English हिंदी

Blog

Pinarayi_Vijayan_PTI_Photo

കേരളത്തിലെ സർവകലാശാല വിദ്യാഭ്യാസത്തിന്റെ ഘടനയിൽ സമൂല മാറ്റമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാലകളിൽ പുതിയ ചുമതലകൾ നൽകുമ്പോൾ സീനിയോറിറ്റിക്കൊപ്പം കഴിവും മാനദണ്ഡമാക്കണം. സർവകലാശാലകളിലെ ഉന്നത സമിതികൾ അക്കാഡമിക് കാര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. സർവീസ് കാര്യങ്ങൾ അതു കഴിഞ്ഞേ വരേണ്ടതുള്ളൂ. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണ്. മാറ്റങ്ങൾക്ക് അധ്യാപകരും തയ്യാറാവണം. കേരളത്തിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിൽ പോയി പഠിക്കുന്നുണ്ട്. ഇവർക്ക് ഇവിടെത്തന്നെ പഠിക്കാനുള്ള സൗകര്യം ഒരുക്കാനാവണം. അതോടൊപ്പം വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ നമ്മുടെ സർവകലാശാലകളിലേക്ക് ആകർഷിക്കാനും കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു സർവകലാശാല മറ്റൊരു സർവകലാശാലയുമായി ചേർന്നുള്ള പഠനവും ആശയവിനിമയവും സാധ്യമാകണം. വ്യവസായരംഗവുമായി ചേർന്നുള്ള പഠനരീതി നേരത്തെ സാങ്കേതിക സർവകലാശാലയിൽ നടപ്പാക്കാൻ നടപടി തുടങ്ങിയിരുന്നതായി അദ്ദേഹം പറഞ്ഞു.
കോവിഡ്19 എന്ന വലിയ ദുരന്തത്തെയാണ് നേരിടേണ്ടി വന്നതെങ്കിലും ഇതിനെ ഒരു അവസരമായി കാണണം. ചില രാജ്യങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന വ്യവസായങ്ങൾ പല സ്ഥലങ്ങളിലേക്ക് പോവുന്ന സ്ഥിതിയാണ്. കോവിഡ് കാലത്തെ കേരളം ലോകത്തിന്റെയാകെ ശ്രദ്ധനേടി. നേരത്തെ കേരളത്തെക്കുറിച്ച് കേട്ടിട്ടില്ലാത്ത രാജ്യങ്ങൾ പോലും അറിഞ്ഞു. ഈ അവസരം നാം പ്രയോജനപ്പെടുത്തണം. ലോകത്തിന്റെ പല ഭാഗത്തുനിന്നും വ്യവസായങ്ങളെ ഇവിടേക്ക് ആകർഷിക്കാൻ സർക്കാർ നടപടി സ്വീകരിച്ചു വരികയാണ്. കേരളത്തിൽ വ്യവസായങ്ങൾക്ക് അനുകൂല സാഹചര്യമില്ലെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ കേരളത്തിൽ വ്യവസായം നടത്തുന്നവരെല്ലാം തങ്ങൾക്ക് ഇവിടെ ദുരനുഭവം ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്.
കോവിഡ് കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരമൊരു സ്ഥിതിയിൽ കേന്ദ്ര സർക്കാരിന്റെ സഹായം പ്രധാനമാണ്. സംസ്ഥാനങ്ങൾ സംതൃപ്തമായിരിക്കണം എന്ന ചിന്ത കേന്ദ്രം ചില ഘട്ടങ്ങളിൽ മറന്നു പോകുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള വായ്പാപരിധി കേന്ദ്രം ഉയർത്തിയെങ്കിലും ചില വ്യവസ്ഥകൾ വച്ചിട്ടുണ്ട്. ഇവ പിൻവലിക്കണം. ലോകബാങ്ക് ഉൾപ്പെടെ നൽകുന്ന വായ്പകളെ ഈ പരിധിയിൽ കണക്കാക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പ്രാദേശിക ആരോഗ്യ സംവിധാനം ഫലപ്രദമായതാണ് കോവിഡിനെ നേരിടുന്നതിൽ കേരളം വിജയിക്കാൻ പ്രധാന കാരണം. ആരോഗ്യസ്ഥാപനങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞ നാളുകളിൽ സർക്കാർ ശ്രമിച്ചിട്ടുണ്ട്. ജനങ്ങളുടെ സഹകരണവും തദ്ദേശസ്ഥാപനങ്ങളുടെ ഫലപ്രദമായ പ്രവർത്തനവും കോവിഡിനെ നേരിടുന്നതിൽ പ്രധാന പങ്ക് വഹിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിലെ ഗവേഷണം ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനുകഴിയുമെന്നാണ് വിശ്വാസം. ആയുർവേദ രംഗത്തെ ഗവേഷണം ഒരു ഘട്ടത്തിൽ നിന്നുപോയി. സർക്കാർ മുൻകൈയെടുത്ത് അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയാണ്. ഇവിടെ ഗവേഷണത്തിനും പ്രാധാന്യം നൽകും. കോവിഡാനന്തര കാലഘട്ടത്തിൽ ഭക്ഷ്യസ്വയംപര്യാപ്തത മുന്നിൽ കണ്ടാണ് വിപുലമായ കാർഷിക പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അന്തർദ്ദേശീയ ഫാക്കൽറ്റിയെ കേരളത്തിലേക്ക് ആകർഷിക്കണമെന്നും വ്യവസായങ്ങൾക്ക് അനുയോജ്യമായ പുതിയ കോഴ്‌സുകൾ ആരംഭിക്കണമെന്നും ചർച്ചയിൽ പങ്കെടുത്ത എം. ജി. സർവകലാശാല വൈസ് ചാൻസലർ ഡോ. സാബുതോമസ് പറഞ്ഞു. അന്തർദ്ദേശീയ തലത്തിൽ കേരളത്തിന് ഇപ്പോൾ ലഭിച്ച നല്ല പേര് ശരിയായി പ്രയോജനപ്പെടുത്താനാവണം. ഇത്തരത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ കേരളത്തിൽ സൃഷ്ടിക്കപ്പെട്ട ഊർജം അടുത്ത അഞ്ച് വർഷം നിലനിർത്തിയാൽ വലിയ മാറ്റം സാധ്യമാകുമെന്ന് കാൻസർ രോഗ ചികിത്‌സാ വിദഗ്ധനും അമേരിക്കയിലെ സിഡ്‌നി കിമ്മൽ മെഡിക്കൽ കോളേജിലെ പ്രൊഫസറുമായ ഡോ. എം. വി. പിള്ള പറഞ്ഞു. ആഗോളതലത്തിൽ ചിന്തിക്കുകയും പ്രാദേശികതലത്തിൽ നടപ്പാക്കുകയും ചെയ്തതാണ് ആരോഗ്യ രംഗത്ത് കേരളത്തിന്റെ വിജയത്തിന് ആധാരം. കോവിഡാനന്തരകാലത്ത് ഡിജിറ്റൽ ആരോഗ്യ സാധ്യതകൾ കേരളം കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പുതിയവ്യവസായങ്ങളെ ആകർഷിക്കുമ്പോൾ മെഡിക്കൽ ഉപകരണങ്ങൾ ഉത്പാദിപ്പിക്കുന്ന ക്‌ളസ്റ്റർ സംസ്ഥാനത്ത് രൂപീകരിക്കാവുന്നതാണെന്നും ഇതിന് ഏറ്റവും അനുയോജ്യമായ സ്ഥലം തിരുവനന്തപുരമാണെന്നും ടെറുമോ പെൻപോൾ മുൻ എം.ഡിയുമായ സി. പത്മകുമാർ പറഞ്ഞു. ലോകത്തെ പ്രമുഖമായ 50 കമ്പനികളെങ്കിലും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഈ മാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് കൂടുതൽ കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളം സർവീസ് മേഖലയിലെ വരുമാന സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് അസോസിയേറ്റ് പ്രൊഫസർ അനിതകുമാരി പറഞ്ഞു. യുവാക്കളെ ആകർഷിക്കുന്ന വിധത്തിൽ കേരളം ഹൈടെക് കൃഷിരീതികളിലേക്ക് പോകണമെന്നും അനിതകുമാരി അഭിപ്രായപ്പെട്ടു.

Also read:  വയനാട്ടിലേക്കുള്ള പുതിയ തുരങ്ക പാതയുടെ നിർമ്മാണം ആരംഭിക്കുന്നു