ഹിന്ദുത്വരാഷ്ട്രം എന്ന തങ്ങളുടെ ലക്ഷ്യത്തിനു തടസ്സമായ രാഷ്ട്രീയ ആശയങ്ങളേയും പ്രസ്ഥാനങ്ങളേയും ഇല്ലാതാക്കുന്നതില്‍ സംഘപരിവാര്‍ പടിപടിയായി മുന്നേറുക തന്നെയാണ്. മണ്ഡല്‍ രാഷ്ട്രീയം, ദളിത് രാഷ്ട്രീയം, പ്രാദേശിക രാഷ്ട്രീയം, മുസ്ലിം രാഷ്ട്രീയം, കോണ്‍ഗ്രസ്സ്, സോഷ്യലിസ്റ്റുകള്‍, കമ്യൂണിസ്റ്റുകള്‍ എന്നിങ്ങനെ ആ പട്ടിക നീളുന്നു. പലരേയും നേരിട്ട് ഏറ്റുമുട്ടിയും പലരേയും ധൃതരാഷ്ട്രാലിംഗനത്തിലൂടേയുമാണ് ഇല്ലാതാക്കുന്നത്. പതിറ്റാണ്ടുകളായി ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി, പ്രധാനമായും ബീഹാറിലും യുപിയിലുമായി വിന്യസിച്ചു കിടക്കുന്ന സോഷ്യലിസറ്റ് – പിന്നോക്ക – ദളിത് രാഷ്ട്രീയമായിരുന്നു. മണ്ഡല്‍ കമ്മീഷനോടെ ആ ധാര അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് നേടിയത്. അതിനുശേഷം ഇന്നോളും ബീഹാറിന്റെ ഭരണനേതൃത്വം ഈ ധാരയില്‍ നിന്നുള്ളവരുടെ കൈകളിലായിരുന്നു. യുപിയിലാകട്ടെ ഏറെകാലം അത് സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ദളിത് നേതാക്കളിലുമെത്തിയിരുന്നു. ശ്രീരാമരാഷ്ട്രീയത്തിലൂടെ അതിനെയെല്ലാം ഒരു പരിധിവരെ മറികടക്കാന്‍ ബിജെപിക്കായെങ്കിലും അതു പൂര്‍ണ്ണമായിരുന്നില്ല. തുടര്‍ന്നായിരുന്നു പലരേയും സ്‌നേഹിച്ചു കൊല്ലുക എന്ന നയം അവര്‍ സ്വീകരിച്ചത്. യുപിയില്‍ മായാവതിയോടും ബീഹാറില്‍ നിതീഷിനോടും പ്രയോഗിച്ചത് ആ നയമായിരുന്നു. യുപിയില്‍ പെ്‌ട്ടെന്നു തന്നെ അത് വിജയം കണ്ടു. ബീഹാറില്‍ ഭാഗികമായും. ഇപ്പോഴിതാ ബീഹാറിലും സംഘപരിവാര്‍ ലക്ഷ്യത്തോട് അടുക്കുകയാണ്. ലല്ലുപ്രസാദ് യാദവിനും തേജസ്വി യാദവിനും അതെത്രകാലം തടയാനാകുമെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
വാസ്തവത്തില്‍ നിതീഷ്‌കുമാറിന്റേയും പസ്വാന്റേയും ധാരകളൊഴികെ, ആരംഭത്തില്‍ സൂചിപ്പിച്ച രാഷ്ട്രീയനിലപാടുകള്‍ ഉയര്‍ത്തിപിടിക്കുന്നവരെയെല്ലാം ഒന്നിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തെരഞ്ഞെടുപ്പുഫലം മറ്റൊന്നാകുമായിരുന്നു. മഹാസഖ്യമെന്നൊക്കെ പറയുമ്പോഴും ഫലത്തില്‍ അതങ്ങനെയായിരുന്നില്ല എന്നതാണ് വസ്തുത. അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ്സ് പിടിച്ചുവാങ്ങിയതുമുതല്‍ തെറ്റുകളാരംഭിച്ചു. ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്ന ഉവൈസിയേയും ചന്ദ്രശേഖര്‍ ആസാദിനേയുമൊന്നും മുന്നണിയിലേക്ക് കൊണ്ടുവരാന്‍ നീക്കമുണ്ടായില്ല. യാദവരുടെ പാര്‍ട്ടി എന്ന ഇമേജ് മറികടക്കാന്‍ സവര്‍ണ്ണവിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയെങ്കിലും ദളിത് – മുസ്ലിം വിഭാഗങ്ങളോട് ഏറെക്കുറെ മുഖം തിരിച്ചുനില്‍ക്കുകയായിരുന്നു തേജസ്വി ചെയ്തത്. കോണ്‍ഗ്രസ്സിനെതിരെ ഉയരുന്ന മൃദുഹിന്ദുത്വ സമീപനം എന്ന വിമര്‍ശനം ആര്‍ ജെ ഡിക്കുമുണ്ടായിരുന്നു എന്നു സാരം. കൂടാതെ മതേതരമുഖം ലക്ഷ്യമിട്ട് ഇടതുപക്ഷത്തിന് മാന്യമായ പ്രാതിനിധ്യം നല്‍കി. സാമൂഹ്യനീതിയേക്കാള്‍ തൊഴിലില്ലായ്മക്കായിരുന്നു പ്രചാരണത്തില്‍ പ്രാധാന്യം നല്‍കിയത്. മുന്നോക്കസംവരണവിഷയം പോലും സജീവചര്‍ച്ചയാക്കിയില്ല. അതേസമയം മറുവശത്ത് ഉവൈസിയുടെ നേതൃത്വത്തിലുള്ള മുന്നണിക്കുപുറമെ, ദളിത് സംഘടനകളുടെ മറ്റൊരു മുന്നണിയും മത്സരരംഗത്തിറങ്ങി. അതും മഹാസഖ്യത്തിനു തിരിച്ചടിയായി. നിരവധി സീറ്റുകളില്‍ വളറെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് എന്‍ഡിഎ വിജയം എന്നതു ശ്രദ്ധേയമാണ്. ഹീന്ദുത്വരാഷ്ട്രീയത്തിനെതിരെ വിശാലമായ സഖ്യം രൂപീകരിക്കാന്‍ ശ്രമിക്കാതെ, തെരഞ്ഞെടുപ്പിനു ശഷം തങ്ങള്‍ക്ക് വിജയിക്കാന്‍ മറ്റുള്ളവര്‍ മത്സരിക്കാന്‍ പാടില്ലായിരുന്നു എന്ന ആക്ഷേപത്തില്‍ എന്തര്‍ത്ഥമാണുള്ളത്? കേരളത്തിലെ സിപിഎമ്മും കോണ്‍ഗ്രസ്സും ഇക്കാര്യത്തില്‍ ഒന്നിച്ചിരിക്കുകയാണ്. അതിനുള്ള മുറുപടി സഖ്യത്തിനകത്തുള്ള സിപിഐഎംഎല്‍ ലിബറേഷന്‍ തന്നെ നല്‍കി എന്നതാണ് ആശ്വാസം. എന്തുകൊണ്ടാണ് ഉവൈസിക്ക് ജനം 5 സീറ്റുകള്‍ നല്‍കിയെന്ന് പരിശോധിക്കണമെന്ന് ലിബറേഷന്‍ ആവശ്യപ്പെട്ടു.
മഹാസഖ്യത്തിനു പറ്റിയ മറ്റൊരു വീഴ്ചയായി ചൂണ്ടികാട്ടുന്നത് സ്ത്രീകളോടുള്ള നിലപാടാണ്. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ അതികായകനായിരുന്ന ലോഹ്യയുടെ രാഷ്ട്രീയത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നായിരുന്നു ലിംഗനീതിയുടേത്. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഈ വിഷയത്തില്‍ വലിയ താല്‍പ്പര്യം കാണിച്ചിരുന്നില്ല. പിന്നോക്ക – ദളിത് രാഷ്ട്രീയം സജീവമായപ്പോഴും സ്ത്രീരാഷ്ട്രീയത്തോട് പൊതുവിലവര്‍ പുറംതിരിഞ്ഞുനിന്നു. ഇക്കാര്യത്തില്‍ മെച്ചപ്പെട്ട നിലാപാടായിരുന്നു നിതീഷിന്റേതെന്ന് ചില രാഷ്ട്രീയ നിരീക്ഷകരെങ്കിലും ചൂണ്ടികാട്ടിയിട്ടുണ്ട്. തേജസ്വിയുടെ യോഗത്തില്‍ മഹാപുരുഷാരങ്ങള്‍ പങ്കെടുത്തെങ്കിലും സ്ത്രീവോട്ടുകള്‍ കൂടുതല്‍ ലഭിച്ചത് എന്‍ഡിഎക്കാണെന്ന വിലയിരുത്തലാണുള്ളത്.
