യമായ ഇടപെടല്‍ നടക്കാത്തതിന്‌ കാരണമായി പൊലീസും സര്‍ക്കാരും ആവര്‍ത്തിച്ചു പറയുന്നത്‌ ഈ നിയമങ്ങള്‍ റദ്ദാക്കിയതോടെ സൈബര്‍ നിയമങ്ങള്‍ തന്നെ മൊത്തത്തില്‍ ദുര്‍ബലമായി എന്നാണ്‌. ഈ ന്യായം പറഞ്ഞാണ്‌ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ അഞ്ച്‌ വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വിധം പൊലീസ്‌ ആക്‌ടില്‍ നിയമഭേദഗതി കൊണ്ടുവന്നത്‌. അതേ സമയം നിലവിലുള്ള മറ്റ്‌ നിയമങ്ങള്‍ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ പര്യാപ്‌തമാണെന്നാണ്‌ നിയമവിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്‌. കേരള പൊലീസ്‌ ആക്‌ട്‌ 119 വകുപ്പ്‌ ആണ്‌ ഉദാഹരണമായി അവര്‍ ചൂണ്ടികാണിക്കുന്നത്‌.

സാധാരണ നിലയില്‍ ഒരാള്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തയോ പരാമര്‍ശമോ മാധ്യമങ്ങളിലുണ്ടായാല്‍ അതിനെതിരെ കേസ്‌ കൊടുക്കാവുന്നത്‌ ആ വ്യക്തിക്ക്‌ മാത്രമാണ്‌. അതേ സമയം കേരള പൊലീസ്‌ ആക്‌ടില്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഒരാളെ കുറിച്ച്‌ അപകീര്‍ത്തികരമെന്ന്‌ തോന്നാവുന്ന പരാമര്‍ശം നടത്തിയാല്‍ ആര്‌ നല്‍കുന്ന പരാതിയിലും കേസെടുക്കാം. പരാമര്‍ശത്തിന്‌ വിധേയമായ വ്യക്തിക്ക്‌ പരാതിയില്ലെങ്കില്‍ പോലും മറ്റൊരാള്‍ക്ക്‌ പരാതി നല്‍കി കേസെടുപ്പിക്കാം. തീര്‍ത്തും വിചിത്രമായ ഈ ചട്ടം സാമൂഹ്യമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കും വ്യക്തികള്‍ക്കും കൂച്ചുവിലങ്ങിടുന്നതിന്‌ വഴിവെക്കും. അപകീര്‍ത്തികരമെന്ന വിശേഷണത്തെ പൊലീസിന്‌ തോന്നുന്നതുപോലെ വ്യാഖ്യാനിക്കാവുന്ന സ്ഥിതി ഈ നിയമം കരിനിയമം ആയി മാറാനുള്ള സാധ്യതയാണ്‌ ഒരുക്കുന്നത്‌.

സൈബര്‍ കേരള പൊലീസ്‌ ആക്‌ടിലെ 118 ഡി വകുപ്പ്‌, ഐടി നിയമത്തിലെ 66 എ വകുപ്പ്‌ എന്നിവക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടുള്ള പാര്‍ട്ടിയാണ്‌ സിപിഎം. 2000ലെ ഐടി നിയമത്തിലെ 66 എ വകുപ്പിനെതിരെ പാര്‍ലമെന്റിന്‌ അകത്തു പുറത്തും ഇടതുപാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്‌. 2011ലെ സൈബര്‍ കേരള പൊലീസ്‌ ആക്‌ടിലെ 118 ഡി വകുപ്പിനെതിരെ ഉമ്മന്‍ചാണ്ടി സര്‍ക്കാരുമായി എല്‍ഡിഎഫ്‌ കൊമ്പുകോര്‍ക്കുകയും ചെയ്‌തു. അതേ സമയം ഇപ്പോള്‍ ഈ നിയമങ്ങള്‍ ഇല്ലാതായതോടെ സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയാനാകുന്നില്ലെന്ന്‌ വാദിക്കുകയാണ്‌ അന്ന്‌ ആ നിയമത്തിന്‌ എതിരെ നിന്നവര്‍! ലഘുലേഖ കൈവശം വെച്ചതിന്‌ യുഎപിഎ നിയമം ചുമത്തി പൊലീസ്‌ കേസെടുക്കുകയും അതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്‌തത്‌ ഇതേ ഭരണത്തിന്‍ കീഴിലാണെന്ന്‌ കൂടി ഓര്‍ക്കണം.

അധികാര രാഷ്‌ട്രീയത്തിന്റെ സമവാക്യങ്ങള്‍ മലക്കം മറിയാനുള്ള മെയ്‌വഴക്കവുമായി ചേര്‍ന്നുനില്‍ക്കുന്നു എന്ന്‌ കരുതുന്ന പാര്‍ട്ടിയിലെ ന്യായീകരണ തൊഴിലാളികള്‍ക്ക്‌ ഇത്തരം നിലപാട്‌ മാറ്റങ്ങള്‍ ഒരു പ്രശ്‌നമായി തോന്നാറില്ല. ഒരു കാലത്തെ കരിനിയമം കൊണ്ടുള്ള താഡനം പിന്നീട്‌ ഭരണത്തിലെത്തുമ്പോള്‍ തൂവല്‍സ്‌പര്‍ശമായി അവര്‍ക്ക്‌ തോന്നുന്നു. ഒരു കാലത്ത്‌ ജനാധിപത്യവാദികളായിരുന്നവര്‍ ഭരണത്തിലെത്തുമ്പോള്‍ സര്‍വാധിപതികളുടെ ലക്ഷണം കാണിക്കുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.