കൊച്ചി: കേരള സ്റ്റേറ്റ് സ്‌പോർട്ട് കൗൺസിൽ ഹോക്കി കോച്ചും ബ്രോഡ്‌വേയിലെ ജയഭാരത് സൈക്കിൾ ആൻഡ് മോട്ടോർ കമ്പനി പാർട്ടൺറുമായ ആർ. ശ്രീധർ ഷേണായ് (72) എറണാകുളത്ത് അന്തരിച്ചു. കച്ചേരിപ്പടി ശങ്കരശ്ശേരിയിൽ ( പെണ്ടിക്കാർ )പരേതരായ എൻ. രങ്കനാഥ ഷേണായിയുടെയും ശോഭയുടെയും മകനാണ് പരേതൻ. സംസ്‌കാരം നടത്തി.
1970 കളിൽ എറണാകുളത്തെ സെന്റ് ആൽബർട്ട്‌സ് കോളേജിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിത്തുടങ്ങി. പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഫോർ സ്‌പോർട്‌സിൽ നിന്ന് രണ്ടാം റാങ്കോടെ പാസായി. കേരളത്തിലെത്തി ഹോക്കിക്കായി ജീവിതം മാറ്റിവെച്ചു. 1980 കളിൽ എറണാകുളത്തെ 35 ഓളം സ്‌ക്കൂളുകളിൽ ദേശീയ, അന്തർദേശീയ തലത്തിലെ നിരവധി തലമുറകളെ വാർത്തെടുത്തു.
ഒളിമ്പ്യൻ ദിനേശ് നായ്ക്ക്, ഇന്ത്യൻ ഹോക്കി ടീം ക്യാപ്ടൻ പി.ആർ. ശ്രീജേഷ്, ജയകുമാർ, രമേഷ് കോലപ്പ, സായ് കോച്ച് അലി സബീർ തുടങ്ങിയവർ ഉൾപ്പെടെ 35000 ത്തോളം പേർ ശിഷ്യരായിരുന്നു. 2003 ൽ സ്‌പോർട്‌സ് കൗൺസിലിൽ നിന്ന് വിരമിച്ചശേഷം കേരള ടീമിന്റെ ടെക്‌നിക്കൽ ഡയറക്ടർ, സെലക്ക്ക്ഷൻ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ഹോക്കി കേരള എന്ന സംഘടന രൂപീകരിച്ചു. 2011 ൽ ആർ.എസ്. സ്‌ക്കൂൾ ഫോർ ഹോക്കി ട്രസ്റ്റ് രൂപീകരിച്ചു.
പെൺകുട്ടികൾക്കായി നെപ്രിസ് എന്ന സംഘടനയും രൂപീകരിച്ചു.
സഹോദരങ്ങൾ: പരേതനായ ഡോ. ആർ.കെ. ഷേണായ് (ടി.ഡി. മെഡിക്കൽ കോളേജ്), ആർ. പത്മനാഭ ഷേണായ് (റിട്ട. കസ്റ്റംസ് ഓഫീസർ), റിട്ട. പ്രൊഫ. ആർ. വിശ്വനാഥ ഷേണായ് ( ടി.കെ.എം. എഞ്ചിനീയറിംങ് കോളേജ് കൊല്ലം) പരേതയായ വിമല ഭായി, പ്രേമലത അച്ചുത പൈ, വിജയാ രത്‌നാകര പ്രഭു, ഗീത റാവു, ലത നിത്യാനന്ദ പ്രഭു.