ജനാധിപത്യത്തിലും മതേതരത്വത്തിലും സാമൂഹ്യനീതിയിലും ഫെഡറലിസത്തിലും വിശ്വസിക്കുന്നവര്‍ക്ക് അവശേഷിക്കുന്നത് വളരെ കുറച്ച് കാലമാണ്. പരമാവധി അടുത്ത ലോകസഭ തെരഞ്ഞെടുപ്പുവരെ. സംഘപരിവാറിന്റെ തന്ത്രങ്ങളേയും കുതന്ത്രങ്ങളേയും അതിജീവിക്കാന്‍ ആരംഭത്തില്‍ സൂചിപ്പിച്ച ഏതൊക്കെ രാഷ്ട്രീയ ധാരകള്‍ക്കാകുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. അഖിലേന്ത്യാതലത്തില്‍ അതിനു നേതൃത്വം കൊടുക്കേണ്ട കോണ്‍ഗ്രസ്സിന്റെ അവസ്ഥ എല്ലാവര്‍ക്കും അറിയാം. ബിജെപി പ്രധാന ശക്തിയല്ലാത്ത കേരളത്തില്‍ കോണ്‍ഗ്രസ്സ് പിടിച്ചുനില്‍ക്കുമായിരിക്കും. എന്നാല്‍ എവിടെയെല്ലാം റിസോര്‍ട്ട് രാഷ്ട്രീയത്തെ അതിജീവിക്കാനവര്‍ക്കു കഴിയുമെന്ന് കാത്തിരുന്നു കാണണം. തൂക്കുനിയമസഭയായിരുന്നെങ്കില്‍ ബീഹാറില്‍ പോലും എന്തായിരുന്നു നടക്കുമായിരുന്നത്? എത്ര അഭിപ്രായഭിന്നതകളുണ്ടായിട്ടും സംഘപരിവാറിനെ എതിര്‍ക്കുന്നവരുടെയെല്ലാം പിന്തുണ ലഭിച്ചിട്ടും കാലത്തിന്റെ വിളി കേള്‍ക്കാന്‍ കോണ്‍ഗ്രസ്സിനാകുന്നില്ല. എന്തൊക്കെ ഗുണഗണങ്ങളുണ്ടെങ്കിലും അവസരത്തിനൊത്തുയരാന്‍ രാഹുലിനുമാകുന്നില്ല. മൃദുഹിന്ദുത്വസമീപനമെന്ന വിമര്‍ശനത്തെ മറികടക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ മുന്നോട്ടുവെക്കുന്നതിലും കോണ്‍ഗ്രസ്സ് പരാജയപ്പെടുന്നു. പ്രാദേശികപാര്‍ട്ടികളുടെ അവസ്ഥയും വ്യത്യസ്ഥമല്ല. അവയേയും അവസരത്തിനൊത്ത് എതിര്‍ത്തും സ്‌നേഹിച്ചും തകര്‍ക്കുന്നതില്‍ സംഘപരിവാര്‍ പ്രകടിപ്പിക്കുന്ന കരുത്ത് ചെറുതല്ല. ബംഗാളി്‌ന്റേയും തമിഴ്‌നാടിന്റെയും മറ്റും പ്രതിരോധം എത്രകാലം നില്‍ക്കുമെന്ന് കാത്തിരുന്നു കാണാം. മഹാരാഷ്ട്രയിലും മറ്റും നില്‍ക്കുന്നത് താല്‍ക്കാലിക തര്‍ക്കങ്ങള്‍ മാത്രമാണ്. കേരളത്തിലൊഴികെ മറ്റെവിടെനിന്നും ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിരോധം പ്രതീക്ഷിക്കവയ്യ. ബീഹാറില്‍ 16 സീറ്റു ലഭിച്ചതിലെ അമിതാഹ്ലാദത്തില്‍ ഒരര്‍ത്ഥവുമില്ല. പിന്നെയുണ്ടായിരുന്നത് ആശയപരമായ ഒരു പ്രതിരോധമായിരുന്നു. അക്കാര്യത്തിലും ഇടതുപക്ഷം പുറകോട്ടുപോയെന്നു പറയാതിരിക്കാനാവില്ല. പിന്നോക്ക – ദളിത് – ന്യൂനപക്ഷ രാഷ്ട്രീയത്തിന്റ പ്രസക്തിയും സാധ്യതയും തിരിച്ചറിയാത്തതാണ് അതിനുള്ള പ്രധാന കാരണം.
ഇത്തരമൊരു സാഹചര്യത്തില്‍ ഏറ്റവും വീറും വാശിയും പ്രകടമാക്കേണ്ടിയിരുന്നത് ദളിത് – മുസ്ലിം രാഷ്ട്രീയമാണ്. എന്നാല്‍ അവിയേയും കാണുന്നത് പ്രതീക്ഷയുടെ ചിത്രമല്ല. ഒരു ദളിത് സ്ത്രീ മുഖ്യമന്ത്രിയാകുന്നിടത്തോളം വളര്‍ന്ന ദളിത് രാഷ്ട്രീയം ഇന്നെത്ര പിന്നോട്ടുപോയിരിക്കുന്നു. പലധാരകളും ഹിന്ദുത്വത്തോട് സന്ധി പ്രഖ്യാപിച്ചു. അംബേദ്കറുടെ ചിത്രം ശോഭയോടെ തെളിഞ്ഞുവന്നിട്ടുണ്ട് എന്നതു ശരി. ആസാദിനേയും മേവാനിയേയും പ്രകാശ് അംബേദ്കറേയും പോലെ നിരവധി ദളിത് വ്യക്തിത്വങ്ങള്‍ ഉയര്‍ന്നുവന്നിട്ടുമുണ്ട്. രാജ്യത്തെ നിരവധി ബുദ്ധിജീവികളും രംഗത്തുണ്ട്. ്അവരില്‍ പലരും തുറുങ്കിലുമാണ്. പക്ഷെ രാഷ്ട്രീയശക്തിയായി മാറാന്‍ ദളിത് വിഭാഗങ്ങള്‍ക്കാകുന്നില്ല. മുസ്ലിം രാഷ്ട്രീയമാകട്ടെ അരക്ഷിതാവസ്ഥയിലാണ്. കാശ്മീരും പൗരത്വഭേദഗതിയുമൊക്കെ അവരെ ഭയചകിതരാക്കിയിട്ടുണ്ട്. കേരളത്തിലെ ലീഗൊഴികെ അധികാരരാഷ്ട്രീയത്തിലിടപെടാന്‍ കഴിവുള്ള ഒരു മുസ്ലിം ധാരയും രാജ്യത്തില്ല. ശക്തമായ നിലപാടെടുത്തു ആരെങ്കിലും മുന്നോട്ടുവന്നാല്‍ അവരെ എങ്ങനെയാണ് ചിത്രീകരിക്കുക എന്നതിനു ഒവൈസിയുടെ അനുഭവം തന്നെ സാക്ഷി. പിന്നെയുള്ളത് തുടക്കത്തില്‍ ചര്‍ച്ച ചെയത് സോഷ്യലിസ്റ്റ് – പിന്നോക്ക രാഷ്ട്രീയ ധാരയാണ്. ബീഹാറോടെ അതും നല്‍കുന്നത് വലിയ പ്രതീക്ഷകളല്ല. ഒരിക്കലും സംഘപരിവാറിനു മുന്നില്‍ തല കുനിക്കാത്ത ലല്ലുപ്രസാദിന് വീണ്ടുമൊര അങ്കത്തിന് ബാല്യമുണ്ടോ എന്ന് സംശയമാണ്. ഇതിനെല്ലാം പുറമെ രാജ്യത്ത് പലഭാഗത്തും ശക്തിയുള്ള മാവോയിസ്റ്റുകളാകട്ടെ ജനാധിപത്യസംവിധാനത്തെ അംഗികരിക്കാത്തതിലൂടെ സ്വയം അപ്രസക്തരാകുകയാണ്.
ഇന്ത്യന്‍ രാഷ്ട്രീയം എത്തിചേര്‍ന്നിട്ടുള്ള അതിസങ്കീര്‍ണ്ണവും രൂക്ഷവുമായ പ്രതിസന്ധിയെ കുറിച്ചാണ് വിശദീകരിക്കാന്‍ ശ്രമിച്ചത്. എല്ലാ എക്‌സിറ്റ് പോളുകളുടേയും പ്രവചനത്തിനു വിപരീതമായി ബീഹാറിലുണ്ടായെ തെരഞ്ഞെടുപ്പുഫലം അതിന്റെ അവസാനത്തെ സൂചനയാണ്. ഇനിയെങ്കിലും മറ്റെല്ലാ താല്‍പ്പര്യങ്ങളും മാറ്റിവെച്ച് ശക്തമായ സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തില്‍ ഒന്നിക്കാന്‍ ഈ ശക്തികള്‍ തയ്യാറാകുമോ എന്നതാണ് അവസാന ചോദ്യം. ഭരണഘടനയോ മനുസ്മൃതിയോ? ഈ ചോദ്യത്തിന്റെ ഉത്തരത്തിനാകട്ടെ വളരെ കുറഞ്ഞ സമയമേ ബാക്കിയുള്ളു. ആ ഉത്തരത്തിലായിരിക്കും ജനാധിപത്യ ഇന്ത്യയുടെ ഭാവിയും നിലനില്‍പ്പും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.